UPDATES

വിദേശം

ഏകാധിപത്യം തുടരുമെങ്കിലും ‘ബഹുമാനിക്കപ്പെടുന്ന കുട്ടി’ ഉത്തര കൊറിയയുടെ പുരുഷാധിപത്യം അവസാനിപ്പിക്കുമോ?

കിം ജോങ് ഉന്നിന് ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക?

                       

കിം ജോങ് ഉന്നിന് ശേഷം ആരായിരിക്കും ഉത്തര കൊറിയയുടെ ഭരണാധികാരി? ഏറെക്കാലമായി പലരും താല്‍പ്പര്യപൂര്‍വം ഉത്തരം തേടുന്ന ഒരു സമസ്യയാണിത്. കൗമാരത്തിലേക്ക് കടക്കുന്ന കിം ജു-ആയ്-ക്ക്(kim ju-ae) ആയിരിക്കുമോ നറുക്ക് വീഴുന്നത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ മകള്‍ തന്റെ പിതാവിനെ അനുഗമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി. 2022 നവംബറില്‍ വെള്ള ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് പ്യോങ്യാങ്ങില്‍ ഭീമന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മിസൈലിന് അരികില്‍ കൂടി അച്ഛനും മകളും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യമായി പുറത്ത് വന്നത്. അമേരിക്കയെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് ഉത്തര കൊറിയ വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനെത്തിയ ഇരുവരുടെയും ചിത്രം വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മൂന്നുമക്കളില്‍ ഒരേയൊരാളാണ് ജു-ആയ്. പുറത്തു വന്ന ഔദ്യോഗിക ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തില്‍ ഒമ്പതോ പത്തോ വയസ് ആണ് ജു- ആയ് യുടെ പ്രായം എന്നാണ് കണക്കുകൂട്ടുന്നത്.

കിം ജു-ആയ്‌യുടെ രൂപം ഉത്തര കൊറിയയുടെ അടുത്ത നേതാവിന്റെ പൊതു അരങ്ങേറ്റത്തിന്റേതാണെന്ന തരത്തില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിരുന്നു. 1948-ല്‍ രാജ്യം സ്ഥാപിതമായത് മുതല്‍ ഇതുവരെ പുരുഷന്മാര്‍ മാത്രം ആധിപത്യം പുലര്‍ത്തി വരുന്ന രാജവംശത്തിന്റെ നാലാം തലമുറയുടെ തലവനാണ് കിം ജോങ് ഉന്‍. ഉത്തരകൊറിയ പോലെ രഹസ്യസ്വഭാവമുള്ള ഒരു രാജ്യത്തിന്റെ രാഷ്ട്രീയത്തിന് പിന്നിലെ അര്‍ത്ഥം മനസ്സിലാക്കുകയെന്നത് ദുര്‍ഘടം പിടിച്ച കാര്യമാണ്.

2011-ന്റെ അവസാനത്തില്‍ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ്-ഇല്‍ ഹൃദയാഘാതം മൂലം മരിച്ചതിന് ശേഷമാണ് കിം ജോങ് ഉന്‍ ഉത്തര കൊറിയയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. അന്ന് തൊട്ടിന്നുവരെ കിമ്മിന്റെ ഭരണ കാലം നിരവധി വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. കിം ജോങ്-ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചും കൊട്ടാരത്തിലെ ഗൂഢാലോചനകള്‍, വധശിക്ഷകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെയായിരുന്നു വിവാദങ്ങളും ചര്‍ച്ചകളും. കിമ്മിന് ശേഷം ആരായിരിക്കും അടുത്ത നേതാവ് എന്ന പിന്തുടര്‍ച്ച ചോദ്യം ഉത്തര കൊറിയ വലിയ ജാഗ്രത പുലര്‍ത്തുന്ന ഒന്നാണ്. 10 വയസ്സുള്ള ജു-ആയ്‌യെ ചുറ്റിപ്പറ്റിയുള്ള എല്ലാ സിദ്ധാന്തങ്ങളിലും വച്ച് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയത് കിം ലോകത്തിനു മുമ്പിലുള്ള തന്റെ പ്രതിച്ഛായ മയപ്പെടുത്തുന്നതിനാണ് മകളായ ജു-ആയ്‌യെ ഉപയോഗിക്കുന്നത് എന്നതിനാണ്.

ദക്ഷിണ കൊറിയയുടെ ചാര ഏജന്‍സിയാണ് ആദ്യമായാണ് കിമ്മിന്റെ ഏറ്റവും സാധ്യതയുള്ള പിന്‍ഗാമിയായായി കിം ജു-ആയ് യെ പരസ്യമായി തിരിച്ചറിഞ്ഞത്. 2022 നവംബര്‍ മുതല്‍ ജു-ആയ് തന്റെ പിതാവിനൊപ്പം നിരവധി പ്രധാന പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മാധ്യങ്ങള്‍ ജു-ആയ്‌യെ കിം ജോങ് ഉന്നിന്റെ ഏറ്റവും പ്രിയപ്പെട്ട മകള്‍ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് അത് ബഹുമാനിക്കപ്പെടുന്ന കുട്ടി എന്നായി. കിമ്മിനെപ്പോലുള്ള ഉത്തര കൊറിയന്‍ സമൂഹത്തിലെ ഏറ്റവും ആദരണീയരായവര്‍ക്ക് ലഭിച്ചിരുന്ന വിശേഷണമായിരുന്നു ഇത്. തന്റെ മകളെ കുറിച്ചുള്ള കിമ്മിന്റെ ‘കൊറിയയുടെ പ്രഭാത നക്ഷത്രം’, ‘ലേഡി ജനറല്‍’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ജു-ആയ്‌യെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഭാവി ഉദ്ദേശങ്ങള്‍ വ്യക്തമാക്കുന്നതാണ്.

ദി സിബിളിങ് ഫാക്ടര്‍

കിമ്മിന് മൂന്ന് കുട്ടികളുണ്ടെന്നാണ് കരുതുന്നത്. കിമ്മിന്റെ രണ്ടാമത്തെ കുട്ടിയാണ് കിം ജു-ആയ് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പുറത്തു വരുന്ന വിവരം. ചില വിദഗ്ധരുടെ അഭിപ്രായത്തില്‍ കിമ്മിന് ഒരു മകന്‍ ഉള്ളതിനാല്‍ സ്ത്രീയെ തന്റെ പിന്‍ഗാമിയായി കൊണ്ട് വരാന്‍ സാധ്യതയില്ലായെന്നാണ്. കിം ജു-ആയ്ക്ക് 2010-ല്‍ ജനിച്ച ഒരു മൂത്ത സഹോദരനും 2017-ല്‍ ജനിച്ച ഒരു ഇളയ സഹോദരനും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കടുത്ത പുകവലിക്കാരനായ കിമ്മിന് നിരവധി ജീവിത ശൈലി രോഗങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിയെ കുറിച്ചുള്ള ആശങ്കകളാണ് യഥാര്‍ത്ഥത്തില്‍ അടുത്ത അവകാശി ആരായിരിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നാണ് സോളിലെ സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റായ ചിയോങ് സിയോങ്-ചാങ് പറയുന്നത്. നാളെ ഒരു പക്ഷെ അപ്രതീക്ഷിതമായി കിം കുഴഞ്ഞുവീണാലും അത്ഭുതപെടാനില്ലെന്നും അത്രയും പരിതാപകരമാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെന്നും ചിയോങ് പറയുന്നു. അതിനാല്‍ തന്നെ തന്റെ പിതാവിനെ അനുഗമിക്കുന്നതിലൂടെ ജു-ആയ് ഉത്തര കൊറിയയയുടെ ഭരണത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയാണെന്നും ചിയോങ് കൂട്ടിച്ചേര്‍ത്തു.

കൊറിയന്‍ രാഷ്ട്രീയ ജീവിതത്തിലെ പല നിഗൂഢതകള്‍ പോലെ ഇവിടെയും, വരികള്‍ക്കിടയില്‍ വായിച്ചുകൊണ്ട് ഒരു വീക്ഷണം രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും. സംസ്ഥാന പത്രമായ റോഡോങ് സിന്‍മുനിന്റെ പുതുവത്സര ദിന പതിപ്പില്‍ കിമ്മിനൊപ്പം ജു-ആയ് പ്രത്യക്ഷപ്പെടുന്നത് വളര്‍ന്നുവരുന്ന ഇമേജറിയുടെ ഒരു ഭാഗമാണ്, മൂല്യവും അര്‍പ്പണബോധമുള്ള കിമ്മിന്റെ മകളും ഭാവി ഉത്തരകൊറിയയുടെ ആള്‍രൂപവുമാണ്. ഉത്തര കൊറിയയുടെ ദേശീയദിനപത്രമായ റോഡോങ് സിന്‍മുണി (Rodong Sinmun) ന്റെ ആദ്യ പേജില്‍ വന്ന ചിത്രത്തില്‍ പിതാവിനേക്കാള്‍ പ്രാധാന്യം ജു-ആയ് ക്കായിരുന്നു. കിം ജോങ് ഉന്നിന് മുകളില്‍ ഒരാളില്ലെന്ന് കരുതുന്ന ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു ചിത്രമായിരുന്നു അത്. കിം തന്റെ നേതൃത്വം ഉറപ്പിക്കാന്‍ മകളെ പോലും ഉപയോഗിക്കുന്നുവെന്നും ഒപ്പം തന്റെ പിന്‍ഗാമിയായി പരിശീലിപ്പിക്കുന്നതിന്റെ സൂചനകളാണിവയെല്ലാമെന്നുമുള്ള തരത്തില്‍ പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഉത്തരകൊറിയന്‍ പുരുഷാധിപത്യം

ഉത്തര കൊറിയുടെ ചരിത്രത്തില്‍ ഇന്നുവരെ മറ്റൊരു നേതാവിന്റെ മക്കള്‍ക്കും ലഭിക്കാത്ത ജനശ്രദ്ധയാണ് ജു-ആയ്‌യ്ക്ക് ലഭിച്ചത്. പരമ്പരാഗതമായി മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും പരമാവധി അവരെ മാറ്റിനിര്‍ത്തുന്നതായിരുന്നു ഉത്തര കൊറിയയുടെ പതിവ്. നവംബറില്‍ അമ്മമാരുടെ ദേശീയ സമ്മേളനത്തില്‍ സ്ത്രീകളോട് തങ്ങളുടെ പെണ്‍മക്കളില്‍ വിപ്ലവത്തിന്റെ വിത്തുകള്‍ പാകണമെന്നു കിം അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം കണ്ണുനീര്‍ തുടക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വ്യക്തികള്‍ തന്റെ ഭാര്യയും മകളും സഹോദരിയുമാണെന്ന് പറയുകയും ചെയ്തിരുന്നു.

കിം ജു-ആയ് തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുന്നതിന് കിം ജോങ് ഉന്നിന് പല കടമ്പകളും കടക്കേണ്ടതായുണ്ട്. ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ സംസ്‌കാരം ആധിപത്യം പുലര്‍ത്തുന്ന ഉത്തരകൊറിയന്‍ സമൂഹത്തില്‍ തങ്ങളുടെ പരമോന്നത അധികാരിയായി ഒരു സ്ത്രീ സ്ഥാനമേല്‍ക്കുന്നത് അംഗീകരിക്കുമോയെന്നു കണ്ടറിയണം. പുരുഷാധിപത്യ സമൂഹത്തില്‍ ഉറച്ചു പോയ ഉത്തരകൊറിയന്‍ മനസുകളില്‍ വലിയ അഴിച്ചുപണികള്‍ കിം ജോങ് ഉന്‍ നടത്തേണ്ടതായിവരും. പുരുഷാധിപത്യ ശ്രേണിയെ അതിജീവിക്കുക എന്നത് ജു-ആയ് യുടെ മുന്നിലുളള വലിയ വെല്ലുവിളി കൂടിയാണ്. ഉത്തര കൊറിയയുടെ സ്ഥാപകനും ആദ്യ നേതാവുമായിരുന്ന കിം ഇല്‍ സുങ്ങി (Kim Il-sung)ന്റെ വംശപരമ്പരയാണ് കിം കുടുംബം. 1948 മുതല്‍ മൂന്ന് തലമുറകളായി ഉത്തര കൊറിയ ഭരിക്കുന്നുവെങ്കിലും കിം കുടുംബത്തെക്കുറിച്ച് ഇപ്പോഴും വളരെക്കുറച്ചെ ലോകത്തിന് അറിവുള്ളൂ.

Related news


Share on

മറ്റുവാര്‍ത്തകള്‍