UPDATES

കല

കാതലിലെ ഗേ കഥാപാത്രത്തെ ചെയ്യാൻ തമിഴ് താരങ്ങൾക്ക് ഈഗോയോ !

മമ്മൂട്ടിയോട് പക്വത ഇല്ലാതെ പെരുമാറിയെന്ന് ലിംഗുസ്വാമി

                       

റൺ, സണ്ടക്കോഴി, പയ്യ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ തമിഴ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനും നിർമ്മാതാവുമാണ് ലിംഗുസ്വാമി 2001 ൽ പുറത്തിറങ്ങിയ തൻ്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തിൽ മമ്മൂട്ടിയുമായുണ്ടായ ചില അസ്വാരസ്ഥ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആനന്ദം സിനിമയുടെ ചിത്രീകരണ വേളയിൽ ലിംഗുസാമിയും മമ്മൂട്ടിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായതായി അക്കാലങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം നടന്നത് തന്റെ തുടക്ക കാലത്തായിരുന്നുവെന്നും മമ്മൂട്ടി അന്നും ഇന്നും ഒരു ഇതിഹാസമാണ് എന്നാണ് ലിംഗുസ്വാമി പറയുന്നത്. മറിച്ച്, ഏന്തെങ്കിലും പ്രശ്നമായുണ്ടായാൽ തന്നെ അതിന്റെ കാരണം ഞാനായിരിക്കും എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്.

‘മമ്മൂട്ടി എക്കാലത്തും ഒരു ഇതിഹാസമാണ്, ഞാൻ ആകട്ടെ ചെറുപ്പത്തിന്റെ ആവേശത്തിലും പക്വതയില്ലാത്ത പ്രായത്തിലും ആയിരുന്നു. ആദ്യ സിനിമ കാലത്ത് തന്നെ ചില കാര്യങ്ങളിൽ എനിക്ക് നിർബന്ധബുദ്ധി ഉണ്ടായിരുന്നു ഒപ്പം ചില കാര്യങ്ങളിൽ ഞാൻ അതീവ ശ്രദ്ധാലുവുമായിരുന്നു. പക്ഷെ മമ്മൂട്ടി എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പാട് സിനിമകളിൽ അഭിനയിച്ച അനുഭവ സമ്പത്ത് കൈമുതലായുള്ള മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തിന്റെ ഉപദേശം ഉൾകൊള്ളാമായിരുന്നു, എന്തുകൊണ്ടോ അങ്ങനെ ഒക്കെ സംഭവിച്ചു പോയി. പക്ഷെ അദ്ദേഹത്തിന്റെ കോപം വെറും താൽക്കാലികം മാത്രമായിരുന്നു. എന്നാണ് ലിംഗുസ്വാമി പറയുന്നത്.

തൻ്റെ സിനിമകളെക്കുറിച്ച് മമ്മൂട്ടിയോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്ന് ലിംഗുസാമി പറയുന്നു.
‘ ഭ്രമയുഗം ട്രെയിലർ കണ്ടതിന് ശേഷം ഞാൻ അടുത്തിടെ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. കാതൽ: ദി കോർ പോലൊരു സിനിമ ആർക്കാണ് ചെയ്യാൻ കഴിയുക? എന്ന് അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ അദ്ദേഹം അതെ ചോദ്യം തന്നെയാണ് എന്നോട് തിരിച്ച് തിരിച്ച് ചോദിച്ചത്. അവിടെ ആര് ഇത്തരം ഒരു സിനിമ ചെയ്യും? അതിന് ധൈര്യമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ് അദ്ദേഹം എന്നോട് മറു ചോദ്യം ഉന്നയിച്ചത്. കൂടാതെ ഈഗോയാണ് അഭിനേതാക്കളെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞതായും ലിംഗുസാമി വ്യക്തമാക്കി.

കൂടാതെ, ഉത്തമ വില്ലൻ എന്ന സിനിമയിലൂടെ കമൽ ഹാസൻ തന്നെ നിരാശപ്പെടുത്തിയെന്നും അഭിമുഖത്തിനിടെ ലിംഗുസാമി വെളിപ്പെടുത്തുകയുണ്ടായി. 2015 ൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് വഴി തന്റെ നിർമ്മാണ കമ്പനിക്ക് വൻ നഷ്ട്ടമാണുണ്ടായത് എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തിന് ബദലായി കമൽ ഹസൻ ഒരു സിനിമ ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും, പദ്ധതികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും ലിംഗുസ്വാമി പറയുന്നു. തന്നോടൊപ്പം 30 കോടി രൂപ ബജറ്റിൽ ഒരു സിനിമ ചെയ്യാമെന്നായിരുന്നു കമൽഹാസൻ വാഗ്ദാനം ചെയ്തത് എന്നാണ് ലിംഗുസ്വാമിയുടെ അവകാശ വാദം.

‘ഞാൻ ആരോടും പരാതി പറയുകയല്ല, എന്നാൽ ഉത്തമ വില്ലൻ എന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നതാണ് സത്യം. അടുത്തിടെയും കമൽ സാറിനെ കണ്ടപ്പോൾ ഞാൻ ഇക്കാര്യം ചോദിച്ചിരുന്നു അദ്ദേഹം ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്’ എന്നും ലിംഗുസ്വാമി പറഞ്ഞു. ജനപ്രിയ തമിഴ് യൂട്യൂബ് ചാനലിന് സമീപകാലത്ത് നലകിയ അഭിമുഖത്തിലാണ് ലിംഗുസാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

എൻ. ലിംഗുസാമിയുടെ ആദ്യ സംവിധാനവും സഹ-രചനയും നിർവ്വഹിച്ച ചിത്രമാണ് ആനന്ദം. ആർ.ബി. ചൗധരിയാണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി , മുരളി , അബ്ബാസ് , ദേവയാനി , രംഭ , സ്നേഹ , ഡൽഹി ഗണേഷ് , ശ്രീവിദ്യ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിന് വേണ്ടി അണിനിരന്നത്. 2001 മെയ് 25-നാണ് ചിത്രം പുറത്തിറങ്ങുന്നത്. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി മാറാൻ ആനന്ദത്തിന് സാധിച്ചിരുന്നു. ചിത്രം 2005 ൽ തെലുങ്കിൽ സംക്രാന്തി എന്ന പേരിൽ റീമേക്കും ചെയ്തിരുന്നു.

 

English Summary: Tamil Movie Director N Lingusamy open up about actor mammootty

Share on

മറ്റുവാര്‍ത്തകള്‍