UPDATES

1971: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തിരുത്തിയെഴുതിയ വര്‍ഷം

വളരെക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ അടി കൊള്ളുന്നവരായിരുന്നു ഇന്ത്യ, 1971 ലെ മാറ്റത്തിനുശേഷം അതുണ്ടായില്ല

                       

ലോക ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയുടെ സര്‍വ്വാധിപത്യമുണ്ട്. ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടിനെ 4-1 തകര്‍ത്താണ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. പുതുമുഖ ക്രിക്കറ്റര്‍മാര്‍ ഒന്നിനൊന്നു മികച്ച പ്രകടനം പുറത്തെടുക്കുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ എതിര്‍ ടീമുകള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും ഒരുപോലെ ടോപ്പിലെത്തുന്നു. 20 ട്വന്റിയിലും വിജയതൃഷ്ണ തുടരുന്നു.

ഇതൊന്നുമല്ലാതിരുന്നൊരു കാലവും ടീം ഇന്ത്യക്കുണ്ടായിരുന്നു. ആ കാലത്തിലേക്കു പോകാം, തുടര്‍പരാജയങ്ങളും നാണക്കേടുകളും പേറി നിന്നിരുന്നൊരു ഇന്ത്യന്‍ ടീം. അവിടെ നിന്നും എങ്ങനെയാണ് ടീം ഇന്ത്യ അതിന്റെ കുതിപ്പ് തുടങ്ങിയത് എന്നതിന്റെ കഥയാണ് ഇവിടെ പറയുന്നത്.

തോല്‍വികളുടെ പേരില്‍ വളരെക്കാലം പരിഹസിക്കപ്പെട്ട ഒരു ടീം പെട്ടെന്ന് വിജയത്തിളക്കം നേടുന്നത് കായിക ചരിത്രത്തില്‍ അപൂര്‍വമല്ല. അത് പെട്ടെന്നൊരു മാറ്റം കൊണ്ടുവരുന്നു. ഒരിക്കലും ഉണ്ടാകില്ലെന്ന് മിക്കവരും കരുതിയ മാറ്റം.

1971ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്തരമൊരു മാറ്റമുണ്ടായി. വളരെക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ അടി കൊള്ളുന്നവരായിരുന്നു ഇന്ത്യ. 1971 ലെ മാറ്റത്തിനുശേഷം അതുണ്ടായില്ല. രാജ്യാന്തര രംഗത്ത് ഇന്ത്യ സാന്നിധ്യമറിയിക്കുകയായിരുന്നു. രണ്ട് വിജയങ്ങളായിരുന്നു ഇതിനു പിന്നില്‍. രണ്ടും പരിചിതമല്ലാത്ത സ്ഥലങ്ങളില്‍.

അതുവരെ ഇന്ത്യയുടെ ടെസ്റ്റ് റെക്കോഡ് വളരെ നിരാശാജനകമായിരുന്നു. 1932ലെ ആദ്യ ടെസ്റ്റ് മുതല്‍ കളിച്ച 116ല്‍ 15 എണ്ണം മാത്രമാണ് ഇന്ത്യയ്ക്കു വിജയിക്കാനായത്. രാജ്യത്തിനു പുറത്ത് നില കൂടുതല്‍ പരുങ്ങലിലായിരുന്നു. 47 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലായിരുന്നു വിജയം. ആ മൂന്നും ന്യൂസിലന്‍ഡിനെതിരെയായിരുന്നു. ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചട്ടക്കൂടുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്ന സമയമായിരുന്നു അത്. കരീബിയനില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. 1962ല്‍ അവിടെ കളിച്ച ഇന്ത്യന്‍ ടീം സര്‍ ഫ്രാങ്ക് വോറെല്ലിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനോട് 5-0 എന്ന നിലയിലാണ് തോറ്റുമടങ്ങിയത്.

അതുകൊണ്ടുതന്നെ 1971ല്‍ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു പോയപ്പോള്‍ പ്രതീക്ഷകള്‍ പരിമിതമായിരുന്നു. അത്രയൊന്നും മതിക്കപ്പെടാത്ത അജിത് വഡേക്കറുടെ നേതൃത്വത്തിലായിരുന്നു ടീം. അതുവരെ ടെസ്റ്റ് കളിക്കാത്ത സുനില്‍ ഗാവസ്‌കര്‍, ആകെ നാലു ടെസ്റ്റുകള്‍ മാത്രം കളിച്ച ഗുണ്ടപ്പ വിശ്വനാഥ് എന്നിവരൊക്കെയാണ് ടീമില്‍. സ്പിന്‍ ബൗളര്‍മാരായ എസ് വെങ്കട്ടരാഘവന്‍, ബിഷന്‍ സിങ് ബേദി, ഇറപ്പള്ളി പ്രസന്ന എന്നിവരിലാണ് ബൗളിങ് പ്രതീക്ഷകള്‍. റോഹന്‍ കനായ്, ക്ലൈവ് ലോയിഡ്, ഗാര്‍ഫീല്‍ഡ് സോബേഴ്സ് തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയ്ക്കു മുന്നില്‍ വഡേക്കര്‍ക്കും കൂട്ടര്‍ക്കും എന്തെങ്കിലും സാധ്യതയുണ്ടെന്ന് ആരും കരുതിയില്ല.

വഡേക്കര്‍ പിശുക്കനായിരുന്നു. ‘ബോംബെ ഖഡൂസ്’ മട്ടിലുള്ള ക്യാപ്റ്റന്‍. തനിക്കുള്ള നല്ല ബൗളര്‍മാരെ അദ്ദേഹം ആ ടൂറില്‍ നന്നായി ഉപയോഗിച്ചു.

ജമൈക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഗാവസ്‌കര്‍ക്കു പങ്കെടുക്കാനായില്ല. പരുക്കായിരുന്നു കാരണം. പതിവുപോലെ ഇന്ത്യ 75/5 എന്ന നിലയിലെത്തി. ‘സണ്ണി ഡേയ്സ് ‘ എന്ന ആത്മകഥയില്‍ ഗവാസ്‌കര്‍ ഇതേപ്പറ്റി പറയുന്നത് ഇന്ത്യന്‍ ടീമിനെതിരെ പലരും കത്തികള്‍ പുറത്തെടുത്തു കഴിഞ്ഞിരുന്നു എന്നാണ്. ഒരു റേഡിയോ കമന്റേറ്റര്‍ ഇന്ത്യക്കാരെ ‘ക്ലബ് സൈഡ്’ എന്നു വിശേഷിപ്പിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ മുന്‍പത്തെ ഇന്ത്യന്‍ ടീമുകളില്‍നിന്നു വ്യത്യസ്തമായി സ്വന്തം വിധിയില്‍ തൃപ്തിപ്പെടാന്‍ ടീം തയാറായില്ല. ഈ പ്രവണത പരമ്പരയിലാകെ തുടരുകയും ചെയ്തു. അര്‍ഹിക്കുന്ന ആദരം ലഭിക്കാത്ത ദിലീപ് സര്‍ദേശായി ഇരട്ട സെഞ്ചുറിയോടെ തിരിച്ച് ആക്രമിച്ചു. മറ്റേയറ്റത്ത് തുണയായെത്തിയത് ഏക്നാഥ് സോള്‍ക്കറാണ്. ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ 387ല്‍ എത്തിച്ചു. സമനിലയില്‍ അവസാനിച്ച മല്‍സരം. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ എത്തുമ്പോള്‍ ഇരു ടീമുകളും തുല്യരായിരുന്നു.

ട്രിനിഡാഡ് ചരിത്രം രചിച്ചു. ആദ്യ ഇന്നിങ്സില്‍ എട്ടുവിക്കറ്റ് എടുത്ത ബേഡി, പ്രസന്ന, വെങ്കട്ടരാഘവന്‍ എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ റണ്‍നില 214ല്‍ ഒതുക്കി. ടെസ്റ്റില്‍ ആദ്യമായി കളിക്കുന്ന ഗാവസ്‌കറും അശോക് മങ്കാദുമാണ് ബാറ്റിങ് തുടങ്ങിയത്. ഗാവസ്‌കര്‍ 65 റണ്‍ നേടി. എങ്കിലും അവസരത്തിനൊത്തുയര്‍ന്നത് സര്‍ദേശായിയും സോള്‍ക്കറുമാണ്. ഇന്ത്യ 352-ലെത്തിയപ്പോള്‍ സര്‍ദേശായി സെഞ്ചുറിയും സോള്‍ക്കര്‍ അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 132 റണ്ണിന്റെ മുന്‍തൂക്കം.

രണ്ടാം ഇന്നിങ്സില്‍ വെസ്റ്റ് ഇന്‍ഡീസിന് നേരിയ മുന്‍തൂക്കം ലഭിച്ചു. ഇത്തവണ 95 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വെങ്കട്ടരാഘവന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് 261ന് അവസാനിപ്പിച്ചു. പ്രശസ്തമായ വിജയത്തിലേക്ക് ഇന്ത്യയ്ക്ക് 125 റണ്‍ മാത്രം. മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഗാവസ്‌കറുടെ 65 റണ്‍സ് ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ചു. മുന്‍പ് 24 തവണ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം. അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിശ്വസനീയ നിമിഷമായിരുന്നു. പരമ്പരയുടെ ഭാവി നിശ്ചയിച്ചതും ആ വിജയം തന്നെ.

വേണ്ടത്ര പുകഴ്ത്തപ്പെടാത്ത ചില ഹീറോകള്‍ ആ പരമ്പരയിലുണ്ടായിരുന്നു. സര്‍ദേശായിയും സോള്‍ക്കറുമാണ് രണ്ടുപേര്‍. പിന്നെയുള്ളത് സലിം ദുറാനിയാണ്. ദുറാനി വഡേക്കറുടെ വിശ്വസ്തനായിരുന്നു. രണ്ടാമത്തെ ടെസ്റ്റില്‍ രണ്ടാമത്തെ ഇന്നിങ്സില്‍ വഡേക്കര്‍ ദുറാനിക്കു പന്തു നല്‍കി. അധികമാരും ഓര്‍ക്കാറില്ലെങ്കിലും രണ്ടു പ്രധാന വിക്കറ്റുകള്‍ – ക്ലൈവ് ലോയ്ഡിന്റെയും ഗാര്‍ഫീല്‍ഡ് സോബേഴ്സിന്റെയും – വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസിന്റെ പരാജയം ഉറപ്പാക്കിയത് ദുറാനിയാണ്.

പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും കളികള്‍ സമനിലയില്‍ അവസാനിച്ചു. ബര്‍ബാഡോസിലെ നാലാമത്തെ ടെസ്റ്റില്‍ തോല്‍ക്കാതിരിക്കാന്‍ ഇന്ത്യയ്ക്ക് കഠിനശ്രമം വേണ്ടിവന്നു. മാര്‍ച്ച് ആറിന് ട്രിനിഡാഡില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും കളിയിലായി ശ്രദ്ധ മുഴുവന്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ഗാവസ്‌കറുടെ കളി എന്നറിയപ്പെട്ട മല്‍സരം. മല്‍സരത്തിന്റെ ആറുദിവസം കഠിനമായ പല്ലുവേദന സഹിച്ച ഗാവസ്‌കര്‍ 124, 220 എന്നിങ്ങനെ സ്‌കോറുകള്‍ നേടി. പല റെക്കോഡുകളും തകര്‍ത്തു.

എന്തു സംഭവിച്ചാലും കളിയിലെ കാര്യം ഫലത്തിലാണ്. ഇന്ത്യന്‍ ടീം വിട്ടുകൊടുക്കില്ലെന്ന വാശിയിലായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 360-നു മറുപടി വെസ്റ്റ് ഇന്‍ഡീസിന്റെ 526 റണ്ണായിരുന്നു. ഇന്ത്യയുടെ അടുത്ത സ്‌കോര്‍ 427. ഗാവസ്‌കര്‍ ഇരട്ട സെഞ്ചുറി നേടി. ഇതിന്റെ പ്രതികരണം ചരിത്രപ്രാധാന്യമുള്ളതാണ്. ഗാവസ്‌കര്‍ പുസ്തകത്തില്‍ പറയുന്നതുപോലെ ‘നൂറുകണക്കിനു കാഴ്ചക്കാര്‍ എന്നെ അഭിനന്ദിക്കാന്‍ ഗ്രൗണ്ടിലിറങ്ങി. ഒരു ഇന്ത്യക്കാരന്‍ എന്റെ കയ്യില്‍ ദേശീയപതാക പിടിപ്പിച്ചു. എന്നെ തോളിലേറ്റി. ആവേശഭരിതരായ കാഴ്ചക്കാര്‍ ആനന്ദനൃത്തമാടി. വളരെ വികാരഭരിതമായ നിമിഷങ്ങള്‍. രാജ്യത്തുനിന്ന് അകലെ വിദേശ കളിക്കളത്തിലെ ആ നിമിഷങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല.’

ഇന്ത്യയ്ക്ക് ജയിക്കാവുന്ന കളിയായിരുന്നു അത്. പക്ഷേ വെസ്റ്റ് ഇന്‍ഡീസ് വിട്ടുകൊടുത്തില്ല. 165/8ല്‍ എത്തിയ കളി വീണ്ടും സമനിലയില്‍ അവസാനിച്ചു. എന്നാല്‍ ഫലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹത്തായിരുന്നു – കരീബിയനില്‍ ആദ്യത്തെ പരമ്പര വിജയം. വെസ്റ്റ് ഇന്‍ഡീസുകാര്‍ക്കു പോലും ഇന്ത്യയെപ്പറ്റി മതിപ്പായി. ലോഡ് റിലേറ്റര്‍ വിജയത്തെ അമര്‍ത്യമാക്കുന്ന ഒരു കാലിപ്സോ ചിട്ടപ്പെടുത്തി. ‘വീ കുഡിന്റ് ഔട്ട് ഗാവസ്‌കര്‍’ എന്ന പല്ലവി ഇതിഹാസമായി. ഇന്ത്യന്‍ ക്രിക്കറ്റിന് അവിശ്വസനീയനേട്ടങ്ങളുടെ വര്‍ഷം തുടങ്ങുകയായിരുന്നു. അതേവരെ നടക്കാത്ത മറ്റൊരു കാര്യം കൂടി അവര്‍ അതേ വര്‍ഷം സാധ്യമാക്കി. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം.

ഇന്ന് വെസ്റ്റ് ഇന്‍ഡീസ് മഹത്തായ ടീമല്ല. അതുകൊണ്ട് ചെറുപ്പക്കാര്‍ക്ക് ആ വിജയത്തിന്റെ പ്രസക്തി മനസിലായേക്കില്ല. അതിനുശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് 35 വര്‍ഷം കാത്തിരിക്കേണ്ടിവന്നു (2006) എന്നത് സ്മരണാര്‍ഹമാണ്. 1971ലെ വിജയം ഇന്ത്യയുടെ നിലപാട് മാറ്റത്തിന്റെ സൂചനയായിരുന്നു. ക്രിക്കറ്റിലെ നമ്മുടെ ഏറ്റവും പ്രധാന വിജയങ്ങളിലൊന്നായിരുന്നു അത്.

Related news


Share on

മറ്റുവാര്‍ത്തകള്‍