Continue reading “‘ലക്ഷണമൊത്ത ആര്യന്‍ കുട്ടി'(സത്യം മറ്റൊന്നായിരുന്നു)”

" /> Continue reading “‘ലക്ഷണമൊത്ത ആര്യന്‍ കുട്ടി'(സത്യം മറ്റൊന്നായിരുന്നു)”

"> Continue reading “‘ലക്ഷണമൊത്ത ആര്യന്‍ കുട്ടി'(സത്യം മറ്റൊന്നായിരുന്നു)”

">

UPDATES

വിദേശം

‘ലക്ഷണമൊത്ത ആര്യന്‍ കുട്ടി'(സത്യം മറ്റൊന്നായിരുന്നു)

                       

ജീവിതം പച്ചപിടിക്കട്ടെ എന്നു കരുതിയാണ് ആ നവദമ്പതികള്‍ ബെര്‍ലിനില്‍ എത്തിയത്. 1934ല്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ അധികാരം നേടിയശേഷം ആ ജൂത യുവതി ഗര്‍ഭിണിയായി. ആ കുട്ടിയാണ് പിന്നീട് ‘ലക്ഷണമൊത്ത ആര്യന്‍’ ആയി അറിയപ്പെട്ടത്. ചിത്രങ്ങള്‍ എല്ലായിടത്തും ഉണ്ടായിരുന്നു. ലക്ഷണമൊത്ത ആര്യന്‍ കുട്ടിയെ കണ്ടെത്താന്‍ നടന്ന ഒരു മാസികയുടെ മത്സരത്തില്‍ വിജയിച്ചശേഷം സകല പോസ്റ്റ് കാര്‍ഡുകളിലും കടകളുടെ മുന്നിലും ചിത്രം സ്ഥാനം പിടിക്കുകയായിരുന്നു.

എന്നാല്‍ ഈ ആര്യന്‍ കുട്ടി യഥാര്‍ഥത്തില്‍ ഒരു ജൂതക്കുട്ടിയായിരുന്നു എന്ന് ആരും അറിഞ്ഞില്ല. ആ പെണ്‍കുട്ടിക്ക് ഇന്ന് 89 വയസുണ്ട്. ഹെസി ലെവിന്സന്‍സ് ടാഫ്റ്റ് എന്നാണ് പേര്. ഇസ്രായേലിലെ ഹോളോകാസ്റ്റ് മെമ്മോറിയലില്‍ എത്തി ജര്‍മ്മന്‍ പത്രമായ ബില്‍ഡിന് ഹെസി ലെവിന്സന്‍സിന്റെ കുട്ടിക്കാല ചിത്രവുമായി വാര്‍ത്ത കൊടുത്തപ്പോളാണ് പലരും ഈ വിവരമറിഞ്ഞത്.

എന്നാല്‍ യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ 1990 മുതല്‍ അവരുടെ കഥയുടെ പൂര്‍ണ രൂപമുണ്ട്. കഥ തുടങ്ങുന്നത് 1928-ലാണ്, അവരുടെ മാതാപിതാക്കള്‍ ബെര്‍ലിനില്‍ എത്തിയപ്പോള്‍. അവരുടെ അച്ഛന്‍ ജേക്കബ് ലെവിന്സന്‍സും അമ്മ പോളീനും ബെര്‍ലിനില്‍ ജോലിയും വിദ്യാഭ്യാസവുമൊക്കെ ചെയ്തിരുന്നു. ജേക്കബ് ഒരു ഓപ്പെറ ഹൗസില്‍ ചേര്‍ന്ന് യാഷ ലെന്‍സെന്‍ എന്ന പേര് സ്വീകരിച്ചിരുന്നു. ബെര്‍ലിനില്‍ ജൂതവിരുദ്ധ വികാരമുണ്ടായശേഷം അയാളുടെ ശരിയായ പേര് തിരിച്ചറിഞ്ഞപ്പോള്‍ ഓപ്പെറ ഹൗസ് അയാളുമായുള്ള കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ചു.

പണമൊന്നുമില്ലാതെ ഒറ്റമുറി വീട്ടില്‍ ഞെരുങ്ങി ജീവിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹെസിയുടെ ജനനം. ആറുമാസമുള്ളപ്പോഴാണ് അമ്മ ഒരു ഫോട്ടോഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി ഈ ചിത്രം എടുത്തത് എന്ന് ഹെസി പറയുന്നു. ബെര്‍ലിനിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫറായിരുന്നു അത്. അയാള്‍ ഒരു മികച്ച ചിത്രമെടുക്കുകയും ചെയ്തു. അവര്‍ക്കത് വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ട് അവരത് ഫ്രെയിം ചെയ്തു സൂക്ഷിച്ചു. ചിത്രം ഒരു സ്വകാര്യ കുടുംബ ചിത്രമാണ് എന്നവര്‍ കരുതി.

എന്നാല്‍ അധികം വൈകാതെ അവരുടെ വീടുവൃത്തിയാക്കാന്‍ വന്ന സ്ത്രീ ഒരു അത്ഭുത വാര്‍ത്തയറിയിച്ചു. ‘ഹെസിയെ ഞാന്‍ ഒരു മാസികയുടെ കവറില്‍ കണ്ടു.’ മാതാപിതാക്കള്‍ പേടിച്ചു. എന്തിനാണ് ഹിറ്റ്ലറെ പ്രകീര്‍ത്തിക്കുന്ന ഒരു നാസി മാസികയില്‍ അവരുടെ ജൂതക്കുട്ടിയുടെ ചിത്രം വരുന്നത്? അവര്‍ ഫോട്ടോഗ്രാഫറോട് തിരക്കി. ‘ഇതെങ്ങനെ സംഭവിച്ചു?’ നാസികള്‍ നടത്തുന്ന ഒരു സൗന്ദര്യ മത്സരത്തിന് എന്റെ പക്കലുള്ള മികച്ച പത്തുചിത്രങ്ങള്‍ ഞാന്‍ അയച്ചുകൊടുത്തു. ഒപ്പം ജര്‍മനിയിലെ മറ്റു മികച്ച പത്തു ഫോട്ടോഗ്രാഫര്‍മാരും. പത്തു ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ പത്തു ചിത്രങ്ങള്‍ വീതം അയച്ചപ്പോള്‍ ഞാന്‍ നിങ്ങളുടെ കുട്ടിയുടെ ചിത്രവും അയച്ചുവെന്നാണ് അയാള്‍ പറഞ്ഞത്. പക്ഷെ ഇതൊരു ജൂതക്കുട്ടിയാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നല്ലോ,’ അമ്മ പറഞ്ഞു.

‘എനിക്കിപ്പോള്‍ ചിരിയാണ് വരുന്നത്.’, ന്യൂയോര്‍ക്കിലെ സെന്റ്ജോനസ് സര്‍വകലാശാലയില്‍ കെമിസ്ട്രി പ്രൊഫസര്‍ ആയിരുന്ന ടാഫ്റ്റ് പറയുന്നു’. എന്നാല്‍ ഞാന്‍ ആരാണെന്ന് നാസികള്‍ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.’

(ടെറന്‍സ് മക് കോയുടെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ നിന്നും വിവരങ്ങള്‍ ഉപയോഗിച്ച് അഴിമുഖം 2014-ല്‍ പ്രസിദ്ധീകരിച്ച കുറിപ്പാണിത്)

Share on

മറ്റുവാര്‍ത്തകള്‍