രാമജന്മഭൂമി പ്രസ്ഥാനവും 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദിന്റെ പതനവും ഇന്ത്യയെന്ന മതേതര രാജ്യത്തിന്റെ മേല്‍ക്കൂരയില്‍ വീഴ്ത്തിയ വിള്ളലുകളും അതെ തുടര്‍ന്നുണ്ടായ പ്രത്യഘാതങ്ങളും ചെറുതല്ലായിരുന്നു. 1984ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്ന ആവശ്യവുമായി രാമജന്മഭൂമി മുക്തിയജ്ഞ സമിതി രൂപം കൊണ്ടു. തുടര്‍ന്ന് 1949 ഡിസംബര്‍ 22ന് ബാബറി മസ്ജിദിന്റെ പ്രധാന മകുടത്തിന് കീഴില്‍ രാമവിഗ്രഹം ഉണ്ടെന്ന വാദമാണ് അയോദ്ധ്യ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് എത്തിക്കുന്നത്. കേസ് ഫൈസലാബാദ് കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് എത്തി. 1990-ല്‍ എല്‍ കെ അദ്വാനി നയിച്ച രഥയാത്രയോടെ രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറുകയും, 1992 ഡിസംബര്‍ 6ന് നടന്ന കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. 28 വര്‍ഷത്തോളം നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടങ്ങുന്ന മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പള്ളി നിന്നിരുന്നിടത്ത് രാമക്ഷേത്രം ഉയരുകയാണ്. 464 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ 31-ാം വാര്‍ഷിക ദിനത്തില്‍, ബാബറി ധ്വംസനത്തെ പിന്‍പറ്റിയെത്തിയ ഹിന്ദുത്വ ജനാധിപത്യത്തെ കുറിച്ചും, അതിന്റെ രാഷ്ട്രീയ പ്രസക്തിയെ കുറിച്ചും ബാബറി മസ്ജിദ് തകര്‍ക്കുന്നത് നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമപ്രവകര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് എം പി അഴിമുഖവുമായി സംസാരിക്കുന്നു.
പള്ളിയുടെ പതനത്തിന് സാക്ഷ്യം വഹിച്ച ജനാധിപത്യ വിശ്വാസിയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍
31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ആ ദുരന്തം ഇപ്പോഴും എന്റെ മനസിലുണ്ട്. അന്നു ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചതു നോക്കി കാണേണ്ട ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടായ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അന്നെഴുതിയ വരികള്‍ ഇപ്പോഴും മനസ്സിലുണ്ട്.”പുലര്‍ച്ചെ ഈ ദാരുണ സംഭവം കാണാന്‍ പോയത് മത നിരപേക്ഷ ഇന്ത്യയുടെ ചരമ കുറിപ്പ് എഴുതാന്‍ കൂടി വേണ്ടിയായിരുന്നു”- ഇതായിരുന്നു എന്റെ വാര്‍ത്തയുടെ കാതല്‍. ബാബ്റി മസ്ജിദിന്റെ തകര്‍ക്കലാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിച്ചതും രൗദ്രമാക്കിയതും. അതിന്റെ അലകള്‍ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ആവിര്‍ഭാവം മുതല്‍ ആര്‍ എസ് എസിന്റെ നയങ്ങള്‍ മുന്‍പന്തിയിലേക്ക് വരുന്നതും ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന വേട്ടയും വിവേചനത്തിനും വരെ ഒരുപക്ഷെ തുടക്കം കുറിച്ചത് 1992 ഡിസംബര്‍ ആറിനാണ്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ മായാതെ കിടക്കുന്ന ഏടായിരിക്കും. ജനാധിപത്യ വിശ്വാസികള്‍ മനസില്‍ പേറുന്ന മതേനിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും വലിയ ഒരു തിരിച്ചടി ആയിട്ടുകൂടിയാണ് നമ്മള്‍ ഈ ദിനത്തെ മുന്നോട്ടു കൊണ്ടുപോകുക.
അന്നത്തെ ഹിന്ദു രാഷ്ട്രീയത്തിന്റെ ആ വക്താവ് ഇന്ന് എവിടെയാണ്?
ഇത് തുടങ്ങി വച്ചത് എല്‍ കെ അദ്വാനിയാണെങ്കിലും ബിജെപി രാഷ്ട്രീയത്തിന്റെ കേന്ദ്ര ഭാഗത്തു നിന്ന് പിന്തള്ളപ്പെടുകയും, അദ്ദേഹത്തേക്കാള്‍ തീവ്ര മനോഭാവമുള്ള ആളുകള്‍ ആ പ്രസ്ഥാനത്തെ കയ്യടക്കുകയും ചെയ്തു. ഒരുകാലത്ത് ഏറ്റവും വലിയ ഹിന്ദുത്വവാദിയായി നമ്മള്‍ കണ്ടിരുന്നതും അദ്ദേഹത്തെയാണ്. എന്നാല്‍ അതിനെയും തോല്പിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇന്ന് കളം നിറഞ്ഞു നില്‍ക്കുന്നത്. അതില്‍ നിന്ന് മനസിലാക്കേണ്ടത് കേവലം വ്യക്തികളുമായി ബന്ധപ്പെട്ട വിഷയത്തിനപ്പുറം ഹിന്ദുരാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍ എസ് എസിന്റെ തീരുമാനത്തിലെ കരുക്കളാണ് ഇവരെന്നതാണ്. ഘട്ടം ഘട്ടമായി തങ്ങളുടെ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയാണ് ആര്‍ എസ് എസ് ചെയ്യുന്നത്. ഓരോ കഥാപത്രങ്ങളെയും മുന്നില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് അവരിത് നടപ്പിലാക്കുന്നത്. അന്ന് വാജ്‌പേയിയെക്കാള്‍ പ്രാമുഖ്യം അവര്‍ എല്‍ കെ അദ്വാനിക്ക് നല്‍കിയിരുന്നു. ആ ഘട്ടം അവസാനിച്ചപ്പോള്‍ അദ്ദേഹത്തെക്കള്‍ തീവ്ര മനോഭാവമുള്ള ആളുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെ കുറിച്ച് ഒരുപക്ഷെ ആര്‍ എസ് എസ് ചിന്തിച്ചിരിക്കണം. അതിന്റെ ബാക്കി പത്രമെന്ന നിലയിലാണ് ഇന്ന് മോദി അധികാരത്തിലിരിക്കുന്നത്.
വിധി ന്യായം
ആര്‍ എസ് എസ് തങ്ങളുടെ വിജയ ദിവസമായി ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയെ നോക്കിക്കണ്ടാലും അതെന്നെ അത്ഭുതപ്പെടുത്തില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ പരിണാമത്തിന്റെ ഒരു പ്രതിഫലനമായാണ് ഞാന്‍ അതിനെ നോക്കി കാണുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണുകളായ സുപ്രിം കോടതിയും, മാധ്യമ മേഖലയും ഈയൊരു വിഷയത്തോട് സ്വീകരിച്ച നിലപാട് പരിശോധിക്കേണ്ടതുണ്ട്. ഒരു ഘട്ടത്തില്‍ ജനാധിപത്യത്തിനേറ്റ ശക്തമായ തിരിച്ചടിയെന്ന നിലയിലാണ് ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയെ മാധ്യമങ്ങള്‍ നോക്കി കണ്ടത്. പ്രത്യേകിച്ച് ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍. പള്ളി തകര്‍ത്ത വ്യക്തികള്‍ക്ക് തന്നെ സ്ഥലം വിട്ടു നല്‍കിയപ്പോള്‍ ഇതേ മാധ്യമങ്ങള്‍ അതിനെ വലിയ വിജയമായും, യഥാര്‍ത്ഥ നീതിയായും വ്യഖാനിച്ചു കൊണ്ടെഴുതി. ഒരു വീട്ടില്‍ മോഷണം നടക്കുകയും, കണ്ടെത്തിയ ആ മോഷണവസ്തു മോഷ്ടാവിന് തന്നെ നല്‍കുന്നതും വളരെ അസാധാരണമായ സംഭവമാണ്. യഥാര്‍ത്ഥത്തില്‍ സുപ്രിം കോടതി വിധിന്യായത്തിന്റെ ബാക്കി പത്രം പരിശോധിക്കുമ്പോള്‍ ബാബ്റി മസ്ജിദ് തകര്‍ത്തവര്‍ക്ക് തന്നെ ഭൂമി കൈ മാറുന്നതാണ് വിധിയില്‍ കാണാനായത്. ഇന്ത്യ മാറികൊണ്ടിരിക്കുന്നതിന്റെ സൂചനയായി കൂടി ഈ വിധിയെ കണക്കാക്കണം. നമ്മള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഇന്ത്യ എന്ന ആശയത്തിന് കടകവിരുദ്ധമായ ആവശ്യങ്ങള്‍ക്കാണ് ഇന്ന് പ്രാമുഖ്യം ലഭിക്കുന്നതും, മുന്‍പന്തിയിലേക്ക് കടന്നു വരുന്നതും.
ഇരുണ്ട വഴിത്തിരിവ്
31 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ദിവസം, ഒരു നിര്‍ണായക വഴിത്തിരിവും പരീക്ഷണഘട്ടവും കൂടിയായിരുന്നു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു; അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള ബാബറി മസ്ജിദ് കേവലം ഒരു പള്ളി മാത്രമായിരുന്നില്ല, ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഏറ്റവും പ്രധനപ്പെട്ട ചിഹ്നമായിരുന്നു. ഒരു സെക്കുലര്‍ രാജ്യമാണ് ഇന്ത്യയെന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നതും അതുതന്നെയായിരുന്നു. ആ ചിഹ്നം അപ്രത്യക്ഷമായതോടെ സ്വാഭാവികമായും അതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായി എന്നു പറയാന്‍ കഴിയും. കേവലം കുറച്ചു ഇഷ്ടികകളുമായി സമീപിക്കുന്നത് ചരിത്രത്തോട് തന്നെ ചെയുന്ന അനീതിയാണ്. ബാബ്റി മസ്ജിദിന്റെ തകര്‍ക്കലിലേക്ക് വഴി വച്ചത് വര്‍ഗീയവാദികള്‍ക്ക് മുമ്പിലുള സന്ധി ചെയ്യലുകളാണ്. ബാബ്റി പള്ളിയുടെ പൂട്ടു പൊളിച്ചു അവിടെ വിഗ്രഹം വയ്ക്കാന്‍ അനുമതി നല്‍കിയ രാജീവ് ഗാന്ധി, പള്ളിയുടെ തകര്‍ക്കലിന് അന്തരീക്ഷം ഒരുക്കിയ നരസിംഹറാവു എന്നീ രണ്ടു പ്രധാനമന്ത്രിമാരെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടതുണ്ട്. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അല്ല, കോണ്‍ഗ്രസ്സുകാരനായ നരസിംഹറാവു ആയിരുന്നുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യറിന്റെ പുസ്തത്തില്‍ പറയുന്നുണ്ട്. അതായത് വര്‍ഗീയ വാദികളോടുള്ള സമരസപ്പെടലിന്റെ ആഴവും വ്യപ്തിയും ഈ വാചകത്തിലൂടെ കോണ്‍ഗ്രസ് നേതാവായ അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം മാറിയത് ഇതുകൊണ്ട് മാത്രമല്ല. എന്നാല്‍ ഇത് വലിയൊരു അടയാളപ്പെടുത്തലും വഴിതിരിവുമായിരുന്നുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ഹിന്ദുത്വയെ ചേര്‍ത്തുപിടിക്കുന്ന സാധാരണ ജനങ്ങള്‍
എല്ലാ ജനവിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും, വളരെ ബോധപൂര്‍വ്വം കാര്യങ്ങളെ നോക്കി കാണണം എന്നും ശഠിക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ല ഇവിടയുള്ളത്. എന്തുകൊണ്ടാണ് ഒരു വര്‍ഗീയ കലാപം പൊട്ടിപുറപ്പെടുമ്പോള്‍ നിഷ്‌കളങ്കര്‍ എന്ന് കരുതുന്നവര്‍ ഒരു ക്രൂരകൃത്യത്തില്‍ ഭാഗഭക്കാവുന്നത്. അതായത്, ഒരു വര്‍ഗീയ ഭ്രാന്ത് സൃഷ്ടിക്കപ്പെടുകയാണ്, അവരെ ഒരു സ്വത്വ രാഷ്ട്രീയത്തിലേക്ക് നയിക്കുകയാണ്, ഒരു മതത്തിന്റെ വക്താക്കളെന്ന് അടയാളപ്പെടുത്തുകയാണ്. ഇവിടെ ഭരിച്ചിരുന്ന മുഗള്‍ വംശജര്‍ ജനങ്ങളെ പീഡിപ്പിച്ചിരുന്നുവെന്ന് സ്ഥാപിക്കുകയാണ്. ഇത് എല്ലാ ഘട്ടത്തിലും എല്ലാ രാഷ്ട്രീയത്തിലും കാണാനാകും. എന്തുകൊണ്ടാണ് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലിരുന്നത്? ഇത്തരം ഘടകങ്ങളെ ചൂഷണം ചെയ്യാന്‍ അമിതാധികാര കഥാപാത്രങ്ങള്‍ക്കും അല്ലെങ്കില്‍ അധികാരികള്‍ക്കും കഴിയുന്നുണ്ട്.
കോണ്‍ഗ്രസിന്റെ കാലിക പ്രസക്തി
കോണ്‍ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരേറ്റുവാങ്ങിയിട്ടുള്ള പരാജയം. വളരെ ദൗര്‍ഭാഗ്യകരമാണത്. പ്രധനമായി രണ്ടു ഘടകങ്ങള്‍ ഇതില്‍ കാണാന്‍ കഴിയും. ബിജെപിയെ പ്രതിരോധിക്കാന്‍ ആവിശ്യമായ ആശയപരമായ ദൃഢതയോ, സംഘടനപരമായ മികവോ കോണ്‍ഗ്രസ്സിനില്ല. സംഘടനാപരമായി ബിജെപി അതിശക്തരാണ്. അവര്‍ക്കിപ്പോഴും ആര്‍ എസ് എസ്സിന്റെ കേഡേഴ്‌സുണ്ട്. ആ രീതിയിലുള്ള സംഘടന സംവിധാനം നഷ്ടപെട്ട കോണ്‍ഗ്രസ് ഉപ്പു വച്ച കാലമായി മാറിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും ആവിശ്യമായത് രാഷ്ട്രീയ ദൃഢതയാണ്. തങ്ങള്‍ പ്രതിനിധാനം ചെയുന്ന രാഷ്ട്രീയവും, തത്വശാസ്ത്രവും, വിശ്വാസധാരയും എന്താണെന്നുള്ളത് ജനങ്ങളുമായി വ്യക്തമായി സംവദിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ബിജെപിയുടെ അനുകരണമായാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ബിജെപിയുടെ ഹിന്ദുത്വയോട് മത്സരിക്കുന്നതിനായി മറു ഹിന്ദുത്വയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. രാം മന്ദിറിന് ബദലായി ഹനുമാന്‍ മന്ദിര്‍, അതല്ലെങ്കില്‍ സീത ക്ഷേത്രം. ബിജെപി മുന്നോട്ടുവെക്കുന്ന എല്ലാ അജണ്ടകളും പകര്‍ത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയ വിശ്വാസമായി അവതരിപ്പിക്കാനാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പിനോളം ഒക്കുന്നതല്ല ഉപ്പിലിട്ടത് എന്ന പഴമൊഴി കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്.