സിനിമക്കുളളിലെ സിനിമ എന്ന പ്രമേയം മലയാള സിനിമക്ക് പുത്തരിയല്ല, ആ പട്ടികയിലേക്ക് കൂട്ടി ചേർക്കാവുന്നതാണ് സംവിധായകന്‍ ജീൻ പോൾ ലാൽ പ്രേക്ഷകർക്ക് സമ്മാനിച്ച നടികർ. ആധുനിക സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ലാഞ്ചന ഇടക്കിടെ ടൊവിനോ തോമസിന്റെ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിൽ ഒളിഞ്ഞും തെളിഞ്ഞും കാണാൻ സാധിക്കും. താരങ്ങളെ സിനിമയിലും വളരെ കുറച്ച് സമയം പൊതു വേദികളിലും ആരാധകർക്ക് കാണാൻ സാധിക്കാറുള്ളത്. അവരിലെ പൊള്ളയായ സൂപ്പർ സ്റ്റാർഡത്തിന്റെ ഭാരം പേറുന്നവരെ ഇടക്ക് ചിത്രം കുത്തിനോവിക്കുന്നുമുണ്ട്. സാധാരണക്കാരനിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് സൂപ്പർ സ്റ്റാർ ആയ ഡേവിഡ് പടിക്കൽ, തന്റെ സ്റ്റാർഡത്തിൽ തട്ടി വീഴുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. മുൻകാല വിജയങ്ങളുടെ പ്രാബല്യത്തിൽ താൻ വലിയ നടൻ ആണെന്ന് സ്വയം പറയുന്ന സരോജ് കുമാറിന്റെ പുതിയ മുഖമാണ് പലപ്പോഴും ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കലിന്.
ലഘുവായ ഒരു കഥയെ ജീൻ സമീപിച്ച രീതിയും മേക്കിങ്ങും കൊണ്ട് ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ചെയ്തിട്ടുണ്ട് എങ്കിലും, ഒന്ന് കാൽ വഴുതിയാൽ ഉദയനാണ് താരത്തിലോ, സൂപ്പർ സ്റ്റാർ സരോജ് കുമാറിലോ ചെന്നെത്തി നിന്നേനെ നടികർ എന്ന് പറയാം. സിനിമയ്ക്കുള്ളിലെ ആഘോഷ അന്തരീക്ഷം ഇത്തവണയും ജീൻ പോൾ ലാൽ മാറ്റി നിർത്തിയിട്ടില്ല. നിറങ്ങൾ കൊണ്ട് സമ്പുഷ്ട്ടവും, മനോഹരമായ ഫ്രയിമുകളും പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. മിന്നൽ മുരളി, ലാലേട്ടൻ, മമ്മൂക്ക തുടങ്ങിയ റഫറൻസുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഇൻസെന്സിറ്റീവ് സെൽഫ് ഒക്ക്യൂപൈഡ് പ്രിക്’ എന്ന് ചിത്രത്തിൽ ഭാവന തന്നെ വിളിക്കുണ്ട്. ഒറ്റവരിയിൽ ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കലിനെ വിശേഷിപ്പിക്കാൻ ഈ ഒറ്റ വരി തന്നെ ധാരാളമാണ്. പരാജയങ്ങൾ നൽകിയ കൈപ്പുനീര് രുചിക്കുന്ന ഡേവിഡ് പടിക്കലിന്റെ തുടർ ചിത്രങ്ങളെയും ബാധിക്കുന്നു. ഈ നിരാശയും കുട്ടികാലം മുതൽ തുടരുന്ന അരക്ഷിതാവസ്ഥയും ചേർന്ന് വലിയൊരു പ്രശ്നക്കാരനായി ഡേവിഡിനെ മാറ്റുന്നു. ഈ മോശം അവസ്ഥയിൽ നിന്ന് തിരികെ പിടിയ്ക്കാനായി സൗബിൻ ഷാഹിറിന്റെ ബാല എന്ന കഥാപാത്രം എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികാലത്തെ സ്നേഹം കിട്ടാതെ വളർന്നതിന്റെ അരക്ഷിതാവസ്ഥ കാണിക്കുന്നുണ്ടെങ്കിൽ തന്നെയും പ്രേക്ഷകരുമായി വൈകാരിക അടുപ്പം സൃഷ്ട്ടിക്കാൻ ഡേവിഡ് പടിക്കലിന് സാധിച്ചോ എന്നത് സംശയമാണ്.
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം?
അഭിനയം പഠിപ്പിക്കാൻ എത്തി ഡേവിഡ് പടിക്കലിനെ ജീവിതം പഠിപ്പിച്ചുകൊണ്ടാണ് സൗബിൻ ഷാഹിർ പോകുന്നത്. ബാല എന്ന കഥാപാത്രത്തിലൂടെയാണ് ഡേവിഡ് പടിക്കൽ തന്നെ തന്നെ സ്വയം തിരിച്ച് പിടിക്കുന്നത്. ശക്തമായ സ്ക്രിപ്റ്റ് ഇല്ലാത്തതിന്റെ എല്ലാ വിധ പോരായ്മകൾക്കും ചിത്രത്തിനുണ്ട്. ആൻ ബാവ എന്ന കഥാപാത്രത്തിലൂടെ ഭാവന എത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോയത് നിരാശ ജനകമായിരുന്നു.
ബാലു വർഗീസ് , സുരേഷ് കൃഷ്ണ എന്നിവർ തങ്ങളുടെ ഭാഗം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പതിവ് തമാശകൾ ചിത്രത്തിൽ ബാലു വർഗീസിനുണ്ടെങ്കിലും ചിത്രത്തിലുള്ള വൈകാരിക രംഗങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണയും തന്റെ ഭാഗം കൃത്യമായി ചെയ്തിരിക്കുന്നു. സുരേഷ് കൃഷ്ണ, ബാലു വർഗീസ്, സൗബിൻ ഷാഹിർ, ടോവിനോ കൂട്ട് കെട്ട് ഇതുവരെ മലയാള ലോകം കണ്ടിട്ടില്ലാത്തതാണ് ആ പുതുമ കൂടി ചിത്രം നൽകുന്നുണ്ട്. വളരെ കുറച്ച് മാത്രം സീനുകളിൽ എത്തുന്ന ചന്തു സലിം കുമാറിന്റെ തമാശ രംഗങ്ങൾ തീയറ്ററിൽ ചിരി പടർത്താൻ പോന്നതാണ്.
സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോഴും ജീനിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നടികർ ഒരു ‘വൺ ടൈം വാച്ച്’ ആയി കണക്കാക്കാവുന്നതാണ്
.
Content Summary: Nadikar, Tovino thomas new malayalam movie