UPDATES

വിദേശം

കത്തോലിക്ക സഭയുടെ ഈ അനുഗ്രഹം ഒരു ചരിത്രമാണ്

‘ ദൈവം എല്ലാവരുടെയുമാണ്’

                       

രണ്ട് ദശാബ്ദത്തോളമായ തന്റെ വൈദിക ജീവിതത്തിനിടയില്‍ ജസ്യൂട്ട് പുരോഹിതനായ റവ. ജെയിംസ് മാര്‍ട്ടിന്‍ ജീവവും നിര്‍ജ്ജീവവുമായ പലതിനെയും ആശിര്‍വദിച്ചിട്ടുണ്ട്. എത്രയോ വധു-വരന്മാര്‍ ദൈവീക ആശിര്‍വാദത്തിനായി മാര്‍ട്ടിനു മുന്നില്‍ നിന്നിട്ടുണ്ട്.

എന്നാലിതാ, ആദ്യമായി ദൈവത്തിന്റെ പ്രതിനിധിയായ ആ പുരോഹിതന്‍ ഒരു സ്വവര്‍ഗ ദമ്പതിമാരെ ആശീര്‍വദിച്ചിരിക്കുന്നു.

കത്തോലിക്ക സഭയുടെ വിശ്വാസ പാരമ്പര്യത്തില്‍ മുന്‍പൊരിക്കലും നടന്നിട്ടില്ലാത്ത ഒന്ന്!

ആചാരത്തിന്റെ ഭാഗമാക്കിയിട്ടില്ലെങ്കിലും ദൈവത്തിന്റെ അനുഗ്രഹത്തിന് ആഗ്രഹിക്കുന്നവരെങ്കില്‍, സ്വവര്‍ഗ ദമ്പതിമാരായാലും അവര്‍ക്കും അനുഗ്രഹം നല്‍കാന്‍ തിങ്കളാഴ്ച്ച(2023 ഡിസംബര്‍ 18) വത്തിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ്, ചൊവ്വാഴ്ച്ച(ഡിസംബര്‍ 19) രാവിലെ ഡാമിയന്‍ സ്റ്റെഡില്‍ ജാക്കും, ജേസണ്‍ സ്റ്റെഡില്‍ ജാക്കും ഫാദര്‍ മാര്‍ട്ടിനെ കാണാനെത്തിയത്.

‘വിധിക്കാന്‍ ഞാനാര്?’ എന്ന മാര്‍പാപ്പയുടെ ചോദ്യവും പിന്നാലെയുള്ള അനുഗ്രഹ തീരുമാനവും

അവിടെ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതപ്പെടുകയായിരുന്നു. മാന്‍ഹാട്ടിന് സമീപം അപ്പര്‍ വെസ്റ്റ് സൈഡിലെ ദേവാലയത്തിന്റെ സ്വീകരണ മുറിയില്‍, 44 കാരനായ ഡാമിയനും അയാളുടെ ഭര്‍ത്താവ് 38 കാരനായ ജേസണും നിശബ്ദരായി, തല താഴ്ത്തി നിന്നു, ചരിത്രത്തില്‍ ആദ്യമായി ഒരു സ്വവര്‍ഗ ദമ്പതിയെ ഒരു കത്തോലിക്ക പുരോഹിതന്‍ അപ്പോള്‍ ദൈവകൃപയ്ക്കായി ആശീര്‍വദിച്ചു.

സാധാരണനിലയില്‍ കണ്ടുവരുന്ന ക്രിസ്തീയ വിശ്വാസപ്രാകരമുള്ള അനുഗ്രഹ ചടങ്ങ് പോലെ ഒന്നായിരുന്നില്ല അത്. സ്ത്രീ-പുരുഷ ലിംഗങ്ങളിലുള്ള ദമ്പതിമാര്‍ക്ക് ആചാരപൂര്‍വം നല്‍കാറുള്ള അനുഗ്രഹം സ്വവര്‍ഗ ദമ്പതിമാരുടെ കാര്യത്തില്‍ അനുവദിച്ചിട്ടില്ല. തിങ്കളാഴ്ച വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസില്‍ നിന്നും പുറത്തുവിട്ട രേഖകളില്‍ പറയുന്നത്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണയോടെയുള്ള പുതിയ ഉത്തരവില്‍, സാധാരണ സഭ ആചാരങ്ങളുടെയും ആരാധനാക്രമങ്ങളുടെയും ഭാഗമല്ലാത്ത തരത്തില്‍ വേണം പുരോഹിതന്മാര്‍ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് അനുഗ്രഹം നല്‍കേണ്ടതെന്നാണ്. അതിനാല്‍ തന്നെ, ദമ്പതിമാരായ ഡാമിയനും ജേസണും സാധാരണ വേഷത്തിലായിരുന്നു. ഫാദര്‍ മാര്‍ട്ടിനും തിരുവസ്ത്രങ്ങള്‍ അണിഞ്ഞിരുന്നില്ല. സ്വവര്‍ഗ ദമ്പതിമാരെ അനുഗ്രഹിക്കുമ്പോള്‍, ദമ്പതിമാരും പുരോഹിതനും വിശുദ്ധ വേഷങ്ങള്‍ ധരിക്കരുതെന്നും ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളോ ആംഗ്യങ്ങളോ ഉപയോഗിച്ചുള്ള അനുഗ്രഹം ആകരുതെന്നും വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആശിര്‍വാദവുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഫറന്‍സ് ഓഫ് ബിഷപ്പ് പുറത്തിറക്കിയ അനുഗ്രഹ പുസ്തകത്തില്‍ നിന്നുള്ള സൂക്തങ്ങളോ വരികളോ ഫാദര്‍ മാര്‍ട്ടിന്‍ ഉച്ഛരിച്ചിരുന്നില്ല, പകരം പഴയ നിയമത്തില്‍ നിന്നും തനിക്ക് പ്രിയപ്പെട്ട വരികളാണ് ഡാമിയനും ജേസും വേണ്ടി ആ പുരോഹിതന്‍ ഉരുവിട്ടത്.

ഇരുകരങ്ങളും മുന്നിലേക്ക് ചേര്‍ത്ത് പിടിച്ച് ശിരസ് കുനിച്ച് നിന്ന ഡാമിയന്റെയും ജേസന്റെയും തോളില്‍ തൊട്ട് ഫാദര്‍ മാര്‍ട്ടിന്‍ പറഞ്ഞു;

‘കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ, കര്‍ത്താവ് തന്റെ മുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിക്കുകയും നിങ്ങളോട് കൃപ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് തന്റെ മുഖം നിങ്ങളിലേക്ക് തിരിക്കട്ടെ, നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കട്ടെ. ദൈവത്തിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമേന്‍’

പിന്നെയവര്‍ പരസ്പരം ആലിംഗനം ചെയ്തു.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്, അമേരിക്കയില്‍ എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ് ഫാദര്‍ മാര്‍ട്ടിന്‍ എന്നാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വാധീനിക്കുന്നൊരാള്‍ കൂടിയാണ് ഫാദര്‍ മാര്‍ട്ടിന്‍. സഭ കൂടുതല്‍ നവീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പയെ കണ്ട് ഫാദര്‍ സംസാരിക്കാറുണ്ട്. പാപ്പയുടെ നിര്‍ദേശപ്രകാരം സഭയുടെ ഭാവിയെ സംബന്ധിച്ചുള്ള ആഗോള സമ്മേളനത്തിലും മാര്‍ട്ടിന്‍ പങ്കെടുത്തിട്ടുണ്ട്.

മാര്‍പാപ്പയാകുമെന്ന് സ്വയം കരുതിയിരുന്ന, വത്തിക്കാനിലെ അതിശക്തനായിരുന്നൊരു കര്‍ദിനാള്‍ ഇനി ജയിലില്‍, കുറ്റം സാമ്പത്തിക തട്ടിപ്പ്

സ്വവര്‍ഗ ദമ്പതിമാരെ ആശിര്‍വാദിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷവനാണ് ഫാ.മാര്‍ട്ടിന്‍. ഇങ്ങനെയൊരു കാര്യം പരസ്യമായി ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം’ എന്നാണ് ചൊവ്വാഴ്ച്ച ഫാദര്‍ പ്രതികരിച്ചത്.

എതിര്‍പ്പുള്ളവര്‍ കൂടുതലായും ഉണ്ടെങ്കിലും ഫാദര്‍ ജെയിംസ് മാര്‍ട്ടിനെ പോലെ ഒരുപാട് പേരെ സന്തോഷിപ്പിക്കുന്ന തീരുമാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം വത്തിക്കാനില്‍ നിന്നുണ്ടായിരിക്കുന്നത്. കത്തോലിക്ക സഭ വിശ്വാസികളായ സ്വവര്‍ഗ വിഭാഗക്കാരെയും ദമ്പതിമാരെയും ഈ തീരുമാനം ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും സഭയുടെ പാരമ്പര്യ വിശ്വാസങ്ങളെ ഇത് ഇളക്കുകയൊന്നുമില്ല. വിവാഹം രണ്ട് സ്ത്രീ-പുരുഷ ലിംഗങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ മാത്രം എന്ന ചിന്ത ഉപേക്ഷിക്കാനൊന്നും സഭ തയ്യാറാകുമെന്ന് ഇപ്പോള്‍ കരുതേണ്ടതില്ല. സാധരണമായൊരു അനുഗ്രഹം എന്നതിനപ്പുറത്തേക്ക്, സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കാനോ ആചാരപൂര്‍വ്വം ആശിര്‍വദിക്കാനോ ഇപ്പോഴും അനുവാദം നല്‍കിയിട്ടില്ല.

എങ്കില്‍ പോലും, ദൈവവിശ്വാസികളായ സ്വവര്‍ഗ ദമ്പതിമാരെ സംബന്ധിച്ച് ഇപ്പോള്‍ കിട്ടിയിരിക്കുന്ന അവസരം പോലും ഏറെ വലുതാണ്. ദൈവത്തിന്റെ അനുഗ്രഹത്തിന് തങ്ങള്‍ക്കുണ്ടായിരുുന്ന വിലക്ക് മാറിക്കിട്ടിയെന്ന തരത്തിലാണ് അവര്‍ ഈ തീരുമാനത്തെ കാണുന്നത്. കാലങ്ങളോളം ഇതുപോലൊരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു. കുര്‍ബാനകള്‍ മുടക്കാതെയും ദൈവവിശ്വാസത്തില്‍ അചഞ്ചലമായി നില്‍ക്കുകയും ചെയ്തപ്പോഴും, തങ്ങള്‍ ദൈവത്തിന്റെ പ്രീതിക്ക് അര്‍ഹതപ്പെട്ടവരല്ല എന്ന തോന്നലായിരുന്നു അവരില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് മാറിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

സ്വവര്‍ഗ ദമ്പതിമാരായ മൈക്കിള്‍ മക്കാബെയുടെയും എറിക് ഷെര്‍മാന്റെയും അനുഭവം ന്യൂയോര്‍ക് ടൈംസ് എഴുതുന്നുണ്ട്. 46 വര്‍ഷമായി തുടരുന്ന ബന്ധത്തില്‍ മൈക്കിള്‍ 2010 ല്‍ ആണ് എറിക്കിനെ വിവാഹം കഴിക്കുന്നത്. കണക്ടികട്ടില്‍ അവര്‍ വിവാഹിതരാകുന്ന സമയത്ത്, ന്യൂയോര്‍ക്കില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുസൃതമായ അംഗീകാരം നിലവില്‍ വന്നിരുന്നില്ല.

എന്തുകൊണ്ട് ഈ മെത്രാനെ മാര്‍പാപ്പ പുറത്താക്കി?

മാന്‍ഹാട്ടിന് സമീപം ചെല്‍സിയയിലുള്ള സെന്റ്. ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന മുടക്കാത്തയാളാണ് 73 കാരനായ മൈക്കിള്‍ മാക്കബെ. പള്ളിയില്‍ ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് ബൈബിള്‍ പഠന ക്ലാസ് എടുത്തിരുന്നൊരാള്‍ കൂടിയാണ് മാക് കബെ. മാര്‍പാപ്പയുടെ തീരുമാനം തങ്ങളുടെ വിവാഹത്തെ അംഗീകരിക്കുന്നതല്ലെങ്കിലും, ഇത്തരമൊരു തീരുമാനം തന്നെയും ഭര്‍ത്താവിനെയും സന്തോഷിപ്പിക്കുന്നതാണെന്നാണ് മാക്കബെ പറഞ്ഞത്. പുതുവര്‍ഷത്തില്‍ അനുഗ്രഹം തേടുന്നതിനായി തങ്ങളുടെ പുരോഹിതനോട് ഇമെയില്‍ വഴി അനുമതി ചോദിച്ചിരിക്കുകയാണ് മൈക്കിളും എറിക്കും.

സ്വവര്‍ഗ വിവാഹത്തിനും സ്വവര്‍ഗ വിഭാഗത്തിന് അംഗീകാരം നല്‍കുന്നതിലും ഇപ്പോഴും തടസം നിലനില്‍ക്കുകയാണെങ്കിലും എല്‍ജിബിടിക്യൂ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള പുരോഗമന കാഴ്ച്ചപ്പാടില്‍ നില്‍ക്കുന്ന ചര്‍ച്ചുകളെല്ലാം തന്നെ മാര്‍പാപ്പയുടെ തീരുമാനത്തില്‍ സന്തോഷവും ആവേശവും കാണിക്കുന്നുണ്ട്.

യേശു എന്താണോ പഠിപ്പിച്ചത്, അതിനോട് ഒടുവില്‍ സഭ യോജിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. മിഡ്ടൗണിലെ സെന്റ്. ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിലെ പുരോഹിതന്‍ റവ. ജോസഫ് ജുറസെക് പറയുന്നു, ഒരു കാര്യം കൂടി അദ്ദേഹം ഓര്‍മിപ്പിക്കുന്നു; ദൈവം എല്ലാവരുടെയുമാണ്…

Share on

മറ്റുവാര്‍ത്തകള്‍