UPDATES

വിദേശം

‘ വിധിക്കാന്‍ ഞാനാര്?’ എന്ന മാര്‍പാപ്പയുടെ ചോദ്യവും പിന്നാലെയുള്ള അനുഗ്രഹ തീരുമാനവും

എല്‍ജിബിടി സമൂഹത്തെ അംഗീകരിക്കാന്‍ തക്ക പുരോഗമനം കത്തോലിക്ക സഭയ്ക്കുണ്ടാകുമോ?

                       

സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കാന്‍ ഒരുങ്ങി കത്തോലിക്ക സഭ. അംഗീകരിച്ചിരിക്കുന്ന ചില വ്യവസ്ഥകളിലൂടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കാന്‍ റോമന്‍ കത്തോലിക്ക പുരോഹിതന്മാര്‍ക്ക് അനുവാദം നല്‍കിയതായി തിങ്കളാഴ്ച വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസില്‍ നിന്നും പുറത്തുവിട്ട രേഖകള്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണയോടെയുള്ള പുതിയ ഉത്തരവില്‍, സാധാരണ സഭ ആചാരങ്ങളുടെയും ആരാധനാക്രമങ്ങളുടെയും ഭാഗമല്ലാത്ത തരത്തിലാണ് പുരോഹിതന്മാര്‍ അനുഗ്രഹം നല്‍കേണ്ടത്. അനുഗ്രഹങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് സംസാരിക്കുന്ന വത്തിക്കാന്‍ പുറത്തിറക്കിയ ഈ രേഖയില്‍ 11 പേജുകളുള്ള ഒരു ഭാഗത്തില്‍, ക്രമരഹിതമായ സാഹചര്യങ്ങളില്‍ (അസാധാരണമായതോ സാധാരണമല്ലാത്തതോ) ദമ്പതികള്‍ക്കും ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്കും നല്‍കേണ്ട അനുഗ്രഹങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ നിയമങ്ങളില്‍ ഔദ്യോഗിക മാറ്റം ഉണ്ടായേക്കാമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരുന്ന സഹചര്യത്തില്‍ കൂടിയാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന സിനഡില്‍ ബിഷപ്പുമാരുടെ സമ്മേളനത്തിനിടെ യാഥാസ്ഥിതികരായ അഞ്ച് കര്‍ദ്ദിനാള്‍മാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയപ്പോഴാണ് ഈ സൂചന ലഭിച്ചിരുന്നത്.

അനുഗ്രഹം നല്‍കല്‍ ക്രമരഹിതമായ സാഹചര്യങ്ങളെ നിയമാനുസൃതമാക്കുന്നില്ലെന്നും എന്നാല്‍ ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നതിന്റെ അടയാളമാണെന്നും വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസില്‍ നിന്നും പുറത്തുവിട്ട രേഖകളില്‍ പറയുന്നു. പുരോഹിതന്മാര്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും, ദൈവസഹായം തേടുന്ന ഏത് സാഹചര്യത്തിലും ആളുകള്‍ക്ക് പിന്തുണ നല്‍കാനും അവരുമായി അടുത്തിടപഴകുന്നതില്‍ നിന്നും സഭയെ തടയരുത് എന്നും അതില്‍ പറയുന്നു. അതെ സമയം അത്തരം അനുഗ്രഹങ്ങള്‍ വിവാഹത്തിന്റെ പ്രതീതി നല്‍കുന്നവയാവരുതെന്നും വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസ് പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ സിദ്ധാന്തം ഒരു പുരുഷന്റെയും സ്ത്രീയുടെയും അവിഭാജ്യമായ ഐക്യത്തെയാണ് പരിഗണിക്കുന്നത്. അനുഗ്രഹം നല്‍കാനുള്ള അനുവാദം ഈ സിദ്ധാന്തത്തില്‍ മാറ്റം വരുത്തുന്നില്ലെന്നും, ഈ അനുഗ്രഹം LGBTQ+ വിവാഹത്തിനുള്ള അംഗീകാരമായി സൂചിപ്പിക്കുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കുന്നുണ്ട്. വത്തിക്കാന്റെ പുതിയ നീക്കത്തില്‍ ആളുകള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. ഒരു പക്ഷം സഭ സമൂഹത്തിലെ LGBTQ+ ക്രിസ്ത്യാനികളെ അംഗീകരിക്കുന്ന ഒരു നീക്കമായാണ് ഇതിനെ കാണുന്നത്. എന്നാല്‍ മറ്റൊരുപക്ഷം അനുഗ്രഹം നല്‍കുന്ന വ്യവസ്ഥകളില്‍ നിരാശരാണ്. അനുഗ്രഹം നല്‍കുന്നതിനായി വത്തിക്കാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അവര്‍ പ്രതീക്ഷിച്ചതുപോലെ പുരോഗമനപരമല്ലെന്ന് വാദം അവര്‍ ഉന്നയിക്കുന്നുണ്ട്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ കത്തോലിക്കാ സഭയില്‍ മാമോദീസ സ്വീകരിക്കാമെന്നും ഗോഡ് പാരന്റായി സേവിക്കാമെന്നും വത്തിക്കാന്‍ കഴിഞ്ഞ മാസം പറഞ്ഞതാണ് മാറ്റത്തിന്റെ മറ്റൊരു സൂചനയായി ആളുകള്‍ കണക്കാക്കുന്നത്. ആ പ്രസ്താവന ‘ട്രാന്‍സ് ഇന്‍ക്ലൂഷന്റെ പ്രധാന ഘട്ടം’ എന്നാണ് വാഴ്ത്തപ്പെട്ടത്.

2013-ല്‍ LGBTQ+ സമൂഹത്തെസംബന്ധിച്ചുളള വത്തിക്കാന്റെയും ആഗോള കത്തോലിക്ക സഭയുടെയും പരമ്പരാഗത വീക്ഷണങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രസ്താവന ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയിരുന്നു. ബ്രസീലില്‍ നിന്ന് റോമിലേക്കുള്ള ഒരു വിമാന യാത്രയ്ക്കിടെ സ്വവര്‍ഗരതിയെക്കുറിച്ചുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വിധിക്കാന്‍ ഞാന്‍ ആരാണ്?’ എന്ന പ്രതികരണം മാര്‍പാപ്പ നടത്തിയിരുന്നു. ഈ അഭിപ്രായം LGBT+ ക്രിസ്ത്യാനികളോടുള്ള സ്വീകാര്യതയും തുറന്ന നിലപാടായും അന്ന് ആളുകള്‍ വിലയിരുത്തിയിരുന്നു. ലോകമെമ്പാടുമുള്ള LGBT+ ക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്ന അഞ്ച് വാക്കുകളായിരുന്നു ഇത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പദവിയില്‍ പ്രവേശിച്ച് നാല് മാസം പൂര്‍ത്തിയാകുന്ന സമയമായിരുന്നു അത്. പദവിയില്‍ പ്രവേശിച്ച തുടക്കം മുതല്‍ തന്നെ അദ്ദേഹം ഒരു പുതിയ സമീപനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. മാര്‍പാപ്പമാര്‍ക്ക് പരമ്പരാഗതമായി നല്‍കി വരുന്ന സമൃദ്ധിയും ആഡംബരവും ആദരവും നിരസിച്ചുകൊണ്ട്, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ‘പാവപ്പെട്ടവരുടെ സഭ ‘(church of the poor for the poor )’ നയിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. മുന്‍ മാര്‍പാപ്പമാരുടെ സമ്പന്നവും ആചാരപരവുമായ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപകരം പുതിയ പ്രതിജ്ഞകള്‍ സ്വീകരിച്ച പുതിയ മാര്‍പാപ്പ നൂറ്റാണ്ടുകളുടെ സിദ്ധാന്തത്തെ അട്ടിമറിക്കുമെന്ന് വലിയ പ്രതീക്ഷ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സ്ത്രീകളുടെ കത്തോലിക്കാ പൗരോഹിത്വം, ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി, സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളി വിവാഹങ്ങള്‍ നടത്തനായുള്ള അനുവാദം തുടങ്ങി പല മാറ്റങ്ങളും നടപ്പിലാക്കുമെന്നും പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഇവ പ്രതീക്ഷകളായി തന്നെ നിലനിന്നു.

അടുത്തിടെ 87 വയസ്സ് തികഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ, ഈ വര്‍ഷം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് തന്റെ വിമര്‍ശകര്‍ക്ക് നേരെ മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, വിരമിച്ച കര്‍ദിനാളായ റെയ്മണ്ട് ബര്‍ക്കിനു സഭ നല്‍കി വരുന്ന സാമ്പത്തിക സഹായവും വത്തിക്കാന്‍ നല്‍കുന്ന താമസ സൗകര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്തുകളഞ്ഞിരുന്നു. കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് മാര്‍പാപ്പയുടെ ശക്തമായ വിമര്‍ശകരില്‍ ഒരാളായിരുന്നു. വിവാഹമോചിതരും പുനര്‍വിവാഹം കഴിച്ചവരുമായ കത്തോലിക്കരോടും, സ്വവര്‍ഗ സംഘടനകളെയും സഭ എങ്ങനെ സമീപിക്കണം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത തേടാന്‍ മറ്റ് യാഥാസ്ഥിതിക വ്യക്തികള്‍ക്കൊപ്പം അമേരിക്കക്കാരനായ ബര്‍ക്ക് ‘ദുബിയ’ എന്ന ഔപചാരിക ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സമാനമായി ആഴ്ചകള്‍ക്ക് മുമ്പ് മാര്‍പാപ്പ മറ്റൊരു പ്രധന എതിരാളിയായ, ജോസഫ് സ്ട്രിക്ലാന്‍ഡിനെ ടെക്സാസിലെ ടൈലറര്‍ ബിഷപ്പ് സ്ഥാനത്തുനിന്നും നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തിരുന്നു. തന്റെ രൂപത അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വത്തിക്കാന്‍ പരിശോധിച്ചതിന് ശേഷമാണ് നീക്കം നടന്നത്.

Share on

മറ്റുവാര്‍ത്തകള്‍