June 26, 2026 |
Share on

വിവാദങ്ങളില്‍ ഇനി വിധിയെഴുത്ത്; നിലമ്പൂര്‍ പുതിയ സമവാക്യങ്ങളെഴുതുമോ?

ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂരിന്റെ കഥാവഴി അപ്രതീക്ഷിത ട്വിസ്റ്റുകളുടേതായിരുന്നു

കൊട്ടികലാശത്തോടെ ക്ലൈമാക്സും, നിശബ്‌ദ പ്രചാരണത്തോടെ ടെയിൽ എൻഡും കഴിയുമ്പോൾ, നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് മാപ്പിൽ ഇനി ബാക്കിയുള്ളത് ജനവിധിയാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂരിന്റെ കഥാവഴി അപ്രതീക്ഷിത ട്വിസ്റ്റുകളുടേതായിരുന്നു. കഥ അവസാനത്തോട് അടുത്തതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. മാനം പോകാതെ നോക്കാൻ തൃണമൂൽ കോൺഗ്രസ്സ് നേതാവായ അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജും പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും. ഏഴ്‌ പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമടങ്ങുന്ന, കർഷകരും കുടിയേറ്റ ജനതയും ചെറുകിട വ്യാപാരികളും ആദിവാസികളും ഉൾപ്പെട്ട മലയോര മേഖല അതാണ് നിലമ്പൂർ. 2021 ഏപ്രില്‍ ആറിനാണ് കഴിഞ്ഞ നിയമസഭ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 2026-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും തികച്ചില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകുന്നതും ഇത് തന്നെയാണ്. പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ തിളക്കം മാറും മുൻപാണ് നിയമസഭാ തിരഞ്ഞെടുപ്പുവരെ നീളുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള സ്റ്റാർട്ടിങ് വിസിലാണ് നിലമ്പൂരിൽ മുഴങ്ങി കേട്ടത്. ഇനി കാണാനുള്ളത് തദ്ദേശ തിരഞ്ഞെടുപ്പെന്ന സെമിഫൈനലും നിയമസഭയിലേക്കുളള ഫിനാലെ പോരാട്ടവും.

നിലമ്പൂരില്‍ വീശിയടിക്കുന്ന രാഷ്ട്രീയ കാറ്റിന് സത്യത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നതിൽ സംശയമില്ല. ഇടത് പക്ഷത്തിനും പ്രതിപക്ഷത്തിനും ശക്തമായ സ്വാധീനമുള്ള നിയമസഭ മണ്ഡലമാണ് നിലമ്പൂര്‍. ആയതിനാൽ തന്നെ യഥാർത്ഥത്തിൽ നിലമ്പൂർ വേദിയാകേണ്ടി ഇരുന്നത് ഇടത് വലത് മുന്നണികളുടെ രാഷ്രീയ വിചാരണയ്ക്ക് കൂടിയായിരുന്നു. എന്നാൽ നിലമ്പൂരിൽ സംഭവിച്ചത് മറിച്ചാണ്. മൂന്നാം അങ്കത്തിന് കോപ്പ് കൂട്ടുന്ന പിണറായി സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരം ഉയർത്തിപിടിക്കാനോ പോരായ്മകളെയും വീഴ്ചകളെയും നിലമ്പൂരിലൂടെ കേരള സമൂഹത്തിന്റെ മുമ്പാകെ വെക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു പ്രതിപക്ഷത്തിന് കൈവന്നിരുന്നത്, എന്നാൽ അതും കുറിക്ക് കൊള്ളിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇത് നേട്ടമായി മാറുന്നത് പിണറായി സർക്കാരിന് തന്നെയാകും. മറുവശത്തു ഭരണ പക്ഷത്തിനാകട്ടെ സ്വന്തം നേട്ടങ്ങളെ വോട്ടാക്കാനുള്ള വേദിയായിരുന്നു നിലമ്പൂര്‍.

എന്നാൽ തീർത്തും രാഷ്ട്രീയപരമായി പുരോഗമിക്കേണ്ടിയിരുന്ന ഒരു ജനാധിപത്യ പ്രക്രിയെ തീർത്തും നിഷ്പ്രഭമാക്കിയ വിവാദങ്ങളുടെ പെരുമഴയാണ് തുടക്കം മുതൽക്കേ നിലമ്പൂരിൽ പെയ്തിറങ്ങിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം അടയാളപ്പെടുത്തിയതും ജനാധിപത്യ സംവാദങ്ങളോ ഭരണ പ്രതിപക്ഷ മുന്നണികളുടെ വാദ പ്രതിവാദങ്ങളോ അല്ല മറിച്ച് ചർച്ചയായത് വർഗീയതയും രാഷ്ട്രീയ നാടകങ്ങളുമാണ്. അവയാകട്ടെ രാഷ്ട്രീയ കേരളത്തിന്റെ ജനാധിപത്യം മൂല്യങ്ങളുടെ നിറം കെടുത്തുന്നവയും. അതെ സമയം, സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുന്നോട്ട് വെച്ചത് ആവനാഴിയിലെ മികച്ച അമ്പുകളെ തന്നെയായിരുന്നു. അതിന് തെളിവായിരുന്നു ഇരു വിഭാഗത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ലഭിച്ച സ്വീകാര്യത. തൃക്കാക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് അടുത്ത കേരള ഭരണം ലക്ഷ്യമിട്ടാണ് നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ തിരിച്ചുപിടിക്കാൻ ഇറക്കിയത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വിജയം ഹൈക്കമാന്റിനും ഏറെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തും സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചതും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായിരിക്കെ ദേശീയ തലത്തില്‍ നടപ്പാക്കിയ ശ്രദ്ധേയ പദ്ധതികളുടെ മികവുമാണ് ആര്യാടന്‍ ഷൗക്കത്തിന് അവകാശപെടാനുള്ളത്. എന്നാൽ അവിടെയും സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് പരിഗണിച്ചത് എന്ന് കാണാം. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള മുസ്ലീം ഭൂരിപക്ഷമായ 6 ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാറില്‍ ഹിന്ദു വിഭാഗത്തില്‍ നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഐ.സി ബാലകൃഷ്ണന്‍, മലപ്പുറത്ത് വണ്ടൂരില്‍ നിന്നും എ.പി അനില്‍കുമാര്‍, പാലക്കാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ 3 എം.എല്‍.എമാരാണുള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് കണ്ണൂര്‍ ഇരിക്കൂറില്‍ നിന്നും സജീവ് ജോസഫ്, പേരാവൂരില്‍ നിന്നും സണ്ണി ജോസഫ് എന്നിവരും മുസ്ലീം വിഭാഗത്തില്‍ നിന്ന് വയനാട് കല്‍പ്പറ്റയില്‍ നിന്നുള്ള ടി. സിദ്ദിഖും മാത്രമാണുള്ളത്. നേരത്തെ ടി. സിദ്ദിഖും പാലക്കാട് ഷാഫി പറമ്പിലുമായി മലബാറില്‍ നിന്നും രണ്ട് മുസ്ലീം എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുകയും ചെയ്തതോടെ മലബാറിലെ കോണ്‍ഗ്രസിന്റെ മുസ്ലീം പ്രാതിനിധ്യം രണ്ടില്‍ നിന്നും ഒന്നായി കുറഞ്ഞു.

മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കുന്നതോടെ മുസ്ലീം പ്രാതിനിധ്യമാണ് കോണ്‍ഗ്രസിന് ഉറപ്പിക്കാനാവുക. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമായിരുന്നു ഷൗക്കത്തിനെ വെട്ടാൻ തക്ക എതിരാളിയായി ഡിവൈഎഫ് ഐ, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു എം സ്വരാജിനെ ഇടത് പക്ഷം രംഗത്തിറക്കിയത്. സ്വരാജിലൂടെ നിലമ്പൂരില്‍ മാത്രമല്ല കേരളത്തിലും ഭരണത്തുടർച്ചയാണ് ഇടതുമുന്നണി സ്വപ്നം കാണുന്നത്. എന്നാൽ അവിടെയും സ്ഥാനാർത്ഥികളുടെ മികവിനെയും കവച്ച് വെച്ചത് മറുവശത്തു നടന്ന പല രാഷ്രീയ നാടകങ്ങളായിരുന്നു. സകലയിടത്തും പുകഞ്ഞ കൊള്ളിയായി ഒടുക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ ഒരടഞ്ഞ അദ്ധ്യായമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായ പി വി അൻവറും, രാഷ്ട്രീയ കേരളത്തെ പഠിപ്പിക്കുന്നത് സ്വാർത്ഥ താല്പര്യങ്ങൾക്ക് പിന്നാലെയോടുന്ന നേതാക്കളുടെ നിലനിൽപ്പില്ലായ്മയുടെ പാഠം കൂടിയാണ്.

തിരഞ്ഞെടുപ്പു വിജയത്തിനായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയടക്കം തേടുന്ന വർഗീയതയെ എതിർക്കുന്ന കേരളത്തിന്റെ, വർഗീയ രാഷ്ട്രീയത്തിന്റെ ‘ന്യൂ മോഡലും’ നിലമ്പൂരിൽ കാണാൻ കഴിയുന്നുണ്ട്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശവുമടക്കം പൊടിതട്ടിയെടുത്ത് പ്രതിപക്ഷം നിലമ്പൂരിൽ ചർച്ചയാക്കിയപ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ക്ഷേമ പെൻഷൻ പ്രസ്താവനയാണ് എൽ.ഡി.എഫ് ആയുധമാക്കിയത്. മലപ്പുറം വിരുദ്ധ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റുപിടിച്ചതോടെ കാര്യങ്ങൾ പിന്നെയും വഷളായി. യു.ഡി.എഫിന് പുറത്തുള്ള ന്യൂനപക്ഷ വോട്ടുകളും സ്വാധീനിക്കാൻ കോൺഗ്രസ് ലക്ഷ്യമിട്ടപ്പോൾ, ക്ഷേമ പെൻഷൻ വിതരണം തടയാൻ ശ്രമിക്കുന്നെന്ന പ്രചാരണത്തിലൂടെ സാധാരണക്കാരെ സ്വാധീനിക്കുന്നതിലായിരുന്നു എൽ.ഡി.എഫിന്റെ കണ്ണ് പതിഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ നിലമ്പൂരിൽ കോൺഗ്രസ് ചർച്ചയാക്കിയ മറ്റൊന്നാണ് ‘പെട്ടി വിവാദം’, തിരഞ്ഞടുപ്പ് കാലത്ത് മാത്രം കാണാൻ സാധിക്കുന്ന പഴകി പതഞ്ഞ മറ്റൊരു ഐറ്റം. തുടരെ തുടരെ മൂന്നാം കിട നമ്പറുകളടകം നിലമ്പൂരിന്റെ ലേബലിൽ കളം നിറയുമ്പോൾ ബാക്കിയാവുന്നത് യഥാർത്ഥത്തിൽ നിലമ്പൂരിൽ ചർച്ചാ ചെയ്യപ്പെടേണ്ട വിഷയങ്ങൾ ഇവയായിരുന്നോ എന്ന ചോദ്യമാണ്. തുടരേ തുടരെ വിവാദങ്ങൾ ഉണ്ടാവുകയും ചർച്ചകൾ അതിന് പിന്നാലെ നീങ്ങുകയും ചെയ്തത്തോടെ ഒരു തിരഞ്ഞെടുപ്പ് കാലത്തുണ്ടാകേണ്ട രാഷ്ട്രീയ മാനം നിലമ്പൂരിന് കൈമോശം വരികയുമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള രസ തന്ത്രമായി വിവാദങ്ങളെയും വർഗീയതയും കേരളം പോലൊരു സംസ്ഥാനം കൂട്ട് പിടിക്കാൻ തുടങ്ങിയാൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ വലുതാണ്.

content summary: Nilambur Assembly by-election

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×