UPDATES

‘റോബിന്‍ ബസ്’ പൊതുഗതാഗത സംവിധാനത്തിന് ഭീഷണിയാകുമോ? നിയമം എന്താണ് പറയുന്നതെന്നു നോക്കാം

നിലവില്‍ ഹൈക്കോടതിയുടെ ഉത്തരവിന്‍ മേലാണ് ബസ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത്.

                       

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസിനെതിരേ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യമായ നടപടികള്‍ സ്വീകരിച്ച് ബസ് ഉടമയുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം ഹനിക്കുകയാണെന്നാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലടക്കം പരാതി. റോബിന്‍ ബസിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന ഗിരീഷ് എന്ന വ്യക്തിയുടെ ‘ പ്രതിരോധ’ങ്ങള്‍ക്ക് ഒരു വിഭാഗം ജനങ്ങളുടെയും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെയും പിന്തുണയുണ്ട്. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് നിയമം നടപ്പാക്കല്‍ മാത്രമാണെന്നും നിയമലംഘനം നടത്താന്‍ അനുവദിക്കാനാകില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

എന്താണ് റോബിന്‍ ബസും എം വി ഡി യും തമ്മില്‍?

മോട്ടോര്‍ വാഹന വകുപ്പിന് (എംവിഡി) തുറന്ന വെല്ലുവിളി ഉയര്‍ത്തി, പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിനെ കേരള – തമിഴ്‌നാട് ആര്‍ടിഒ അധികൃതര്‍ തുടര്‍ച്ചയായി പിടികൂടി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയിലധികമാണ് പിഴയായും ടാക്‌സ് ഇനത്തിലും ഇരു സംസ്ഥാനങ്ങളിലെയും മോട്ടര്‍ വകുപ്പ് ബസിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിച്ച ബസിന് അനുവദിച്ച പെര്‍മിറ്റില്‍ നിന്നും മാറി സര്‍വീസ് നടത്തിയതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഇതിനു മുന്‍പും സര്‍വീസ് ആരംഭിച്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞിരുന്നു. രണ്ടാം തവണ ബസ് മോട്ടോര്‍ വകുപ്പ് കസ്റ്റഡിയിലെടുക്കുകയും മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഉത്തരവിന്‍ പ്രകാരം വിട്ടുനല്‍കുകയുമായിരുന്നു. തുടര്‍ന്ന് ബസ് വീണ്ടും പത്തനംതിട്ട- കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിച്ചു. നിലവില്‍ ഹൈക്കോടതിയുടെ ഉത്തരവിന്‍ മേലാണ് ബസ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പിന് ബസ് പരിശോധിക്കാമെങ്കിലും കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്.

ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി ഓടാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത് അവരുടെ അറിവില്ലായ്മ മൂലമാണെന്നാണ് ബസ് ഉടമയുടെ വാദം. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതിലൂടെയാണ് റോബിന്‍ ബസ് പെര്‍മിറ്റ് നേടി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയത്. എന്നാല്‍, ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റിലൂടെ റൂട്ട് ബസ്സാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അത് കെഎസ്ആര്‍ടിസിക്കും മറ്റ് സ്വകാര്യ ബസുകാര്‍ക്കും തിരിച്ചടിയാകുമെന്നുമാണ് എംവിഡിയുടെ നിലപാട്. പൊതുഗതാഗത സംവിധാനത്തിന്റെ ആണിക്കല്ലായ സ്റ്റേജ് കാര്യേജ് സംവിധാനത്തെ ബാധിക്കാന്‍ കെല്പുള്ളതാണ് ഈ വിഷയം. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നതിലൂടെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കും. റോബിന്‍ ബസ് പത്തനംതിട്ട – കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളില്‍ നിന്നായി ആളെ കയറ്റുന്നുണ്ട്. എന്നാല്‍, സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും സര്‍വീസ് നടത്തുവാന്‍ അനുവാദമുള്ളൂ. ഇക്കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6 ,10 എന്നിവ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. ദേശസാത്കൃത റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ പെര്‍മിറ്റിലൂടെ സ്റ്റേജ് കാര്യേജായാണ് ഓടിക്കുന്നത്.

എന്താണ് സ്റ്റേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ്

സംസ്ഥനത്തെ പൊതുഗതാഗതം രണ്ടു തരത്തിലാണ്. ഒന്ന് കോണ്‍ട്രാക്റ്റ് ക്യാരേജ്. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളാണ് കോണ്‍ട്രാക്റ്റ് ക്യാരേജ് എന്ന് വിളിക്കുന്നത്. ഇവയ്ക്ക് യാത്രയ്ക്കിടയില്‍ സ്റ്റാന്‍ഡില്‍ കയറാനോ ഓരോ സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റിയിറക്കനോ അനുമതിയില്ല. ബോര്‍ഡ് വെച്ച്, സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളെ കയറ്റി പോകനുള്ള അനുമതി സ്റ്റേജ് ക്യാരേജുകള്‍ക്ക് മാത്രമാണ്. അതായത് സാധാരണ പ്രൈവറ്റ് ബസ്സുകളെന്നും ലൈന്‍ ബസുകളെന്നുമെല്ലാം വിളിക്കുന്നവയും കെഎസ്ആര്‍ടിസിയുമെല്ലാം ആ വിധത്തിലുള്ളതാണ്. ഇത് യാത്രക്കാര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്ന, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു വ്യവസ്ഥയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, സമയക്ലിപ്തത, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമെല്ലാമുള്ള അവകാശങ്ങള്‍, വിദൂരവും ഒറ്റപ്പെട്ട് നില്‍ക്കുന്നതുമായ പ്രദേശങ്ങളിലേയ്ക്കുള്ള ഉറപ്പായ സര്‍വ്വീസുകള്‍, തുടങ്ങിയ അവകാശങ്ങള്‍ സ്റ്റേജ് ക്യാരേജ് ഉറപ്പാക്കുന്നുണ്ട്. ഒരു ടൂറിസ്റ്റ് വാഹനമെന്നാല്‍ ഒരു കോണ്‍ട്രാക്റ്റ് ക്യാരേജ് ആണെന്നും കോണ്‍ട്രാക്റ്റ് ക്യാരേജിന്റെ വ്യവസ്ഥകള്‍ അതിനും ബാധകമാണെന്നും നിയമം പറയുന്നുണ്ട്. അതായത് ബസില്‍ യാത്ര ചെയ്യുന്നവരോ അല്ലെങ്കില്‍ യാത്ര സംഘടിപ്പിക്കുന്ന ആളും വാഹനത്തിന്റെ ഉടമയും തമ്മില്‍ ഏര്‍പ്പെടുന്ന ഒരു കരാര്‍ പ്രകാരമുള്ളതാണ്. സ്റ്റേജ് ക്യാരേജ് പോലെ നിരക്കിന്റെ കാര്യത്തില്‍ ഇതില്‍ നിയന്ത്രണങ്ങളൊന്നുമില്ല. ഇതുപ്രകാരം റോബിന്‍ ബസ് പോലുള്ള കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് നിശ്ചിത സ്ഥലത്തുനിന്നും ആളെക്കയറ്റി മറ്റൊരു സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനുള്ള പെര്‍മിറ്റ് മാത്രമേയുള്ളൂവെന്നും എംവിഡി വ്യക്തമാക്കുന്നു.എന്നാല്‍ ഈ നിയമത്തിന് എതിരായി അഖിലേന്ത്യാ പെര്‍മിറ്റിന്റെ പിന്‍ബലത്തില്‍ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നല്‍കിയാണ് റോബിന്‍ ബസ് സ്റ്റോപ്പുകളില്‍ നിന്ന് ആളെ കയറ്റുന്നത് .ടൂറിസ്റ്റ് പെര്‍മിറ്റ് സംബന്ധിച്ച് 2023 മേയ് മാസം നിലവില്‍ വന്ന കേന്ദ്രഗവണ്മെന്റിന്റെ പുതുക്കിയ ചട്ടം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്) റൂള്‍സ്, 2023പ പ്രകാരം പഴയ കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തിലെ 82 മുതല്‍ 85എ വരെയുള്ള ചട്ടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ ചട്ടം ഒഴിവാക്കിയതിലൂടെ അതിനൊപ്പമുള്ള ടൂറിസ്റ്റ് വാഹനം സ്റ്റേജ് ക്യാരേജ് ഓപ്പറേഷന്‍ നടത്തരുത് എന്നുള്ള നിയമവും ഒഴിവായി എന്ന വാദം ഉയര്‍ത്തിയാണ് റോബിന്‍ ബസ് നിരത്തിലിറങ്ങിയിരിക്കുന്നത്. പുതുക്കിയ നിയമത്തില്‍ അത് പ്രതേകം എടുത്തു പറയുന്നില്ലെങ്കിലും നിയമം അത് അനുശാസിക്കുന്നുണ്ട്, അതായത്, ചട്ടത്തില്‍ (Rule) പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ടൂറിസ്റ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനം നടത്തരുത് എന്ന് നിയമം അനുശാസിക്കുന്നുണ്ട് എന്നര്‍ത്ഥം. പലയിടത്തും ബസിന് സ്വീകരണം ഒരുക്കിയാണ് ജനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ വിമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഇത് സ്റ്റേജ് ക്യാരേജിനെ ബാധിക്കുക?

കോണ്‍ട്രാക്റ്റില്‍ മുന്‍കൂര്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയല്ലാതെ ഒരാളെയും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വാഹനത്തില്‍ കയറ്റുകയോ യാത്രാമദ്ധ്യേ വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇതിനു വിപരീതമായി പല സ്റ്റോപ്പുകളില്‍ നിന്നും ആളുകളെ കയറ്റി ഒരു സ്റ്റേജ് ക്യാരേജ് ആയാണ് റോബിന്‍ ബസ് നിരത്തിലോടിക്കൊണ്ടിരിക്കുന്നത്. പൊതുഗതാഗതവ്യവസ്ഥയെ അത് വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കും. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നേടാനിരിക്കുന്ന അല്ലെങ്കില്‍ നേടിയ ടൂറിസ്റ്റ് ബസ്സുകള്‍ പല സ്റ്റോപ്പുകളില്‍ നിന്നും ആളെ കയറ്റുന്നതോടെ ഈ സ്റ്റോപ്പുകള്‍ മാത്രം ലക്ഷ്യമിട്ട് സര്‍വീസ് നടത്തുന്ന മറ്റു സ്വകാര്യ ലൈന്‍ ബസ്സുകളും കെ സ് ആര്‍ ടി സി യും യാത്രക്കാരില്ലാതെ വലയും. ബസുകള്‍ക്ക് സര്‍വീസ് നടത്താനാകുന്ന റൂട്ടുകളും ഈടാക്കാവുന്ന നിരക്കുകളും ഉള്‍പ്പെടെ പൊതുഗതാഗതത്തിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും സ്ഥാപിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയും പ്രവേശനക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ പലപ്പോഴും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജില്‍ ഈ ബസില്‍ യാത്ര ചെയ്യുന്നവരോ വാഹനത്തിന്റെ ഉടമയും തമ്മിലാണ് നിരക്കുകള്‍ നിശ്ചയിക്കുക. എന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ക്ക് സ്വന്തമായി വാഹനം പിന്‍വലിക്കാനും, നിരക്ക് നിശ്ചയിക്കാനും, സ്റ്റോപ്പുകള്‍ നിശ്ചയിക്കാനും കഴിയും.

Share on

മറ്റുവാര്‍ത്തകള്‍