1992 ഡിസംബര്‍ ആറാം തീയതിയാണ് ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങള്‍ കര്‍സേവകര്‍ തകര്‍ക്കുന്നത്. വിഎച്ച്പിയും ബി ജെ പിയും അന്ന് അയോധ്യയില്‍ ഒരു റാലി സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെയും അനുബന്ധ സംഘടനകളുടെയും ഒരു വലിയ സംഘം പ്രവര്‍ത്തകര്‍ അന്ന് റാലിയുടെ ഭാഗമായി പങ്കെടുത്ത് അക്രമാസക്തമാവുകയും സുരക്ഷ സേനയെ കീഴടക്കുകയും മസ്ജിദ് തകര്‍ക്കുകയും ചെയ്തു. ഹിന്ദുമതത്തില്‍ രാമജന്മഭൂമി പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യ നഗരത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ചരിത്രപരമായ തെളിവുകള്‍ വിരളമാണ് എന്നത് ഒരു സത്യമാണ്.
ബാബറി മസ്ജീദ് പള്ളി ഉണ്ടായിരുന്നതിന് മുകളിലായിട്ടാണ് അയോധ്യയിലെ രാമ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് രാമക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്ന് ഹിന്ദു പക്ഷം വിശ്വസിക്കുന്നു. എന്നാല്‍ കുറഞ്ഞത് നാല് നൂറ്റാണ്ടുകളായി, ഈ ഭൂമിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും മതപരമായ ആവശ്യങ്ങള്‍ക്കായി സൗഹ്യദപരമായി ഉപയോഗിച്ചിരുന്നു. 1980കളില്‍, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഈ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള പ്രചാരണം ആരംഭിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അതിന്റെ രാഷ്ട്രീയശബ്ദമായി. 2024ല്‍ അത് രാഷ്ട്രീയമായി സാക്ഷാത്കരിച്ചു.
ബാബറി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ പഞ്ചാബ് കേസരിയില്‍ ശേഖര്‍ ഗുരേര 1992 ഡിസംബര്‍ ഏഴാം തീയതി വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും, മനുഷ്യത്വവും, ജനാധിപത്യവുമാണ് തകര്‍ന്നത് എന്നായിരുന്നു കാര്‍ട്ടൂണിലൂടെ ശേഖര്‍ ഗുരേര പറഞ്ഞുവെച്ചത്. ഇത് മൂന്നും മൂന്നു ശവ ശരീരങ്ങളായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മൂന്നു ശവശരീരങ്ങള്‍ കണ്ടെത്തിയതായി കാര്‍ട്ടൂണ്‍ വിളിച്ചുപറഞ്ഞു. വളരെ അര്‍ത്ഥം നിറഞ്ഞ ഒരു കാര്‍ട്ടൂണ്‍ ആയി ഇത് മാറിയത് സ്വാഭാവികം.
കാര്‍ട്ടൂണ്‍ കടപ്പാട്: പഞ്ചാബ് കേസരി