July 15, 2025 |
Share on

കാലാവസ്ഥ വ്യതിയാനത്തിനെതിരെ കത്തോലിക്കാ സഭ: പരിസ്ഥിതിക്കായി ഇനി പ്രത്യേക കുർബാന

പ്രകൃതിപരിപാലനം പ്രവൃത്തി പഥത്തിലേക്ക്

ലോകമെങ്ങും പാരിസ്ഥിക പരിവർത്തനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും ആഗോള കത്തോലിക്ക സഭ ശബ്ദമുയർത്താറുണ്ട്. ആഗോള കാലാവസ്ഥ വ്യതിയാനത്തിനെതിരെ കുർബാന അർപ്പിക്കാനൊരുങ്ങുകയാണ് സഭ, റോയിട്ടേഴ്‌സ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഭൂമിയെ പരിപാലിക്കാൻ സഭാ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിനായാണ് സഭയുടെ പുതിയ നീക്കം. നൂറ്റാണ്ടുകളായി, കത്തോലിക്കാ സഭയിലെ പുരോഹിതന്മാർ രാജ്യത്തിനുവേണ്ടിയും, വിളവെടുപ്പിനുശേഷവും പ്രകൃതിദുരന്ത കാലങ്ങളിലുമെല്ലാം പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടത്താറുണ്ട്.

സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ ഒന്നിന് സഭ ആചരിക്കാനിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെയും മുന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകാനും, പ്രകൃതിപരിപാലനം വാക്കുകളിൽനിന്ന് പ്രവൃത്തി പഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്തിരിക്കുകയാണ് ലിയോ പതിനാലാമൻ പാപ്പാ.

‘ഈ കുർബാന … ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളുടെ വിശ്വസ്തരായ കാര്യസ്ഥന്മാരായിരിക്കാൻ നമ്മെ വിളിക്കുന്നു, ദൈനംദിന തിരഞ്ഞെടുപ്പുകളിലും പൊതുനയങ്ങളിലും മാത്രമല്ല, നമ്മുടെ പ്രാർത്ഥനയിലും, ആരാധനയിലും, ലോകത്തിലെ നമ്മുടെ ജീവിതരീതിയിലും പോലും,’ വ്യാഴാഴ്ച വത്തിക്കാൻ പത്രസമ്മേളനത്തിൽ സംസാരിച്ച കർദ്ദിനാൾ മൈക്കൽ സെർണി പറഞ്ഞു.

കത്തോലിക്കാ പുരോഹിതന്മാർക്ക് വിവിധ  ആവശ്യങ്ങൾക്കായി കുർബാന അർപ്പിക്കാൻ സഭ അനുവദിക്കുന്നുണ്ട്. ആഗോള കാലാവസ്ഥ പ്രതിസന്ധിക്കെതിരെ ഉറച്ച നിലപാടുകൾ കൈകൊണ്ടയാളായിരുന്നു പരേതനായ ഫ്രാൻസിസ് മാർപാപ്പ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമവായം സ്വീകരിച്ച ആദ്യത്തെ പോപ്പും അദ്ദേഹമായിരുന്നു. 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് അനുസൃതമായി കാർബൺ ഉദ്‌വമനം കുറയ്ക്കാൻ പോപ്പ് ഫ്രാൻസിസ് ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫ്രാൻസിസ് മാർപാപ്പ തന്റെ “ലൗദാറ്റോ സി'” എന്ന ചാക്രികലേഖനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. “ലിയോ മാർപ്പാപ്പ ഈ അജപാലനപരവും പൗരപരവുമായ ആശങ്ക മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാണ്,” യുഎസിലെ വാൻഡർബിൽറ്റ് സർവകലാശാലയിലെ ജെസ്യൂട്ട് പുരോഹിതനും കത്തോലിക്കാ ആരാധനക്രമത്തിൽ വിദഗ്ദ്ധനുമായ റവ. ബ്രൂസ് മോറിൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

“മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ പൂർണ്ണമായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഗുരുതരമായ ഭീഷണികളെ സഭ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പുതിയ വിഷയാധിഷ്ഠിത കുർബാന” അദ്ദേഹം പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കത്തോലിക്കാ ബിഷപ്പുമാർ ആഗോള സർക്കാരുകളോട് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം.

content summary: catholic mass for world halts climate change

Leave a Reply

Your email address will not be published. Required fields are marked *

×