UPDATES

ഉത്തരകാലം

വാഗ്ദാന പെരുമയില്‍ തെലങ്കാന

നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം

                       

രാജ്യത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വാഗ്ദാന പെരുമഴ തെലങ്കാന സംസ്ഥാനത്തു തന്നെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതാത് സംസ്ഥാനങ്ങളില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കുക പതിവുള്ളതാണ്. കോണ്‍ഗ്രസിന് വലിയ ശക്തി ഉണ്ടായിരുന്ന തെലങ്കാനയില്‍ ഇപ്പോള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് ശക്തമായ വേരോട്ടം ഉണ്ടെന്ന് നമുക്കറിയാം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത് തന്നെയാണ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തി പകര്‍ന്നതും.

1953 ഡിസംബറില്‍ ഭാഷാടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുന:സംഘടനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പുന:സംഘടനാ കമ്മീഷനെ നിയമിക്കുകയുണ്ടായി. 1956ലെ ഭാഷാടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുനസംഘടനയെത്തുടര്‍ന്ന് തെലുങ്കാന പ്രദേശങ്ങളും കൂട്ടിച്ചര്‍ത്ത് 1956 നവംബര്‍ ഒന്നിന് തെലങ്കാന, റായല്‍സീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകളുള്‍പ്പെട്ട ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവില്‍ വന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന രാഷ്ട്രീയനീക്കങ്ങളാണ് തെലങ്കാന പ്രക്ഷോഭം എന്ന പേരില്‍ പ്രശസ്തമായത്.

ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ച ആദ്യ നാളുകളിലും, അതിന് മുന്‍പും തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി വലിയ പ്രക്ഷോഭം ഉണ്ടായിരുന്നു. പിന്നീട് ഏറെക്കാലം തെലങ്കാന സംസ്ഥാനം എന്ന ആവശ്യം കാര്യമായി ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്ന രാമറാവുവിന്റെ കാലത്ത് തെലുങ്ക് ഐക്യം കൂടുതല്‍ ശക്തമായി. 2000ത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രി ആയിരിക്കെ 41 കോണ്‍ഗ്രസ് എം. എല്‍. എമാര്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിവേദനം നല്‍കി. ഇതേസമയം കെ. ചന്ദ്രശേഖര്‍ റാവു തെലങ്കാന രാഷ്ട്ര സമിതിക്കും രൂപം നല്‍കുകയുണ്ടായി. പാര്‍ട്ടിയുടെ പേര് തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനായി 2022 ഒക്ടോബര്‍ 5-ന് ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്.) എന്നാക്കി മാറ്റി. 2009 നവംബര്‍ 29 ന് ചന്ദ്രശേഖര്‍ റാവു ആരംഭിച്ച നിരാഹാരത്തെത്തുടര്‍ന്ന് തെലങ്കാന പ്രക്ഷോഭം വീണ്ടും ശക്തമായി.

തെലങ്കാന രൂപീകരണത്തിന് തൊട്ടുമുമ്പ്, 2014 ഏപ്രില്‍ 30-ന്, ഏകീകൃത ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് നടന്നു. 2014 ജൂണ്‍ 2ന് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടു. 1998-ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ചേര്‍ന്ന് ഛത്തീസ്ഗഢിലെ ആദ്യ നിയമസഭ രൂപീകരിച്ചത് പോലെ തന്നെ തെലുങ്കാന നിയമസഭയും രൂപം കൊണ്ടു. ഏകീകൃത ആന്ധ്രാപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ തെലങ്കാന പ്രദേശത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ചേര്‍ന്ന് തെലുങ്കാനയിലെ ആദ്യ നിയമസഭ രൂപീകരിച്ചു. ഭാരത് രാഷ്ട്ര സമിതിക്കായിരുന്നു (ബി.ആര്‍.എസ്.) ഭൂരിപക്ഷം. തെലങ്കാന നിയമസഭ സ്ഥാപിതമായപ്പോള്‍ പാര്‍ട്ടി നേതാവായ കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി തെലങ്കാനയിലെ ആദ്യത്തെ സര്‍ക്കാരിനെ നയിച്ചു. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വന്‍ ഭൂരിപക്ഷം നേടുകയും ബി.ആര്‍.എസ് സര്‍ക്കാര്‍ രൂപീകരിക്കുകയും കെ. ചന്ദ്രശേഖര്‍ റാവു വീണ്ടും മുഖ്യമന്ത്രിയായി. തെലുങ്കാനയിലെ മുന്‍നിര പ്രതിപക്ഷ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. കൂടാതെ തെലുങ്ക് ദേശം പാര്‍ട്ടിയും, ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍, ബി.ജെ.പിയും ഉള്‍പ്പെടുന്ന പ്രതിപക്ഷമുണ്ട്.

ഭാരത് രാഷ്ട്ര സമിതി നേതാവായ കെ ചന്ദ്രശേഖരറാവുവാണ് തെലുങ്കാനയില്‍ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവ്. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു വേണ്ടി പടപൊരുതിയ ഒരു വ്യക്തി എന്നുള്ള നിലയിലുള്ള പ്രതിച്ഛായ അദ്ദേഹത്തിന് സ്വന്തമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി തെലങ്കാനയില്‍ ഭൂരിപക്ഷം നേടുന്നതും തുടര്‍ച്ചയായി രണ്ടു തവണ അധികാരം കൈയാളുന്നതും. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2018 എത്തിയപ്പോള്‍ ബിജെപി ഒരു സീറ്റിലേക്ക് ഒതുങ്ങുകയാണ് ചെയ്തത്. 2014ല്‍ കോണ്‍ഗ്രസിന് 21 സീറ്റ് ഉണ്ടായിരുന്നത് 2018 എത്തിയപ്പോള്‍ 19 ആയി ചുരുങ്ങി. അതേസമയം ഭാരത് രാഷ്ട്ര സമിതിക്ക് 63 സീറ്റില്‍ നിന്ന് 88 സീറ്റുകള്‍ ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചിത്രം മാറുന്നത് കാണാം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഭാരത് രാഷ്ട്ര സമിതി 71 സീറ്റുകളിലേക്ക് കുറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും 21 സീറ്റുകള്‍ വീതം കിട്ടുന്ന വോട്ടിങ്ങ് നില ഉണ്ടായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

ചന്ദ്രശേഖരറാവുവിന്റെ മകനായ കെ ടി രാമറാവു തെലങ്കാനയിലെ വ്യവസായ-ഐടി മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. തെലുങ്കാന രാഷ്ട്രീയത്തില്‍ കെ ചന്ദ്രശേഖര റാവു കുടുംബ ബന്ധങ്ങള്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാവുന്നതാണ്. ഇത് തെലങ്കാനയില്‍ ചര്‍ച്ചയായി എന്നുള്ളത് ഒരു തിരിച്ചടിയായി തന്നെ കണക്കാക്കണം. കെ ചന്ദ്രശേഖരറാവു ദേശീയ രാഷ്ട്രീയത്തിലേക്ക് ചൂവട് മാറുകയും സംസ്ഥാന രാഷ്ട്രീയത്തില്‍ മകന്‍ കെ ടി രാമറാവുവിനെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നുള്ള ലക്ഷ്യം സാക്ഷാത്കരിക്കുമോ എന്ന് തെരഞ്ഞെടുപ്പന്റെ ഫലം വന്നാല്‍ മാത്രമേ അറിയൂ.

തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് എ രേവനാഥ് റെഡ്ഡി. തെലങ്കാനയിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് അദ്ദേഹമാണ്. കോണ്‍ഗ്രസിന്റെ നില നാള്‍ക്കുനാള്‍ മെച്ചപ്പെട്ടു വരുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുമുണ്ട്. ഇതിന് പിന്നില്‍ രേവനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ട് എന്നുള്ളത് നിരീക്ഷിക്കപ്പെടുന്നുണ്ട്. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിച്ചിരിക്കുന്നത്.

ബിജെപിയുടെ മുഖമാണ് തെലങ്കാനയില്‍ കെ കൃഷ്ണന്‍ റെഡ്ഡി. ബിജെപിക്ക് കാര്യമായ വേരോട്ടം സാധിക്കാത്ത സംസ്ഥാനമാണ് തെലങ്കാന. കേന്ദ്രമന്ത്രിയായ കെ കൃഷ്ണ റെഡ്ഡിയെ തെലങ്കാനയുടെ ചുമതല ഏല്‍പ്പിക്കുന്നത് മൂന്നുമാസം മുമ്പ് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുന്നത് അദ്ദേഹമാണ്. മികച്ച വിജയം കരസ്ഥമാക്കും എന്ന് മാത്രമാണ് അവര്‍ അവകാശപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍