UPDATES

വിദേശം

അമേരിക്കയെയും അയല്‍ക്കാരെയും പേടിപ്പിക്കാന്‍ ഒന്നിനു പിറകെ ഒന്നായി ഉത്തര കൊറിയയുടെ ആണവ മിസൈലുകള്‍

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ ?

                       

ആണവ പ്രതിരോധ പദ്ധതികള്‍ വര്‍ധിപ്പിക്കാനുള്ള യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും ശ്രമങ്ങള്‍ക്കെതിരേ ഉത്തര കൊറിയ നീക്കങ്ങള്‍ കടുപ്പിക്കുന്നു. ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഉത്തര കൊറിയ ഒരു ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ കടലിലേക്ക് തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നു. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള പ്രദേശത്തു നിന്നാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ കടലിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ നടന്ന വിക്ഷേപണത്തില്‍ മിസൈല്‍ കടലില്‍ പതിക്കുന്നതിന് മുമ്പ് ഏകദേശം 1000 കിലോമീറ്റര്‍ പറന്നതായും ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. യുഎസും ദക്ഷിണ കൊറിയയും ആണവ പ്രതിരോധ പദ്ധതികള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരിക്കുന്നത്.

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ശ്രദ്ധയില്‍പ്പെട്ടതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. മിസൈല്‍ ഇപ്പോഴും പറക്കുന്നുണ്ടെന്നും ജപ്പാനിലെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള ജലാശയങ്ങളില്‍ ഇത് പതിക്കുമെന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു. മിസൈല്‍ വിക്ഷേപണത്തില്‍ തങ്ങള്‍ക്ക് ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരീക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ജാപ്പനീസ് ഫ്യൂമിയോ കിഷിദ അന്തരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം മിസൈല്‍ ഹൊക്കൈഡോയുടെ പടിഞ്ഞാറന്‍ കടലില്‍ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വിക്ഷേപണവും ഉത്തരകൊറിയ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഉത്തര കൊറിയയുടെ ആദ്യത്തെ ആയുധ വിക്ഷേപണമാണിത്. ഉത്തരകൊറിയയുടെ വികസിച്ചുവരുന്ന ആണവഭീഷണികളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആണവ പ്രതിരോധ പദ്ധതികള്‍ ശക്തിപ്പെടുത്താനുള്ള ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധമാണ് ഉത്തരകൊറിയയുടെ ബാക്ക് ടു ബാക്ക് ലോഞ്ചുകളെന്ന് നിരീക്ഷകര്‍ പറയുന്നു. യുഎസ്, ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ആണവ പ്രതിരോധവും, തന്ത്രങ്ങളും പുതുക്കുന്നതിനും, അടുത്ത വേനല്‍ക്കാലത്തോടെ സംയുക്ത സൈനികാഭ്യാസത്തില്‍ ആണവ പ്രവര്‍ത്തന സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച, ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം ഈ നീക്കത്തെ അപലപിച്ചിരുന്നു. തങ്ങള്‍ക്കെതിരേ ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള തുറന്ന ഭീഷണിയായാണ് ഉത്തരകൊറിയ ഇതിനെ വിശേഷിപ്പിച്ചത്. യുഎന്‍ വിലക്കുകള്‍ ലംഘിച്ച് നവംബര്‍ 21 ന് ഉത്തരകൊറിയ ബഹിരാകാശത്തേക്ക് ആദ്യത്തെ സൈനിക നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചതിന് ശേഷം ഇരു കൊറിയകളും തമ്മിലുള്ള ശത്രുത രൂക്ഷമായിരുന്നു. ദക്ഷിണ കൊറിയയും യുഎസും ജപ്പാനും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ ശക്തമായി അപലപിച്ചിട്ടുമുണ്ട്.

മിസൈല്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്. ഇതിന് മറുപടിയായി ഫ്രണ്ട്ലൈന്‍ വ്യോമ നിരീക്ഷണം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി കാവല്‍ പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചുകൊണ്ടാണ് ഉത്തര കൊറിയ ഉടന്‍ തിരിച്ചടിച്ചത്. ഇതോടെ ഇരു രാജ്യങ്ങളുടെയും നീക്കങ്ങള്‍ മുന്‍നിര സൈനിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള 2018-ലെ ഇന്റര്‍-കൊറിയന്‍ കരാറിനെ ലംഘിക്കും.

അമേരിക്കയുടെ ഏത് ഭാഗത്തും എത്താന്‍ കഴിയുന്ന മിസൈല്‍ വിക്ഷേപണമാണ് ഉത്തര കൊറിയ നടത്തിയതെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം ഒരു മാസത്തിനിടെ ഉത്തര കൊറിയ ഇത്തരമൊരു മിസൈല്‍ പരീക്ഷിക്കുന്നത് ഇതാദ്യമാണ്. അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘദൂരം ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നത് തുടരുകയാണെന്ന് സൂചിപ്പിക്കുന്ന ഈ നടപടി ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അത് ഏകദേശം 1,000 കിലോമീറ്റര്‍ ഉയരത്തിലാണ് സഞ്ചരിച്ചത് കൊറിയന്‍ ഉപദ്വീപിന്റെ കിഴക്ക് കടലില്‍ ഇറങ്ങുന്നതിന് മുമ്പ് ആകാശത്ത് 6,000 കിലോമീറ്ററിലധികം ഉയരത്തില്‍ പറന്നതായാണ് കണക്കാക്കുന്നത്. പോര്‍മുനയുടെ പാതയും വലുപ്പവും അനുസരിച്ച് മിസൈലിന് 15,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടാകുമെന്ന് ജപ്പാന്‍ പാര്‍ലമെന്ററി പ്രതിരോധ മന്ത്രി ഷിന്‍ഗോ മിയാകേ പറയുന്നു. എങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഏത് ഭാഗത്തും എത്താന്‍ സാധിക്കുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആണെന്ന് അധികൃതര്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മിയാകെ പറഞ്ഞു. 73 മിനിട്ടു നീണ്ട പറക്കലിനു ശേഷം ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹോക്കൈഡോയ്ക്ക് പുറത്തുള്ള കടലിലാണ് മിസൈല്‍ പതിച്ചത്. പ്രദേശത്ത് വിമാനത്തിനോ കപ്പലുകള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ഹൊക്കൈഡോ ദ്വീപിന് മുകളിലൂടെ മിസൈല്‍ പറന്നതോടെ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിക്ഷേപണം ഉത്തരകൊറിയയുടെ അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ”ഈ വര്‍ഷം പ്യോങ്യാങ് നടത്തിയ മറ്റ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ പോലെ ഈ വിക്ഷേപണങ്ങളും ഐക്യരാഷ്ട്രസഭയുടെ ഒന്നിലധികം സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണ്” എന്നു വക്താവ് പറഞ്ഞു. സൈദ്ധാന്തികമായി, യുഎസില്‍ എവിടെയും ലക്ഷ്യത്തിലെത്താന്‍ കഴിവുള്ള നിരവധി ഐസിബിഎമ്മുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്, എന്നിരുന്നാലും, മിസൈലുകളെ ഇത്രയും ദൂരത്തേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ഉത്തരകൊറിയന്‍ ഭരണകൂടം ഇതുവരെ പരിപൂര്‍ണമായി കരസ്ഥമാക്കിയിട്ടില്ലെന്നാണ് ചില വിദഗ്ധര്‍ വിശ്വസിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍