UPDATES

തൃക്കാക്കരയുടെ ചരിത്രത്തില്‍ വരയുന്ന ഓണക്കഥകള്‍

മഹാബലിയുടെയും, തൃക്കാക്കരയുടെയും കഥകളുമായി കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ ‘തൃക്കാക്കര സ്‌കെച്ചസ്’

                       

(പ്രശസ്ത കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ സുധീര്‍ നാഥിന്റെ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്ന ‘തൃക്കാക്കര സ്‌കെച്ചസ്’ എന്ന പുസ്തകത്തില്‍ നിന്നെടുത്ത ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അഴിമുഖം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തൃക്കാക്കരയുടെ പരിണാമവും വികാസവും തികഞ്ഞ നര്‍മബോധത്തോടെയും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതബോധത്തോടെയും പ്രതിഫലിപ്പിക്കുന്ന വിവരണങ്ങളാണ് സുധീര്‍ നാഥിന്റെ തൃക്കാക്കര സ്‌കെച്ചസ് എന്നാണ് ഡോ. എം ലിലാവതി അവതാരികയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്)

കേരളത്തിന്റെ ഉത്സവമെന്നു കേള്‍ക്കുമ്പോള്‍ ഓണവും, ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കയരപ്പനും പൂക്കളവും തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികം. ഞാന്‍ കളിച്ചു വളര്‍ന്ന, എന്റെ ഗ്രാമമായ തൃക്കാക്കരയും അവിടുത്തെ പ്രശസ്തമായ മഹാക്ഷേത്രവും പരിചയപ്പെടുത്തട്ടെ. മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മളെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും സുപ്രധാന പങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലം തൃക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവയ്ക്കും ഇടയിലാണ് തൃക്കാക്കര. ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരേയും തൃക്കാക്കരയിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് തുടങ്ങാം.

തൃക്കാക്കര ക്ഷേത്രത്തിന് 4500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ബി.സി നാലാം ശതകത്തില്‍ കേരളത്തില്‍ സന്ദര്‍ശനത്തിന് വന്ന ഗ്രീക്ക് സഞ്ചാരി മെഗസ്റ്റനീസ് രേഖപ്പെടുത്തിയിരിക്കുന്ന ഡയറി കുറിപ്പുകള്‍ കൗതുകകരമാണ്. തൃക്കാക്കരയിലെ അതിപുരാതനമായ മാതേവരെപ്പറ്റിയും, അവിടുത്തെ കൊട്ടാരങ്ങളെ പറ്റിയും, ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലില്‍ കടല്‍ തിരകള്‍ അടിക്കുന്നതിനെ പറ്റിയും എഴുതിയിട്ടുണ്ട്. അതായത് തൃക്കാക്കര മുതല്‍ കൊച്ചി വരെയുള്ള ഭൂപ്രദേശം പില്‍ക്കാലത്ത് രൂപം കൊണ്ടതാണെന്ന് കണക്കാക്കാം. തൃക്കാക്കര ക്ഷേത്രത്തിലെ കല്ല്യാണ മണ്ഡപത്തിന്റെ നിര്‍മിതിക്കായി കുഴിച്ചപ്പോള്‍ കിഴക്ക് ഭാഗത്ത് ചെങ്കല്ലും, പടിഞ്ഞാറെ ഭാഗത്ത് ചെളിയുമാണ് കണ്ടത് എന്നത് മുന്‍ പറഞ്ഞ ഡയറി രേഖകളെ സാധൂകരിക്കുന്നു.

മഹാബലിയുടെ നല്ലകാലത്തിന്റെ ഓര്‍മയ്ക്ക്
മഹാബലിയുടെ രാഷ്ട്രം ക്ഷേമ രാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ ലോകത്തുപോലും കാണാന്‍ കഴിയാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കുപോലും അസൂയ ഉളവാക്കുന്നതായിരുന്നു. മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ച് ദേവന്മാര്‍ അറിഞ്ഞു. അദ്ദേഹത്തെ അനുഗ്രഹിച്ച് ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കുകയാണ് ഉണ്ടായത്. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്.

പരശുരാമന്‍ മഴു എറിഞ്ഞ് കേരളമുണ്ടാക്കി അവിടെ ബ്രാഹ്‌മണന്മാരെ കുടിയിരുത്തി. അവര്‍ക്ക് വൈഷ്ണവ പ്രതിഷ്ഠകള്‍ നടത്തുവാനായി തൃക്കാക്കരയില്‍ എത്തി. അവിടെ ഭരിച്ചിരുന്ന പ്രജാക്ഷേമതത്പരനും ശിവഭക്തനുമായ ദ്രാവിഡ രാജാവായ മഹാബലിയെ സ്ഥാനഭ്യഷ്ടനാക്കി ബ്രാഹ്‌മണര്‍ തൃക്കാക്കര പിടിച്ചെടുത്തു. ജനരോഷം ഭയന്നു മഹാബലിക്ക് ഓണത്തിന് പ്രജകളെ കാണുവാന്‍ വരുന്നതിന് അനുമതി നല്‍കുകയായിരുന്നു എന്ന ചരിത്രവുമുണ്ട്.

കേരളത്തിലേയ്ക്ക് ജൈനന്മാര്‍ വന്ന കാലത്ത് ത്യക്കാക്കരയായിരുന്നു പ്രധാന കേന്ദ്രം. അവിടെ ഭരിച്ചിരുന്നത് നീതിമാനും, പ്രജകളുടെ പ്രിയപ്പെട്ടവനുമായ ഒരു തീര്‍ത്ഥങ്കരനായിരുന്നു. വൈഷ്ണവ ആധിപത്യം ലഭിക്കുന്നതിനായി അവര്‍ ഭരണ തലവനായ തീര്‍ത്ഥങ്കരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ത്യക്കാക്കരയുടെ അധികാരം കൈക്കലാക്കുകയായിരുന്നു. നീതിമാനായ ഭരണാധികാരിയെ നീക്കം ചെയ്തു എന്ന പഴി ജനങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ വൈഷ്ണവര്‍ തീര്‍ത്ഥങ്കരനെ മഹാബലിയായി ചിത്രീകരിക്കുകയും യുദ്ധത്തെ വാമനാവതാരമായി ആരോപിക്കുകയുമാണുണ്ടായതെന്ന ഒരു ചരിത്ര പക്ഷവുമുണ്ട്. പുരാണത്തിലെ മഹാബലി കുടവയറനല്ല. എന്നാല്‍ പ്രശസ്തരായ തീര്‍ത്ഥങ്കരന്‍മാരെല്ലാം കുടവയറന്മാരാണ്. തീര്‍ത്ഥങ്കരനായിരുന്നു മഹാബലിയെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നത് മഹാബലിയുടെ കുടവയര്‍ ചൂണ്ടികാട്ടിയാണെത്ര…!

എന്തായാലും, മഹാബലിയുടെ നല്ലകാലത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഇത്തരം നിരവധി കഥകള്‍ മഹാബലിയേയും, തൃക്കാക്കരയെയും ചുറ്റിപ്പറ്റിയുണ്ട്.

തൃക്കാക്കരയും പരിസര സ്ഥലങ്ങളും
ഇത്രയധികം ചരിത്ര പ്രാധാന്യവും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന തൃക്കാക്കര എറണാകുളം ജില്ലയിലാണ്. എറണാകുളത്തുനിന്നും പത്തുകിലോമീറ്റര്‍ വടക്കുമാറിയാണ് തൃക്കാക്കര. കേരളത്തിലെ പ്രധാന വാമനക്ഷേത്രം തൃക്കാക്കരയിലാണുള്ളത്. ക്ഷേത്രത്തില്‍ വാമനപ്രതിഷ്ഠ നടത്തിയത് കപില മഹര്‍ഷിയാണെന്നും പരശുരാമനാണെന്നും ഭിന്ന അഭിപ്രായവുമുണ്ട്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് ആറാമത്തെ അവതാരമായ പരശുരാമന്‍ ക്ഷേത്രം പണിതു എന്ന് ചിലര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ചേര്‍ന്നുള്ള കപില തീര്‍ത്ഥകുളം കപില മഹര്‍ഷിയെ അനുകൂലിക്കുന്ന ചരിത്രകാരന്‍മാര്‍ ചൂണ്ടി കാട്ടുന്നു. അക്കാലത്ത് ക്ഷേത്രത്തിലേക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിച്ചിരുന്ന സ്ഥലം പൂക്കാട്ടുപടിയായും സദ്യയ്ക്കുവേണ്ട നെല്ലുകുത്തിയ ഉമി ഇട്ടിരുന്ന ഉമിച്ചിറ ക്രമേണ ഉണിച്ചിറയായും രാജാക്കന്മാരുടെയും മറ്റും ആനകളെ തളച്ചിരുന്ന കളഭശ്ശേരി പിന്നീട് കളമശ്ശേരി എന്ന സ്ഥലനാമമായും ഇന്നും സ്ഥിതിചെയ്യുന്നത് ഐതിഹ്യത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

28 ദിവസത്തെ ഉത്സവം
ഓണം നാളില്‍ തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൊല്ലവര്‍ഷാരംഭത്തില്‍ കേരളം ഭരിച്ചിരുന്നത് നാട്ടുരാജാക്കന്മാരായിരുന്നു. മഹോദയപുരം തലസ്ഥാനമായ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ചേര ചക്രവര്‍ത്തിക്കായിരുന്നു നാട്ടുരാജാക്കന്മാരുടെ മേല്‍ക്കോയ്മ. ഈ സാമ്രാജ്യത്തിന്റെ മധ്യഭാഗത്തായി അറബിക്കടലിനും, പെരിയാറിനും തീരത്തായിരുന്നു കാല്‍ക്കരൈ നാട് എന്ന നാട്ടുരാജ്യം. അതിന്റെ തലസ്ഥാനം ത്യക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കര്‍ക്കിടത്തിലെ തിരുവോണ നാള്‍ മുതല്‍ ചിങ്ങം നാളിലെ തിരുവോണ നാള്‍ വരെ ചേര സാമ്രാജ്യത്തിലെ നാടുവാഴികളുടെ വാര്‍ഷിക കൂട്ടായ്മ ത്യക്കാക്കര ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി ഉത്സവമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. കേരളത്തിലെ അമ്പത്താറ് നാടുവാഴികളും ത്യക്കാക്കരയിലെ അവരവരുടെ കോവിലകങ്ങളില്‍ പ്രജകളോടൊത്ത് എത്തി താമസിച്ച് ഒത്തൊരുമയോടെയാണ് ഉത്സവത്തില്‍ പങ്കെടുത്തിരുന്നത്. കാലക്രമേണ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാവുകയും ഉത്സവാഘോഷം ക്ഷയിക്കുകയുമാണുണ്ടായത്. രാജാക്കന്മാര്‍ തമ്മിലുണ്ടായ ശത്രുതയില്‍ തൃക്കാക്കര ക്ഷേത്രവും നിരവധി ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ നാശത്തിലേക്ക് തള്ളപ്പെട്ടു.

ത്യക്കാക്കരയില്‍ നിന്ന് വീട്ടുമുറ്റത്തേയ്ക്ക്
ത്യക്കാക്കര ക്ഷേത്രത്തില്‍ നാട്ടുരാജാക്കന്മാര്‍ 28 ദിവസത്തെ ഉത്സവത്തില്‍ അവസാന പത്ത് ദിവസമാണ് ഓണം കെങ്കേമമായി കൊണ്ടാടിയിരുന്നത്. അതായത് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നതു പോലെ ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്തു ദിവസം. അറുപത്തിനാല് ഗ്രാമ തലവന്മാരുടെ വക ഓരോ ഗജവീരന്മാരും, പെരുമാളിന്റെ വക ഒരു ഗജവീരനും ചേര്‍ത്ത് അറുപത്തിയഞ്ച് ഗജവീരന്‍മാര്‍ ത്യക്കാക്കര ക്ഷേത്ര ആറാട്ടിന് എഴുന്നള്ളിയിരുന്നു. ഉത്സവദിവസങ്ങളില്‍ എല്ലാ രാജാക്കന്‍മാരും ചേര്‍ന്ന് പ്രജകള്‍ക്ക് ക്ഷേത്രത്തില്‍ സദ്യയും ഒരുക്കിയിരുന്നു. അവസാന മൂന്നു ദിവസങ്ങളില്‍ അതിവിപുലമായ ഓണസദ്യയാണ് ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും ത്യക്കാക്കാരയില്‍ എത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും അതുമൂലം പലപ്പോഴും സൗഹ്യദാന്തരീക്ഷം നശിച്ച് വഴക്കും മറ്റും തുടങ്ങി. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനാണ് പ്രജകള്‍ക്ക് സ്വന്തം വീടിന്റെ മുറ്റത്ത് തന്നെ അത്തം മുതല്‍ പത്ത് ദിവസം പൂക്കളം ഒരുക്കി ത്യക്കാക്കരയപ്പനെ വെച്ച് ഓണം ആഘോഷിക്കുവാന്‍ പെരുമാള്‍ അനുമതി കൊടുത്തത്.

Share on

മറ്റുവാര്‍ത്തകള്‍