December 09, 2024 |
Share on

‘അക്ഷരം കൂട്ടിവായിക്കാനറിയാത്തവരല്ല നമ്മുടെ കുട്ടികള്‍ അവരുടെ കഴിവിനെയും അദ്ധ്വാനത്തെയും ആക്ഷേപിക്കരുത്’

പൊതുവിദ്യാഭ്യാസ ഡയറക്ടറെ തള്ളി അധ്യാപകര്‍

ജീവിതത്തിലെ ഓരോ കടമ്പകളും ഓരോ പരീക്ഷണങ്ങളാണ്. അത്തരത്തില്‍ ജീവിത്തിലെ നിര്‍ണായകമായ കടമ്പയാണ് എസ് എസ് എല്‍ സി പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ തലവേദന നല്‍കുന്ന പരീക്ഷയാണത്. പരീക്ഷയുടെ വിജയശതമാനത്തിലും എ പ്ലസ് നേടുന്ന കാര്യത്തിലും ഓരോ വര്‍ഷവും കേരളം മുന്നോട്ട് കുതിക്കുകയാണ്. എന്നാല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് വാരിക്കോരി നല്‍കുകയാണെന്നും, അക്ഷരം പോലും കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ വരെ പരീക്ഷയില്‍ എ പ്ലസ് നേടുന്നുണ്ടെന്നാരോപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വിമര്‍ശനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സംശത്തിന്റെ നിഴലിലാക്കുന്ന തരത്തിലായിപ്പോയി. വകുപ്പ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആക്ഷേപം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും സമൂഹത്തിലെ ഒരു വിഭാഗം, ഡയറക്ടറുടെ വിമര്‍ശനം കഴമ്പുള്ളതാണെന്ന് തരത്തില്‍ പ്രചാരണം നടത്തുന്നുന്നു. അതേസമയം അധ്യാപകര്‍ ഇത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്. അഴിമുഖവുമായി സംസാരിച്ച കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസഥാന സെക്രട്ടറി എസ് അജയകുമാറും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആക്ഷേപത്തെ തള്ളിക്കളയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍;

തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ കേന്ദ്രം പോലും അംഗീകരിച്ചിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ബന്ധപ്പെട്ടവര്‍ വന്നു പഠനങ്ങള്‍ നടത്തിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകളും തദ്ദേശസ്ഥാപനങ്ങളും ഒന്നു ചേര്‍ന്നുളള പ്രവര്‍ത്തങ്ങളുടെ ഫലമാണ് വിദ്യാര്‍ത്ഥികളുടെ വിജയശതമാനത്തിലുള്ള ഈ വര്‍ദ്ധനവ്. കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനുള്ള കാര്യക്ഷമമായ പല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. ഇതൊന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അറിഞ്ഞുകൂടാത്തതല്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം പറഞ്ഞതാകണം. സ്‌കൂളുകള്‍ തന്നെ എസ് എസ് എല്‍ സി പരീക്ഷ സമയങ്ങളില്‍ പല തരത്തിലുള്ള കോച്ചിങ് നല്‍കുന്നുണ്ട്. അതിനോടൊപ്പം പത്രങ്ങളിലടക്കം കുട്ടികളെ പരീക്ഷകള്‍ക്കൊരുക്കുന്ന സംവിധാനങ്ങളുണ്ട്. ഇതിന്റെയെല്ലാം ആകെ തുകയാണ് വന്നിട്ടുള്ള മാറ്റം. ഏതെങ്കിലും ഒന്നോ രണ്ടോ കുട്ടികളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും പൊതുവത്കരിക്കുന്നത് ശരിയായ രീതിയല്ല. അതും അദ്ദേഹത്തെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് യോജിച്ച പ്രസ്താവനയല്ല എന്നാണ് എന്റെ അഭിപ്രായം. അധ്യാപകരുടെയും കുട്ടികളുടെയും കഷ്ടപ്പാടിനെ ഇകഴ്ത്തി കാണിക്കുന്ന തരത്തിലുള്ള പ്രസ്താവനനയാണ് ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സ്‌കൂളുകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പത്രമാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും ഒന്നു ചേര്‍ന്ന് പ്രയത്‌നിച്ചതിന്റെ സംയുക്ത ഫലമാണ് വിദ്യാഭ്യാസ രംഗത്തുള്ള കേരളത്തിന്റെ മുന്നേറ്റം. കൂടാതെ പഠന രംഗത്ത് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍പിലേക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികളുമുണ്ട്. ഇത്തരത്തില്‍ ഒന്ന് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് കുട്ടികളുടെ വിജയത്തില്‍ കാണാന്‍ സാധിക്കുന്നത്. അല്ലാതെ ഇദ്ദേഹം പറയുന്നത് പോലെ മാര്‍ക്ക് വാരിക്കോരി നല്‍കിയിട്ടല്ല ഒരു കുട്ടിയും എ പ്ലസ് വാങ്ങുന്നത്. വിജയ ശതമാനം കൂടുന്നതിന് വേണ്ടി ഇദ്ദേഹം പറയുന്ന തരത്തിലുള്ള ബോധപൂര്‍വമായ ഒരു ശ്രമങ്ങളും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നില്ല. മൂല്യ നിര്‍ണയത്തില്‍ നടപ്പാക്കിയിട്ടുള്ള മാറ്റങ്ങളും വിജയശതമാന വര്‍ധനവില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. അതായത് ഒരു പോയിന്റ് കുട്ടി ഉത്തരക്കടലാസില്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ കുട്ടിക്ക് മാര്‍ക്ക് നല്‍കുന്ന രീതിയുണ്ട്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ വിദ്യാഭ്യാസ രീതികളെ പറ്റി എല്ലാ വര്‍ഷവും പഠനങ്ങള്‍ നടത്തി അംഗീകരിച്ചിട്ടുള്ളതാണ്. ഫീല്‍ഡില്‍ നടക്കുന്ന മാറ്റങ്ങളെ പറ്റി അദ്ദേഹം ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല എന്നാണ് പ്രസ്താവനയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്’.

അഴിമുഖം സംസാരിച്ച അധ്യാപകരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആക്ഷേപം തള്ളിക്കളയുകയാണ്. എ പ്ലസ് ഗ്രേഡ് വാങ്ങുന്നൊരു കുട്ടിക്ക് അക്ഷരം കൂട്ടിവായിക്കാന്‍ അറിയില്ല, പേര് എഴുതാന്‍ അറിയില്ല എന്നൊക്കെയുള്ള പരാമര്‍ശം എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നാണ്, ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ഈ അധ്യാപകര്‍ ചോദിക്കുന്നത്. മറ്റ് ഗ്രേഡുകള്‍ക്കായി ചിലപ്പോള്‍ ചെറിയ മാര്‍ക്ക് വ്യത്യാസങ്ങളൊക്കെ നടത്താറുണ്ടെങ്കിലും എ പ്ലസ് കിട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക്, അതിനുവേണ്ടി മാര്‍ക്ക് കൂട്ടിയിട്ടു കൊടുക്കാന്‍ ഒരധ്യാപകനും തയ്യാറാകില്ല. അതാ കുട്ടികള്‍ പഠിച്ചു തന്നെ നേടുന്നതാണ്. കുട്ടികളുടെ അധ്വാനത്തെയും അവരുടെ കഴിവിനെയും കുറച്ചു കാണുന്നതാണ് ഇത്തരം ആക്ഷേപങ്ങള്‍. ഇത് കുട്ടികളുടെ ആത്മവിശ്വാസം കളയും, സമൂഹത്തിന് മുന്നില്‍ അവര്‍ ചോദ്യം ചെയ്യപ്പെടും. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ സ്വയം ആലോചിക്കേണ്ട കാര്യങ്ങളായിരുന്നു ഇതെല്ലാം’ അഴിമുഖവുമായി സംസാരിച്ച ഒരു അധ്യാപിക പറയുന്നു.

എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകകരുടെ ശില്‍പ്പാലയില്‍ വച്ചായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ പരാമര്‍ശങ്ങള്‍. കേരളത്തില്‍ നിലവില്‍ 69,000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അറിയില്ല. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചു കൊള്ളട്ടെ, വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍കരുത്. എ പ്ലസും എ ഗ്രേഡും നിസാരമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാന്‍ അറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുകയാണ്. ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോള്‍ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികള്‍ വളരെ പിന്നിലാണ്’ എന്നൊക്കെ അധ്യാപകരോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഇപ്പോള്‍ പുറത്ത് പ്രചരിക്കുന്നത്.

×