UPDATES

‘കുട്ടികള്‍ കാണേണ്ടത് പ്രൊപഗാണ്ട സിനിമയല്ല, മണിപ്പൂരിലെ യാഥാര്‍ത്ഥ്യമാണ്’

‘കേരള സ്‌റ്റോറി കേരളത്തിന്റെ കഥയല്ല പറയുന്നത്’

                       

പ്രണയത്തിന്റെ ചതി കുഴികൾ കുട്ടികൾക്ക് മുന്നിൽ തുറന്നു കാണിക്കാനായിരുന്നെങ്കിൽ കേരള സ്റ്റോറിയായിരുന്നില്ല പ്രദർശിപ്പിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് അങ്കമാലി അതിരൂപത. കുട്ടികൾ കാണേണ്ടതും അറിയേണ്ടതും മനുഷ്യന്റെ വ്യഥകളാണെന്ന കൃത്യമായ ധാരണയിലാണ് മണിപ്പൂർ കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം പള്ളി പ്രദർശിപ്പിച്ചിരിക്കുന്നത്. ‘മണിപ്പൂർ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററി മണിപ്പൂർ കലാപത്തിന്റെ ആഘാതങ്ങളും, വിലാപങ്ങളും വിളിച്ചു പറയുന്നുണ്ട്.
മറുവശത്ത് മറ്റു രൂപതകൾ കൃത്യമായ രാഷ്ട്രീയ സാമൂഹിക അജണ്ടകൾ വച്ച് പുലർത്തുന്ന ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച തീരുമാനത്തോട് അങ്ങേയറ്റം ഘടക വിരുദ്ധമായ ഈ നീക്കത്തെ പല കോണുകളിൽ നിന്ന് ആളുകൾ പ്രശംസിക്കുന്നുണ്ട്. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ കനക്കുന്നതിനിടയിലാണ് സാൻജോ പുരം പള്ളി മണിപ്പൂർ സംഘർഷത്തിന്റെ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി അതിരൂപത വിദ്യാർത്ഥികൾക്കുള്ള വിശ്വാസോത്സവത്തിന്റെ ഭാഗമായി ‘ലവ് ജിഹാദ്’ എന്ന വിഷയം ഉൾപ്പെടുത്തി കൈ പുസ്തകവും, ദി കേരള സ്റ്റോറി എന്ന വിവാദ സിനിമയുടെ പ്രദർശനവും നടത്തിയിരുന്നു. അതിരൂപതയുടെ നീക്കം കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കുമെന്ന ആരോപണങ്ങളും ശ്കതമായിരുന്നു. ഇതോടെ ഇടുക്കി അതിരൂപതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തലശേരി- താമരശ്ശേരി അതിരൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു . രൂപതകളുടെ തീരുമാനത്തെ പിന്തുണച്ചും,വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

ഇതിന്  പിന്നാലെയാണ് മണിപ്പൂർ കലാപത്തിന്റെ പ്രത്യാഘാതങ്ങളും ഭീകരതയും ചൂണ്ടികാണിക്കുന്ന ഡോക്യൂമെന്ററി അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാൻജോപുരം പള്ളി പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അങ്കമാലി അതിരൂപതയുടെ നീക്കം ശ്രദ്ദേയമാവുകയാണ്. വേനലവധിയിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ക്ലാസ്സുകളുടെ അവസാനദിനമായ ഇന്നലെയായിരുന്നു പള്ളിയിൽ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചതെന്ന് വികാരി ഫാ.നിധിൻ പനവേലിൽ പറഞ്ഞു. ” ഈ ദിവസങ്ങളിൽ സാധാരണഗതിയിൽ കുട്ടികൾക്ക് അടിസ്ഥാന മാനുഷിക മൂല്യങ്ങളിൽ ഊന്നിയ വിഷയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാറുണ്ട്. വളരെ സാധാരണമായി ചെയ്തൊരു കാര്യമാണ് ഡോക്യൂമെന്ററി പ്രദർശനം. നിലവിലെ സാഹചര്യമനുസരിച്ച് കേരള സ്റ്റോറിയല്ല ആവശ്യമെന്ന് ബോധ്യം കൂടി ഇതിനു പിന്നിലുണ്ട്.

അങ്ങെയറ്റം മനുഷ്വത്വ വിരുദ്ധമായ സംഭവങ്ങളാണ് മണിപ്പൂർ കലാപത്തിൽ നടന്നത്. ആ സമയത്തു തന്നെ വിഷയത്തിൽ സാൻജോ പള്ളി കൃത്യമായ നിലപട് സ്വീകരിച്ചിരുന്നു. ആന്റോ അക്കരയെന്ന മുതിർന്ന മാധ്യമപ്രവർത്തകൻ കലാപകാലത്ത് മണിപ്പൂരിൽ നടത്തിയ തന്റെ യാത്രയുടെ പശ്ചാത്തലത്തിൽ ചെയ്ത ഡോക്യൂമെന്ററിയാണ് ‘മണിപ്പൂർ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’. യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന 15 മിനിറ്റോളം വരുന്ന ഇത് കുട്ടികളെ കാണിച്ചുവെന്ന് മാത്രം. മണിപ്പൂരിന് വേണ്ടി പലപ്പോഴും സഭ ശബ്ദം ഉയർത്തിയിട്ടുണ്ട്. അതിന്റെ ബാക്കിയായും ഇതിനെ കണക്കാക്കാം.

കാശ്മീർ ഫയൽ പോലെയുള്ള മറ്റൊരു പ്രൊപഗാണ്ട ചിത്രമല്ല കുട്ടികളെ കാണിക്കേണ്ടത് എന്ന ചിന്ത ഉണ്ടായിരുന്നു. പ്രോപഗണ്ട സിനിമകൾ ഓരോ വട്ടവും നമ്മളിലൂടെ പ്രോത്സാഹിക്കപ്പെടുമ്പോൾ നമ്മളും ആ പ്രൊപഗാണ്ടയുടെ ഭാഗമായി മാറുന്നില്ലേ? അതിൽ നിന്ന് അകലം പാലിക്കണമെന്ന ചിന്ത കൂടി ഇതിനു പിന്നിലുണ്ടായിരുന്നു. 3 മണിക്കൂറോളം ദെെർഘ്യമുള്ള സിനിമ കുട്ടികളിൽ പലരും കണ്ടിട്ടുണ്ട്. സിനിമ അരോചകമാണെന്ന അഭിപ്രയാവും കുട്ടികൾ പങ്കുവച്ചിരുന്നു. കേരളത്തിന്റെ കഥയല്ല സിനിമ പറയുന്നതെന്ന ബോധ്യം കുട്ടികളിൽ തന്നെ ഉണ്ട്.

കൂടാതെ പ്രണയത്തിന്റെ ഇരുണ്ടവശങ്ങളും, ചതിക്കുഴികളെയും കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്ന ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ തന്നെയുണ്ട്. വിവാദത്തിലകപ്പട്ട സിനിമയല്ലാതെ കപ്പേള, ഉടൽ സ്പോട്ട് ലൈറ്റ് പോലുള്ള അനവധി ചിത്രങ്ങളുണ്ടായിരുന്നു. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ രൂപതകളെ ചിന്തിപ്പിച്ച ഉദേശത്തെയും, കുട്ടികളോടുള്ള കരുതലിനെയും ഞാൻ മാനിക്കുന്നു. ആ ഉദ്ദേശത്തിനു വേണ്ടി അവർ തെരെഞ്ഞെടുക്കേണ്ടിയിരുന്ന ചിത്രം ഇതായിരുന്നില്ലെന്ന അഭിപ്രായം എനിക്കുണ്ട്. ” ഫാ.നിധിൻ പനവേലിൽ പറഞ്ഞവസാനിപ്പിച്ചു.

Share on

മറ്റുവാര്‍ത്തകള്‍