ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണിന്ന്. യു എന്‍ കണക്കുകള്‍ പ്രകാരം, 2023 ഏപ്രില്‍ അവസാനത്തോടെ 1,425,775,850 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയെ ഇന്ത്യ മറികടന്നു എന്നത് സംസാരമാണ്. 1975നും 2010-നും ഇടയില്‍ ജനസംഖ്യ ഇരട്ടിയായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് വലിയ ചര്‍ച്ചയായത്. അവര്‍ തുടക്കം കുറിച്ച ദേശീയ കുടുംബാസൂത്രണ പരിപാടിയുടെ ദൗത്യം, ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമഗ്രമായ കുടുംബാസൂത്രണ സേവനങ്ങളെക്കുറിച്ചുള്ള അറിവ് പകരുക എന്നതായിരുന്നു.
ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവരുടെ കുട്ടികളെ ആരോഗ്യകരമായി വളര്‍ത്തുന്നതിന് പ്രാപ്തരാക്കുക എന്നതും ഇന്ദിരാ ഗാന്ധിയുടെ കുടുംബാസൂത്രണ പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ‘നാം രണ്ട്…നമുക്ക് രണ്ട്…’ എന്നത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കുടുംബാസൂത്രണ മുദ്രാവാക്യമായിരുന്നു. ഹിന്ദിയില്‍ ഹം ദോ, ഹമാരേ ദോ എന്നാണ്. ഒരു കുടുംബം, രണ്ട് കുട്ടികള്‍ എന്നര്‍ത്ഥമുള്ള ഒരു മുദ്രാവാക്യമാണ് ഇത്. ജനസംഖ്യ കുറയ്ക്കാന്‍ അടിയന്തിരാവസ്ഥ കാലത്ത് നിര്‍ബന്ധിത വന്ധ്യകരണം നടത്തുക വരെ ഉണ്ടായത് ചരിത്രം.
ഇന്ത്യയുടെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്ന വലിയ രോദനം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ഉണ്ടായിരുന്നു. ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവ് ഒരു രാഷ്ട്രീയ വിഷയമായി തന്നെ പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നു. ആരോഗ്യകരമായ കുട്ടികളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതായും ഉണ്ടായി. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ദിര ഗാന്ധിക്ക് വലിയ തലവേദനയായിരുന്നു. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കുന്നത് വിഷയമാക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. കാര്‍ട്ടൂണ്‍ തന്നെ ലളിതമായി വിഷയം പറയുന്ന ഒന്നാണ്.