UPDATES

ഗാബ കോട്ട തകര്‍ത്ത ഒരു മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍

ഷമര്‍ ജോസഫ്: ലോക ക്രിക്കറ്റിലെ വിന്‍ഡീസ് കരുത്ത്

                       

ഒരുകാലത്ത് അവരായിരുന്നു ലോക ക്രിക്കറ്റ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അവരോളം എതിരാളികളെ പേടിപ്പിച്ചിരുന്നവര്‍ വേറെയില്ലായിരുന്നു. കാലം പിന്നീടവരെ തീര്‍ത്തും ദുര്‍ബലരാക്കി; ആര്‍ക്കും തോല്‍പ്പിക്കാവുന്നവരാക്കി. ആ വീഴ്ച്ചയില്‍ ക്രിക്കറ്റ് ലോകം ഒരിക്കലും ആഹ്ലാദിച്ചില്ല, നിരാശരായതല്ലാതെ. മഹാരഥന്മാരുടെ കൂട്ടമായിരുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പ്രാര്‍ത്ഥിച്ചവര്‍ എതിര്‍ ടീമുകളുടെ ആരാധകര്‍ കൂടിയായിരുന്നു.

ഇന്നല്ലെങ്കില്‍ നാളെ കരീബീയന്‍ പട പഴയ കരുത്തിലേക്ക് തിരികെയെത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. സര്‍ ഗാരി സോബേഴ്‌സ് മുതല്‍ ഇങ്ങോട്ട് ക്രിക്കറ്റിന്റെ അപരനാമങ്ങളായി മാറിയ വിന്‍ഡീസ് ക്രിക്കറ്റര്‍മാരെ പോലെ ഒരു താരം, ഒരു പുതിയ അവതാരമെന്ന പോലെ ഉയര്‍ത്തു വരുമെന്നും.

അങ്ങനെയൊരു പുതിയ അവതരത്തിന്റെ പിറവിയാണ് ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ കണ്ടത്. പേര് ഷമര്‍ ജോസഫ്. വലം കയ്യന്‍ ഫാസ്റ്റ് ബൗളര്‍. പ്രായം 24 വയസ്.

ഒരാഴ്ച്ച മുമ്പ് വരെ ഗയാനയിലെ മറൂണ്‍ ഗ്രാമമായ ബാറകാറ ലോകത്തിന് പരിചിതമായൊരു പേര് ആയിരുന്നില്ല. അതൊരു ചെറിയ ഗ്രാമമായിരുന്നു. 400 ന് മുകളില്‍ മാത്രം മനുഷ്യര്‍ താമസിക്കുന്നൊരു നാട്. കരീബീയന്‍ ദ്വീപ് സമൂഹത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗമായ കാന്യേ ക്രീക്കിനടുത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട, ഏറ്റവും അടുത്ത വലിയ നഗരമായ ന്യൂ ആംസ്റ്റര്‍ഡാമില്‍ നിന്നും രണ്ടു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയിലൂടെ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഗ്രാമം. ആ ഗ്രാമം ഇനി മുതല്‍ ലോകത്തില്‍ അറിയപ്പെടുക ഷമര്‍ ജോസഫിലൂടെയാകും.

ഓസ്‌ട്രേലിയന്‍ കോട്ടയായ ഗാബയില്‍ അതിഥേയരെ തകര്‍ത്ത് എട്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം വെന്‍ഡീസിന് നേടിക്കൊടുത്തത് ബാറാകാറയുടെ പുത്രനായിരുന്നു. സമീപകാലത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് സ്വന്തമാക്കിയ ഏറ്റവും മഹത്തായ വിജയങ്ങളിലൊന്നാണിത്. 1988-ന് ശേഷം ഗാബയില്‍ വിന്‍ഡീസ് നേടുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് വിജയം. തങ്ങളുടെ പ്രതാപകാലത്ത് പോലും ഗാബയില്‍ ഓസീസിനെ തകര്‍ക്കാന്‍ വെസ്റ്റിന്‍ഡീസിന് ആയിട്ടില്ല എന്നിടത്താണ് ഈ വിജയത്തിന്റെ തിളക്കം.

ടെസ്റ്റ് വിജയത്തില്‍ നിര്‍ണായകമായത് ഏഴ് ഓസീസ് വിക്കറ്റുകള്‍ പിഴുത ഷമര്‍ ജോസഫ് ആയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റായിരുന്നു ഷമറിന് നേടാനായത്. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് ഷമറിന്റെ ഈ മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ്.

2024 ജനുവരി 17 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലൂടെയായിരുന്നു ഷമറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റുകള്‍ക്ക് വിജയിച്ചെങ്കിലും ഷമറിന്റെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റുകളാണ് നേടിയത്. ഷമറിനെ ഒരു അത്ഭുത ബാലകനാക്കി മാറ്റിയത് അവന്റെ കൈയില്‍ നിന്നും പാഞ്ഞ ആദ്യ പന്ത് തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററില്‍ ഒരാളായ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റായിരുന്നു ഒന്നാം പന്തിലെ നേട്ടം.

ആകെ കളിച്ചിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നു മാത്രം 13 വിക്കറ്റുകള്‍ സ്വന്തമാക്കി(രണ്ട് അഞ്ചു വിക്കറ്റ് നേട്ടം ഉള്‍പ്പെടെ) ലോക ക്രിക്കറ്റ് മൈതാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഷമര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനു മുമ്പ് വരെ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ പോലും ആയിരുന്നില്ല എന്നത് ഞെട്ടിക്കും!

2021-ല്‍ ഷമര്‍ ജോസഫ് ഗയാനയിലെ ബര്‍ബീസില്‍ ഒരു സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. അതേയാള്‍ തന്നെയാണ് 2024-ല്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കായുള്ള മത്സരത്തിലും ഉള്‍പ്പെട്ടത്!

എന്നാല്‍ ഈ നേട്ടങ്ങളിലേക്ക് എത്തിയ വഴികള്‍ വളരെ കഠിനമായിരുന്നു.

മറൂണ്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ആകെ അറിയാവുന്ന രണ്ട് കളികള്‍ ഡൊമിനോസും ക്രിക്കറ്റുമായിരുന്നു. ‘ ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നത് വെള്ളത്തിനു കരയിലുള്ള ഷമറിന്റെ വീടിനു മുന്നിലായിട്ടായിരുന്നു. ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത് ജംഗിള്‍ ലാന്‍ഡ് ക്രിക്കറ്റ് എന്നായിരുന്നു’ ഷമര്‍ ജോസഫിന്റെ ബന്ധുവായ ഓര്‍ളാന്‍ഡോ ടാണര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഫോണ്‍ വഴി നടത്തിയ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളാണ്. ടാണര്‍ ഇപ്പോള്‍ കളിക്കുന്ന ന്യൂ ആംസറ്റര്‍ഡാമിലെ ടക്കര്‍ പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡയിത്തില്‍ തന്നെയാണ് ഷമറും കളിച്ചിരുന്നത്. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരങ്ങളില്‍ അനുഭവ സമ്പന്നനായൊരു താരത്തെപ്പോലെയാണ് റെഡ് ബോള്‍ കൈകാര്യം ചെയ്തതെങ്കിലും ഷമറിനെപോലെ ബാറകാറയിലെ കുട്ടികള്‍ക്ക് ഒരു റെഡ് ബോള്‍ എന്നത് ഒരിക്കലും പ്രാപ്യമാകാത്ത ആഢംബരമായിരുന്നു.

ഒരു കുഗ്രാമമായതിനാല്‍ തന്നെ അവിടെ ഞങ്ങള്‍ക്ക് കളിക്കാന്‍ സാധാരണ ക്രിക്കറ്റ് പന്ത് ലഭിക്കില്ലായിരുന്നു, ചില സമയങ്ങളില്‍ പഴങ്ങളായിരുന്നു പന്തുകളായി ഉപയോഗിച്ചത്. പന്തിന്റെ രൂപത്തിലുള്ള എന്തും ഞങ്ങള്‍ കളിക്കാന്‍ ഉപയോഗിച്ചു, പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും ഉരുക്കി പന്തിന്റെ ആകൃതിയിലാക്കി കളിച്ചു’ എന്നാണ് ടാണര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. ക്രിക്കറ്റ് കളിക്കുന്നതിനോട് ഒട്ടും താത്പര്യമില്ലാത്തവരുമായിരുന്നു ഷമറിന്റെയും ടണറിന്റെയുമൊക്കെ മാതാപിതാക്കള്‍. വീട്ടുകാര്‍ അവരെ വാരാന്ത്യങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലായിരുന്നു. അതിനു കാരണമായി ടാണര്‍ പറയുന്നത്, സെവന്‍ത്-ഡേ അഡ്‌വെന്റിസ്റ്റ് ക്രിസ്ത്യാനികളായ തങ്ങള്‍ക്ക് ശനിയാഴ്ച്ച നിര്‍ബന്ധമായി പള്ളിയില്‍ പോകേണ്ടതുകൊണ്ട് ക്രിക്കറ്റ് കളിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കില്ലായിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാത്തതിനാല്‍ ഷമര്‍ യൂത്ത് ക്രിക്കറ്റ് മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണ് ടാണര്‍ പറയുന്നത്. ഗ്രാമത്തിലുള്ള തങ്ങളെല്ലാവരും തന്നെ കടുത്ത ദൈവ വിശ്വാസികളാണെന്നാണ് ടാണര്‍ പറയുന്നത്. 19ആം നൂറ്റാണ്ടില്‍ പ്രതിഫലത്തിനായി തങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന അമെറിന്‍ഡിയന്‍ ഗോത്രക്കാരില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ആഫ്രിക്കന്‍ അടിമകളുടെ നേരിട്ടുള്ള പിന്‍ഗാമികളാണ് മറൂണ്‍ ഗ്രാമത്തിലുള്ളവര്‍. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന കാലത്തോളം പള്ളിയെ ധിക്കരിച്ച് ഒന്നും ചെയ്യാനാകില്ല, ശനിയാഴ്ച്ചകളില്‍ ടിവി കാണാന്‍ പോലും അനുവാദമില്ലായിരുന്നുവെന്നാണ് ടാണര്‍ പറയുന്നത്.

ഡാമിയന്‍ വന്‍ടുള്‍ എന്ന മുന്‍ ഗയാന ക്രിക്കറ്ററാണ് ഷമര്‍ ജോസഫിലെ പ്രതിഭയെ കണ്ടെടുക്കുന്നത്. ബാറകാറയില്‍ ഒരിക്കല്‍ കളിക്കാനെത്തിയപ്പേഴാണ് ഡാമിയന്റെ കണ്ണില്‍ ഷമര്‍ ജോസഫ് അത്ഭുതം വിരിയിക്കുന്നത്. അന്നവന്റെ പ്രായം വെറും 14. ഡാമിയനുമായുള്ള ബന്ധത്തിന്റെ പുറത്താണ് ജോര്‍ജ് ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ അംഗമാകാനുള്ള ആഗ്രഹം പുറത്തു പറയാന്‍ ഷമറിനെ പ്രേരിപ്പിച്ചത്. ഡാമിയന്‍ അതേ ക്ലബ്ബിലെ അംഗമായിരുന്നു. ഷമറിന് നല്‍കിയ വാഗ്ദാനം ഒടുവില്‍ ഡാമിയന്‍ പാലിക്കുക തന്നെ ചെയ്തു. സെക്യൂരിറ്റി ഓഫിസറുടെ ജോലി ഉപേക്ഷിച്ച് അവന് ഒരു ക്രിക്കറ്റ് താരമായി മാറാന്‍ വഴിയൊരുക്കിയത് ക്രിക്കറ്ററില്‍ നിന്നും പിന്നീട് ബിസിനസ്മാനായി മാറിയ ഡാമിയനായിരുന്നു. ബാറകാറയില്‍ നിന്നും പുറത്തു വരാന്‍ ഡാമിയന്റെ കീഴില്‍ ഒരു ജോലിക്കാരനാകാനും ഷമര്‍ തയ്യാറായിരുന്നുവെങ്കിലും ഷമറില്‍ ഒരു ഫാസ്റ്റ് ബൗളറെ തിരിച്ചറിഞ്ഞിരുന്ന ഡാമിയന്‍ അവനെ മുഴുനീള ക്രിക്കറ്ററാക്കി വളര്‍ത്താനായിരുന്നു ആഗ്രഹിച്ചത്. ജോര്‍ജ് ടൗണിലേക്ക് ഷമറിനെ കൊണ്ടുവന്നപ്പോള്‍ അവന്റെ താമസവും ചെലവുകളുമെല്ലാം വഹിച്ചത് ഡാമിയനായിരുന്നു. ആ സമയത്ത് ഷമറിന് ഒരു കാമുകിയും(ട്രിഷ്- അവളിപ്പോള്‍ ഷമറിന്റെ പ്രതിശ്രുതവധുവാണ്) അതിലൊരു മകനുമുണ്ടായിരുന്നു. ജീവിതത്തോടും കുടുംബത്തോടും കരിയറിനോടും പ്രതിബദ്ധത കാണിക്കുക എന്നു മാത്രമെ ഷമറില്‍ നിന്നും പകരമായി ഡാമിയന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഡാമിയന്‍ നല്‍കിയ പണം കൊണ്ടായിരുന്നു ഷമര്‍ ആദ്യമായൊരു ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കുന്നത്. അപ്പോഴേക്കും തന്റെ എല്ലാം ക്രിക്കറ്റിന് നല്‍കാനുള്ള തീരുമാനം ഷമര്‍ എടുത്തു കഴിഞ്ഞിരുന്നു. അവന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴിയും അതുമാത്രമായിരുന്നു.

ഷമര്‍ ജോസഫ് ലോകം വിറപ്പിക്കുന്ന ഒരു ഫാസ്റ്റ് ബൗളര്‍ ആകുമെന്നതിന്റെ അടയാളം ഡാമിയന്‍ വന്‍ടുളിന് കിട്ടിയിരുന്നു. ജോര്‍ജ് ടൗണിലെ മുസ്ലിം യൂത്ത് ഓര്‍ഗനൈസേഷന്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മൈതാനത്ത് ക്ലബ് ക്രിക്കറ്റിനു വേണ്ടിയുള്ള നെറ്റ് പ്രാക്ടീസ് സമയത്ത് ഷമറിന്റെ കൈയില്‍ നിന്നും പാഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ കൈകള്‍ തകര്‍ത്തു കളഞ്ഞത് ഡാമിയന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഡാമിയന്റെ സഹായത്തില്‍ മുന്‍ വീന്‍ഡീസ് അന്തരാഷ്ട്ര താരം റോയ്‌സ്‌റ്റോണ്‍ ക്രാന്‍ഡോണിന്റെ സഹോദരന്‍ എസ്യുവാന്‍ ക്രാന്‍ഡോണിന്റെ കോച്ചിംഗ് ലഭ്യമായി. വെന്‍ഡീസ് ഇതിഹാസം കര്‍ട്‌ലീ ആംബ്രോസിന്റെ അഭിനനന്ദനവും നേടാനായത് ഷമറിനെ ദേശീയ ടീമിലേക്കുള്ള വഴിയില്‍ തുണച്ചു. അതേ ആംബ്രോസിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്നും ഗാബ ടെസ്റ്റില്‍ ഷമര്‍ തെളിയിച്ചിരുന്നു. 1993-ല്‍ ആംബ്രോസ് നേടിയതിനിപ്പുറം ഓസ്‌ട്രേലിയയ്‌ക്കെതിരായൊരു ടെസ്റ്റിന്റെ നാലാം ഇന്നിംഗ്‌സില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്നത് ഇതാദ്യമായി ഷമര്‍ ജോസഫ് ആണ്.

എകദിന ലോകക്രിക്കറ്റ് കിരീടത്തിന്റെ ആദ്യ അവകാശികള്‍, കിരീട നേട്ടം രണ്ടായി ഉയര്‍ത്തിയവര്‍, അങ്ങനെയുള്ളൊരു ടീമിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ പോലും സാധിച്ചില്ല. എല്ലാത്തരത്തിലും തകര്‍ന്നു പോയൊരു സംഘം. ആ പതനത്തില്‍ അവരുടെ മാത്രമല്ല, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരും നിരാശരായിരുന്നു. എന്നാലിപ്പോള്‍ ഷമര്‍ ജോസഫ് പറയുകയാണ്; ഞങ്ങളുടെ കരുത്ത് ചോര്‍ന്നിട്ടില്ല, ഞങ്ങളെ ഭയക്കണമെന്ന്… തീ തുപ്പുന്ന ആ പന്തുകള്‍ സാക്ഷ്യം വച്ചാണ് ഷമറിന്റെ വെല്ലുവിളി.

Share on

മറ്റുവാര്‍ത്തകള്‍