UPDATES

ഓഫ് ബീറ്റ്

ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി.

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-123

                       

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ് എന്നുള്ള ഒരു പ്രചരണം  കുറെ നാളുകളായി അന്തരീക്ഷത്തില്‍ ഉള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേയും മറ്റ് പല പാര്‍ട്ടികളിലേയും നേതാക്കളും, അണികളും ബിജെപി മുന്നണിയിലേക്ക് പോകുന്നതിനെ പരാമര്‍ശിച്ച് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി സംസാരം നടക്കുന്നുണ്ട് എന്നത് സത്യമാണ്. ബിജെപിയുടെ മുതിര്‍ന്ന പല നേതാക്കളും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളോ മറ്റ് പാര്‍ട്ടികളിലെ നേതാക്കളോ ആയിരുന്നു എന്നുള്ളതാണ് സംസാരം. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ ബിജെപിയിലേയ്ക്ക് കൊണ്ടുവരുന്ന പ്രക്രിയ കുറേ കാലങ്ങളായി നടക്കുന്നുണ്ട്. പണം കൊടുത്തും, ബ്ലാക്ക്മെയില്‍ ചെയ്തും, മറ്റും അങ്ങിനെ ചെയ്യുന്നു എന്ന സംസാരവും ഉണ്ട്.

കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ ആരും കാര്യമായി ബിജെപിയില്‍ പോയിട്ടില്ലെങ്കിലും അണികള്‍ പലരും ബിജെപിയിലേക്ക് ചേക്കേറി എന്നു പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എല്‍ഡിഎഫിന്‍റെ ശക്തി കുറവിന് ഒരു കാരണം ബിജെപിയിലേക്കുള്ള അണികളുടെ മാറ്റമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ചെറിയ ശക്തിയില്‍ നിന്നാണ് കേരളത്തില്‍ ബിജെപി വളര്‍ന്നത് എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന ഒരു കാര്യമാണ്. കേരളത്തിലെ ബിജെപിയിലേയ്ക്ക് ജനങ്ങള്‍ ചേരുന്നത് പോലെ തന്നെ പുറത്ത് പോകുന്നുണ്ട് എന്ന കാരണത്താലാണ് പാര്‍ട്ടിക്ക് വേണ്ടത്ര വിജയം ലഭിക്കാത്തത്. ബിജെപിക്ക് ശക്തി പകരുന്ന പലര്‍ക്കും നേത്യത്ത്വത്തില്‍ വിശ്വാസകുറവുണ്ടെന്നത് സത്യമാണ്.

 

2001 മെയ് മാസം ഏഴാം തീയതി ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ പ്രസക്തമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കൈകള്‍ താമരകളായി മാറുന്നതാണ് കാര്‍ട്ടൂണിന് വിഷയമാക്കിയിരിക്കുന്നത്. 2001ല്‍ വരച്ച ഉണ്ണിയുടെ ഈ കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തമാണ് എന്നുള്ളത് ഈ കാര്‍ട്ടൂണിന്‍റെ ദീര്‍ഘ ദര്‍ശനത്തെ വിലയിരുത്തുന്ന ഒന്നാണ്. ബിജെപിക്ക് 2001 ല്‍ ഉണ്ടായ വളര്‍ച്ചയെക്കാള്‍ ശക്തമായ വളര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ഒരു നിഴലായി ബിജെപി നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു താമരയുടെ നിഴലായി കാര്‍ട്ടൂണില്‍ വരയ്ക്കപ്പെടുമ്പോള്‍ അത് രാഷ്ട്രീയമായ ഒരു വലിയ വിശദീകരണത്തിന്‍റെ നേര്‍ ചിത്രമാകുന്നു. താമര ചിഹ്നത്തിന്‍റെ ഉദാത്തമായ നിഴല്‍ രൂപം എന്ന് കാര്‍ട്ടൂണിസ്റ്റ് കമന്‍റായി ചേര്‍ത്തിരിക്കുന്നതും ശ്രദ്ധേയമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്

Related news


Share on

മറ്റുവാര്‍ത്തകള്‍