UPDATES

ഒളിഞ്ഞിരിക്കുന്ന ഭീഷണികള്‍: സിആര്‍പിസി പൊളിച്ചെഴുതി ബിഎന്‍എസ്എസ് ആകുമ്പോള്‍

പുതിയ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍

                       

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതി രൂപ്പെടുത്തിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1860 ലെ ഇന്ത്യന്‍ ശിക്ഷ നിയമം(ഐപിസി), 1898ലെ ക്രിമിനല്‍ നടപടി ചട്ടം(സിആര്‍പിസി), 1872 ലെ ഇന്ത്യന്‍ എവിഡന്‍ ആക്ട് എന്നിവയൊഴിവാക്കി, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതിയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇനി ഇന്ത്യ പിന്തുടരാന്‍ പോകുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോടെയായിരുന്നു മൂന്നു സുപ്രധാന ബില്ലുകള്‍ 2023 ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ നിയമത്തിന്റെ പൊളിച്ചെഴുത്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ ബില്ലുകള്‍. മറ്റേതു നിയമങ്ങളെക്കാളും കുറ്റമറ്റതും പഴുതുകളില്ലാത്തതുമായി ഇന്ത്യയില്‍ തുടര്‍ന്ന് പോന്നിരുന്ന നിയമങ്ങള്‍ക്കു ബദല്‍ ഒരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ പേര് ഭാരത് ആക്കി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം തന്നെ മുന്നോട്ടു വച്ച സാഹചര്യത്തിലായിരുന്നു നിയമങ്ങളെയും ഭാരതീയവത്കരിച്ചത്.

കഴിഞ്ഞ ഡിസംബറിലെ പാര്‍ലമെന്റ് അക്രമണത്തില്‍ പ്രതിഷേധിച്ച എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത കാലയളവിലായിരുന്നു ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കി രാഷ്ട്രപതി ഒപ്പിട്ടു നിയമമായി മാറിയത്.

ഐപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിതയും, തെളിവു നിയമത്തിന് ബദലായി ഭാരതീയ സാക്ഷ്യയും ആണ് രാജ്യത്ത് നിയമമായിരിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ സമഗ്രമായി പരിഷ്‌കരിക്കുന്ന ഈ നിയമങ്ങളില്‍ ഏറ്റവും കുറവ് ശ്രദ്ധ ലഭിച്ചത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയ്ക്കാണ്. ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സിആര്‍പിസി) പകരമായാണ് ഈ ബില്ല് അവതരിപ്പിച്ചത്.

1860-ലെ ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ പിന്‍ഗാമിയായ ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് രാജ്യത്തു ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതക്ക് (BNSS) ചര്‍ച്ചകളില്‍ മതിയായ ഇടം ലഭിച്ചിരുന്നില്ല. ഒറ്റ നോട്ടത്തില്‍ ക്രിമിനല്‍ നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയാതിരുന്നതും, ജനങ്ങളില്‍ നിന്ന് മതിയായ ശ്രദ്ധ ലഭിക്കാതിരുന്നതും. ഈ നിയമങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങളുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ വ്യക്തമായി പരിശോധിക്കുമ്പോള്‍ പണ്ടോറ ബോക്സിനു സമമായി ഇതിനെ കണക്കാക്കാന്‍ കഴിയുമെന്ന് ലീഫ് ലെറ്റ് എന്ന സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘നാഗരിക്’ (പൗരന്‍), ‘സുരക്ഷ’ (സുരക്ഷ) എന്നിവയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ബിഎന്‍എസ്എസ് ഒരുപക്ഷെ വരും കാലങ്ങളില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നാണു ലീഫ് ലെറ്റ് പറയുന്നത്.

എന്താണ് ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിതയില്‍ പ്രത്യക്ഷത്തില്‍ കാണാനാവാത്ത ഭീഷണികള്‍? അവ എങ്ങനെയാണ് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ ബാധിക്കുക?

കൊളോണിയല്‍ പഴി

CrPC-യെ സംബന്ധിച്ചുളള പൊതു ധാരണ ഈ നിയമ വ്യവസ്ഥകള്‍ പൂര്‍ണമായും മക്കോളയന്‍ കാലത്തു നിലവില്‍ വന്നതാണെന്നതാണ്. എന്നാല്‍ 1894-ലെ കോഡില്‍ നിന്ന് കാലക്രമേണ പരിണമിച്ചു വന്നതാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റാന്‍ ഒരുങ്ങുന്ന ഈ നിയമം. 1894-ലെ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ വിവിധ വ്യവസ്ഥകള്‍ 1963-നും 1968-നും ഇടയിലുള്ള കലയളവില്‍, വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഈ വ്യവസ്ഥകളിലുള്ള കൊളോണിയല്‍ സമീപനവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപര്യാപ്തതയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ നിയമം പരിഷ്‌കരിക്കുന്നതിനായി നാല് ലോ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ (32, 33, 35, 36) തയ്യാറാക്കപ്പെട്ടു. ലോ കമ്മീഷന്‍ ശുപര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ മാറ്റങ്ങള്‍ CrPCയെ ‘ഇന്ത്യന്‍’ ആയി പരിഗണിക്കാന്‍ തക്കവണ്ണമായിരുന്നു. 1973-ല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി) നിലവില്‍ വന്നതിനുശേഷം, കോഡിന്റെ പ്രത്യേക വിഭാഗങ്ങള്‍ പരിഷ്‌കരിക്കാനും പുതുക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പ്രധാനമായും 1894-ലെ സിആര്‍പിസിയുടെ ആദ്യഭാഗം(പ്രത്യേകിച്ച് 1 മുതല്‍ 176 വരെയുള്ള വകുപ്പുകള്‍) ഭേദഗതി ചെയ്യുന്നതിലാണ് ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 37-ാമത് റിപ്പോര്‍ട്ട് ശ്രദ്ധ പതിപ്പിച്ചത്. അതായത് കൊളോണിയല്‍ കാലത്തിന്റെ അവശേഷിപ്പുകളെ പൂര്‍ണമായും സിആര്‍പിസിയില്‍ നിന്ന് അക്കാലത്തു തന്നെ തുടച്ചു നീക്കി. നിയമങ്ങള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനായി 1961-ല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വിശദമായ ആലോചനകള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തുന്നതിന് ഏകദേശം 13 വര്‍ഷമെടുത്തു. ആറ് ഇന്ത്യന്‍ ലോ കമ്മീഷനുകള്‍ 13 വര്‍ഷം ചെലവഴിച്ചാണ് ഈ ഇന്ത്യന്‍ നിയമം സൃഷ്ടിച്ചെടുത്തത്, അതുകൊണ്ടു തന്നെ സ്വതന്ത്രമായൊരു കാഴ്ചപ്പാടില്‍ നിയമത്തെ ‘കൊളോണിയല്‍’ എന്ന് വിളിക്കാന്‍ സാധിക്കില്ല.

നാഗരിക്

ക്രിമിനല്‍ നടപടി നിയമം 1973 ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 ആയി മാറുമ്പോള്‍ ഒന്‍പതു വകുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 160 വകുപ്പുകള്‍ ഭേദഗതി വരുത്തുന്നു, ഒമ്പത് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. മൊത്തം 533 വകുപ്പുകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഎന്‍എസ്എസിന്റെ സ്‌കീമിലെ നിര്‍ണായക പങ്കാളിയാണ് നാഗരിക്. ഒരു നാഗരിക്ക് പരാതിക്കാരനോ ഇരയോ അല്ലെങ്കില്‍ പ്രതിയോ ആകാം. അപ്പോള്‍ എങ്ങനെയാണ് ബിഎന്‍എസ്എസ് അതിന്റെ മുന്‍ഗാമിയായ സിആര്‍പിസിയെക്കാള്‍ മികച്ച ഒരു പരിഹാര സംവിധാനം വാഗ്ദാനം ചെയ്യുന്നത്? പ്രതിപാദിച്ചിരിക്കുന്ന കടമകളും അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഒരു കുറ്റവാളിയെ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശത്തിനും ഇടയില്‍ തികഞ്ഞ സന്തുലിതാവസ്ഥ ഉണ്ടാക്കുമോ എന്നത് ചോദ്യ ചിഹ്നമാണ്.

പരാതികളുടെ കൈകാര്യം

2014-ന് മുമ്പ്, പരാതികള്‍ ഔദ്യോഗികമായി രേഖപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും മടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിയമനടപടികള്‍ ആരംഭിക്കുന്നതിന് ഇതുമൂലം കാലതാമസം നേരിട്ടിരുന്നു. കഴിയാവുന്ന വേഗത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കോടതി വിധി വരുന്നത് ലളിത കുമാരി വേഴ്സസ് യുപി എന്ന കേസിലാണ്. എന്നാല്‍ ബിഎന്‍എസ്എസ് അനുസരിച്ച്, മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളു. സാധാരണ ക്രിമിനല്‍ നിയമത്തില്‍, എഫ്‌ഐആര്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയാണ് പതിവ്. അതിനു വിപരീതമായി ഈ പുതിയ സംവിധാനത്തിന് കീഴില്‍, ഒരു വ്യക്തിക്ക് അവര്‍ക്കെതിരായ നിര്‍ദ്ദിഷ്ട ആരോപണങ്ങള്‍ പൊലീസ് നോട്ടീസുകളോ സമന്‍സുകളോ ആയി ലഭിച്ചേക്കാം. കൂടാതെ, പുതിയ നിയമപ്രകാരം പ്രാഥമിക അന്വേഷണ സമയത്ത് എഫ്‌ഐആറിന്റെ പകര്‍പ്പ് പങ്കിടേണ്ട ആവശ്യമില്ല, ഇത് പ്രക്രിയയുടെ തുടക്കത്തില്‍ തന്നെ ഒരു പകര്‍പ്പ് പങ്കിടണമെന്ന് പറയുന്ന സുപ്രിം കോടതി തീരുമാനത്തിന് വിരുദ്ധമാണ്. ഈ പ്രാഥമിക അന്വേഷണത്തിന്റെ, നോട്ടീസുകള്‍ സ്വീകരിക്കുന്ന വ്യക്തിയുമായുള്ള വ്യവസ്ഥകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (2002), പ്രവര്‍ത്തിക്കുന്ന രീതിക്ക് സമാനമാണ്. ഇവിടെ നോട്ടീസ് സ്വീകരിക്കുന്ന വ്യക്തിയെ സംശയാസ്പദമായോ സാക്ഷിയായോ മാത്രമായി കണക്കാക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. സംശയിക്കപ്പെടുന്ന ആളാണോ അതോ സാക്ഷി മാത്രമാണോ എന്നറിയാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള സാധ്യതകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കും. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി വ്യക്തികളെ കണക്കാക്കണമെന്ന നടപടിയില്‍ നിന്ന് ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 175(3), സെക്ഷന്‍ 43(3) തുടങ്ങിയ ചില വകുപ്പുകള്‍ വ്യതിചലിക്കുന്നതായി കാണാം.

തിരിച്ചുവരുന്ന കൈവിലങ്ങ് സമ്പ്രദായം

1934-ലെ പഞ്ചാബ് പൊലീസ് റൂളിന്റെ 26, 27 ചട്ടങ്ങള്‍ പ്രകാരം, ചില കുറ്റകൃത്യങ്ങളില്‍ പ്രതികളായ പ്രത്യേക വിചാരണക്കാര്‍ക്ക്(പരമാവധി മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന)കൈവിലങ്ങ് നിര്‍ബന്ധമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഇതെന്ന് കണ്ടെത്തിയ സുപ്രിം കോടതി കൈവിലങ്ങ് വയ്ക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. സുനില്‍ ബത്രയും ഡല്‍ഹി സ്റ്റേറ്റ് എന്‍സിടിയും തമ്മിലുള്ള കേസോടെ കൈ വിലങ്ങ് അണിയിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 43(3) കുറ്റാരോപിതരായ വ്യക്തികളെ കൈവിലങ്ങ് ധരിപ്പിക്കണമെന്നു പറയുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരില്‍ കൈവിലങ്ങ് ധരിപ്പിക്കേണ്ടെങ്കിലും ഇത് അനിവാര്യമാണെന്ന് തെളിയിക്കുന്ന കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കൈവിലങ്ങ് അണിയിക്കാം.

പൊലീസ് കസ്റ്റഡി

അറസ്റ്റ് ചെയ്ത് 60 അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുന്നതാണ് ഇതുവരെ നില നിന്നിരുന്ന രീതി. ആദ്യത്തെ 15 ദിവസത്തേക്കു മാത്രമേ ഒരാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ 15 ദിവസത്തെ പരിധി എപ്പോള്‍ ബാധകമാണ് എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സിബിഐ വേഴ്സസ് അനുപം ജെ. കുല്‍ക്കര്‍ണി, ദേവേന്ദര്‍ കുമാര്‍ വേഴ്സസ് ഹരിയാന എന്നീ രണ്ടു കേസുകളില്‍ പൊലീസ് കസ്റ്റഡി പരിഗണിക്കുന്നത് ആദ്യത്തെ 15 ദിവസത്തേക്കായിരിക്കണം എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതേസമയം സിബിഐ വേഴ്സസ് വികാസ് മിശ്ര കേസിലെ വിധി അനുസരിച്ച് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേസുകളില്‍ 15 ദിവസത്തിന് ശേഷവും പൊലീസിന് കസ്റ്റഡി ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി കണ്ടെത്തിയിരുന്നു. സിആര്‍പിസിയുടെ സെക്ഷന്‍ 167(2)ലെ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാളെ 15 ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പൊലീസിന് കഴിയില്ല. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ 15 ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസിന് സാധിക്കും. ഷീല ബാര്‍സെ ഡി.കെ. ബസു കേസുകളില്‍ പൊലീസ് ലോക്കപ്പുകള്‍ പീഡനത്തിന്റെയും ഭരണകൂട അതിക്രമങ്ങളുടെയും കേന്ദ്രമാണെന്ന് സുപ്രിം കോടതി കണ്ടെത്തിയിരുന്നത്. സിആര്‍പിസിയുടെ സെക്ഷന്‍ 167(2)ക്ക് കീഴിലുള്ള ഇത്തരമൊരു സംരക്ഷണം 1978-ല്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ അതിക്രമങ്ങള്‍ക്കെതിരായ കുറ്റാരോപിതരുടെ അവകാശം കവര്‍ന്നെടുക്കാതെ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കാനായാണ്. യുഎപിഎയുടെ സെക്ഷന്‍ 43 ഡി, പൊലീസ് കസ്റ്റഡി പരമാവധി 30 ദിവസത്തേക്ക് പരിമിതപ്പെടുത്തുന്നു. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സത്യവാങ്മൂലത്തില്‍ കാരണങ്ങള്‍ വെളിപ്പെടുത്താനും അത്തരം കസ്റ്റഡി ആവശ്യപ്പെടുന്നതിനുള്ള കാലതാമസം വിശദീകരിക്കാനും നിയമം ബാധ്യസ്ഥപ്പെടുത്തുന്നുണ്ട്. യുഎപിഎയെ നിയമങ്ങളെ മറികടന്നുകൊണ്ട് ബിഎന്‍എസ്എസ് നിയമം കൂടുതല്‍ ദൈര്‍ഘ്യമുള്ള പൊലീസ് കസ്റ്റഡി അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തില്‍ പരാമര്‍ശിക്കുന്ന സുരക്ഷ എവിടെയാണ് ?

ചുരുക്കത്തില്‍ കുറ്റാരോപിതരായ വ്യക്തികളുടെ അവകാശങ്ങളില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന ഒരു സുപ്രധാന നിയമ ചട്ടക്കൂടായി ബിഎന്‍എസ്എസ് മാറുന്നുണ്ട്. വ്യക്തമായ നിയന്ത്രണങ്ങളില്ലാതെ എന്നാല്‍ പോലീസിന് വിശാലമായ അധികാരങ്ങള്‍ ബിഎന്‍എസ്എസ് നല്‍കുന്നുണ്ട്. നിയമപാലകരുടെ ഈ ആവശ്യങ്ങളും ആളുകളുടെ വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പഴുതുകളില്ലാതെ കുറ്റമറ്റതാക്കിയ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു നിയമത്തെ പുതിയ കാലത്തിന് അനുയോജിക്കുന്ന തരത്തില്‍ മാറ്റി നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ഫലപ്രദമായാണ് മാറേണ്ടത്. എന്നാല്‍ ഇവിടെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും മറ്റു രണ്ടു നിയമങ്ങളും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സാഹചര്യമാണ് ചൂണ്ടി കാണിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍