December 10, 2024 |
Share on

ഫ്രാങ്കോ മുളയ്ക്കല്‍ മാത്രമല്ല, സഭയുടെ മനോഭാവവും മാറണം

കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ വന്ന കന്യാസ്ത്രീകള്‍ക്കുള്ള വിചാരണകള്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അപ്പോസ്തലന്മാര്‍ നയിക്കുന്ന സഭയില്‍ നിന്നും ഇനിയും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആഗോള കത്തോലിക്കസഭയെ തന്നെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിവാദ പുരോഹിതന്‍, ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ അതിരൂപതയുടെ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജിവച്ചിരിക്കുന്നു. സഭയുടെ ചരിത്രത്തിലാദ്യമായി കന്യാസ്ത്രികള്‍ തിരുവസ്ത്രമണിഞ്ഞുകൊണ്ട് തെരുവില്‍ നീതി തേടി സമരം ചെയ്യേണ്ടി വന്നൊരു ലൈംഗിക പീഢന കേസില്‍ അറസ്റ്റിലാവുകയും വിചാരണ നേരിടേണ്ടി വരികയും, കീഴ്‌ക്കോടതിയില്‍ നിന്നും നിലവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതല്‍ ബിഷപ്പ് ഫ്രാങ്കോ എമിരറ്റ്‌സ് എന്നറിയപ്പെടും. രൂപതയുടെ നല്ലതിനും സഭയുടെ നവീകരണത്തിനും വേണ്ടിയുള്ള ത്യാഗമായാണ് തന്റെ രാജിയെ ഫ്രാങ്കോ മുളയ്ക്കല്‍ സ്വയം വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ജലന്ധര്‍ രൂപതയുടെ മാത്രമല്ല, ഇന്ത്യന്‍ കത്തോലിക്ക സഭയിലെ തന്നെ അതിശക്തനായി വാണിരുന്നൊരു പുരോഹതിന്‍, ആ സര്‍വ്വസൗഭാഗ്യങ്ങളും ‘ ത്യജിക്കുന്നതിന്’ പിന്നില്‍ അദ്ദേഹം പറയുന്ന ന്യായീകരണത്തിനപ്പുറം മറ്റു ചില യാഥാര്‍ഥ്യങ്ങള്‍ കൂടിയില്ലേ? ആ കന്യാസ്ത്രീകളുടെ പോരാട്ടത്തിന്റെ നീതീകരണം കൂടിയായി ഈ രാജിയെ കണ്ടുകൂടെ. കത്തോലിക്ക സഭയുടെ ആത്മശുദ്ധീകരണത്തിനുവേണ്ടി ഫ്രാങ്കോ മുളയ്ക്കലിനു മേല്‍ നിര്‍ബന്ധതിമായി തീര്‍ന്നൊരു തീരുമാനമായും ആ രാജിയെ കാണാവുന്നതാണ്. കാരണം, എത്രയൊക്കെ കഴുകി വെളുപ്പിച്ചാലും ആ കളങ്കം അത്രപ്പെട്ടെന്നൊന്നും സഭയ്ക്കു മേല്‍ നിന്നും മാറണമെന്നില്ല. അതിന് ഫ്രാങ്കോ മാത്രം മാറിയതുകൊണ്ടും കാര്യമില്ല, സഭയുടെ ചില മനോഭാവങ്ങള്‍ കൂടി മാറണം.

മിഷണറീസ് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായ കന്യാസ്ത്രീയെ ലൈംഗിക ചൂഷണം ചെയ്തെന്ന പരാതിയാണ് പ്രസ്തുതസഭയുടെ അധിപനും ജലന്ധര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉയര്‍ന്നത്. അത്തരമൊരു പരാതി ഉണ്ടായി 88 ദിവസത്തിനുശേഷമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനത്തിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴായിരുന്നു കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നതായിരുന്നു അവരുടെ ആവശ്യം. കേരളത്തിന്റെ പൊതുമണ്ഡലത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ പിന്തുണയുമായി എത്തിയതോടെ കന്യാസ്ത്രീകളുടെ സമരം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെയും, അതേസമയം സഭയ്ക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടും സര്‍ക്കാരിന്റെ പരിഗണന ലഭിക്കാതെയുമാണ് മുന്നേറിയത്. ദിവസങ്ങള്‍ കഴിയും തോറും പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമായി വന്നു. കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സമരവേദിയില്‍ നിരാഹാര സത്യഗ്രഹങ്ങള്‍ നടന്നു. ഒടുവില്‍ ഫ്രാങ്കോയ്ക്കെതിരേ ഒന്നൊന്നായി നടപടികള്‍ ഉണ്ടായി തുടങ്ങി. ജലന്ധര്‍ ബിഷപ്പിന്റെ അധികാരങ്ങളില്‍ നിന്നും നീക്കിയതിനു പിന്നാലെ ശക്തി ക്ഷയിച്ചു തുടങ്ങിയ ഫ്രാങ്കോ കേരളത്തില്‍ എത്തി പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാമെന്ന് അറിയിക്കുകയും തുടര്‍ന്ന് എറണാകുളത്ത് എത്തിയ ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ നടപടിയുടെ മൂന്നാം ദിവസമായിരുന്നു പൊലീസ് ഫ്രോങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കന്യാസ്ത്രീമാരുടെ സമരം അവസാനിച്ചു. കന്യാസ്ത്രികള്‍ നടത്തി വന്ന സമരത്തില്‍ പിന്തുണയേകിയത് വിവിധ സംഘടനകളായിരുന്നു. സഭയില്‍ നിന്നു തന്നെയുള്ള പുരോഹിതരും കന്യാസ്ത്രീകളും ആ കൂട്ടത്തിലുണ്ടായിരുന്നു. അല്‍മായരും അല്‍മായ സംഘടനകളുമുണ്ടായിരുന്നു. ചില രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നു. വിവിധ മതസംഘടനകളും, സാംസ്‌കാരിക-സാമൂഹിക സംഘടനകളും സാധാരണക്കാരും പങ്കുകൊണ്ടു.

ബിഷപ്പിനെ അറസ്റ്റ് ചെയ്ത അതേ രാത്രിയില്‍ തന്നെ സങ്കടകരമായ സാഹചര്യമെന്ന് വിലപിച്ച് ഫ്രാങ്കോയെ പിന്തുണച്ച് സഭാ നേതൃത്വം രംഗത്തു വന്നു. സഭ ഈ വിഷയത്തില്‍ തുടക്കം മുതല്‍ സ്വകരിച്ച നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു പുതിയ പ്രസ്താവനയും. ബിഷപ്പിനെതിരേയുള്ള സമരം കത്തോലിക്ക സഭയ്ക്കെതിരേയുള്ള ഗൂഢാലോചന എന്നായിരുന്നു കേരള കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ എന്ന കെസിബിസി പ്രസ്താവന ഇറക്കിയത്. അതായത് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ആരുടെയൊക്കെയോ (യുക്തിവാദികളുടെ അടക്കം) പിന്തുണയോടെ കത്തോലിക്ക സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന്. മിഷണറീസ് ഓഫ് ജീസസിലെ മദര്‍ സുപ്പീരിയര്‍ പീഡനത്തിരയായ കന്യാസ്ത്രീയുടെ പരാതി തീര്‍ത്തും അവഗണിച്ചെന്നു മാത്രമല്ല, തന്റെ കൂട്ടത്തില്‍പ്പെട്ടവര്‍ നീതിക്കു വേണ്ടി തെരുവില്‍ സമരം ചെയ്യുമ്പോള്‍, അവര്‍ ആര്‍ക്കെതിരേയാണോ നീതി തേടി സമരം ചെയ്തത് അതേ വ്യക്തിയോടൊപ്പം കേക്ക് മുറിച്ച് ആഘോഷം നടത്തുകയും ചെയ്തു. കന്യാസ്ത്രീയുടെ പരാതിയില്‍ ആദ്യം ഒപ്പം നിന്ന ഇടവക വികാരിയും കന്യാസ്ത്രീയെ മോശക്കാരിയാക്കി പ്രതിക്കൊപ്പം കൂട്ടുചേര്‍ന്നതും കേരളം കണ്ടതാണ്.

ഫ്രാങ്കോ നിരപരാധിയും പരാതിക്കാരിയും അവരെ പിന്തുണയ്ക്കുന്നവരും ക്രിസ്ത്യാനികളുടെ ശത്രുക്കളുമെന്ന നിലപാടില്‍ എത്രയെത്ര ആരോപണങ്ങളുമായാണ് സഭ നേതൃത്വവും വലിയൊരു വിഭാഗം അല്‍മായരും കന്യാസ്ത്രീകളുടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ രംഗത്ത് വന്നത്. സഭയുടെ പ്രതിനിധിയായി, അന്ന് എംഎല്‍എ കൂടിയായ പി.സി ജോര്‍ജ് സഭയെ രക്ഷിക്കാന്‍, ഫ്രാങ്കോ നിരപരാധിയും ഇരയാക്കപ്പെടുന്നവനുമാണെന്ന് ഉറപ്പിക്കാന്‍ വാര്‍ത്ത സമ്മേളനം നടത്തി പരാതിക്കാരിയായ കന്യാസ്ത്രീയെ വേശ്യയെന്നും കൂടെ നിന്നവരെ ഒറ്റുകാരെന്നും വിളിച്ച് ആക്ഷേപിച്ചു. സമരം നടക്കുന്ന പന്തലില്‍ വന്നുപോലും ഒറ്റയ്ക്കും കൂട്ടമായും ഈ സമരം കത്തോലിക്ക സഭയ്ക്കെതിരായ സമരമാണെന്ന പേരില്‍ പ്രതിഷേധമുയര്‍ത്തിപ്പോയവരുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളോ യുവജന-വനിത-വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരോ ആരും തന്നെ ഈ സമരത്തെ പിന്തുണച്ചില്ല. പിന്തുണകളും ഐക്യദാര്‍ഢ്യപ്പെടലുകളും ഉണ്ടായപ്പോള്‍ തന്നെയാണ് അതിശക്തമായ രീതിയില്‍ ഈ കന്യാസ്ത്രികള്‍ക്കെതിരേ എതിര്‍പ്പുകളും ഉയര്‍ന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പുറത്ത് വിട്ടു

കേസില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെട്ടില്ല. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. സഭയുംരൂപതയും അതാഘോഷിച്ചു. ഫ്രാങ്കോ അനുകൂലികള്‍ പരാതിക്കാരിയായ ആ കന്യാസ്ത്രീയെയും അവരുടെ കൂടെ നിന്ന മറ്റ് കന്യാസ്ത്രീകളെയും വീണ്ടും അപമാനിച്ചു. പക്ഷേ, ആ കേസ് അവസാനിച്ചിട്ടില്ല. രാജ്യത്ത് ഇനിയും കോടതികളുണ്ട്. നീതിക്കായുള്ള പോരാട്ടം അവര്‍ തുടരുമായിരിക്കും. പക്ഷേ, സഭ ആ കന്യാസ്ത്രീകളോട് ഇപ്പോഴും എങ്ങനെയായിരിക്കും സമീപിച്ചുകൊണ്ടിരിക്കുക? ഫ്രാങ്കോയോടോ? വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു സഭയ്ക്കുള്ളില്‍ നിന്നും ഈ കന്യാസ്ത്രീകള്‍ക്കു വേണ്ടി ശബ്ദിച്ചിരുന്നത്. ബഹുഭൂരിപക്ഷവും, മേധാവികള്‍ ഉള്‍പ്പെടെ സഭയേയും ക്രിസ്തുവിനെയും തെരുവില്‍ ഒറ്റുകൊടുത്തവരും നാണം കെടുത്തിയവരുമായിട്ടാണ് ഈ കന്യാസ്ത്രീകളെ വിധിച്ചത്. ആ കന്യാസ്ത്രീകള്‍ പലതും അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവര്‍ പറഞ്ഞല്ലാതെ അതിനകത്ത് കയറി അന്വേഷിച്ചറിയാന്‍ പുറത്തുള്ളൊരാള്‍ക്കും കഴിയില്ലെന്നതാണ് വാസ്തവം. സഭാ ചട്ടക്കൂടിലെ ഏറ്റവും ദുര്‍ബല വിഭാഗമായ കന്യാസ്ത്രീകള്‍ എത്രമാത്രം അവകാശലംഘനങ്ങള്‍ക്കാണ് ഇരകളായി ഒതുങ്ങിക്കൂടുന്നതെന്ന് പുറത്തുള്ള ഒരാള്‍ക്കും അറിയാന്‍ കഴിയില്ല, കഴിഞ്ഞാല്‍ തന്നെ ഒന്നും ചെയ്യാനും പറ്റില്ല.

1993-ല്‍ സ്ഥാപിതമായ മിഷണറീസ് ഓഫ് ജീസസിന് വരുമാന മാര്‍ഗങ്ങളായ സ്ഥാപനങ്ങളൊന്നുമില്ല. രൂപത കൊടുക്കുന്ന തുച്ഛമായ മാസവരുമാനമാണ് കന്യാസ്ത്രീകളുടെ ജീവിത മാര്‍ഗ്ഗം. ജലന്ധറിനു പുറത്ത് കേരളത്തില്‍ മൂന്നു മഠങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിലാകെക്കൂടി എണ്‍പത് കന്യാസ്ത്രീകള്‍. ഇവരുടെയെല്ലാം അധിപനായിരുന്നു ഫ്രാങ്കോ (ജലന്ധര്‍ ബിഷപ്പ് എന്ന നിലയില്‍). ഫ്രാങ്കോ മാറി ആര് ആ സ്ഥാനത്ത് വന്നാലും ഈ കന്യാസ്ത്രീമാരുടെയെല്ലാം നിയന്ത്രിതാവ് ജലന്ധര്‍ ബിഷപ്പ് എന്ന ഒരു ആണ്‍ അധികാരി തന്നെയായിരിക്കും. ബിഷപ്പ് വിചാരിച്ചാല്‍, അദ്ദേഹത്തെക്കൊണ്ട് വിചാരിപ്പിച്ചാല്‍, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച നില്‍ക്കാത്ത ആര്‍ക്കെതെരിയും രൂപതയിലെ മേല്‍ക്കോയ്മക്കാര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും വാങ്ങിച്ചുകൊടുക്കാം. പട്ടിണിക്കിട്ട് പൂട്ടാം, ട്രാന്‍സ്ഫര്‍ ചെയ്യിക്കാം, കുപ്പായം അഴിപ്പിച്ച് സഭയില്‍ നിന്നും പുറത്താക്കണമെങ്കില്‍ അതുമാകാം. ഒരു രോഗം വന്നാല്‍ ചികിത്സപോലും നിഷേധിക്കാം. ഇതൊന്നും ഊഹങ്ങളല്ല, സംഭവിച്ചിട്ടുള്ള കാര്യങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തലുകളുണ്ട്.കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊല്ലുമോ എന്നു പോലും ഭയമുണ്ടായിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. ഇരയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ അനുഭവിച്ച ദുരിതങ്ങള്‍, പീഡനങ്ങള്‍ ഒക്കെ അന്നവര്‍ തുറന്നു പറഞ്ഞതാണ്.

കര്‍ത്താവിന്റെ വയലിലെ വേലക്കാര്‍ എന്നാണ് കന്യാസ്ത്രീകളെ വിളിക്കുന്നത്, ശരിക്കും അവര്‍ സഭാമേലാളന്മാരുടെ വേലക്കാരാണ്. മിഷണറീസ് ഓഫ് ജീസസില്‍ ലൈംഗികവും ശാരീരികവും മാനസികവുമായ പീഢനങ്ങളില്‍ നിന്നും സഹനത്തിന്റെ അവസാനത്തില്‍ സഭാ വസ്ത്രമുപേക്ഷിച്ച് രക്ഷപ്പെട്ടു പോയത് 20 കന്യാസ്ത്രീകളാണെന്നാണ് കണക്ക്. പരാതിക്കാരിയായ ഈ കന്യാസ്ത്രീ തന്നെ 13 തവണയാണ് ബിഷപ്പിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായതെന്നായിരുന്നു പരാതി. അവര്‍ പക്ഷേ, രക്ഷപ്പെട്ടു പോകാനല്ല, കുറ്റക്കാരനെ ശിക്ഷിക്കാനായി പോരാടുകയാണ് ചെയ്തത്. പ്രതിസന്ധികളും എതിര്‍പ്പുകളും ഭീഷണികളും പ്രലോഭനങ്ങളും എല്ലാം ഉണ്ടായിട്ടും തനിക്ക് ഒപ്പം നില്‍ക്കാന്‍ തയ്യാറായ ഏതാനും പേരുടെ പിന്തുണയോടെ അവര്‍ പോരാടി.

കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ വന്ന കന്യാസ്ത്രീകള്‍ക്കുള്ള വിചാരണകള്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അപ്പോസ്തലന്മാര്‍ നയിക്കുന്ന സഭയില്‍ നിന്നും ഇനിയും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്രാങ്കോ മുളയ്ക്കല്‍ അധികാരമൊഴിഞ്ഞതുകൊണ്ടു മാത്രം ഒന്നും ശരിയാകാന്‍ പോകുന്നില്ല. സമരം തുടങ്ങുന്ന ദിവസം ആ കന്യാസ്ത്രീമാരില്‍ ഒരാള്‍ പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു; ഞങ്ങളാരും ഝാന്‍സി റാണിമാരോ ഫൂലന്‍ദേവിമാരോ അല്ല, വെറും സാധരണക്കാരാണ്… എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് ഭയമുള്ളവര്‍, തിരിച്ചു ചെന്നാല്‍ മഠത്തില്‍ കയറ്റുമോ എന്നുപോലും ഉറപ്പില്ലാത്തവര്‍; പക്ഷേ ആ ‘ഭയം’ ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് പതിനാല് ദിവസം അവര്‍ പോരാട്ടം നടത്തിയതും ഭാഗിക വിജയം നേടിയതും. കന്യാസ്ത്രീമാരുടെ സമരം സഭയ്ക്കും മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കുമെതിരേയുള്ള സമരമാണെന്ന തെറ്റിദ്ധാരണ പടര്‍ത്തിയത് സഭാമേലാളന്മാരായിരുന്നു. ചര്‍ച്ചയാക്കാതെ ഒതുക്കി കളഞ്ഞത്. അത്തരം മനോഭാവമാണ് സഭ മാറ്റേണ്ടത്; അശരണക്കര്‍ക്കും പീഢിതര്‍ക്കുമൊപ്പമാണ് ക്രിസ്തു നിലകൊണ്ടത്, അതെങ്കിലും കത്തോലിക്ക സഭ ഓര്‍ക്കണം; ഇനിയെങ്കിലും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×