June 26, 2026 |
Share on

കന്നഡ ഭാഷയെക്കുറിച്ച് ഇനി മിണ്ടരുത്; കമൽഹാസന് വിലക്കുമായി ബെം​ഗളൂരു കോടതി

പരാമർശം ഒരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കോടതി

കന്നഡ ഭാഷാ വിവാദത്തിൽ നടൻ കമൽഹാസനെതിരെ ​ഗാ​ഗ് ഉത്തരവ് പുറപ്പെടുവിച്ച് ബെം​ഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. കന്നഡ ഭാഷയെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ളതാണ് കോടതിയുടെ ഉത്തരവ്. ജൂലൈ 2 ന് കന്നഡ സാഹിത്യ പരിഷത്തിന്റെ ചെയർമാൻ മഹേഷ് ജോഷി ഫയൽ ചെയ്ത കേസിനെ തുടർന്നാണ് നടപടി. തമിഴ് ഭാഷ കന്നഡയേക്കാൾ ശ്രേഷ്ഠമാണെന്ന തരത്തിലുള്ള കമൽഹാസന്റെ പരാമർശം ഒരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് കേസിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ കന്നഡ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കൂടുതൽ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് കമൽ ഹാസനെ വിലക്കണമെന്ന് സംഘടന കോടതിയോട് ആവശ്യപ്പെട്ടു.

കന്നഡ സാഹിത്യ പരിഷത്തിന് കന്നഡക്കാരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും അവരുടെ സംസ്കാരം സംരക്ഷിക്കാനും അധികാരമുണ്ടെന്ന് സിവിൽ കോടതി ചൂണ്ടിക്കാട്ടി. കമൽഹാസന്റെ വാദം കേൾക്കാതെയാണ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഭാഷ മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാണെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകൾ തടയാൻ നടപടി ആവശ്യമാണെന്നും പരാമർശങ്ങൾ കന്നഡ ജനതയുടെ ഭൂമി, ഭാഷ, സംസ്കാരം എന്നിവയെക്കുറിച്ചുള്ള വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും കോടതി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് അടുത്ത വാദം കേൾക്കുന്നത് വരെ ഈ വിലക്ക് തുടരുമെന്നും കോടതി അറിയിച്ചു. തമിഴ് ചിത്രം ‘തഗ് ലൈഫിന്റെ’ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നടൻ കമൽ ഹാസൻ നടത്തിയ പ്രസ്താവനയാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നർഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് പരിപാടിയിൽ കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട്, ‘‘ഇത് ആ സ്ഥലത്തെ എന്റെ കുടുംബമാണ്. അതുകൊണ്ടാണ് ശിവരാജ്കുമാർ ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷയായ കന്നഡ തമിഴിൽ നിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും അതിൽ ഉൾപ്പെടുന്നു’’ എന്ന് കമൽഹാസൻ പറഞ്ഞു.

പരാമർശത്തിന് പിന്നാലെ കമൽഹാസനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. കന്നഡി​ഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡ ഭാഷയെ അപമാനിച്ചുെവന്നും തന്റെ തെറ്റിന് കമൻഹാസൻ ജനങ്ങളോട് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നു. കമൽഹാസന്റെ പരാമർശത്തെ കർണാടക കോടതിയും രൂക്ഷമായി വിമർശിച്ചു. മാത്രമല്ല കമൽഹാസൻ്റെ സിനിമയായ തഗ് ലൈഫ് കർണാടകയിൽ നിരോധിക്കുകയും ചെയ്തിരുന്നു.

Content Summary: Bengaluru court restrains Kamal Haasan from making remarks about the Kannada language

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×