UPDATES

മറ്റൊരു ഇന്ദിരയാകുമെന്ന് ജ്യോതിഷി പ്രവചിച്ച പെണ്‍കുട്ടി

പാര്‍ലമെന്റിന് അകത്തും പുറത്തും മോദിയുടെയും ബിജെപിയുടെയും നിതാന്ത വിമര്‍ശകയായിരുന്ന മഹുമ മൊയ്ത്രയെക്കുറിച്ച്…

                       

”ഇവിടെ റിപ്പബ്ലിക്ക് നിശബ്ദത പാലിക്കുന്നു. പ്രധാനമന്ത്രി ഗവര്‍ണറോടും മിണ്ടാതിരിക്കാന്‍ പറയുന്നു. പാര്‍ലിമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോടും ഇതാവര്‍ത്തിക്കുന്നു. നമ്മള്‍ എല്ലാവരും നിശ്ശബ്ദരാക്കപ്പെടുന്നു. ഇത് സര്‍ക്കാര്‍ പ്രമേയത്തിലെ അവിശ്വാസം മാത്രമല്ല, ഇത് ഇന്ത്യന്‍ പ്രമേയത്തിലുള്ള വിശ്വാസമാണ്.”

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത ഒരു രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ലായിരുന്നു. സര്‍ക്കാരിനോടു സാധാരണക്കാരനുള്ള ഈ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ മുഴങ്ങി കേട്ടു. ശക്തമായ നിലപാടുകൊണ്ട് മാത്രം ‘ഉരുക്കു വനിത’യെന്ന് ഇന്ത്യ വിളിച്ച ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആ ചോദ്യങ്ങള്‍ അന്ന് പാര്‍ലിമെന്റില്‍ മുഴങ്ങി കേട്ടത്. പിന്നീടങ്ങോട്ട് ബിജെപി സര്‍ക്കാരിനോടുള്ള കടുത്ത ചോദ്യങ്ങള്‍ വീണ്ടും വീണ്ടും അവിടെ ഉയര്‍ന്നിരുന്നു. ആ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന ബിജെപി എംപിമാരെയാണ് അന്ന് ഇന്ത്യ കണ്ടത്. മണിപ്പൂര്‍, അദാനി, പപ്പു വിഷയങ്ങളില്‍ ബിജെപിയെ ചോദ്യങ്ങള്‍കൊണ്ട് സമ്മര്‍ദത്തിലാക്കുന്നതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഹുവയെ പോലെ ചോദ്യങ്ങള്‍ കൊണ്ട് ബിജെപിയെ സമ്മര്‍ദത്തിലാക്കിയവര്‍ ഇല്ലെന്ന് തന്നെ പറയാം.

ഈ സമ്മര്‍ദ്ദത്തിന്റെ ബാക്കി പത്രമെന്നോണമാണോ പാര്‍ലമെന്റില്‍ നിന്ന് മഹുവ മൊയ്ത്ര പുറത്താക്കപ്പെട്ടത്? ഗൗതം അദാനിക്കെതിരായി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസുകാരന്‍ ദര്‍ഷന്‍ ഹിരാനന്ദാനിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന പരാതി കൊണ്ടുവരുന്നത് ബിജെപി എം പി നിഷികാന്ത് ദുബെ ആയിരുന്നു. പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ വന്ന വിഷയത്തില്‍, ദര്‍ഷന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ്മൂലം മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു. ഇത്തരം വിഷയങ്ങള്‍ പരിഗണിക്കേണ്ടത് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റികളാണെന്നും എത്തിക്സ് കമ്മിറ്റിക്ക് ഇത് പരിഗണിക്കാനുള്ള അവകാശമില്ലെന്നും അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മഹുവയെ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യയാക്കാന്‍ എത്തിക്സ് കമ്മറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചയ്ക്ക് വച്ചശേഷം നടന്ന വോട്ടെടുപ്പിന് പിന്നാലെയായിരുന്നു ഡിസംബര്‍ 8 ന് പലര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമെന്നാണ് പുറത്താക്കല്‍ നടപടിയില്‍ മഹുവ മൊയ്ത്ര പ്രതികരിച്ചത്. തെരുവില്‍ ഉള്‍പ്പെടെ തന്റെ പോരാട്ടം തുടരുമെന്നും അവര്‍ പറയുന്നു.

അതെ സമയം എംപിയെന്ന നിലയിലുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്സ് കമ്മിറ്റിയുടെ നിഗമനം സഭ ശരിവക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. അതിനാല്‍ മഹുവ മൊയ്ത്ര എംപിയായി തുടരുന്നത് ഉചിതമല്ല, മഹുവയെ പുറത്താക്കുന്നത് അറിയിച്ചുകൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

പാര്‍ലമെന്റിനകത്തു മാത്രമല്ല പുറത്തെ വേദികളിലും കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി മോദിയുടെയും നിതാന്ത വിമര്‍ശകയാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായിരുന്ന മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ ലോക്സഭയിലെ ഇടപെടലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇന്ത്യ ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് പ്രബലമായ സൂചനകളാണ് മഹുവയുടെ പ്രസംഗങ്ങളില്‍ തെളിഞ്ഞു നിന്നിരുന്നത്.”നിങ്ങള്‍ കണ്ണുതുറന്നാല്‍ മാത്രമേ ഈ രാജ്യം ഛിന്നഭിന്നമാക്കപ്പെടുന്നതിന്റെ അടയാളങ്ങള്‍ എല്ലായിടത്തും ഉണ്ടെന്ന് നിങ്ങള്‍ കാണൂ.”മഹുവ പറയുന്നു.

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ജെപി മോര്‍ഗനിലെ ഇന്‍വെസ്റ്റ്മെന്റ്‌റായി 10 വര്‍ഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് ബാങ്കറായ മൊയ്ത്ര 2009-ല്‍ ലണ്ടനില്‍ നിന്ന് ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മസാച്ചുസെറ്റ്‌സിലെ മൗണ്ട് ഹോളിയോക്ക് കോളേജില്‍ ഗണിതവും സാമ്പത്തിക ശാസ്ത്രത്തിലുമടക്കം ഉന്നത വിദ്യാഭ്യാസം നേടിയ മഹുവ മൊയ്ത്ര എന്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരം ഇങ്ങനെയാണ് ”എന്റെ ചെറുപ്പത്തില്‍ അമ്മയോട് ഇവള്‍ ഇന്ദിര ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ നേതാവാകും ഒരു ജ്യോതിഷി പറഞ്ഞിട്ടുണ്ട്. എന്റെ ആറാം വയസിലാണ് അതാരാണെന്ന് ഞാന്‍ മനസിലാക്കുന്നത്. ഇന്ദിര ഗാന്ധിയാകണമെന്ന ആഗ്രഹം ഉണ്ടാവുന്നതും. ഞാന്‍ വളരുന്തോറും ഈ ആഗ്രഹവും എന്നില്‍ വളര്‍ന്നു”.

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായാണ് മഹുവ മൊയ്ത്ര തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2010-ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചുവടു മാറി. വര്‍ഷങ്ങളോളം ടിഎംസിയുടെ ദേശീയ വക്താവായി മഹുവ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ദേശീയ പൗരത്വ രജിസ്റ്ററിന് (എന്‍ആര്‍സി) എതിരായ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനായി തൃണമൂല്‍ എംപിമാരുടെ പ്രതിനിധി സംഘത്തിനൊപ്പം മൊയ്ത്ര എത്തിയിരുന്നു. സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തതായും, കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും മഹുവ ആരോപണം ഉയര്‍ത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വരവ് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുമെന്ന് അധികൃതര്‍ ഭയന്നതിനാലാണ് സില്‍ച്ചാറില്‍ പ്രവേശിക്കുന്നത് തടഞ്ഞതെനാണ് അസം ഡിജിപി വിഷയത്തില്‍ പ്രതികരിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയായ കല്യാണ് ചൗബേയ്ക്കെതിരെ 60,000 വോട്ടുകള്‍ക്കാണ് മഹുവ വിജയിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍