UPDATES

മിഗ്ജാം ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകുമോ ?

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപെടുന്ന ആറാമത്തെയും ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെടുന്ന നാലാമത്തെയും ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മിഗ്ജാം

                       

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂന മര്‍ദ്ദം ചുഴലി കാറ്റായി തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും ആഞ്ഞടിക്കുകയാണ്. ശക്തമായ കാറ്റും മഴയും മൂലം തമിഴ്‌നാടിന്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. അതേസമയം മിഗ്ജാം ചുഴലിക്കാറ്റ് കേരളത്തില്‍ ആശങ്ക വിതയ്ക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

മിഗ്ജാമിനു ചെന്നൈയില്‍ തീവ്രതയേറുമെന്നു നേരത്തെ തന്നെ അറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഗ്ജാം ചുഴലിക്കാറ്റിന്റെ കേന്ദ്രം 110 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് മനസിലാകുന്നത്. അതേസമയം കാറ്റിന്റെ വൃത്തപരിധി തമിഴ്നാടിനു മുകളിലാണുള്ളത്. ഇതാണ് ഞായറാഴ്ച്ച രാത്രി മുതല്‍ അവിടെ തീവ്ര മഴയ്ക്ക് കാരണമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് വിവരം. മഴയോടൊപ്പം ശക്തമായ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് ഇപ്പോള്‍ സൈക്ളോണ്‍ സ്റ്റേജില്‍ ആണുള്ളത്, അത് അടുത്ത മണിക്കൂറുകളില്‍ അതിതീവ്ര സൈക്ലോണായി രൂപാന്തരപ്പെടും.

സാധാരണ ചുഴലിക്കാറ്റിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടത്തില്‍ യെല്ലോ മെസ്സേജ് ആണ് നല്‍കുക പിന്നീട് ഓറഞ്ച് മെസ്സേജ്, അവസാന ഘട്ടത്തിലാണ് റെഡ് മെസ്സേജ് നല്‍കുക അതായത് ലാന്‍ഡ് ഫാളിനു (കൊടുങ്കാറ്റിന്റെ കേന്ദ്രം തീരത്തേക്കു നീങ്ങുമ്പോള്‍ കരയിലേക്ക് എത്തുന്ന പ്രതിഭാസത്തിനെയാണ് ലാന്‍ഡ് ഫാള്‍ എന്ന് പറയുന്നത്) തൊട്ടു മുന്‍പ് നല്‍കുന്ന അറിയിപ്പാണിത്. ശക്തമായ കാറ്റും മഴയും തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച്ച രാത്രി വരെ തുടരും.

മിഗ്ജാം ചുഴലി കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ല. സാധാരണ ലഭിക്കുന്ന മഴയല്ലാതെ നിലവില്‍ മിഗ്ജാം ചുഴലി കാറ്റ് മൂലം കേരളത്തില്‍ ലഭിക്കുന്നില്ല. അതേസമയം മധ്യകേരളം മുതല്‍ വടക്കന്‍ കേരളത്തില്‍ മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. ഇതല്ലാതെ മിഗ്ജാം കേരളത്തിന് യാതൊരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് കലാവസ്ഥ വിദഗ്ധര്‍ അഴിമുഖത്തോട് പറയുന്നത്. വരും ദിവസങ്ങളില്‍ മിഗ്ജാം ആന്ധ്രാപ്രാദേശിലേക്ക് നീങ്ങും. ലാന്‍ഡ് ഫാള്‍ കഴിഞ്ഞതിനു ശേഷം ആന്ധ്ര തീരദേശം വഴി വിശാഖ പട്ടണം വരെ എത്തുമെന്നാണ് കരുതുന്നത്. അവിടുന്ന് ഒഡീഷയിലേക്ക് എത്തുമ്പോഴേക്കും ശക്തിയും തീവ്രതയും കുറയും. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശും തമിഴ്‌നാടും തീര പ്രദേശങ്ങള്‍ ആയത് കൊണ്ടാണ് ഈ രണ്ട് സംസസ്ഥാനങ്ങളെയും ചുഴലി കാറ്റ് ഇത്ര കണ്ട് ബാധിക്കുന്നത്. അതേസമയം കേരളത്തെ മിഗ്ജാം വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുമില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപപ്പെടുന്ന നാലാമത്തെയും ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മിഗ്ജാം. ദേശീയ ദുരന്ത നിവാരണ അഥോാറിറ്റി (NDMA) ചുഴലിക്കാറ്റുകളെ പ്രധാനമായി രണ്ടായി തരംതിരിച്ചിക്കുന്നു; ഒന്ന് എക്സ്ട്രാ ട്രോപ്പിക്കല്‍ ചുഴലിക്കാറ്റുകള്‍, രണ്ടാമത്തേത് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍. മ്യാന്‍മര്‍ നിര്‍ദ്ദേശിച്ച പേരാണ് മിഗ്ജാം.

എന്താണ് സൈക്ലോണ്‍?

താഴ്ന്ന മര്‍ദ്ദമുള്ള പ്രദേശത്തിന് ചുറ്റുമുള്ള അന്തരീക്ഷത്തിലെ അസ്വസ്ഥതയുടെ ഫലമാണ് ചുഴലിക്കാറ്റുകള്‍. വേഗതയേറിയതും വിനാശകരവുമായ ഒന്നാണിവ. ഗ്രീക്ക് പദമായ ‘സൈക്ലോസില്‍’ നിന്നാണ് ‘സൈക്ലോണ്‍’ എന്ന പദത്തിന്റെ ഉത്ഭവം. പാമ്പിന്റെ ചുരുളുകള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ കടലിലെ ചുരുണ്ട സര്‍പ്പങ്ങളായി കാണപ്പെടുന്നതിനാലാണ് ഹെന്റി പെഡിംഗ്ടണ്‍ ചുഴലി കാറ്റിന് ഈ പേര് നല്‍കിയത്. ഉഷ്ണമേഖലാ കൊടുങ്കാറ്റുകളെക്കുറിച്ചുള്ള ഗവേഷകനും നാവികനുമാണ് ഹെന്റി പെഡിംഗ്ടണ്‍.

ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍ ഭൂമധ്യരേഖയ്ക്ക് സമീപം ചൂടുള്ള സമുദ്രജലത്തിന് മുകളിലാണ് രൂപപ്പെടുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തിനടുത്തുള്ള ചൂടുള്ള ഈര്‍പ്പമുള്ള വായു മുകളിലേക്ക് ഉയരുന്നു. ഇത് ഉപരിതലത്തിന് സമീപം ഒരു താഴ്ന്ന മര്‍ദ്ദം സൃഷ്ടിക്കുകയും ഇതിന്റെ ഫലമായി ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് താഴ്ന്ന മര്‍ദ്ദമുള്ള പ്രദേശത്തേക്ക് തണുത്ത വായു നീങ്ങുകയും ചെയ്യുന്നു. ഈ തണുത്ത വായു ഊഷ്മളവും നനവുള്ളതുമാവുകയും മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ ചക്രം തുടര്‍ന്നും നടക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചൂടുള്ള ഈര്‍പ്പമുള്ള വായു വായുവിലെ ജലത്തെ തണുപ്പിക്കുന്നു, അതിന്റെ ഫലമായി മേഘങ്ങള്‍ രൂപം കൊള്ളുന്നു. മേഘങ്ങളുടെയും കാറ്റുകളുടെയും മുഴുവന്‍ സംവിധാനവും ചുറ്റി കറങ്ങുകയും വികസിക്കുകയും ചെയ്യുന്നു. കാറ്റ് 63 മൈല്‍ വേഗതയില്‍ എത്തുമ്പോള്‍ അതിനെ ഉഷ്ണമേഖല കൊടുങ്കാറ്റ് എന്നും 119 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമ്പോള്‍ അതിനെ ട്രോപ്പിക്കല്‍ സൈക്ലോണ്‍ അല്ലെങ്കില്‍ ചുഴലിക്കാറ്റ് എന്നും വിളിക്കുന്നു. ചുഴലിക്കാറ്റുകളെ പറ്റിയുള്ള പഠന ശാഖ പാലിയോ ടെംസ്റ്റോളജി എന്നാണ് അറിയപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍