തുടര്‍ച്ചയാകുന്ന ഭൂകമ്പങ്ങളും കാരണങ്ങളും
ഹിമാലയത്തിന്റെ ഹൃദയഭാഗത്ത്, ആകാശത്തിനും ഭൂമിക്കുമിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങളാല്‍ നിറഞ്ഞ അതിമനോഹര താഴ്വര. വടക്ക് ഫലഭൂയിഷ്ഠമായ വയലുകളും കുന്നുകളും. സമതല പ്രദേശമായ തെക്ക് ഭാഗം. ഭൂമിശാസ്ത്രപരമായ സവിഷേഷതകളാല്‍ ‘ലോകത്തിന്റെ മേല്‍ക്കൂര’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നേപ്പാള്‍, അതിന്റെ ഭൂപ്രകൃതിയാല്‍ തന്നെയാണ് സമാനകളില്ലത്ത ദുരന്തങ്ങള്‍ നേരിടുന്നതും. പ്രകൃതി വിതക്കുന്ന ദുരന്തങ്ങള്‍ക്ക് മുമ്പില്‍ മനുഷ്യന്‍ അങ്ങേയറ്റം നിസഹായനാണെന്ന് തെളിയിച്ചായിരുന്നു 2015 ല്‍ ലോകത്തെ നടുക്കിയ ഗൂര്‍ഖ ഭൂകമ്പം എന്നറിയപ്പെട്ട പ്രകൃതി ദുരന്തം നേപ്പാളിലുണ്ടാകുന്നത്. 9,000 പേര്‍ കൊല്ലപ്പെടുകയും 22, 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത നാശത്തിന്റെ നടുക്കം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാടിനെ പിന്തുടരുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ക്കു പുറമെയാണ് ജനജീവിതത്തെ വേട്ടയാടുന്ന ഇത്തരം ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത്. എന്താണ് തുടര്‍ച്ചയായുണ്ടാകുന്ന നേപ്പാളിലെ ഭൂകമ്പങ്ങള്‍ക്കു പുറകില്‍?
വീണ്ടുമൊരു ഭൂകമ്പം
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയാണ് വെള്ളിയാഴ്ച്ച രാത്രിയില്‍ രാജ്യത്ത് മറ്റൊരു ഭൂകമ്പം കൂടിയുണ്ടാകുന്നത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 128 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. പടിഞ്ഞാറന്‍ ക്ഷേത്രനഗരമായ ജുംല കേന്ദ്രീകരിച്ച് രാത്രി 11:32 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് എന്‍സിഎസ് അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 250 മൈല്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജര്‍കോട്ടാണ് പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ എര്‍ത്‌ക്വേക്ക് മോണിറ്ററിങ് & റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. നേപ്പാള്‍ തലസ്ഥാനത്തിനു പുറമെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ചില നഗരങ്ങളിലും ഇതിന്റെ ബാക്കിയെന്നോണം ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ഭൂചലനങ്ങള്‍ കൂടി തുടര്‍ച്ചയായി അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ ചലനങ്ങള്‍ ഭയന്ന് ജനം വീടുകള്‍ ഉപേക്ഷിച്ച് രാത്രി മുഴുവന്‍ തുറസായ സ്ഥലങ്ങളിലാണ് കഴിച്ചു കൂട്ടിയത്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നതോടെ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തടസപ്പെടുകയാണ്. യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തോട് അടുത്തായാണ് സംഭവിച്ചത്. ഭൂചലന പ്രവര്‍ത്തനങ്ങള്‍ പതിവായി നടക്കാറുള്ള ഹിമാലയത്തിനടുത്താണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം, പടിഞ്ഞാറന്‍ ജില്ലയായ ബജാംഗില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
എന്താണ് നേപ്പാളിലെ ഭൂകമ്പങ്ങള്‍ക്കു പിന്നില്‍?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് താഴെയുള്ള ഭൂമിയുടെ പുറംതോടിന്റെ ഒരു വലിയ വിഭാഗമായ ഇന്ത്യന്‍ പ്ലേറ്റ്, യൂറോപ്പിനും ഏഷ്യയുടെ ചില ഭാഗങ്ങള്‍ക്കും അടിവരയിടുന്ന യുറേഷ്യന്‍ പ്ലേറ്റിലേക്ക് പതുക്കെ നീങ്ങികൊണ്ടിരിക്കുകയാണ്. ഈ ചലനം പ്ലേറ്റ് ടെക്റ്റോണിക്സ് പ്രക്രിയയുടെ ഭാഗമാണ്. അവിടെ ഭൂമിയുടെ പുറം ഷെല്‍ വലുതും ചെറുതുമായ നിരവധി പ്ലേറ്റുകളായി തിരിച്ചിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍, ഇന്ത്യന്‍ പ്ലേറ്റ് വടക്കോട്ട് നീങ്ങുമ്പോള്‍, എതിര്‍ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന യുറേഷ്യന്‍ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നു. രണ്ട് ഫലകങ്ങള്‍ തമ്മിലുള്ള ഈ കൂട്ടിയിടി ഹിമാലയന്‍ പര്‍വതനിരകളുടെ രൂപീകരണത്തിന് കാരണമാവുകയും ഭൂകമ്പങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു കാരണമാവുകയും ചെയ്യുന്നു.
ഭൂകമ്പങ്ങളുടെ പരമ്പര
2023 നവംബര്‍ 3
128 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പറയുന്നതനുസരിച്ച്, ഭൂകമ്പത്തിന്റെ തീവ്രത 5.7 ആണ് രേഖപ്പെടുത്തിയത്, യുഎസ് ജിയോളജിക്കല്‍ സര്‍വേ ഇത് 5.6 ആയി റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ 3
പടിഞ്ഞാറന്‍ നേപ്പാളില്‍, ഒരു ജോടി ഭൂകമ്പങ്ങളാണ് ഈ ദിവസം ഉണ്ടായത്. തത്ഫലമായി 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 6.3, 5.3 തീവ്രതയുള്ള ഈ ഭൂകമ്പ സംഭവങ്ങളെത്തുടര്‍ന്ന്, ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ബജാംഗ് ജില്ലയില്‍, മണ്ണിടിച്ചിലുണ്ടായി.
2023 ജനുവരി 24
നേപ്പാളിലെ ഉള്‍പ്രേദശമായ ഒരു ജില്ലയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു.
2022 നവംബര്‍ 9
പടിഞ്ഞാറന്‍ നേപ്പാളിലെ ഭൂകമ്പത്തില്‍ ഹിമാലയത്തിന്റെ താഴ്‌വരയില്‍ താമസിക്കുന്ന നാല് കുട്ടികളും ആറ് ഗ്രാമവാസികളും കൊല്ലപ്പെട്ടു.
2020 സെപ്റ്റംബര്‍ 16
നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനത്തിന്റെ പ്രകമ്പനവും അനുഭവപ്പെട്ടു.
2015 ഏപ്രില്‍, മെയ്
ഏപ്രില്‍ 25 നാണ് നേപ്പാളില്‍ ഏറ്റവും വിനാശകരമായ ഭൂകമ്പം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി 17 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഭൂചലനം ഉണ്ടായി, അതിന്റെ ഫലമായി മൊത്തം 9,000 പേരുടെ ദാരുണമായ മരണം സംഭവിച്ചു. നേപ്പാള്‍ ഇതിനു മുമ്പ് നേരിട്ട ഏറ്റവും മാരകമായ ഭൂകമ്പം 1934 ലാണ്. കുറഞ്ഞത് 8,519 പേരുടെ ജീവന്‍ അപഹരിക്കപ്പെട്ടതിനു പുറമെ ഇന്ത്യയിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി.
ഇനിയും ഭൂകമ്പങ്ങള്‍ ഉണ്ടാകുമോ?
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യത മേഖലകളിലൊന്നിലാണ് നേപ്പാള്‍. വിനാശകരമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ നേപ്പാള്‍ ഒന്നാമതാണ്. നേപ്പാളിന്റെ പ്രരംഭകാലം മുതല്‍ ഭൂകമ്പങ്ങള്‍ സജീവമാണ്. ഭൂകമ്പങ്ങളെ പ്രതിരോധിക്കുംവിധമുള്ള നിര്‍മാണങ്ങളാണ് രാജ്യത്തിപ്പോള്‍ പതിവ്. വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കാഠ്മണ്ഡുവിലും 500 കിലോമീറ്റര്‍ അകലെയുള്ള വടക്കേ ഇന്ത്യയിലെ ന്യൂഡല്‍ഹി, ബിഹാര്‍ എന്നിവടങ്ങളിലും ടിബറ്റിലും അനുഭവപെട്ടിട്ടുണ്ട്.
ഹിമാലയന്‍ മേഖലയിലെ ഭൂകമ്പങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരിലൊരാളായ റോജര്‍ ബില്‍ഹാം 2018 -ല്‍ പടിഞ്ഞാറന്‍ നേപ്പാളില്‍ വളരെ വലിയ ഭൂകമ്പം നടക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി നേപ്പാളി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-ല്‍ നേപ്പാള്‍ നേരിടേണ്ടി വന്ന ഭൂകമ്പത്തിന്റെ പ്രത്യാഘതങ്ങളെക്കാള്‍ പതിന്മടങ്ങു നാശം വിതക്കാന്‍ കെല്‍പ്പുള്ളതാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്ന ഭൂകമ്പം. ബില്‍ഹാമും മറ്റ് ഭൂകമ്പ ശാസ്ത്രജ്ഞരും പറയുന്നതനുസരിച്ച്, ഹിമാലയത്തിന് താഴെ രണ്ട് അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്: ഒന്ന് 2015-ലെ ഭൂകമ്പവും, മറ്റൊന്ന് പടിഞ്ഞാറന്‍ നേപ്പാളില്‍ സംഭവിക്കുന്ന ഭൂകമ്പവുമാണ്. ഹിമാലയത്തിന്റെ ഒരു ഭാഗത്ത് ഇതിനകം ഒരു സ്ലിപ്പ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അതേ അളവില്‍ മറ്റൊരു ഭൂകമ്പം ഏകദേശം 100 വര്‍ഷത്തേക്ക് ഊര്‍ജ്ജം പൂര്‍ണമായി പുറത്തുവിട്ടില്ലെങ്കില്‍ അതേ പ്രദേശത്ത് ബാധിക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പുനല്‍കുന്നുണ്ട്. അതായത് ഒരു ഭൂകമ്പം എല്ലാ സമ്മര്‍ദ്ദവും പുറപ്പെടുവിച്ചില്ലെങ്കില്‍, അത് ഭാവിയില്‍ തുടരെ തുടരെയുള്ള ഭൂകമ്പങ്ങള്‍ക്ക് ഇടയാക്കും. 1833-ല്‍ കാഠ്മണ്ഡുവില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന് സമാനമായാണ് 2015-ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പത്തിനും നേപ്പാള്‍ സാക്ഷ്യം വഹിച്ചത്. 2015 ല്‍ ഭൂകമ്പം നടന്ന മധ്യ-പടിഞ്ഞാറന്‍ ഭാഗം കുറെ കാലത്തേക്ക് ഭൂകമ്പം നടക്കാന്‍ സാധ്യതയില്ല. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ വളരെക്കാലമായി ഭൂകമ്പം ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പിന് സമാനമായാണ് നിലവിലെ ഭൂകമ്പങ്ങള്‍ നടക്കുന്നതെന്ന് നേപ്പാള്‍ ടൈംസ് പറയുന്നു. പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ടില്‍ ഭൂകമ്പം ഉണ്ടായത് ഭൂമിക്കടിയിലെ മര്‍ദ്ദം കാരണം വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്ന സ്ഥലത്തുതന്നെയാണ്. ഈ ഭൂകമ്പം പ്രവചിച്ച മര്‍ദ്ദത്തിന്റെ ചെറിയ ഒരളവ് പുറത്തുവിട്ടിരിക്കാമെങ്കിലും, ഒരു വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായുള്ള സൂചനയാണെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ പ്ലേറ്റിലേക്ക് പ്രതിവര്‍ഷം ശരാശരി 25 മില്ലിമീറ്റര്‍ എന്ന നിരക്കില്‍ ഒത്തുചേരുന്നു. ഇതാണ് നേപ്പാളിനെയും പരിസര പ്രദേശത്തെയും സജീവമായ ഭൂകമ്പ മേഖലയാക്കുന്നത്. ആനുകാലിക ഭൂകമ്പങ്ങളിലൂടെ ഭൂമിക്കടിയില്‍ ശേഖരിക്കപ്പെട്ട ഊര്‍ജം പുറത്തുവരുന്നുണ്ട്, എന്നാല്‍ പടിഞ്ഞാറന്‍ നേപ്പാളില്‍ ഒരു വലിയ ഭൂകമ്പ വിടവുണ്ട്, 16-ാം നൂറ്റാണ്ടിന് ശേഷം ഒരു വലിയ ഭൂകമ്പം സംഭവിച്ചിട്ടില്ല. ഇതിനര്‍ത്ഥം ഈ മേഖലയില്‍ ശേഖരിക്കപ്പെട്ട ടെക്റ്റോണിക് ഊര്‍ജ്ജം പുറത്തുവിടേണ്ടതുണ്ട് എന്നാണ്.