പുതിയ കണ്ടെത്തലുകള്‍ അദാനി ഗ്രൂപ്പിന്റെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്ന രണ്ട് പേരെ വെളിച്ചത്ത് കൊണ്ടുവരുന്നു
അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട വമ്പിച്ച ഓഹരി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകളാണ് ഒ സി സി ആര്‍ പി(സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ) പുറത്തു കൊണ്ടിവന്നിരിക്കുന്നത്.
പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ താഴെ പറയുന്നവയാണ്;
* അദാനി ഗ്രൂപ്പിന്റെ ഓഹരിയുടമകളായ വിദേശികളില്‍ ചിലര്‍, ഭൂരിപക്ഷ ഉടമകളുടെ ബിനാമികളാണെന്ന പരക്കേയുള്ള അഭ്യൂഹം ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാക്കളായ സെബിക്കോ ഉന്നത തല വിദഗ്ദ്ധ സമിതിക്കോ തെളിയിക്കാനായിരുന്നില്ല.
* 2023 ജനുവരിയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട രേഖകള്‍ അദാനി ഗ്രൂപ്പിനെ ഉലച്ചുവെങ്കിലും വിദേശങ്ങളിലെ രഹസ്യ മാര്‍ഗ്ഗങ്ങള്‍ ഇടപാടുകളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് തടസമായി.
* ഇപ്പോഴുള്ള പുതിയ കണ്ടെത്തലുകള്‍ അദാനി ഗ്രൂപ്പിന്റെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്ന രണ്ട് പേരെ വെളിച്ചത്ത് കൊണ്ടുവരുന്നു. നാസിര്‍ അലി ഷബാന്‍ അലി, ചാങ് ചങ് ലിങ്.
* ഇരുകൂട്ടരും അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ്. അനുബന്ധ കമ്പനികളില്‍ പലതിലും ഡയറക്ടര്‍മാരായും ഓഹരി ഉടമകളായും അവര്‍ ഉണ്ടായിട്ടുണ്ട്.
* അദാനി ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യാനുള്ള നിക്ഷേപ ഫണ്ടുകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത് എന്നും പുതിയ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
* മൗറീഷ്യസ് ആസ്ഥാനമായുള്ള ദുര്‍ഗ്രഹ നിക്ഷേപ ഫണ്ടുകള്‍ വഴിയാണ് പൊതുവിപണിയിലുള്ള അദാനി ഓഹരിയിലേയ്ക്ക് ദശലക്ഷക്കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ചിരിക്കുന്നത് എന്ന് അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തികളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ പൊതു രേഖകളില്‍ നിന്നും ഈ അന്വേഷണം കണ്ടെത്തുന്നു.
* ഈ മൗറീഷ്യസ് ഫണ്ടുകള്‍ വഴി പുറം രാജ്യങ്ങളിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അദാനി ഓഹരികള്‍ ഈ രണ്ടുപേരും വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയും വലിയ തോതിലുള്ള ലാഭം ഈ പ്രക്രിയയിലൂടെ നേടുകയും ചെയ്തു. അവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കാന്‍ വിനോദ് അദാനിയുടെ കമ്പനികളിലൊന്നിനെ ഏല്‍പ്പിക്കുന്ന ഒരു മാനേജ്മെന്റ് കമ്പനിയേയും അവര്‍ സൃഷ്ടിച്ചു.
* അലിയും ചാങ്ങും അദാനിക്ക് വേണ്ടിയാണോ പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ചെയ്തികള്‍ നിയമവിരുദ്ധമാണോ എന്ന് കണക്കാക്കുക. അദാനി ഗ്രൂപ്പിന്റെ ഭാഗമാണ് അവരെങ്കില്‍ അവരുടെ ഓഹരികള്‍ ഒരുമിച്ച് കണക്കാക്കേണ്ടി വരും. അതോടെ അദാനി ഇന്‍സൈഡേഴ്സിന് കമ്പിനിയിലെ ഓഹരി 75 ശതമാനത്തില്‍ അധികമാകും. അത്് നിയമവിരുദ്ധമാണ്.
* നിക്ഷേപത്തിനായി ഉപയോഗിച്ച കമ്പനികള്‍ ഇവയാണ്. ചാങിന്റെ ഉടമസ്ഥതയിലുള്ള ലിന്‍ഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് (ബി.വി.ഐ), അലിയുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് അറിസ് ട്രേഡിങ് എഫ്.ഇസഡ്ഇ (യു.എ.ഇ), അലിയുടെ ഭാഗിക ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ഓഷ്യന്‍ ട്രേഡ്, അലിക്ക് നിയന്ത്രണാവകാശമുള്ള ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിഡറ്റ് (ബി.വി.ഐ).
(ഒ സി സി ആര്‍ പി പ്രസിദ്ധീകരിച്ച ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ നിന്നും അഴിമുഖം പ്രസിദ്ധീകരിച്ചത്)