UPDATES

ബോളിവുഡും തൂക്കി മഞ്ഞുമ്മലെ പിള്ളേര്

ഇന്ത്യയില്‍ നമ്പര്‍ 1

                       

മലയാള സിനിമ ലോകത്തിന് ഗംഭീര തുടക്കം ലഭിച്ച വർഷമായിരുന്നു 2024.  ബോക്‌സ് ഓഫീസ് വിജയ യാത്ര ആഘോഷിക്കുകയാണ് മലയാള സിനിമ. ഓർമാക്സ് മീഡിയയുടെ ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോർട്ട് പ്രകാരം ഇതുവരെ 625 കോടി രൂപയാണ് മലയാള ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ നേടിയത്. കയ്യടി കൊടുക്കേണ്ടത് സർവൈവൽ ത്രില്ലർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിനാണ്. ഫെബ്രുവരിയിൽ മലയാള സിനിമയിൽ മഞ്ഞുമ്മൽ ബോയ്സ് കൂടാതെ അന്വേഷിപ്പിൻ കണ്ടെത്തും, ബ്രഹ്മയുഗം, പ്രേമലു എന്നിങ്ങനെ നാല് റിലീസുകൾ കൂടിയുണ്ടായിരുന്നു.

ബോക്‌സ് ഓഫീസിൽ മലയാള സിനിമയുടെ തല വര തെളിഞ്ഞ സമയമാണത്. 117 കോടിയിലധികം ഗ്രോസ് കളക്ഷനുമായി , ഫെബ്രുവരിയിൽ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും കളക്ഷനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ചിദംബരം എസ്. പൊതുവാൾ സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. 2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിനെത്തുന്നത്. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ഹിന്ദി ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ 100 കോടി രൂപ മാത്രമാണ് നേടിയത്. 79 കോടി രൂപ നേടി യാമി ഗൗതം അഭിനയിച്ച ആർട്ടിക്കിൾ 370 മൂന്നാം സ്ഥാനത്തുണ്ട്. മലയാളത്തിന്റെ തിളക്കം കൂട്ടാൻ പ്രേമലു 65 കോടി രൂപ നേടിക്കൊണ്ട് തൊട്ട് പിന്നാലെയുണ്ട് . ഒപ്പം ബ്രഹ്മയുഗം 25 കോടി രൂപ നേടുകയും ചെയ്തു.

2024-ലെ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയെടുത്ത് നോക്കിയാൽ 242 കോടി നേടിയ ഫൈറ്റർ, 241 കോടി നേടിയ ഹനുമാനും 142 കോടിയടിച്ച ഗുണ്ടൂർ കാരം എന്ന ചിത്രങ്ങൾക്കൊപ്പം നാലാം സ്ഥാനത്തെത്തിനിൽക്കുകയാണ് മഞ്ഞുമ്മൽ ബോയ്‌സിൻ്റെ ഉജ്ജ്വല വിജയം.

നിലവിലെ കണക്കുകൾ പ്രകാരം 2024-ൽ, ബോക്‌സ് ഓഫീസ് റെക്കോർഡ് 9,342 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2023-ലെ റെക്കോർഡായ 12,226 കോടിയിൽ നിന്ന് കുറവാണെങ്കിലും വർഷത്തിൻ്റെ തുടക്കം മായിട്ടേയുള്ളു. മാത്രമല്ല വരും മാസങ്ങളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം. ഫെബ്രുവരിയിലെ ബോക്സ് ഓഫീസിൽ (ഭാഷാ) വരുമാനത്തിൽ 34% ശതമാനത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹിന്ദി സിനിമയുടെയും 28% ശതമാനവുമായി രണ്ടാം സ്ഥാനത്തുള്ള തെലുങ്ക് സിനിമയുടെയും ഒപ്പം മൂന്നാം സ്ഥാനം മലയാള സിനിമ നേടി. ഇതേ സ്ഥാനത്തുണ്ടായിരുന്ന തമിഴ് സിനിമകളെ മറികടന്നുകൊണ്ടാണ് മലയാള സിനിമയുടെ ഈ നേട്ടം.

Share on

മറ്റുവാര്‍ത്തകള്‍