തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ അതിദാരുണമായ സംഭവത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയാണ് ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന ഏപ്രില്‍ രണ്ടിനു തന്നെ പ്രതി ഒഡീഷ സ്വദേശി രജനീകാന്തിനെ പോലീസ് പാലക്കാട് നിന്ന് പിടികൂടിയിരുന്നു. എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ നിന്നാണ് വിനോദിനെ തള്ളിയിട്ടത്.
വിനോദിന്റെ കൊലപാതകം നടക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ മുമ്പും ടിടിഇമാര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളിലടക്കം കുറിക്കുന്നു. റെയില്‍വേ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്.
ഒരു ട്രെയിനില്‍ വിന്യസിക്കേണ്ട ടിടിഇമാരുടെ നിശ്ചിത എണ്ണത്തെക്കുറിച്ച് റെയില്‍വേ പരാമര്‍ശിക്കുന്നില്ല. നിലവില്‍ ടിടിഇമാരെ വിന്യസിക്കുന്നത് ട്രെയിനിന്റെ ദൂരം, യാത്രക്കാരുടെ എണ്ണം മുതലായവ കണക്കിലെടുത്തുകൊണ്ടാണ്. കൂടാതെ ട്രെയിനില്‍ എത്ര കോച്ചുകള്‍ ഉള്‍പ്പെടുന്നു എന്ന് കൂടി കണക്കിലെടുക്കും. ആദ്യ കാലങ്ങളില്‍ ഒരു കോച്ചിന് ഒരു ടിടിഇ എന്ന നിലയിലായിരുന്നുവെങ്കില്‍, പിന്നീട് രണ്ടു കോച്ചുകള്‍ക്കും, മൂന്ന് കോച്ചുകള്‍ക്കും ഒരു ടിടിഇ എന്ന നിലയില്‍ ചുമതല വര്‍ദ്ധിപ്പിച്ചു. നിലവില്‍ അഞ്ചു കോച്ചുകളുടെ ചുമതല വരെ ഒരു ടിടിഇ വഹിക്കുന്നുണ്ടെന്ന് അഴിമുഖത്തോട് സംസാരിച്ച പേര് വെളിപ്പെടുത്താത്ത റെയില്‍വേ ഉദ്യോഗസ്ഥ പറയുന്നു.
ടിടിഇമാര്‍ക്ക് കൈ കാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കോച്ചുകളാണ് അനുവദിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ വെയ്റ്റിങ് ലിസ്റ്റില്‍ നല്‍കുന്ന ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ സ്ലീപ്പര്‍ കോച്ചിലേക്ക് കയറുന്നതും ട്രെയിനില്‍ തിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അനിയന്ത്രിതമായ തിരക്ക് ടിടിഇമാര്‍ക്ക് അധിക ജോലി ഭാരമാണ് നല്‍കുന്നതെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ (ഡിആര്‍ഇയു) തൃശൂര്‍ ബ്രാഞ്ച് സെക്രട്ടറി നിക്‌സണ്‍ ഗുരുവായൂര്‍ പറയുന്നു. ട്രെയിനുകളില്‍ യാത്രക്കാരുടെയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ലെന്ന പഴി ഇന്ത്യന്‍ റയില്‍വേ കാലങ്ങളായി നേരിട്ട് കൊണ്ടരിക്കുന്നുണ്ട്. റെയില്‍വേ ജീവനക്കാരുടെ യൂണിയനുകള്‍ നിരന്തരമായി സര്‍ക്കാരിനോട് ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യം കൂടിയാണിത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്കുള്ള ഒഴിവുകള്‍ നികത്താത്തുമൂലം മതിയായ ആര്‍പിഎഫ് സംരക്ഷണംട്രെയിനില്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് നിക്‌സണ്‍ ചൂണ്ടി കാണിക്കുന്നുണ്ട്.ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് ആവശ്യമായ സംരക്ഷണം ആര്‍പിഎഫ് ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം ക്രമീകരിക്കാനാവില്ലെന്ന പരാതി ഡിആര്‍ഇയു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ച കത്തില്‍ പറയുന്നുണ്ട്. ഈ പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ടിടിഇ വിനോദിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ചെയര്‍മാന് ഡിആര്‍ഇയു കത്തയച്ചത്. ടിടിഇമാര്‍ നേരിട്ടുകൊണ്ടരിക്കുന്ന പ്രശ്‌നങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്വകാര്യ കമ്പനികളിലെ ടാര്‍ഗറ്റ് സംവിധാനത്തിന് സമാനമായി ടിക്കറ്റ് എടുക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ നിശ്ചിത ടാര്‍ഗറ്റ് ടിടിഇമാര്‍ക്ക് നല്‍കിവരുന്നുണ്ടെന്ന ആരോപണവുംഉയരുന്നുണ്ട്. ജോലി സമ്മര്‍ദ്ദവും, യാത്രക്കാരുടെ തിരക്കും, ടിക്കറ്റ് എടുക്കാത്ത അനധികൃത യാത്രക്കാരുംജോലി അന്തരീക്ഷത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നിക്‌സണ്‍ പറയുന്നു. ”സംസ്ഥാനത്തുള്ള ട്രെയിനുകളെക്കാള്‍ അന്യസംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രയിനുകളില്‍ സ്ഥിതി കുറച്ചു കൂടി വഷളാണ്. അഞ്ച് കോച്ചുകളിലെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കാനും, പിഴ അടപ്പിക്കുന്നതിനും ഒരു ടിടിഇ ഉദ്യോഗസ്ഥന് പരിമിതികളുണ്ട്, ഈ പ്രശ്‌നങ്ങളില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവനക്കാര്‍ യാത്രക്കാരില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച്, അതില്‍ പരിഹാരം ആവശ്യപെട്ടു കൊണ്ട് ജനുവരി മാസത്തില്‍ ഡിആര്‍ഇയു പ്രതിഷേധം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതലിനു വേണ്ടി കൂടിയായിരുന്നു ആ പ്രതിഷേധം.
ഓടുന്ന ട്രെയിനില്‍ ടിടിഇമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സ്ഥിരം സംഭവമാണ്. വിനോദും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം മരണത്തില്‍ കലാശിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൗമ്യയുടെ മരണവും ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു. അന്ന് ജീവന്‍ വെടിയേണ്ടി വന്നത് യാത്രക്കാരിക്കായിരുന്നെങ്കില്‍, ഇന്ന് അത് ഒരു ജീവനക്കാരനാണ്. ട്രെയിനില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.” നിക്‌സണ്‍ പറയുന്നു.
വിനോദിന്റെ കൊലപാതകത്തോടെ ആശങ്ക കൂടിയിരിക്കുന്നത് വനിത ടിടിഇമാര്‍ക്കാണ്. പുരുഷന്മാര്‍ക്ക് മാത്രമല്ല പല സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ക്കും ശാരീരിക ആക്രമണം പോലും നേരിടേണ്ടി വരുന്നുണ്ടന്ന്അഴിമുഖത്തോട് സംസാരിച്ച റെയില്‍വേ ജീവനക്കാരി പറയുന്നു. വനിത ജീവനക്കാരെ സംബന്ധിച്ച് അപകടം നിറഞ്ഞ തൊഴില്‍ മേഖലയായി മാറുന്നുണ്ടെന്ന ആരോപണം റെയില്‍വേ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിനോദിന്റെ കൊലപാതകം നടന്ന എറണാകുളം-പട്‌ന എക്‌സ്പ്രസിലും വനിതാ ടിടിഇ ഉണ്ടായിരുന്നതായി പറയുന്നു. ടിടിഇമാര്‍ നേരിടേണ്ടി വരുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം ബദല്‍ മാര്‍ഗമൊരുക്കി പരിഹരിക്കേണ്ടതുണ്ട്. കെ വിനോദിന്റെ മരണം ചൂണ്ടികാണിക്കുന്നതും ആ ആവശ്യകതയാണെന്ന നിലപാടിലാണ് റെയില്‍വേ ജീവനക്കാര്‍.