UPDATES

‘പുരുഷന്‍ ആടുന്നതിലല്ല, അവരുടെ പ്രശ്‌നം അവന്‍ വെളുത്തവനാകണമെന്നതാണ്’

കറുത്തവര്‍ നൃത്തമാടരുത്, പഠിക്കരുതെന്നാണോ? ആര്‍ എല്‍ വി രാമകൃഷ്ണന്‍ പ്രതികരിക്കുന്നു

                       

ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു കലാകാരന്‍ കൂടി അപമാനിക്കപ്പെട്ടിരിക്കുകയാണ്. കലാഭവന്‍ മണിയുടെ അനുജന്‍ എന്നതിനപ്പുറം കലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഇത്തവണ സവര്‍ണ്ണ ബോധത്തിന് ഇരയായിരിക്കുന്നത്. ഞങ്ങളുടെ ദൈവം, ഞങ്ങളുടെ കല എന്ന് അവകാശപ്പെടുന്ന ക്ഷേത്രാചാര സംബന്ധിയായ ചില മനുഷ്യരാണ് ഇവിടെയും പ്രശ്‌നം. എന്തായാലും ഈ കലകളെയും ദൈവങ്ങളെയും അടിയാളന്മാരില്‍ നിന്നും പഴയ ഉടയാളന്മാര്‍ മോഷ്ടിച്ചെടുത്തതാണെന്ന സത്യം ഇവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു.

കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന എങ്ങനെയാണ് മനുഷ്യവിരുദ്ധ പ്രസ്താവനയായതെന്ന് വ്യക്തമാക്കാം. ഏറ്റവും സുന്ദരമായ ചലനങ്ങളുള്ള ജീവിയല്ല മനുഷ്യന്‍ എന്ന ചാള്‍സ് ഡാര്‍വിന്റെ തിയറി ശ്രദ്ധിക്കൂ. ഏതൊരു ജീവിയും അവനവന്‍ സന്തോഷത്തിനാണ് നൃത്തം ചെയ്യാന്‍ തുടങ്ങിയത്. അതില്‍ ഒച്ച് മുതല്‍ മനുഷ്യന്‍ വരെയുണ്ടാകുമെന്ന് മാത്രം. ഇതിനിടയില്‍ എപ്പോഴാണ് ഇത് കറുത്തവര്‍ക്ക്, അല്ലെങ്കില്‍ ഇത് വെളുത്തവര്‍ക്ക് ഇതൊന്നുമല്ലെങ്കില്‍ ഇത് ഇന്ന ജാതിമതക്കാര്‍ക്ക് എന്ന ബോധം വന്നത്. അത് ഒരുകാലത്ത് ദൈവങ്ങളെയും ആചാരങ്ങളെയും സ്വന്തമാക്കിവരില്‍ നിന്നാണ്. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് എല്ലാ ദൈവങ്ങളും എന്ന് ചിന്തിച്ചാല്‍ തീരാവുന്ന ഒരു ചൂരലടിയെ യാതൊരു ബോധവുമില്ലാത്ത ചിലര്‍ മറ്റൊരു ബിഗംബാംഗ് ആക്കുമെന്ന പേടിയുണ്ട്.

എന്തായാലും ഇപ്പോള്‍ പ്രശ്‌നം കലാമണ്ഡലം സത്യഭാമയുടെ കറുത്തവര്‍ഗ്ഗ വിരുദ്ധവും അതോടൊപ്പം മനുഷ്യവിരുദ്ധവുമായ ഒരു പ്രസ്താവനയാണ്. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്.

മോഹിനിയാട്ടം ആടുന്നവര്‍ ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത്രയും അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍ പെറ്റതള്ള പോലും സഹിക്കുകയില്ല.’ എന്നാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞുവച്ചിരിക്കുന്നത്.

ഒരു കറുത്ത സ്ത്രീയും ഇവരുടെ പ്രശ്‌നമാകില്ലേയെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന് ചോദിക്കാനുള്ളത്. അത് നവോത്ഥാനവും പുരോഗമനവുമൊക്കെ അവകാശപ്പെടുന്ന നമ്മുടെ സമൂഹത്തിന് വെല്ലുവിളിയാണ്. ആര്‍.എല്‍.വി രാമകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലേക്ക്.

എന്താണ് മോഹിനിയാട്ടത്തിന്റെ ചരിത്രം? അവിടെ സ്ത്രീകള്‍ മാത്രമാണോ ഉണ്ടായിരുന്നത്?

ആര്‍.എല്‍.വി- ഒരിക്കലുമല്ല മോഹിനിയാട്ടത്തില്‍ പുരുഷന്മാര്‍ ആടിയതിനെക്കുറിച്ച് മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളിലും പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ സദസില്‍ പുരുഷന്മാര്‍ മോഹിനിയാട്ടം നടത്തിയത് വിശദമാക്കുന്നുണ്ട്. എന്റെ പി.എച്ച്.ഡി മോഹിനിയാട്ടത്തിലെ പുരുഷസാന്നിധ്യത്തെക്കുറിച്ചായിരുന്നു. അത് ഒരു സര്‍വകലാശാല അംഗീകരിച്ചിരിക്കുന്നതാണ്. നിങ്ങള്‍ക്ക് പരിശോധിക്കാം. കലാമണ്ഡലം സ്ഥാപിച്ച വള്ളത്തോള്‍ ആവശ്യപ്പെട്ടത് മോഹിനിയാട്ടത്തിന്റെ പേര് ശരിയല്ല, അതിന് കൈരളീനൃത്തം എന്ന് പേരിടണമെന്നാണ്. അത് ഇന്നുവരെയും നടപ്പായിട്ടില്ല.

കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തില്‍ സ്ത്രീയോ പുരുഷനോ എന്നതല്ല, ഒരു കറുത്ത വ്യക്തി എന്നതാണ് വ്യക്തമായി കാണുന്നത്. അതെങ്ങനെയാണ് ശരിയാകുന്നത്?

ഗുരുതുല്യയായ ആ വ്യക്തിയുടെ പരാമര്‍ശത്തില്‍ മോഹിനിയാട്ടം ആടുന്നവരുടെ നിറമാണ് പ്രശ്‌നം. ഞാന്‍ കറുത്തതാണ്. പുരുഷന്‍ ആടുമ്പോള്‍ പ്രശ്‌നമില്ല. അവന്‍ വെളുത്തവനാകണം. അവരൊക്കെ സൗന്ദര്യത്തെക്കുറിച്ച് കരുതിയിരിക്കുന്നത് ഇവിടുത്തെ സവര്‍ണ്ണ ബോധമാണ്. ഒരു ആണ് എന്നത് മാത്രമല്ല, നൃത്തം ചെയ്യാനാഗ്രഹിക്കുന്ന, അതിന് കഴിവുള്ള സ്ത്രീകളെക്കൂടിയാണ് അപമാനിക്കുന്നത്. അവള്‍ കറുത്തവളാണെങ്കില്‍ മോഹിനിയാട്ടം പഠിക്കരുത്, അല്ലെങ്കില്‍ ആടരുത് എന്നാണ് ഒരു കലാകാരി ഇവിടെ അവകാശപ്പെടുന്നത്.

ഇവിടെയെങ്ങനെയാണ് വിവേചനം കണ്ടെത്താനാകുക?

ആര്‍.എല്‍.വി- ആഭിജാത്യകലകളെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവയില്‍ ജാതി, ലിംഗ വിവേചനമുണ്ടെന്ന് തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയധികം വിദ്യാഭ്യാസ യോഗ്യതകളോടുകൂടി മോഹിനിയാട്ട രംഗത്ത് ഒരു പുരുഷന്‍ എത്തിച്ചേരുന്നത് ഇത് ആദ്യമായിട്ടായിരിക്കും. മോഹിനിയാട്ടത്തില്‍ നേടാവുന്നതിന്റെ പരാമവധി യോഗ്യതകള്‍ ഞാന്‍ നേടിയിട്ടുണ്ട്. നാല് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ നേടിയിട്ടുണ്ട്. എംജി സര്‍വ്വകലാശാലയുടെ ആദ്യത്തെ ബാച്ചില്‍ തന്നെ മോഹിനിയാട്ടം എംഎ ഒന്നാംറാങ്കോടെ പാസാകാനും എനിക്ക് സാധിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തിന് വേണ്ടി മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരള കലാമണ്ഡലത്തില്‍ നിന്നും ആ വിഷയത്തില്‍ എംഫിലും ഒന്നാം റാങ്കോടെ തന്നെ പാസായി. മോഹിനിയാട്ടം പുരുഷന്മാര്‍ക്ക് അവതരിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള പഠനത്തിനാണ് കലാമണ്ഡലത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയത്. ‘ആട്ടക്കളിയിലെ ആണ്‍വഴികള്‍’ എന്നായിരുന്നു വിഷയത്തിന്റെ പേര്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ്, കാലടി സംസ്‌കൃത സര്‍വ്വകലാശാല എന്നീ കോളേജുകളില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താല്‍ക്കാലിക അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് ചെയ്യാറ്, സ്ത്രീകള്‍ക്കേ അവതരിപ്പിക്കാന്‍ പറ്റുകയുള്ളൂ, പുരുഷന്മാര്‍ക്ക് അവതരിപ്പിക്കാന്‍ പറ്റിയതല്ല എന്നൊരു തെറ്റിദ്ധാരണ ഈ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. മുമ്പ് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരവും എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു.

അതുല്യകലാകാരനായിരുന്ന കലാഭവന്‍ മണിക്കും സമാനമായ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ?

സംഗീത നാടക അക്കാദമിയുടേയോ അഭിനയത്തിനുള്ളതോ നാടന്‍പാട്ടിനുള്ള അവാര്‍ഡോ ഒന്നും ചേട്ടനും കിട്ടിയിട്ടില്ല. കലാഭവന്‍ മണി ജീവിക്കുന്നത് ഇന്നും ജനഹൃദയങ്ങളിലാണ്. അംഗീകാരം എന്ന് പറയുന്നത് ഒരു കാലാകാരനെ അടയാളപ്പെടുത്തല്‍ കൂടിയാണ്. തുടര്‍ന്ന് മുന്നോട്ട് പ്രവര്‍ത്തിക്കാനുള്ള ഒരു പ്രോത്സാഹനമാണ് അത്. ഞാനൊരു അവാര്‍ഡിന് വേണ്ടിയിട്ടോ ഒന്നുമല്ല ഞാന്‍ അപേക്ഷിച്ചത്. കേവലം ഒരു അര മണിക്കൂര്‍ ചിലങ്ങ കെട്ടാനുള്ള വേദിയാണ് ഞാന്‍ ചോദിച്ചത്. സംഗീത നാടക അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഇത്തരത്തിലുള്ള ജാതി വിവേചനവും ലിംഗ വിവേചനവും ഉണ്ടെന്ന് തെളിയിക്കുന്നതാണ് അവരുടെ സെക്രട്ടറിയുടെ ഇന്നലത്തെ വാക്കുകള്‍. അദ്ദേഹത്തിന്റെ വാക്കുകളാണല്ലോ ചെയര്‍പേഴ്സണില്‍ നിന്നായാലും മറ്റ് ജീവനക്കാരില്‍ നിന്നായാലും നമുക്ക് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഈ രണ്ട് വിവേചനം വ്യക്തമാണ്. എനിക്ക് അവസരം തരില്ലെന്നാണ് അവരുടെ നിലപാട്.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണല്ലോ താങ്കള്‍ കലാമണ്ഡലത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയത്. എല്ലാ കോഴ്സുകളും ഒന്നാം റാങ്കോടെ പാസാകുകയും ചെയ്തു. ആ ജീവിതം ഒന്ന് വിവരിക്കാമോ?

പലതും നിങ്ങള്‍ക്ക് മണിച്ചേട്ടന്‍ പറഞ്ഞ് തന്നെ അറിയാം. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മക്കളാണ് ഞങ്ങള്‍. ഞങ്ങളെ ഏത് രീതിയില്‍ വളര്‍ത്തണമെന്ന ചിന്ത പോലും അവര്‍ക്കുണ്ടായിരുന്നില്ല. കാരണം, നേരം വെളുക്കുമ്പോള്‍ കൂലിപ്പണിക്ക് പോകുകയും വൈകുന്നേരം തിരിച്ച് വരികയും ചെയ്യുന്നതായിരുന്നു അവരുടെ രീതി. ഞങ്ങള്‍ ജന്മനാ കിട്ടിയ കഴിവ് വച്ച് പഠിക്കാനും അന്വേഷിക്കാനും നടക്കുകയും സമൂഹത്തിലെ നല്ല കലാകാരന്മാരെ കണ്ട് അവരെ പോലെ സഞ്ചരിച്ചുകൊണ്ട് അവരെപ്പോലെ ആകണമെന്ന ചിന്തകള്‍ ഉള്ളിലുണ്ടാകുകയും ചെയ്തതുകൊണ്ടാണ് നമ്മള്‍ ഇവിടെ വരെ എത്തിയത്. കല പഠിക്കാന്‍ കഴിയാതിരുന്ന കലാകാരനായിരുന്നു മണിച്ചേട്ടന്‍. അദ്ദേഹം ഒരു നല്ലനിലയില്‍ എത്തിയപ്പഴാണ് എന്നിലെ കലാകാരനെ തിരിച്ചറിയുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തത്. ഉന്നതവിദ്യാഭ്യാസം നേടാന്‍ എനിക്ക് ചേട്ടന്റെ സഹായം ലഭിക്കുകയും ചെയ്തു.

ആ കലാകാരന്റെ മുന്നില്‍ ഓരോ കോഴ്സുകളും ഒന്നാം റാങ്കോടെ ജയിച്ചാണ് സര്‍ട്ടിഫിക്കറ്റുകളുമായി പോയിട്ടുള്ളൂ. കാരണം, എന്റെ ഗുരുനാഥനും അച്ഛനും ചേട്ടനും എല്ലാം അദ്ദേഹമാണ്. പക്ഷെ, പിഎച്ച്ഡി ചെയ്ത് ഡോക്ടറേറ്റ് കിട്ടിയത് അദ്ദേഹത്തെ കാണിച്ചുകൊടുക്കാനുള്ള യോഗം നമുക്കുണ്ടായില്ല. അതിന് മുമ്പ് അദ്ദേഹം നമ്മെ വിട്ടുപോയി. കലയിലൂടെ അര്‍പ്പണ മനോഭാവത്തോടെ കഷ്ടപ്പെട്ട് മുന്നേറി വരണമെന്നുള്ള കാഴ്ചപ്പാടായിരുന്നു മണിച്ചേട്ടന്. അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള റെക്കമെന്‍ഡേഷനും അദ്ദേഹം എനിക്ക് വേണ്ടി നടത്തിയിട്ടില്ല. കഴിവുണ്ടെങ്കില്‍ നാളെ ഒരിക്കല്‍ നമ്മള്‍ അംഗീകരിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് ഈ അക്കാദമി പോലുള്ള ഇടങ്ങളില്‍ അപേക്ഷ കൊടുത്ത് തന്നെ അവസരം തേടിയത്. ഇത്തരം കഷ്ടപ്പാടുകളിലൂടെയാണ് നമ്മള്‍ ജീവിതത്തില്‍ മുന്നോട്ട് വന്നത്.

കലാമണ്ഡലത്തില്‍ അഡ്മിഷന്‍ ലഭിക്കാതെ വന്ന സാഹചര്യം എനിക്കുണ്ടായിരുന്നു. പട്ടികജാതി വിഭാഗമായതിനാലാണ് അന്ന് അഡ്മിഷന്‍ ലഭിക്കാതെ വന്നത്. പിന്നീട് ചേട്ടനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി സാറും ഇടപെട്ടതുകൊണ്ടാണ് എനിക്ക് അഡ്മിഷന്‍ ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍ തന്നെയാണ് സീറ്റ് ലഭിച്ചത്. ഒന്നാം റാങ്ക് ലഭിച്ചപ്പോള്‍ റാങ്ക് തട്ടിമാറ്റാനും കലാമണ്ഡലത്തില്‍ ശ്രമം നടന്നു. അതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട്. അന്നും ചേട്ടന്റെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടും പോരാടിയുമാണ് ഞാന്‍ കലാരംഗത്ത് എത്തിയതും പിടിച്ചുനില്‍ക്കുന്നതും. ഇന്നും ഈ ദുരനുഭവം തന്നെയാണ് നേരിടുന്നത്. കമലദളം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ റോള്‍ എനിക്ക് ഓര്‍മ്മവരുന്നത്. ഒരു പുരുഷ നര്‍ത്തകന് ഇടംകണ്ടെത്താനായി പോരാടേണ്ട അവസ്ഥയാണ്.

കലാമണ്ഡലത്തെക്കുറിച്ച് ജാതി വിവേചനത്തിന്റെ ആരോപണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ടല്ലോ? താങ്കള്‍ ഏതൊക്കെ വിധത്തിലാണ് അവിടെ വിവേചനം നേരിട്ടിട്ടുള്ളത്?

കലാരംഗത്ത് പ്രത്യേകിച്ചും കലാമണ്ഡലത്തില്‍ ഇന്നും വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇല്ല എന്ന് ആരൊക്കെ പറഞ്ഞാലും അത് അംഗീകരിക്കാന്‍ പറ്റില്ല. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ പരിശോധിച്ചാലും അത് വ്യക്തമാകും. ഇന്നുവരെ ഒരു പറയനോ പുലയനോ അല്ലെങ്കില്‍ മറ്റേതെങ്കിലും താഴ്ന്ന വിഭാഗക്കാരനോ അവാര്‍ഡ് ലഭിച്ചിട്ടില്ല. ഇതെല്ലാം വിവേചനത്തിന്റെ ഭാഗം തന്നെയാണ്. ആ വിവേചനം തുടര്‍ന്ന് പോകുന്നുണ്ട്. ലിംഗവിവേചനം എന്ന് നമ്മള്‍ പറയുമ്പോഴും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. നാളെ ശരിയാകും എന്ന് കരുതി ഓരോ വര്‍ഷങ്ങള്‍ തള്ളിനീക്കി പൊയ്ക്കൊണ്ടിരിക്കുകയാണ്. പട്ടിക ജാതി വിഭാഗത്തിലെ കലാകാരന്മാര്‍ അപേക്ഷകള്‍ കൊടുത്ത് സംവിധാനങ്ങള്‍ ശരിയാകുന്നതും കാത്തിരിക്കുകയാണ്.

ഒരിക്കല്‍ ഒരു ദേശീയ സെമിനാര്‍ നടക്കുമ്പോള്‍ ഒരു ഭരണസമിതി അംഗമായ ഡോ. ഗ്രാമപ്രകാശ് എന്നോട് എഴുന്നേറ്റ് പോകാന്‍ പോകാന്‍ ആവശ്യപ്പെട്ടു. മോഹിനിയാട്ടം സ്ത്രീകളുടെ കലയാണ് അതുകൊണ്ട് പുരുഷന്മാര്‍ ഇവിടെ ഇരിക്കണ്ട എന്നാണ് ഭരണസമിതിയിലെ അംഗമായ ഒരു പുരുഷനും സ്ത്രീയും ആവശ്യപ്പെട്ടത്. അന്ന് ഞാന്‍ മൈക്ക് വാങ്ങി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് അതിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നു. നമ്മുടെ ഇടങ്ങളില്‍ ജാതിപ്പേര് വിളിക്കുന്നത് മാത്രമല്ല, ജാതിവിവേചനം. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നമ്മള്‍ വളര്‍ന്നുവരാതിരിക്കാന്‍ തടയിടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജാതീയ പീഡനമാണ്. അത്തരത്തിലുള്ള പീഡനങ്ങള്‍ക്കെതിരെ കൂടി നിയമം കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. ജാതിപ്പേര് വിളിച്ചുവെന്നതുകൊണ്ട് മാത്രം ആക്ഷേപമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ജാതിപ്പേര് വിളിക്കുന്നതില്‍ എനിക്ക് പരാതിയൊന്നുമില്ല താനും. കാരണം, എന്റെ ജാതിയില്‍ ഞാന്‍ യാതൊരു അപമാനവും കാണുന്നില്ല. ഈ ജാതിയില്‍പ്പെട്ട ആളുകളെ വേണ്ട രീതിയില്‍ പഠിക്കാനോ പഠിപ്പിക്കാനോ രംഗവേദിയിലേക്ക് വരാനോ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തികളാണ് ജാതി അധിക്ഷേപത്തില്‍ പെടുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.

അരുൺ ടി വിജയൻ

അരുൺ ടി വിജയൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍