UPDATES

നമ്മുടെ നുണബോംബ് സ്‌ഫോടനങ്ങളും മുസ്ലിം വിരുദ്ധതയുടെ ആവിഷ്‌കാരങ്ങളും

വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദ്വേഷവും വെറുപ്പും കേരളത്തില്‍ എത്രമാത്രം പടര്‍ന്ന് പിടിച്ചിരിക്കുന്നുവെന്നതിന് ഈ ഞായര്‍ സാക്ഷ്യം വഹിച്ചു

                       

2007-ലാണ് ആദ്യമായി ഒരു തീവ്രവാദി ആക്രമണം നടന്നയിടത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത്.

2004 ജൂണില്‍ മുംബൈ ബ്യൂറോയില്‍ ഉണ്ടായിരുന്നപ്പോള്‍, പിന്നീട് പോലീസ് നടത്തിയ ഏറ്റുമുട്ടല്‍ നാടക കൊല എന്ന് തെളിഞ്ഞ, ഇസ്രത്ത് ജഹാനും ജാവേദുമടക്കമുള്ളവര്‍ കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മഹാരാഷ്ട്ര അതിര്‍ത്തി കടന്ന് ഗുജറാത്തിനകത്ത് സംഭവം നടന്നിടത്ത് പോയിരുന്നില്ല. പോലീസ് റിപ്പോര്‍ട്ടുകളും ലോക്കല്‍ സോഴ്സുകളും പ്രാദേശിക ജേര്‍ണലിസ്റ്റുകളുടെ ഇന്‍പുട്ടും ഉപയോഗിച്ചായിരുന്നു റിപ്പോര്‍ട്ടിങ്. 2006-ല്‍ ഡല്‍ഹിയിലായിക്കുമ്പോഴാണ് മക്ക മസ്ജിദ് സ്‌ഫോടനവും മലേഗാവ് സ്‌ഫോടനവും നടക്കുന്നത്. ഈ മൂന്നു സംഭവങ്ങള്‍ക്കും പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

2007 ഫെബ്രുവരി പത്തൊന്‍പതിന് വെളുപ്പിനാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് തീവണ്ടിയില്‍ സ്‌ഫോടനം നടന്നതായി വാര്‍ത്ത കേള്‍ക്കുന്നത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേയ്ക്ക് പോകുന്ന സംഝോധ എക്സ്പ്രസിലാണ് സ്‌ഫോടനം ഉണ്ടായിട്ടുള്ളത്. ബ്യൂറോ ചീഫിനോട് അനുമതി വാങ്ങി വണ്ടിയുമെടുത്ത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം അങ്ങോട്ട് പാഞ്ഞു. ആ ഫെബ്രുവരിലെ തണുപ്പില്‍ പാനിപ്പത്തില്‍ നിന്ന് അല്പം മാറി ദിവാന സ്റ്റേഷനിനടുത്ത് രാവിലെ ഏഴുമണിക്കോ എട്ടുമണിക്കോ മറ്റോ എത്തി. ആദ്യമായാണ് ഒരു സ്‌ഫോടന സ്ഥലം കാണുന്നത്. നൂറുകണക്കിന് മനുഷ്യരുടെ ശരീരം കത്തിയ കഠിനമായ ദുര്‍ഗന്ധത്തിന്റെ അപരിചിതമായ അനുഭവമാണ് ആദ്യം നമ്മുടെ തലച്ചോറിനെ കുഴക്കുക.

കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ അവശേഷിക്കുന്നവ കൂട്ടിയിരിക്കുന്നു. തീവണ്ടിയില്‍ നിന്ന് പല കഷണങ്ങളായി ശരീരങ്ങള്‍ പെറുക്കിയെടുത്ത് കൊണ്ടുവന്ന് തള്ളുന്നേ ഉള്ളൂ. കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ ബന്ധുക്കളെ തിരയുന്നവര്‍, മുറിവുകളും പൊള്ളലുകളുമായി രക്ഷപ്പെട്ടവര്‍, പോലീസ്, രക്ഷാപ്രവര്‍ത്തകര്‍, നാട്ടുകാര്‍, എത്തിത്തുടങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍….തീവ്രവാദമെത്ര ക്രൂരമാണെന്നും നിരപരാധികളും നിസ്വരുമായ മനുഷ്യരെ കൊന്ന് തള്ളിയിട്ട് ആര്‍ക്ക് എന്ത് രാഷ്ട്രീയ പ്രസ്താവന നടത്താനാണ് എന്നുമാകും അത്തരമൊരു ഇടത്തെന്നുന്ന ആരും കണ്ണിലേയും മൂക്കിലേയും അസ്വാസ്ഥ്യങ്ങള്‍ അടങ്ങുമ്പോള്‍ ആദ്യം ചിന്തിക്കുക. അന്നും പക്ഷേ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ലഷ്‌കര്‍ ഇ തോയ്ബയാണ് എന്ന മുഖ്യധാര മാധ്യമങ്ങളുടെയോ പോലീസിന്റേയോ കഥകള്‍ വിശ്വസിക്കാന്‍ ഒരുക്കമല്ലായിരുന്നു.

അക്രമങ്ങളും സ്‌ഫോടനങ്ങളും കലാപങ്ങളും എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നതില്‍ ഇപ്പോഴും നമുക്കൊരു മാര്‍ഗ്ഗരേഖയില്ല. സാമാന്യയുക്തിയുടെ അടിസ്ഥാനത്തിലാണ് നമ്മളീ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ വഷളാക്കരുത് എന്നതാണ് സാധാരണഗതിയില്‍ പ്രാഥമിക പാഠം. അത് ജേര്‍ണലിസം സ്‌കൂളില്‍ നിന്ന് പഠിക്കുന്നതല്ല, ഒരു സമൂഹത്തിലെ പൗരന്‍ എന്ന നിലയില്‍ നാമോരുത്തരും കൈക്കൊള്ളേണ്ട തീരുമാനമാണ്. മതസ്പര്‍ദ്ധകള്‍ വളര്‍ത്തരുത്, ഊഹങ്ങള്‍ വാര്‍ത്തയാകരുത്, മരണത്തിന്റെയും പരിക്കിന്റേയും കാര്യത്തില്‍ അതിശയോക്തികള്‍ ഉപയോഗിക്കരുത് എന്നിവയെല്ലാം സാമാന്യമായി പുലര്‍ത്തേണ്ട മര്യാദകളാണ്.

സംഝോധ എക്്സ്പ്രസ് പുറപ്പെടുന്ന ഡല്‍ഹിയിലെ പഴയ റെയില്‍വേ സ്റ്റേഷന്‍ പരിചയുള്ള ആര്‍ക്കും അവിടെ ഏതു തീവണ്ടിയിലും ഏതു തീവ്രവാദിക്കും ബോംബുവയ്ക്കുന്നതിന് തടസമുണ്ടാകുമെന്ന് സംശയിക്കില്ല. ജനമഹാസഞ്ചയമാണ് അവിടെ. പരിശോധനകള്‍ നടക്കുന്നുണ്ട് എന്നത് സങ്കല്‍പ്പം മാത്രമാണ്. അവിടെ എത്തുന്ന ഒരോരുത്തരേയും അവരുടെ ജീവിതം കുത്തി നിറഞ്ഞ സഞ്ചികളും ബാഗുകളും മാറാപ്പുകളും പരിശോധിക്കുക എന്നത് മനുഷ്യസാധ്യമായ കാര്യമല്ല. പാകിസ്താനില്‍ നിന്ന് ബോംബ് വയ്ക്കാന്‍ വരുന്ന ആളുകള്‍ എന്തിനായിരിക്കും പാകിസ്താനിലേയ്ക്ക പോകുന്ന ആ തീവണ്ടിയെ തന്നെ ആക്രമിക്കുന്നത്? എത്രയോ തീവണ്ടികള്‍ അവിടെ നിന്ന് അതിലുമേറെ തിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും പോകുന്നുണ്ട്, ആ തീവണ്ടികളെയായിരിക്കല്ലേ ഭീകരര്‍ ആക്രമിക്കാന്‍ ശ്രമിക്കുക? തുടങ്ങിയ ലോജിക്കുകളൊക്കെ ഓര്‍മ്മ വന്നു. പക്ഷേ നിരപരാധികളായ മനുഷ്യരെ ബോംബ് വച്ച് കൊല്ലാമെന്ന് കരുതുന്നവര്‍ക്ക് എന്ത് ലോജിക്ക് എന്ന് സ്വയം ആശ്വസിച്ചു.

പിന്നീട് ആ ആക്രമണവും ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനമാണ് എന്നതിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ വന്നു. അതെല്ലാം ആസൂത്രണം ചെയ്ത അസീമാനന്ദ എന്നയാള്‍ ഇത് തുറന്ന് പറഞ്ഞു. പ്രഗ്യാസിങ്് ഠാക്കൂര്‍ എന്ന നേതാവും അഭിനവ് ഭാരത് എന്ന സവര്‍കര്‍ സ്ഥാപിച്ച സംഘടനയുമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പിന്നീടുള്ള കാലത്ത് തെളിവുകള്‍ മാറി മറിയുകയും ഭരണത്തിന് അനുസരിച്ച് കേസുകള്‍ മാറുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഹിന്ദുത്വ തീവ്രവാദികളാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പല ബോംബ് സ്‌ഫോടനങ്ങളും നടത്തിയിരുന്നത് എന്നത് പലപ്പോഴും അന്വേഷണ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗങ്ങളും പറഞ്ഞിട്ടുള്ളതാണ്.

മക്ക മസ്ജിദ്, മലേഗാവ്, സംഝോധ എന്നു വേണ്ട സകല ബോംബ് സ്‌ഫോടനങ്ങളിലും ആദ്യം പോലീസ് പിടിച്ചതും അറസ്റ്റ് ചെയ്തതും മുസ്ലിങ്ങളെയാണ്. എത്രയോ പേര്‍ യു.എ.പി.എ ചുമത്തപ്പെട്ട് കാലങ്ങളോളം ജയിലില്‍ കഴിഞ്ഞു. മുസ്ലിം സമൂഹത്തോടോ ആ മനുഷ്യരോടോ അവരുടെ കുടുംബാംഗങ്ങളോടോ ഒരാളും മാപ്പ് പറഞ്ഞിട്ടില്ല. ഒരു സേനയും ഒരു സര്‍ക്കാരും. ബാബ്രി പള്ളി പൊളിച്ചതിനെ തുടര്‍ന്നുള്ള മുംബൈ കലാപകാലത്ത് നിന്നാരംഭിച്ച്, അമേരിക്കയിലെ സെപ്തംബര്‍ പതിനൊന്ന് സ്‌ഫോടനത്തോടെ ഉച്ചസ്ഥായിയില്‍ ആയ മുസ്ലീം വിരുദ്ധത/ഇസ്ലാമാഫോബിയയുടെ ഇരയായിരുന്നു ഇന്ത്യന്‍ മുസ്ലിങ്ങള്‍.

കേരളം ഒരു പരിധിവരെ ഇക്കാലങ്ങളില്‍ പിടിച്ച് നിന്നിട്ടുണ്ട്. വടക്കേ ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ സംഘടിതരും സമൂഹത്തില്‍ നിര്‍വ്വാഹകശേഷിയുള്ളവരുമാണ് കേരളത്തിലെ മുസ്ലിങ്ങള്‍ എന്നുള്ളതു കൊണ്ടും അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം നിര്‍ണായകമാണ് എന്നുള്ളത് കൊണ്ടുമാണ് ഇത് സാധിച്ചത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദ്വേഷവും വെറുപ്പും കേരളത്തില്‍ എത്രമാത്രം പടര്‍ന്ന് പിടിച്ചിരിക്കുന്നുവെന്നതിന് ഈ ഞായര്‍ സാക്ഷ്യം വഹിച്ചു. മുഖ്യധാര മാധ്യമങ്ങളും വലത്പക്ഷ രാഷ്ട്രീയവും വെറുപ്പിനെ ആഘോഷിക്കാനിറങ്ങിയപ്പോള്‍ കേരളത്തിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. നുണകളും വിദ്വേഷങ്ങളും പ്രചരിപ്പിക്കരുത് എന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചു. ജാഗ്രതയോടെ പെരുമാറണമെന്ന് പരസ്പരം ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം അരുതെന്ന് പറഞ്ഞു.

കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തിലെ കളമശേരി പ്രദേശത്തെ ഒരു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനം ചെറിയ അമ്പരപ്പല്ല ഉണ്ടാക്കിയത്. സ്‌ഫോടനം സ്ഥിരീകരിച്ചതോടെ ചാനലുകള്‍ ഇതിനെ ഭീകരവാദ പ്രവര്‍ത്തനമാക്കാന്‍ ഉത്സാഹിച്ചു. വന്‍ സ്‌ഫോടനമെന്നും സ്‌ഫോടന പരമ്പരയെന്നും തലക്കെട്ടുകള്‍ നല്‍കി. വാര്‍ത്ത ഷോ ആയി മാറി. യഹോവ സാക്ഷികളെന്നറിയപ്പെടുന്ന ക്രിസ്തുമത വിശ്വാസികളുടെ മൂന്ന് ദിവസത്തെ കൂട്ടായ്മയ്ക്കെതിരെ നടന്ന ആക്രമണമാണ് അതെന്നതിന്റെ പുറത്ത് പലസ്തീനേയും ഹമാസിനേയും വരെ ഇതുമായി ബന്ധിപ്പിക്കാന്‍ മീഡിയയും ചര്‍ച്ച വിദഗ്ധരും ശ്രമിച്ചു. സംഘപരിവാര്‍ അനുബന്ധ സംഘങ്ങള്‍ മുഴുവന്‍ മുസ്ലീം തീവ്രവാദമാണ് ഇതിന് പുറകിലെന്ന് ഉറപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന മുസ്ലിം പ്രീണനത്തിന്റെ ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് പ്രചരണം നടന്നു. മുസ്ലിം വിരുദ്ധതയില്‍ മാത്രം ജീവിക്കുന്ന യുക്തിവാദികളിലൊരു സംഘവും സംഘപരിവാറിന്റെ പ്രചരണം ഏറ്റെടുത്തു.

എറണാകുളം നഗരത്തില്‍ രണ്ട് മുസ്ല്ിം യുവാക്കള്‍ പിടിയിലായി. റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ കാണപ്പെട്ട ‘മുസ്ലിം വസ്ത്രധാരണ’മട്ടിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. വടക്കേ ഇന്ത്യയിലെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ട്വീറ്ററിലും മറ്റും കേരളം മുസ്ലിം ഭീകരവാദ സംസ്ഥാനമെന്ന മട്ടില്‍ ആരോപണം ഉയര്‍ന്നു. എന്‍.ഐ.എയും ഭീകരവാദ വിരുദ്ധ സ്‌ക്വാഡും വിവിധ പോലീസ് സേനകളും രംഗത്തെത്തി. അങ്ങനെ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരുന്ന സമയത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ എന്നൊരാള്‍ ഫേസ്ബുക്ക് വഴി കുറ്റസമ്മതം നടത്തിയ ശേഷം തൃശൂര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പ്രതി മുസ്ല്ിമല്ല എന്ന വാര്‍ത്തയോടെ കേരളത്തിലെ വാര്‍ത്ത ചാനലുകളുടെ ഉത്സാഹം അസ്തമിക്കുന്നത് കാണുന്നത് പോലെ അസ്വസ്ഥജനകമായ മറ്റൊന്നുണ്ടായിട്ടില്ല. എല്ലാ അന്വേഷണ ഏജന്‍സികളും പ്രതിയെന്ന് സ്ഥിരീകരിച്ച ആളുടെ പുറത്ത് വന്ന മൊഴി അത്യന്തം അപകടകരമാണ്. രാജ്യദ്രോഹികളാണ് യഹോവ സാക്ഷികളെന്നാരോപിച്ച്, പ്രത്യേക തരം ദേശീയതാവാദമാണ് അയാള്‍ മുന്നോട്ട് വയ്ക്കുന്നത്. ആക്രമിക്കുന്ന എന്ന ഉദ്യേശത്തോടെ ചെയ്തത് എന്ന് കാണേണ്ടി വരും. മൂന്ന് പേരുടെ മരണത്തിന് കാരണമായി. പക്ഷേ ആക്രമണം നടത്തിയത് മുസ്ലിം അല്ലാതായത് കൊണ്ട് തീവ്രവാദം അല്ലാതാകുന്നു ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെന്നത് എത്രയോ വിചിത്രമായ കാര്യമാണ്. ഇന്ന് (തിങ്കളാഴ്ച) ഇറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് തന്നെ ‘കഥയില്‍ വഴിത്തിരിവ്. കൊച്ചി സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമില്ല’ എന്നാണ്. എന്തുതരം വലതുപക്ഷ വീക്ഷണമാണതെന്നും അതൊരു വാര്‍ത്തയുടെ തലക്കെട്ട് അല്ല എന്നും തന്നെ പറയേണ്ടി വരും.

ഉച്ച നേരത്ത് ആ കീഴടങ്ങലും കഴിഞ്ഞ്, പ്രതിയുടെ പേരും പുറത്ത് വന്ന്, അയാളുടെ ഫേസ്ബുക്ക് ലൈവിന്റെ കോപ്പി സകല മനുഷ്യരുടെയും വാട്സ് ആപ്പിലും എത്തിയ ശേഷമാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥനും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്‍ കേരള മുഖ്യമന്ത്രിയുടെ മുസ്ലിം പ്രീണനത്തിന്റെ തുടര്‍ച്ചയാണ് ഈ ഭീകരാക്രമണമെന്ന് ട്വീറ്റ് ചെയ്യുന്നത്.

ഇതിനെല്ലാം ഇടയിലും കേരളത്തിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ഉത്തരവാദിത്തമുള്ള പൗരസമൂഹവും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പരസ്പരം ഓര്‍മിപ്പിച്ചു. പ്രകോപനപരമായ പല വാര്‍ത്തകളും വന്നിട്ടും അതൊന്നും പ്രചരിപ്പിക്കാനോ ഏറ്റ് പിടിക്കാനോ പോയില്ല. ചാനലുകളോടും ജേര്‍ണലിസ്റ്റുകളോടും വാര്‍ത്തകളില്‍ വ്യാജങ്ങള്‍ കലരരുത് എന്ന് ഓര്‍മിപ്പിച്ചു. നാട്ടുകാര്‍ ജാഗ്രതയോടെ പെരുമാറി. പോലീസും ഭരണാധികാരികളും പറയുന്നത് മാത്രം പിന്തുടര്‍ന്നു. ഷെയ്ന്‍ നിഗത്തിനെ പോലൊരു ചെറുപ്പക്കാരനായ ചലച്ചിത്ര നടന്‍, സോഷ്യല്‍ ഇന്‍ഫ്ളൂവന്‍സര്‍, ഇത്തരുണത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നു. കെട്ടുകഥകള്‍ പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിച്ചു. ഒരു സമൂഹം, നമ്മുടെ വാര്‍ത്ത ചാനലുകളേക്കാള്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളേക്കാള്‍ എത്രയോ ഉത്തരവാദിത്തത്തോടെ പെരുമാറി. അതൊരു വലിയ പ്രതീക്ഷ കൂടിയായിരുന്നു.

എങ്കിലും കേരളം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ആ സ്‌ഫോടനം. തീവ്രവാദി ആക്രമണങ്ങളെ അല്ല ഭയക്കേണ്ടത്. വ്യാജവാര്‍ത്തകളുടെ, വെറുപ്പിന്റെ വിദ്വേഷത്തിന്റെ ബോംബുകള്‍ പലതും ഇവിടെ പൊട്ടാന്‍ ബാക്കിയുണ്ട്.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍