UPDATES

വിദേശം

‘ഹഡക മത്സൂരി’; ചരിത്രത്തിലാദ്യമായി പുരുഷൻമാരുടെ നഗ്നോത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും അനുമതി

സുമോ ഉൾപ്പടെ  ജപ്പാനിലെ പരമ്പരാഗതമായ മറ്റ് മേഖലകൾ ഇപ്പോഴും സ്ത്രീകൾക്ക് അന്യമാണ്.

                       

ജപ്പാനിലെ നഗ്ന ഉത്സവം എന്നറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ജാപ്പനീസ് ഉത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് ആദ്യമായി അനുവാദം നൽകി ജപ്പാൻ. ചില മാറ്റങ്ങളോടെയാണ് ഉത്സവത്തിൽ സ്ത്രീകളെ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നത്. 1250 വർഷത്തിലധികം പഴക്കുമുള്ള ‘ഹഡക മത്സൂരി’ എന്നറിയപ്പെടുന്ന ഉത്സവത്തിലേക്ക് ആദ്യമായാണ് ജപ്പാൻ സ്ത്രീകൾക്ക് പ്രവേശനം നൽകിയിരിക്കുന്നത്.

എല്ലാവർഷവും ഫെബ്രുവരി മാസത്തിൽ ദുരാത്മാക്കളെ തുരത്തുന്നതിനായാണ് ഹഡക മത്സൂരി നടത്തുന്നത്. മധ്യ ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലുള്ള ഒവാരി ഓകുനിറ്റാമ എന്ന ദേവാലയത്തിൽ വച്ചാണ് വർഷങ്ങളായി ഉത്സവം നടക്കുന്നത്. സാധാരണയായി ആയിരക്കണക്കിന് പുരുഷന്മാരാണ് വർഷം തോറും ഉത്സവത്തിൽ പങ്കെടുക്കാറുള്ളത്. 2024 ൽ ഫെബ്രുവരി 22 നാണ് ഉത്സവം നടക്കുന്നത്. ഏകദേശം 40 തോളം സ്ത്രീകളുടെ ഒരു സംഘത്തിനാണ് പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത് എന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹഡക മത്സൂരിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചെങ്കിലും പൂർണമായും വസ്ത്രം ധരിച്ചുകൊണ്ടായിരിക്കും ആചാരങ്ങൾ ചെയ്യുക. അതോടൊപ്പം ഉത്സവത്തിന്റെ അവസാനഭാഗമായ ‘ മോമിയായ്’ എന്ന ചടങ്ങിന്റെ ഭാഗമാകാൻ സാധിക്കില്ല. സ്ത്രീകൾക്ക് ‘നവോയിസാസ’ ചടങ്ങിൽ മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. പ്രത്യേക തരം പുല്ല് തുണിയിൽ പൊതിഞ്ഞ് ആരാധനാലയത്തിലേക്ക് കൊണ്ടുപോകുന്നതാണ് നവോയിസാസ ചടങ്ങ്. ഇത് കൂടാതെ കൂടാതെ ഉത്സവത്തിനെത്തുന്ന സ്ത്രീകൾ പൂർണ്ണമായും വസ്ത്രവും പരമ്പരാഗത ഹാപ്പി കോട്ടും ധരിക്കണം എന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. കോവിഡ് – 19 പാൻഡെമിക് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഉത്സവം നടത്താൻ കഴിഞ്ഞിട്ടില്ല.

ഉത്സവത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പുരുഷൻമാരും ‘ഫൻഡോഷി’ എന്നറിയപ്പെടുന്ന ജപ്പാനീസ് പരമ്പരാഗത വസ്ത്രവും വെള്ള കാലുറകളും മാത്രമാണ് ധരിക്കുക ചിലർ വിവസ്ത്രാരായും എത്താറുണ്ട് ഒപ്പം പ്രത്യേകരീതിയിലുള്ള തലക്കെട്ടുകളും ധരിച്ചിരിക്കും. ഉത്സവത്തിന്റെ ആദ്യമണിക്കൂറുകളിൽ ദേവാലയ പരിസരത്ത് ഓട്ടപ്രദക്ഷിണം നടത്തുകയും തുടർന്ന് തണുത്ത വെള്ളം പങ്കെടുക്കുന്നവരുടെ ദേഹത്തേക്ക് ഒഴിച്ച് ദേഹശുദ്ധി വരുത്തുകയും ചെയ്യും. തുടർന്ന് എല്ലാവരും ക്ഷേത്രത്തിലേക്ക് പോകും. അടുത്തതായി ക്ഷേത്രപൂജാരി ഇവർക്കിടയിലേക്ക് 100 കമ്പുകൾ വലിച്ചെറിയും ഇതിൽ നിന്ന് പ്രത്യേകതയുള്ള രണ്ട് കമ്പുകൾ കണ്ടെത്തണം. അത് ലഭിക്കുന്ന വ്യക്തികളെ മറ്റെല്ലാവരും തൊടണം എന്നാണ് അത്തരത്തിൽ തൊടുന്നപക്ഷം വരുന്ന ഒരു വർഷത്തേക്ക് എല്ലാവിധ സൗഭാഗ്യങ്ങളും വന്നുചേരുമെന്നാണ് ജാപ്പനീസ് വിശ്വാസം.

സ്ത്രീകളിൽ നിന്ന് വ്യാപകമായി ഹഡക മത്സൂരിയിൽ പങ്കെടുക്കാനുള്ള അഭ്യർത്ഥന ലഭിച്ചതിനാലാണ് ഉത്സവത്തിൽ പങ്കെടുക്കാനുള്ള അനുമതി നൽകിയതെന്ന് ഉത്സവ സംഘാടകസമിതിയംഗമായ മിറ്റ്‌സുഗു കറ്റയാമ പറഞ്ഞു. സ്ത്രീകൾക്ക് ഉത്സവത്തിൽ പങ്കെടുക്കുന്നതിൽ വിലക്കൊന്നുമില്ലെന്നും, നഗ്‌നോത്സവമായതിനാൽ സ്വമേധയാ സ്ത്രീകൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ചെറുപ്പം മുതലേ തനിക്ക് ഉത്സവത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നു, ഞാൻ ഒരു ആൺകുട്ടിയായിരുന്നെങ്കിൽ എനിക്ക് പങ്കെടുക്കാമായിരുന്നുവെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും’ സ്ത്രീകൾക്കായുള്ള അനൗദ്യോഗിക വിലക്ക്‌ നീക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ കാംപയിനിൽ അംഗമായ അയക്ക സുസുക്കി പറഞ്ഞു. കൂടാതെ അടുത്തിടെയുണ്ടായ മാരകമായ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ ആളുകൾക്കും തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കാനായും ഈ അവസരം ഉപയോഗിക്കുമെന്നും അയക്ക സുസുക്കി കൂട്ടിച്ചേർത്തു.

ഹഡക മത്സൂരിക്ക് സമാനമായി, 2024 ജനുവരിലാണ് 800 വർഷത്തെ ജപ്പാന്റെ ചരിത്രത്തിൽ ആദ്യമായി ഷിഗ പ്രിഫെക്ചറിലെ കാറ്റ്‌സുബെ ഫയർ ഫെസ്റ്റിവലിൽ സ്ത്രീകൾ പങ്കെടുത്തത്. ലിംഗസമത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി നഗ്ന ഉത്സവത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചതിനെ കാണാമെകിലും , നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ കായിക വിനോദമായ സുമോ ഉൾപ്പടെ  ജപ്പാനിലെ പരമ്പരാഗതമായ മറ്റ് മേഖലകൾ ഇപ്പോഴും സ്ത്രീകൾക്ക് അന്യമാണ്. സ്ത്രീകൾക്ക് അമേച്വർ സുമോയിൽ മത്സരിക്കാൻ സാധിക്കുമെങ്കിലും പ്രൊഫഷണലായി മത്സരിക്കാൻ കഴിയില്ല.

Share on

മറ്റുവാര്‍ത്തകള്‍