അയോധ്യയിലെ ബാബറി മസ്ജീദ് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് അതിന് മുകളിലാണ് ബാബര്‍ പണിതത് എന്ന തര്‍ക്കം ശക്തമാക്കുന്നതിന് എല്‍. കെ അഡ്വാനി നയിച്ച രഥയാത്ര കാരണമായി. ഉത്തര്‍പ്രദേശിലെ അയോധ്യാ നഗരത്തിലെ 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് ഒരു നീണ്ട സാമൂഹിക-രാഷ്ട്രീയ തര്‍ക്കത്തിന് വിഷയമായിരുന്നു. രാമജന്‍മഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന വാശിയില്‍ കര്‍സേവകര്‍ അയോധ്യയിലേയ്ക്ക് നടത്തിയ യാത്ര ചരിത്രമാണ്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് ആര്‍.എസ്.എസ്, ബി.ജെ.പി, വിശ്വഹിന്ദു പരിഷത്തിന്‍റെയും അനുബന്ധ സംഘടനകളുടെയും ഒരു വലിയ സംഘം പ്രവര്‍ത്തകരായ കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി.
രാജ്യം പിന്നീടുള്ള കാലം ഏറെ ചര്‍ച്ച ചെയ്ത ഇടമാണ് അയോധ്യയിലെ ബാബറി മസ്ജീദും, രാമജന്‍മ ഭൂമിയും. ബാബറി മസ്ജീദിന്‍റെ മൂന്ന് താഴിക കുടങ്ങള്‍ തകര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് അന്ന് മാധ്യമങ്ങളിലൂടെ ലോകം കേട്ടത്. ബി.ബി.സി അടക്കമുള്ള വിദേശ ദ്യശ്യമാധ്യമങ്ങളിലൂടെ പള്ളി തകര്‍ക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നു. അയോധ്യ ഒരു വിഷയമായി ഉയര്‍ത്തുന്നതില്‍ എല്‍.കെ അഡ്വാനിയും, മുരളി മനോഹര്‍ ജോഷിയും, ഉമാ ഭാരതിയും വഹിച്ച പങ്കും ചെറുതല്ല. അവരുണ്ടാക്കിയ അലകളാണ് ഇന്ന് രാജ്യം ഭരിക്കാന്‍ ബി.ജെ.പിക്ക് അവസരം ഉണ്ടാക്കിയത്.
അയോധ്യയും അവിടെ ഉയരുന്ന ക്ഷേത്ര നിര്‍മ്മാണവും ഇന്ന് രാഷ്ട്രീയമാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അയോധ്യ ക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയാക്കുന്നു. രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബി.ജെ.പി. അയോധ്യ ക്ഷേത്രം ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിനര്‍ത്ഥം ഹിന്ദു സമുദായത്തിനെ ആകര്‍ഷിക്കുന്ന ഒന്ന് അയോധ്യാ ക്ഷേത്ര നിര്‍മ്മിതിയിലുണ്ട് എന്നതാണ്. അയോധ്യയിലെ മസ്ജീദ് തകര്‍ത്ത കാലത്ത് രാജ്യത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ഈ വിഷയത്തില്‍ വരച്ചിരുന്നു. രാജ്യത്തെ മതേതരത്ത്വത്തെ തകര്‍ക്കുന്ന മുരളി മനോഹര്‍ ജോഷിയേയും, എല്‍. കെ. അഡ്വാനിയുടേയും കാര്‍ട്ടൂണ്‍ ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പേ സൂചനയായി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ ധര്‍ വരച്ചു. 1992 നവംബര്‍ 21ന് പയനീര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യം തുറന്ന് പറയുന്നു.