UPDATES

കായികം

ഐറ്റാന ബോണ്‍മാറ്റി; വനിത ബാലണ്‍ ഡി ഓര്‍ എത്തിയത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിയുടെ കൈകളില്‍ തന്നെയാണ്

ബാലണ്‍ ഡി ഓര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഐറ്റാന

                       

കഴിഞ്ഞ ഒരു വര്‍ഷത്തെ കളി മികവ് നോക്കിയാല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരി ആരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. വനിതാ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റി അതുറപ്പിച്ചിരിക്കുന്നു.

ബാലണ്‍ ഡി ഓര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഫുട്‌ബോള്‍ താരമാണ് ഐറ്റാന ബോണ്‍മാറ്റി. 2022-23 സീസണിലുടനീളം ക്ലബിലും ദേശീയ ടീമിനുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബോണ്‍മാറ്റി നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയിരുന്നു. ഐറ്റാന ബോണ്‍മാറ്റിയുടെ കാലപ്പന്തുകളിയെ അനുഭൂതിയായാണ് ഫുട്‌ബോള്‍ ആരധകര്‍ കണക്കാക്കുന്നത്. തന്റെ ക്ലബ്ബായ ബാഴ്സലോണയ്ക്കും സ്പാനിഷ് ദേശീയ ടീമിനും വേണ്ടി ഈ മിഡ്ഫീല്‍ഡര്‍ കളത്തിലിറങ്ങുമ്പോള്‍, അവളുടെ മികവിനു മുന്നില്‍ മറ്റു കളിക്കാരെ ശ്രദ്ധിക്കാനാവാറില്ലെന്നായിരുന്നു ആരാധകരുടെ പക്ഷം.

ബാലണ്‍ ഡി ഓറിന്റെ ഉയര്‍ന്ന പോയിന്റ് നേടിയായിരുന്നു ബോണ്‍മാറ്റിയുടെ റെക്കോര്‍ഡ് നേട്ടം. ബാഴ്സലോണയെ മികച്ച വനിതാ ക്ലബ്ബായും തെരഞ്ഞെടുത്തതോടെ ബോണ്‍മാറ്റിയുടെ സന്തോഷം ഇരട്ടിയായി. അഞ്ചാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന്റെ മേരി ഇയര്‍പ്സ് ഇതുവരെയുള്ള റാങ്കിംഗില്‍ ഏറ്റവും ഉയര്‍ന്ന വനിതാ ഗോള്‍കീപ്പറായി. പുരുഷ കായിക മത്സരങ്ങളുടെ സമാന നിലവാരം തന്നെയാണ് വനിത കായിക മത്സരങ്ങളുമെന്ന് തെളിയിക്കുന്നതാണ് ഈ വിജയങ്ങള്‍.

കാറ്റലോണിയയിലെ വിലനോവ ഐ ലാ ഗെല്‍ട്രുവില്‍ ജനിച്ച ബോണ്‍മാറ്റി, ബാഴ്സലോണയുടെ പ്രശസ്തമായ യൂത്ത് സിസ്റ്റത്തിന്റെ ഫുട്‌ബോള്‍ ലോകത്തേക്കുള്ള സംഭവനകളിലൊരാളാണ്. മിക്‌സഡ്-ജെന്‍ഡര്‍ ടീമുകളായ സിഡി റൈബ്‌സ്, സിഎഫ് ക്യൂബെല്‍സ് എന്നിവയില്‍ നിന്ന് ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച ബോണ്‍മാറ്റി, 13-ാം വയസ്സില്‍ ബാഴ്‌സലോണയുടെ യൂത്ത് സ്ട്രക്ച്ചറില്‍ ചേരുകയും, 2016-ല്‍ സീനിയര്‍ ടീമില്‍ അംഗമാവുകയും ചെയ്തു. പിന്നീട് ക്വാഡ്രപ്പിള്‍ സ്പാനിഷ് ലീഗ് ചാമ്പ്യനും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാവും, നിലവിലെ യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍, യുഡബ്ല്യുസിഎല്‍ പ്ലെയര്‍ ഓഫ് ദി സീസണുമാണ്. 2023 വനിത ലോകകീരിടം നേടിയ സ്പാനിഷ് ടീമിലെ അവിഭാജ്യഘടകമായിരുന്നു ഐറ്റാന. ആ ടൂര്‍ണമെന്റിന്റെ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് നല്‍കിയാണ് അവരെ ഫുട്‌ബോള്‍ ലോകം ആദരിച്ചത്. ഒരു സോക്കര്‍ ഗെയിമില്‍ എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് കണ്ടുപിടിക്കുന്നതില്‍ ഐറ്റാന ബോണ്‍മാറ്റിയുടെ കഴിവ് ചിരപ്രശസ്തമാണ്. ടീം പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് മാറുമ്പോഴും എതിരാളിയുടെ ലക്ഷ്യത്തിലേക്ക് അവള്‍ ഓടിക്കയറാനും വേഗത്തില്‍ പ്രതികരിക്കാന്‍ അവരെ പ്രാപ്തയാകുന്നതും ഈ കഴിവ് തന്നെയാണ്.

ഫുട്‌ബോള്‍ ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും പുറമെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗ്വാര്‍ഡിയോളുടെ പ്രശംസയും ബോണ്‍മാറ്റിയെ തേടിയെത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘ഐറ്റാന ബോണ്‍മാറ്റി തന്റെ കളി ശൈലി കൊണ്ട് എന്നെ പൂര്‍ണമായും കീഴടക്കിയ ഒരു ഫുട്‌ബോള്‍ കളിക്കാരിയാണ്’; ബാഴ്സലോണയുടെ ഇതിഹാസ താരമായിരുന്ന ആന്ദ്രേസ് ഇനിയേസ്റ്റയുമായി ബോണ്‍മാറ്റിയെ താരതമ്യം ചെയ്തുകൊണ്ട് ഗ്വാര്‍ഡിയോള പറഞ്ഞു.”ബാഴ്സലോണയില്‍ കളിക്കുമ്പോള്‍ ഇനിയേസ്റ്റയുടെ വനിതാ പതിപ്പ് പോലെയാണ് ഐറ്റാന”; പെപ് ഗ്വാര്‍ഡിയോള പറയുന്നു. ടീമിന്റെ ക്വാര്‍ട്ടര്‍ബാക്ക് പോലെയാണ് ബോണ്‍മാറ്റിയുടെ ഓരോ മാച്ചുകളും, പ്രതിരോധത്തെയും ആക്രമണത്തെയും അനായാസമായി കൈ കാര്യം ചെയ്യുന്ന അവരുടെ ശാന്തതയും ആത്മവിശ്വാസവും കളിക്കളത്തില്‍ ഉടനീളം കാണാനാകും.

മൈതാനത്തിന് പുറത്ത് ഉറച്ച നിലപടുകളുടെ പേരില്‍ കൂടി ശ്രദ്ധേയയാണ് ബോണ്‍മാറ്റി. ജെന്നി ഹെര്‍മോസോയുമായുള്ള സ്പാനിഷ് ഫുട്ബോള്‍ മുന്‍ മേധാവി ലൂയിസ് റൂബിയാലെസിന്റെ ചുംബന വിവാദത്തില്‍ അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ”റോള്‍ മോഡലുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കളിക്കളത്തിലും പുറത്തും ഉത്തരവാദിത്തമുണ്ട്,” അവര്‍ പറഞ്ഞു. ‘കേവലം അത്ലറ്റുകള്‍ മാത്രമല്ല, മികച്ചതും കൂടുതല്‍ സമാധാനപരവും നീതിയുക്തവുമായ ലോകത്തിനായി ഒരുമിച്ച് പോരാടിക്കൊണ്ട് ഒരു നല്ല മാതൃകയാവുകയും മികച്ചതും സമാധാനപരവും തുല്യവുമായ ലോകത്തിനായി ഒരുമിച്ച് പോരാടുകയും വേണം.’യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയതിന് ശേഷമുള്ള പ്രസംഗത്തിലാണ് ബോണ്‍മാറ്റി തന്റെ നിലപട് വ്യക്തമാക്കിയത്.

കളിക്കാരനായും മാനേജര്‍ എന്ന നിലയിലും ക്ലബ്ബിനൊപ്പം 13 പ്രധാന ട്രോഫികള്‍ നേടിയ ബാഴ്സലോണ ഇതിഹാസമായ യൊഹാന്‍ ക്രൈഫിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ ബോണ്‍മാറ്റി, തന്റെ ആത്മകഥയായ Totes unides fem força 14 അധ്യായങ്ങള്‍ ഈ ഡച്ചുകാരനായാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍