UPDATES

യൗവ്വനാവേശത്തിലാറാടുന്ന മലയാള സിനിമ

2024 എന്ന വര്‍ഷത്തെ വൈവിധ്യങ്ങളുടെ സമ്പന്ന വര്‍ഷമായി മലയാള സിനിമ അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ തുടര്‍ച്ചയാകുന്നു ‘ആവേശ’വും

                       

വെള്ളയും വെളളയുമിട്ട് കൈനിറയെ മോതിരവും കഴുത്ത് നിറയെ മാലകളുമായി രംഗ എന്നയാള്‍ വരുമ്പോള്‍ ആദ്യമോര്‍ക്കുക, ലേശം ഓവറാണല്ലോ എന്നാണ്. എല്ലാം ഓവറാണ്. അഥവ യുക്തിയുടെ, യാഥാര്‍ത്ഥ്യത്തിന്റെ മുകളിലാണ്, ജീവിതത്തിന്റെ സകല ഭാവങ്ങളേയും പരിഹസിച്ച് ചിരിക്കുന്ന പ്രതലത്തിലാണ് ‘ആവേശ’ത്തിന്റെ നില്‍പ്പ്. ഭ്രമയുഗത്തിലും പ്രേമലുവിലും മഞ്ഞുമ്മല്‍ ബോയ്സിലും ആടുജീവിതത്തിലുമായി 2024 എന്ന വര്‍ഷത്തെ വൈവിധ്യങ്ങളുടെ സമ്പന്ന വര്‍ഷമായി മലയാള സിനിമ അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ തുടര്‍ച്ചയാകുന്നു ‘ആവേശ’വും.

ഫഹദ് ഫാസില്‍ എന്ന മലയാളത്തിന്റെ പ്രിയ നടനെ ഒരു സൂപ്പര്‍താര പ്രതിച്ഛായയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടാണ് രോമാഞ്ചത്തിന് ശേഷമുള്ള തന്റെ മറ്റൊരു ബാംഗ്ലൂര്‍ ചിത്രത്തെ എഴുത്തുകാരനും സംവിധായകനുമായ ജിത്തു മാധവന്‍ തയ്യാറാക്കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ പഠിക്കാന്‍ വരുന്ന ഒരു കൂട്ടം മലയാളി വിദ്യാര്‍ത്ഥികളുടെ അനുഭവമെന്നതിന് അപ്പുറത്ത് ‘ആവേശ’വും രോമാഞ്ചവും തമ്മില്‍ ബന്ധമൊന്നുമല്ല. സാങ്കേതിക മേന്മയുടെ കാര്യത്തിലും ദൃശ്യഭംഗിയുടെ കാര്യത്തിലും ‘രോമാഞ്ച’ത്തിന്റെ ഗണത്തിലല്ല ‘ആവേശം’. സമീര്‍ താഹിറിന്റെ ഛായാഗ്രഹണവും അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നീ നിര്‍മ്മാതാക്കളും ചേരുമ്പോള്‍ സിനിമയുടെ ‘സ്‌കെയില്‍’ മാറുന്നു.

നിറങ്ങളാകട്ടെ പശ്ചാത്തല സംഗീതമാകട്ടെ സിനിയിലെ ഇമോഷന്‍സാകട്ടെ പാട്ടുകളാകട്ടെ അഭിനേതാക്കളുടെ പ്രകടനങ്ങളാകട്ടെ, ആവേശത്തെ സംബന്ധിച്ച എല്ലാം, ഒരല്പം മുകളിലാണ്. കഥയോ അതിന്റെ ആഖ്യാനമോ വൈകാരികാവതരണമോ വഴിത്തിരിവുകളോ ഒന്നുമല്ല ഈ ചിത്രത്തില്‍ പ്രധാനം. ബാംഗ്ലൂരില്‍ പഠിക്കാന്‍ വരുന്ന മൂന്ന് പിള്ളേര്‍ സീനിയേഴ്സിന്റെ റാഗിങ്ങില്‍ മനംനൊന്ത് പ്രതികാരത്തിന്റെ മാര്‍ഗം തേടുന്നതും അതേ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഇതിലെ കഥയെന്ന് വേണമെങ്കില്‍ ഒറ്റ വരിയില്‍ പറയാം. പക്ഷേ അതൊന്നുമല്ല ഈ ചിത്രം. അത് ഉജ്ജ്വലമായ പ്രകടനങ്ങളും നൃത്തങ്ങളും സംഗീതവും ചിരിയും ആക്ഷേപഹാസ്യവും സ്പൂഫും എല്ലാമുള്‍ച്ചേര്‍ന്ന സീനുകള്‍ക്ക് പിന്നാലെ സീനുകളിലേയ്ക്ക് പടരുന്ന പുതുകാല ജനപ്രിയ സിനിമയുടെ അവതരണമാണ്.

ഒറ്റയലര്‍ച്ചയില്‍ ഒരു പ്രദേശത്തെ നിശബ്ദമാക്കാനുള്ള ആജ്ഞാശക്തിക്കും സ്നേഹങ്ങളില്‍ അലിഞ്ഞ് പോകുന്ന ആര്‍ദ്രതയ്ക്കുമിടയില്‍ മിന്നല്‍ സഞ്ചാരം നടത്തുന്ന രംഗയുടെ വൈകാരിതകളോട് എഴുത്തുകാരനോ സംവിധായകനോ ഒരു മമതയുമില്ല. ചിരിയും പരിഹാസവും ഇടകലര്‍ത്തി രംഗയെന്ന ഗ്യാങ്സ്റ്ററെ, യൂടൂബേഴ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അഴിഞ്ഞാടാന്‍’ വിട്ടിരിക്കുകയാണ് സംവിധായകന്‍. റീ ഇന്‍ട്രൊഡ്യൂസിങ് ഫഹദ് ഫാസില്‍ എന്ന് പരസ്യത്തില്‍ പറയുന്നത് വെറുതെയല്ല. പുഷ്പയിലും വിക്രമിലും ജോജിയിലും കുമ്പളങ്ങിയിലും ഫഹദ്, ആ സൗകുമാര്യ യൗവനത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ട്രാന്‍സില്‍ ഭൂതാവിഷ്ടനായ ഒരു നടനെ നമ്മള്‍ കണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു വലിയ സഞ്ചയം മലയാള സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് സൃഷ്ടിച്ച ഒരു നടന്‍ സ്വയം പുതുക്കി നിശ്ചയിച്ച് അവതരിക്കുന്നത് അപൂര്‍വ്വ കാഴ്ചയാണ്. അസാധ്യമെന്ന് കരുതുന്നത് സാധ്യമാക്കുന്ന വിദ്യുത്‌സാന്നിധ്യമായാണ് ഫഹദ് ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ബാംഗ്ലൂരിലെ ഏതോ ഒരു ബാറിലെ മൂത്രപ്പുരയില്‍ കന്നട കലര്‍ന്ന മലയാളത്തില്‍ ചിരിച്ച് രംഗ ആരംഭിക്കും. അത് ചിരിയും രോമാഞ്ചവും ആവേശവും ഇടകലര്‍ന്ന് രണ്ടരമണിക്കൂര്‍ അഡ്രിനാലീന്‍ റഷ് കാണികള്‍ക്ക് നല്‍കി തുടരും. ഫഹദിന്റെ രംഗയോടൊപ്പം പിടിച്ച് നില്‍ക്കുന്ന ഒന്നുണ്ട്, ആവേശത്തില്‍- സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം. ഹാസ്യവും സ്പൂഫുമെല്ലാം അതിലുമുണ്ട്. തീയേറ്ററിനെ ഇളകിയാടിക്കുന്ന പാട്ടുകളുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫിയെ മുള്‍മുനയില്‍ നിര്‍ത്തുന്നതിലും സുഷിനൊരു പങ്കുണ്ട്.

കോളേജ് ഹോസ്റ്റലിലെ തമാശകളില്‍ നിന്നും റാഗിങ്ങില്‍ നിന്നും രംഗണ്ണന്റെ ലോകത്തേയ്ക്ക് എത്തുമ്പോള്‍ ‘ആവേശം’ പതിവ് കാമ്പസ് സിനിമകളുടെ ചട്ടക്കൂടൊക്കെ വിട്ട് പുറത്ത് കടക്കും. മലയാളി മൂവര്‍ സംഘം (ഹിപ്സ്റ്റര്‍, മിഥുന്‍, റോഷന്‍) കാമ്പസിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സ്വപ്നസമാനമായ ഒരു അതിഭൗതിക സ്ഥലത്തേയ്ക്കാണ് എത്തിപ്പെടുന്നത്. അവിടെ ഒന്നും നോര്‍മലല്ല. രംഗണ്ണന്റെ കഥകള്‍ അയാളുടെ വേഷം പോലെ തന്നെ ഓവറാണ്. പുള്ളിയുടെ വലം കൈയ്യായ അമ്പാന്‍ രംഗണ്ണനെ കുറിച്ച് പറയുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ പ്രേക്ഷകരേ പോലെ തന്നെ ഈ മൂവര്‍ സംഘം, എന്തൊരു തള്ളാണ് എന്ന് അന്തം വിടുന്നുണ്ട്. പിന്നെയൊക്കെ ഒരു മായാസഞ്ചാരമാണ്. അതിന്റെ സ്വപ്നത്തില്‍ നിന്നിറങ്ങി വരാന്‍ കുറച്ച് സമയം കഴിയും.

അടാ, മോനെ..എന്ന വിളിയില്‍ മുതല്‍ ബിബിയുടെ അമ്മയുടെ ‘മോന്‍ ഹാപ്പിയല്ലേ?’ (തങ്കം മോഹന്‍ അവതരിപ്പിക്കുന്ന ആ അമ്മ വേഷം മലയാള സിനിമ, ഇനി കുറേ കാലം ചര്‍ച്ച ചെയ്യും) എന്ന ചോദ്യം വരെ നീളുന്ന കുഞ്ഞു കുഞ്ഞ് സംഭാഷണങ്ങളില്‍ സിനിമ നിറച്ചിരിപ്പുണ്ട്. എനര്‍ജിയുടെ ഒരു പാക്കേജില്‍, നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ തിമിര്‍പ്പില്‍ പൊട്ട് പൊട്ട് പോലത്തെ വൈകാരിക നിമിഷങ്ങള്‍. എന്നാല്‍ അതിനെ സ്പര്‍ശിക്കാതെ, അതിനെ പോലും പരിഹസിച്ച് സംവിധായകന്‍ ചിരിയും ആഘേഷവും നിറഞ്ഞ ലോകത്തേയ്ക്ക് വീണ്ടും കൈപിടിച്ച് നമ്മളേയും ആ മൂവര്‍ സംഘത്തേയും കൊണ്ട് പോകും. രംഗ കാണുന്ന റീലുകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി അടുക്കി വച്ച റീലുകള്‍. പുത്തന്‍ സിനിമ.

റിയലിസം അഥവ യഥാതഥ ജീവീതം മുതല്‍ യഥാര്‍ത്ഥ ജീവിത സംഭവങ്ങള്‍ വരെ മലയാള സിനിമ പരീക്ഷിച്ചു. അതിനിടയില്‍ മന്ത്രവാദവും പിരീഡും ബ്ലാക്ക് ആന്‍ഡ് വൈറ്റുമായി ഭ്രമയുഗമെന്ന പരീക്ഷണം വിജയിപ്പിച്ചു. അങ്ങനെ ജനപ്രിയ സിനിമയില്‍ മലയാളം നടത്തുന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ‘ആവേശ’വും. ആക്ഷനും ചിരിയും ബഹളവും ചേര്‍ന്ന, യുവാക്കളെ ഭ്രമിപ്പിക്കുന്ന, കളര്‍ഫുള്ളായ ആഘോഷത്തിന്റെ ആവേശം. തീയേറ്ററുകളില്‍ മലയാള സിനിമ നടത്തുന്ന വിജയഗാഥകളുടെ തുടര്‍ച്ച സൃഷ്ടിക്കാന്‍ പോന്നത്.

പിറന്നാള്‍ ആഘോഷിക്കുന്ന, ചായയും കുടിച്ച് കോളേജിന് മുന്നില്‍ അടിയ്ക്കായി കാത്തിരിക്കുന്ന, ഡംഷറാഡ് കളിയില്‍ ‘ഛോട്ട മുംബൈ’ അഭിനയിക്കുന്ന, ബിബിയുടെ അമ്മയുടെ സ്വതസിദ്ധമായ തള്ളലില്‍ മനം കുളിര്‍ക്കുന്ന, കരുണയ്ക്കും ക്രൗര്യത്തിനുമിടയില്‍ ഭ്രാന്തമായി പരക്കം പായുന്ന രംഗയായി ഫഹദ് ഫാസില്‍ തരുന്ന ആവേശം, ഹൈ, അടുത്ത കാലത്ത് ഒരു നടനും തീയേറ്ററുകളില്‍ മലയാളിക്ക് നല്‍കിയിട്ടുണ്ടാകില്ല. അതൊരു ഒന്നൊന്നര പ്രകടനമാണ്. കണ്ട് തന്നെ അനുഭവിക്കേണ്ടത്.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍