സിനിമ ഡയലോഗുകള്‍ നിത്യ സംഭാഷണത്തില്‍ ചേര്‍ത്തുപയോഗിക്കുന്നവനാണ് മലയാളി. അത് തമാശയാകാം, വളരെ സീരിയസായ കാര്യവുമാകാം. അങ്ങനെ നോക്കുമ്പോള്‍, ഓരോ മലയാളിയും ദിവസത്തില്‍ ഒരു തവണയെങ്കിലും തന്റെ സംസാരത്തില്‍ ഒരു സിദ്ദിഖ്-ലാല്‍ കോമഡിയെങ്കിലും പറഞ്ഞു പോകാറുണ്ടാകും. റാംജിറാവു മുതലിങ്ങോട്ട് അവരുടെ സിനിമകളിലെ ഡയലോഗുകള്‍ ഏറെയും മലയാളിക്ക് കാണാപാഠമാണ്; സിദ്ദിഖും ലാലും ചേര്‍ന്നുണ്ടാക്കിയ അവരുടെ കഥാപാത്രങ്ങളെപ്പോലെ. ഇന്നസെന്റും മാമുക്കോയയും ഇല്ലാത്ത ലോകത്തും മത്തായിച്ചനെയും ഹംസക്കോയെയും ദിവസേന നമ്മള്‍ കാണുന്നുണ്ട്. അതുപോലെ, ഗോപാലകൃഷ്ണന്റെയും ബാലകൃഷ്ണന്റെയും ഹരിഹര്‍ നഗറിലെ ആ നാല്‍വര്‍ സംഘത്തിന്റെയും ജോണ്‍ ഹോനായിയുടെയും അഞ്ഞൂറാന്റെയും അച്ചാമയുടെയും കൃഷ്ണസ്വാമിയുടെയും കെ കെ ജോസഫിന്റെയും റാവുത്തറും സ്രാങ്കും ഇരുമ്പു ജോണും ഉള്‍പ്പെടെയുള്ള ഗൂണ്ടകളുടെയും എരുമേലിയും മാധവിയമ്മയും ഉള്‍പ്പെടെയുള്ള മറ്റു കോളനിക്കാരുടെയും കന്നാസിന്റെയും കടലാസിന്റെയും ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെയും ഹൃദയഭാനുവിന്റെയും ലാസര്‍ എളേപ്പന്റെയുമെല്ലാം സൃഷ്ടാവായ സിദ്ദിഖും മലയാളിയുടെ കൂടെ എന്നും കാണും; അയാള്‍ മരിക്കുന്നില്ല.
മലയാളിയെ ഇത്രയേറെ ആഹ്ലാദിപ്പിച്ച മറ്റൊരു സംവിധായകനോ തിരക്കഥാകൃത്തോ ഉണ്ടായിട്ടില്ല. ചെയ്ത സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാക്കിയ മറ്റൊരാളും ഉണ്ടാകില്ല. ഓരോ സിദ്ദിഖ് കഥാപാത്രവും മലയാളിക്ക് വളരെ പരിചിതരായവരായിരുന്നു. ആദ്യമായി സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ, മത്തായിച്ചന്‍ നമുക്കറിയാവുന്ന ആളല്ലേ എന്നായിരുന്നു പ്രേക്ഷകന്റെ ഭാവം. മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും ഒട്ടും അപരിചരായിരുന്നില്ല. കാരണം, സിദ്ദിഖിന്റെ ഓരോ കഥാപാത്രങ്ങളും അദ്ദേഹത്തിന് അറിയാവുന്നവരൊക്കെ തന്നെയായിരുന്നു.
ഏറ്റവും വെറയ്റ്റി പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതും സിദ്ദിഖാണ്. റാംജി റാവൂ, ഉറുമീസ് തമ്പാന്‍, അഞ്ഞൂറാന്‍, ആനപ്പാറ അച്ചാമ, ജോണ്‍ ഹോനായി, ഹൃദയഭാനു, മായിന്‍കുട്ടി, പറവൂര്‍ റാവൂത്തര്‍, പട്ടാളം മാധവിയമമ്മ, എരുമേലി, വട്ടപ്പള്ളി, ഇരുമ്പ് ജോണ്‍, കന്നാസ്, കടലാസ്, സന്ധ്യാവ്, ഗര്‍വാസീസ് ആശാന്‍, ചക്കച്ചാമ്പറമ്പില്‍ ലാസര്‍, ചക്കച്ചാമ്പറമ്പില്‍ ജോയി, ഉഗ്രന്‍; തുടങ്ങി അവര്‍ക്ക് മാത്രം ഇടാന്‍ കഴിയുന്ന പേരുകളായിരുന്നു സിദ്ദിഖും ലാലും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് കൊടുത്തിരുന്നത്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന് പ്രേക്ഷകന് പിടികിട്ടുകയാണ്. അല്ലെങ്കില്‍ ആ പേര് കേള്‍ക്കുമ്പോഴെ ചിരി തുടങ്ങുകയാണ്.
മൊത്തം ചിരിയാണ് ഓരോ സിദ്ദിഖ് സിനിമകളും. ഓരോ തവണ കാണുമ്പോഴും ഒരു പുതിയ കോമഡി ഡയലോഗെങ്കിലും ആ സിനിമകളില്‍ കണ്ടെത്താനാകും. എത്ര തവണ കണ്ടെന്ന് എണ്ണി പറയാന്‍ പറ്റാത്തത്ര തവണ കണ്ടിട്ടുണ്ടാകും ഓരോ സിനിമകളും. 1989 ല്‍ ഇറങ്ങിയ റാംജി റാവു സ്പീക്കിംഗ് 34 വര്‍ഷത്തിനിപ്പുറവും ആഘോഷിക്കുന്നത് ഇന്നത്തെ തലമുറയാണ്. ഒരാള്‍ തന്റെ പേര് പറയുമ്പോള്‍, ‘ അതാണോ നിന്റെ പ്രശ്‌നം’ എന്ന് മത്തായിച്ചന്‍ സ്റ്റൈലില്‍ തിരിച്ചു ചോദിക്കുന്നയാള്‍ ആ സിനിമ ഇറങ്ങുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലായിരിക്കും. ‘ മത്തായിച്ചന്‍ ഉണ്ടോ? ഇല്ല, ഉണ്ടില്ല, ഉണ്ണണോ?’, ‘തോമസ്‌കുട്ടി വിട്ടോടാ..’ ‘ ഗോവിന്ദന്‍കുട്ടി സാറിന്റെ ടൈം ബെസ്റ്റ് ടൈം’, ‘ കൈ നീട്ടം വൈകിട്ടായാല്‍ കുഴപ്പമുണ്ടോ’, “എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു”, “ആശാൻ എന്റെ ദൈവമാണ് ആശാനേ” ‘തളിയാനേ പനിനീര്’, ‘ നീയൊക്കെ എന്തിനാ പഠിക്കുന്നേ…’, നീ പറിക്കുന്നതെല്ലാം ആവിശ്യമില്ലാത്ത ആണിയായിരിക്കും”, ‘ മുഖംമൂടിയൊന്നും കണ്ടാല്‍ തിരിച്ചറിയാനുള്ള പ്രായം നിനക്കായിട്ടില്ല’, ‘ശമ്പളം വേണേല്‍ കൊടുക്കാതിരിക്കാം, പിന്നെ ഭക്ഷണം, അതെനിക്ക് കൊടുക്കാന്‍ പറ്റില്ല’ ‘ പുറപ്പെട്ടു, പുറപ്പെട്ടു…വേണേല്‍ അരമണിക്കൂര്‍ മുമ്പേ പുറപ്പെടാം’എങ്കില്‍ ഞാന്‍ മറ്റേതെടുക്കട്ടെ, വാസ്‌കോഡഗാമ..’ ‘ ഉണ്ടായിരുന്ന പുകല ഇപ്പോള്‍ കാലിയായി’, രണ്ട് പരിപ്പുവടേം’ , ‘ വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു’, ‘ ഹോ.. ഈ പത്രക്കാരെക്കൊണ്ട് ഞാന്‍ തോറ്റൂ’ ‘ എല്ലാം പറഞ്ഞു കോംപ്ലിമെന്റാക്കി’, ‘ നീ പൊന്നപ്പന്നല്ലടാ തങ്കപ്പന്‍..തങ്കപ്പന്‍’, ‘ ഞാന്‍ അണ്ണനെക്കുറിച്ച് കുറച്ച് ഇല്ലാത്തതൊക്കെ പറഞ്ഞിട്ടുണ്ട്…” ‘ ആ രേഖ എന്റെ കൈയിലുണ്ട്..’ ‘ ഇതല്ല..ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ്’, ‘ നീ ഹൃദയമല്ലേ, അല്ലാണ്ട് കക്ഷമൊന്നുമല്ലല്ലോ തുറന്നു കാണിക്കാന്‍ പോകുന്നത്’ അങ്ങനെയങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്തയത്ര സൂപ്പര്‍ഹിറ്റ് ഡയലോഗുകളാണ്. ‘ ഒന്ന് ഒച്ചവച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ’ എന്ന് പറയാത്ത മലയാളി ഉണ്ടാകുമോ? സംശയമാണ്. ‘ അതു നിന്റെ അമ്മ തന്നെയാണോടാ…’ എന്നു ചോദിക്കുമ്പോഴുള്ള ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും മുഖഭാവങ്ങള്‍ മലയാള സിനിമകളിലെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളില്‍ മുന്നിലാണ്.
മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 20 ചിത്രങ്ങള്‍. രണ്ടോ മൂന്നോ ഒഴിച്ചാല്‍ ബാക്കിയെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. റാംജി റാവു സ്പീക്കിംഗ് മുതല്‍ കാബൂളിവാല വരെ ലാലുമായി ചേര്‍ന്ന് തുടര്‍വര്‍ഷങ്ങളില്‍ ചെയ്ത അഞ്ചു സിനിമകളും സൂപ്പര്‍ ഹിറ്റ്. മറ്റേത് സംവിധായക കൂട്ടുകെട്ടിനും അവകാശപ്പെടാനില്ലാത്ത വിജയം. ലാലുമായി വേര്‍പിരിഞ്ഞശേഷം ചെയ്ത സിനിമകളും വന്‍വിജയങ്ങള്‍. ഹിറ്റ്‌ലറും ഫ്രണ്ട്‌സും ക്രോണിക് ബാച്ചിലറും ബോഡിഗാഡും മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും സൂപ്പര്‍ ഹിറ്റുകളായി. ബോളിവുഡില്‍ സാന്നിധ്യമറിയിച്ച പല മലയാളി സംവിധായകരുമുണ്ട്. പ്രിയദര്‍ശനെ പോലുള്ളവര്‍ ബോളിവുഡില്‍ പേരെടുത്ത സംവിധായകരാണ്. എന്നാല്‍ അവര്‍ക്കൊന്നും നേടാനാകാത്ത സൂപ്പര്‍ വിജയമായിരുന്നു ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ബോളിവുഡില്‍ സ്വന്തമാക്കിയത്. അതും സല്‍മാന്‍ ഖാനെപ്പോലൊരു താരത്തെവച്ച്.
ബോഡിഗാര്‍ഡ് എന്ന സിനിമ മൂന്നു ഭാഷകളിലും സൂപ്പര്‍ ഹിറ്റ് ആക്കിയ സംവിധായകനാണ് സിദ്ദിഖ്. അങ്ങനെയൊരു വിജയം അവകാശപ്പെടാന്‍ ഇന്ത്യയില്‍ മറ്റൊരു സംവിധായകനുമുണ്ടാകില്ല. തമിഴിലാണെങ്കിലും തന്റെ തന്നെ ചിത്രങ്ങളുടെ റീമേക്കുകള്‍ കൊണ്ട് സിദ്ദിഖ് വിജയം കുറിച്ചു. വടിവേലുവിന് ആഗോളതലത്തില്‍ ശ്രദ്ധനേടിക്കൊടുത്ത വേഷമായിരുന്നു ഫ്രണ്ട്‌സിന്റെ തമിഴ്പതിപ്പിലെ നേസാമണി. മലയാളത്തില്‍ ജഗതി അനശ്വരമാക്കി ലാസര്‍ എളേപ്പന്റെ തമിഴ് രൂപം. ചിത്രത്തിലെ ചുറ്റിക തലയില്‍ വീഴുന്ന രംഗം വടിവേലുവിന്റെ ഏറ്റവും മികച്ച കോമഡികളിലൊന്നാണ്. അവസാന ചില ചിത്രങ്ങള്‍ സിദ്ദിഖില്‍ നിന്നും പ്രേക്ഷകന്‍ പ്രതീക്ഷിച്ച തരത്തിലുള്ളതായിരുന്നില്ലെങ്കിലും ആ സംവിധായകനുമേലുള്ള പ്രതീക്ഷകള്‍ മലയാളിക്ക് നഷ്ടമായിട്ടില്ലായിരുന്നു. അത്രയേറെ ചിരിപ്പിച്ചിട്ടുണ്ടല്ലോ. അതായിരുന്നു അടുത്തൊരു സിദ്ദിഖ് സിനിമയ്ക്കായി കാത്തിരിക്കാന്‍ നമ്മളെ പ്രേരിപ്പിച്ചതും.
സിദ്ദിഖ്(ലാല്‍) സിനിമകള്‍ എന്തുകൊണ്ടാണ് മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായെന്ന് ചോദിച്ചാല്‍, അവയിലെ കോമഡി മാത്രമല്ല കാരണം. സാധാരണ മനുഷ്യ ജീവിതങ്ങളായിരുന്നു ആ ചിത്രങ്ങളെല്ലാം പറഞ്ഞത്. ശരാശരി മലയാളിയുടെ പ്രാരാബ്ദങ്ങളും സ്വപ്‌നങ്ങളും നെട്ടോട്ടങ്ങളും വെല്ലുവിളികളും രക്ഷപ്പെടലുമൊക്കെയായിരുന്നു ആ സിനിമകളില്‍ കണ്ടിരുന്നത്. അമാനുഷിക നായകന്മാര്‍ അല്ലായിരുന്നു, തനി സാധാരണക്കാരായിരുന്നു. നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരൊക്കെ തന്നെയായിരുന്നു ഓരോ കഥാപാത്രങ്ങളുമായി വന്നിരുന്നത്. ചുറ്റുപാടുകളിലുള്ള കലാകാരന്റെ നിരീക്ഷണമായിരുന്നു അത്തരം കണ്ടെത്തലുകള്‍ക്ക് പിന്നില്‍. സിദ്ദിഖിന്റെ കോമഡി ഡയലോഗുകളെല്ലാം തന്നെ അയാള്‍ക്ക് കേട്ടതും പറഞ്ഞതുമായ കാര്യങ്ങള്‍ തന്നെയായിരുന്നു.
ഭാഷകള്‍ താണ്ടി വിജയം നേടിയ സംവിധായകനായപ്പോഴും സിദ്ദിഖ് ഒരു സാധാരണ മനുഷ്യന്‍ തന്നെയായിരുന്നുവെന്ന് അദ്ദേഹവുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആരും പറയും. പതിഞ്ഞ താളത്തിലുള്ള ആ സംസാരം പോലെ, സാധുവായ ഒരു മനുഷ്യന്‍. സിനിമയെ സ്വപ്‌നം കണ്ടു ചെന്നവര്‍ക്കൊക്കെ ഒരു വാക്ക് കൊണ്ടെങ്കിലും ആത്മവിശ്വാസം പകര്‍ന്നൊരാള്‍.
മലയാളിയുടെ ഇനിയുള്ള ഏറ്റവും വലിയ നഷ്ടം, ഓര്‍ത്തുചിരിക്കാനുള്ള ഡയലോഗുകളും, കൂട്ടത്തില്‍കൂട്ടാവുന്ന കഥാപാത്രങ്ങളും സമ്മാനിക്കാന്‍ സിദ്ദിഖ് എന്ന ഫിലിം മേക്കര്‍ ഇനിയല്ലെന്നതു മാത്രമല്ല, അങ്ങനെയൊരു നല്ല മനുഷ്യനാണല്ലോ പോയതെന്നതുമാണ്. സിദ്ദിഖ് ഉണ്ടാക്കുന്ന ഒത്തിരിയൊത്തിരി തമാശകള്‍ ആസ്വദിക്കാന്‍ ഇനിയും കാത്തിരുന്നവരെല്ലാം നിരശാരാണ്. ആദ്യമായാണ്, ദുഖപര്യവസാനമായി സിദ്ദിഖ് നിര്‍ത്തുന്നത്.