ഇത് നമ്മുടെ കാലത്തിന്റെ സിനിമയാണ്. നാം ജീവിക്കുന്ന കാലമാണ് ഭ്രമയുഗം: ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു
രണ്ടരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു സിനിമയില്‍ മിക്കവാറും നേരത്ത് മൂന്ന് കഥാപാത്രങ്ങളും ഇരുട്ടും ഒരൊറ്റ ലൊക്കേഷനുമാണെങ്കില്‍, ദീര്‍ഘദീര്‍ഘമായ സംഭാഷണങ്ങളുടേയും നിറങ്ങളുടേയും അഭാവവും ഉണ്ടെങ്കില്‍, പ്രേക്ഷകര്‍ക്ക് ബോറടിക്കുമോ? സാധാരണഗതിയില്‍ വേണ്ടതാണ്. പക്ഷേ കാലത്തിന്റെ വിരസതയില്‍ പകിടകളിക്കുന്ന ചാത്തന്മാരാണ് നമ്മുടെ പുതുകാല സിനിമ സൃഷ്ടാക്കള്‍. അവരുടെ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തന്റെ അതിര്‍ത്തികളെ ഒരോ സിനിമകള്‍ക്ക് ശേഷവും പുതുക്കി നിശ്ചയിക്കുന്ന മമ്മൂട്ടി എത്തുമ്പോള്‍ മലയാള സിനിമ ലോകത്തിന്റെ സവിശേഷ ശ്രദ്ധയുടെ വെള്ളി വെളിച്ചത്തിലേയ്ക്ക് കസേരയിട്ടിരിക്കും.
ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും ബന്ധിപ്പിക്കുന്ന അധികാരത്തിന്റെ ഒരു ഭ്രമയുഗം നമുക്കിടയില്‍ ഗോപ്യമായിരിക്കുന്നുണ്ട്. അത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക്, പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രസ്ഥാനങ്ങളിലേയ്ക്ക്, ബ്രാഹ്‌മണിക്കല്‍ ജന്മിത്വത്തില്‍ നിന്ന് കൊളോണിയല്‍ വാഴ്ചയിലേയ്ക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നും ആ അധികാരത്തിന്റെ ഭ്രമലോകത്ത് നിന്ന് മനുഷ്യരെ രക്ഷിക്കാനാവില്ല എന്നുമാകും ഒരു പക്ഷേ ‘ഭ്രമയുഗം’ എന്ന സിനിമ പറയുന്നത്. മലയാളത്തിന്റെ സിനിമ പ്രേക്ഷകരെ സംബന്ധിച്ചടത്തോളം പക്ഷേ അത്ഭുതത്തിന്റെ, അസാധാരണമായ നടനങ്ങളുടെ, കോരിത്തരിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെ, കണ്ണെടുക്കാനും ശ്വാസമെടുക്കാനും സമ്മതിക്കാത്ത ദൃശ്യങ്ങളുടെ ഒരു മിശ്രിതമാണ് ‘ഭ്രമയുഗം’.
ഒറ്റവാചകത്തില്‍ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥാതന്തുവേ സിനിമയ്ക്കുള്ളൂ. ഒരു ഫലവൃക്ഷവും ഇല്ലാത്ത, പുല്ലും പാഴ്ചെടികളും മാത്രമുള്ള, കുളത്തില്‍ പോലും തെളി വെള്ളമില്ലാത്ത, ഒരു വലിയ പ്രദേശത്തെ പുരാതനമായ ഒറ്റപ്പെട്ട ഒരു കൊട്ടാരം. നിഗൂഢതകളുടെ ആ മഹാസമുച്ചയത്തില്‍ ഒരധികാരിയും ഒരു ജോലിക്കാരനും. അതൊരു ചുരുളിയാണ്. ഒരു രാവണന്‍ കോട്ട. ഒരിക്കല്‍ പെട്ടുപോയാല്‍ രക്ഷപ്പെടാന്‍ പറ്റാത്ത, കാലവും സമയവും ദിക്കും ദിശയുമില്ലാത്ത, ഇടം. അവിടെ വഴി തെറ്റിയെത്തുന്ന ഒരാള്‍. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റി, സിദ്ധാര്‍ത്ഥ് ഭരതന്റെ ജോലിക്കാരന്‍, അര്‍ജുന്‍ അശോകന്റെ തേവന്‍ അഥവ വഴിപോക്കന്‍.
പാണനാണ് വഴിപോക്കന്‍. ഗായകന്‍. പോറ്റിയാണ് അധികാരി. അയാള്‍ കല്‍പ്പിക്കുമ്പോഴാണ് പടേണ്ടത്. പതിനേഴാം നൂറ്റാണ്ടാണ് കാലം. അന്ന്, പ്രത്യേകിച്ചും, അധികാരത്തിന്റെ പ്രധാന അടയാളം ജാതിയുടേതാണ്. പക്ഷേ കോഴിക്കാല്‍ കടിച്ചീമ്പുന്ന, വാറ്റുചാരായം കുടിക്കുന്ന പോറ്റിക്ക് ഇക്കാലം ഭ്രമയുഗത്തിന്റേതാണ്. അതിന്റെ ദൈവമില്ല. അതുകൊണ്ട് ജാതിയുമില്ല. അധികാരമുള്ളവരും ഇല്ലാത്തവരുമേ ഉള്ളൂ. ദീര്‍ഘ തപസുകൊണ്ട് സാധിച്ച വരപ്രസാദത്തില്‍ സഹായത്തിന് ലഭിച്ച ചാത്തനെ അടിമയാക്കിയ ക്രൂരനായിരുന്നു കൊടുമണ്‍ പോറ്റിയുടെ മുന്‍തലമുറക്കാരന്‍. ചാത്തന്റെ പ്രതികാരത്തില്‍ പിന്‍തലമുറകള്‍ ചത്തൊടുങ്ങി. അവശേഷിക്കുന്ന പോറ്റി സൃഷ്ടിച്ച മാന്ത്രിക വൃത്തത്തില്‍ കാലം നിശ്ചലമായി നില്‍ക്കുമ്പോഴാണ് വഴിപോക്കന്റെ വരവ്.
രാത്രിയുടെ ഘോരാന്ധകാരത്തെ അകറ്റാനായി ഒരു കാടിനുള്ളില്‍ മരമുരച്ച് തീയുണ്ടാക്കാന്‍ ശ്രമം നടത്തുന്ന രണ്ട് പേരില്‍ നിന്ന് ആരംഭിക്കുന്ന സിനിമയില്‍ നിശബ്ദതയാണ്, കറുപ്പും വെളുപ്പം മാത്രമുള്ള ഛായാഗ്രഹണത്തിന് കൂട്ട്. നിശബ്ദതയില്‍ മാത്രം അനുഭവിക്കാന്‍ പറ്റുന്ന ഭയാനകവും ത്രസിപ്പിക്കുന്നതുമായ ശബ്ദങ്ങളാണ്. ക്ലാസിക്കല്‍ ലോങ് ഷോട്ടുകളില്‍ നിന്നാരംഭിച്ച് ദീപങ്ങളും പന്തങ്ങളും പടരുന്ന തീയും സൃഷ്ടിക്കുന്ന പലതരത്തിലുള്ള വെളിച്ച വിന്യാസങ്ങളില്‍ ഭ്രമിക്കുന്ന ഷെഹ്നാദ് ജലാലിന്റെ സിനിമോറ്റോഗ്രഫി മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി രേഖപ്പെടുത്താം. അതുപോലെ തന്നെ മികച്ച സൗണ്ട് ഡിസൈനും പശ്ചാത്തല സംഗീതവും. രാഹുല്‍ സദാശിവന്റെ ആദ്യ ചിത്രമായ ‘ഭൂതകാല’ത്തിലും സൗണ്ട് ഡിസൈനിന്റെയും പരിമിതമായ ലൊക്കേഷനുകള്‍ക്കുള്ളിലുള്ള അസാധ്യമായ സിനിമാറ്റോഗ്രാഫിയുടേയും സാധ്യതകള്‍ കാണാം. ഭൂതകാലത്തില്‍ നിന്ന് ഭ്രമയുഗത്തിലേയ്ക്കെത്തുമ്പോള്‍ രാഹുല്‍ സദാശിവന്‍ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫിലിം മേക്കേഴ്സില്‍ ഒരാളായി പരിണമിക്കുകയാണ്.
പുഴയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ കൊടുമണ്‍ മനയുടെ പടിപ്പുര കടന്ന് നന്തുണിയില്ലാത്ത പാണഗായകനായ തേവന്‍ പ്രവേശിക്കുന്നതോടെ തേവനൊപ്പം സിനിമയും മറ്റൊരു ലോകത്തേയ്ക്ക് കടന്നു. തേങ്ങാപ്പുരയില്‍ ഭ്രാന്തനെ പോലിരിക്കുന്ന ജോലിക്കാരന്റെ മുന്നയിപ്പുകള്‍ക്ക് മുന്നേ ആ ഇടിവെട്ട് പോലുള്ള ശബ്ദം നമ്മള്‍ കേള്‍ക്കുന്നുണ്ട്. ആ മെതിയടിയുടെ ശബ്ദത്തില്‍ ആ കൊട്ടാരം കുലുങ്ങുന്നുണ്ട്. ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍ ചാരുകസേയില്‍ ഇരുന്ന് ഭാനുമതിയോട് നൃത്തം ചെയ്യാനാവശ്യപ്പെടുന്നത് പോലെ പോറ്റി തേവനെ കൊണ്ട് പാടിപ്പിക്കുന്നുണ്ട്. കരുണയും ക്രൗര്യവും ഹാസ്യവും രൗദ്രവും നിമിഷാര്‍ദ്ധങ്ങളില്‍ മിന്നി മറിയും. ദയാവായ്പിന്റെ, സമഭാവനയുടെ ഒരു വെളിച്ചം നാം കാണും. പക്ഷേ അധികാരഭ്രാന്തിന്റെ ഉന്മത്വമായ പൈശാചികതയുടെ ഇരുട്ട് അതിന്മേല്‍ അപ്പോള്‍ തന്നെ വന്ന് പതിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും മുറുക്കാന്‍ കറയുടെ ചുവപ്പില്‍ ഡ്രാക്കുളയുടേത് പോലെ ചോരപറ്റിയ പല്ലുകള്‍ നമുക്ക് കാണാം. വാര്‍ദ്ധക്യത്തിന്റെ ബലക്കുറവില്‍ കൈതട്ടി വീഴുന്ന പാത്രത്തെ കുറിച്ച് ഖേദിക്കുന്ന വയോധികനില്‍ നിന്ന് രക്തം കട്ടയാകും വിധം ബീഭത്സമായി ചിരിക്കുന്ന ചെകുത്താനിലേയ്ക്കുള്ള പ്രയാണം കാണാം. മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന, അവിശ്വസനീയമായ പെര്‍ഫോമന്‍സ്.
ഇത്തരമൊരു അസാധ്യ നടനത്തിന്റെ മുന്നില്‍ ചെറുതായി പോകാതെ തങ്ങളുടെ വേഷം ഉജ്ജ്വലമാക്കി എന്നുള്ളതാണ് അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റേയും മിടുക്ക്. തുറമുഖത്തിലെല്ലാം അര്‍ജുന്‍ അശോകന്‍, തന്റെ സാധ്യതകള്‍ തുറന്നിടുന്നത് നാം കണ്ടിട്ടുണ്ട്. അതില്‍ നിന്ന് ഒരു പടികൂടി കടന്ന്, നിസഹായതയുടെ ആള്‍രൂപത്തില്‍ നിന്ന് കാലത്തോട് പകിട കളിക്കാന്‍ തയ്യാറാകുന്ന ഒരുവനിലേയ്ക്ക് തേവന്‍ പാണനെ അര്‍ജുന്‍ അശോകന്‍ ആവാഹിക്കുന്നത് ഉഗ്രനായ തിയേറ്റര്‍ അനുഭവമായിരുന്നു. പക്ഷേ ആക്ടര്‍ എന്ന നിലയില്‍ ഇതുവരെ വലിയ പ്രശംസകള്‍ ലഭിക്കാത്ത സിദ്ധാര്‍ത്ഥ് ഭരതന്റെ വെപ്പുകാരന്‍/ജോലിക്കാരന്‍ റോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ചും സെക്കന്‍ഡ് ഹാഫില്‍. മണികണ്ഠനോ അമാല്‍ഡാ ലിസിനോ വലിയ പ്രകടനങ്ങള്‍ക്കുള്ള റോളുകള്‍ ഇല്ലെങ്കിലും കഥാഗതിയില്‍ നിര്‍ണായകമായ കഥാപാത്രങ്ങളാണ് അവരുടേത്.
ഫാന്റസിയുടെ വിചിത്ര ലോകത്താണ് കഥ നടക്കുന്നതെങ്കിലും അധികാരത്തിന്റെ സമവാക്യങ്ങളില്‍ നമുക്ക് സമകാലികമായ അനുഭവമാകുമത്. സിനിമ മനപൂര്‍വ്വമെന്നപോലെ പല അധികാര സ്ഥാനങ്ങളേയും ഓര്‍മിപ്പിക്കും. ലോര്‍ഡ് ഓഫ് ദ റിങ്സും ഹരിപോട്ടറിലെ ഹൊറോക്രക്സും ഡ്രാക്കുളയും അപോകലിപ്റ്റോയും പ്രേക്ഷകരുടെ മനസിലൂടെ മിന്നിമറയും. അധികാരത്തിന്റെ ഒരു മോതിരം തന്റേതാണ് തന്റേതാണ് എന്ന് ഓരോരുത്തരുടേയും ഉള്ളിലൊരു ഈവ്ള്‍ ക്രീച്ചര്‍ ശബ്ദിക്കും. മനയുടെ പുറത്ത് നാം കടക്കുമ്പോള്‍ കോളനി ഭരണം നമ്മുടെ മുന്നില്‍ നില്‍ക്കും. അപ്പോഴീ കണ്ടത് ഫാന്റസിയോ ചരിത്രമോ എന്ന് നാം ഭ്രമിക്കും.
നിറങ്ങളുടെ ആഘോഷമോ സ്ഥലപ്പരപ്പുകളുടെയും നൂറായിരം കഥാപാത്രങ്ങളുടെയും ഗാഥയോ ഗുണവാനായ നായകന്റെ ഉദയമോ അല്ല, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയക്കും വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേയ്ക്കും എളുപ്പത്തില്‍ വഴുതി മാറുന്ന ഭ്രമയുഗത്തിലെ മനുഷ്യര്‍. അവരുടെ റപ്രസന്റേഷന്‍. അത്ഭുതമെന്ന് പറയട്ടേ, ഇത് നമ്മുടെ കാലത്തിന്റെ സിനിമയാണ്. നാം ജീവിക്കുന്ന കാലമാണ് ഭ്രമയുഗം.