July 16, 2026 |
Share on

ആലുവ-മൂന്നാര്‍ വനപാതയില്‍ കണ്ണുവച്ച് ഭൂമാഫിയ; പ്രതിരോധവുമായി വനം വകുപ്പ്

കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ലക്ഷ്യം

പൂയംകുട്ടി വനമേഖലയിലൂടെ കടന്നുപോകുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ്
തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് പിന്നില്‍ വന്‍ റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് മാഫിയകളുടെ താല്‍പ്പര്യങ്ങളാണെന്ന് വനം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള ഈ വനമേഖലയില്‍ റോഡ് നിര്‍മ്മിക്കുന്നത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും വലിയ ഭീഷണിയാകുമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ ശക്തമായ സാന്നിധ്യം ഇതുവഴിയുള്ള യാത്രക്കാര്‍ക്കും വനസമ്പത്തിനും ഒരുപോലെ ഭീഷണിയാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ തയ്യാറാക്കിയ പെരാംബുലേഷന്‍ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. പഴയ ആലുവ-മൂന്നാര്‍ റോഡ് കടന്നുപോകുന്നത് പൂര്‍ണമായും വനമേഖലയിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ഈ റോഡ് ഗതാഗതയോഗ്യമല്ല.

ചരിത്രപശ്ചാത്തലവും കയ്യേറ്റ ശ്രമങ്ങളും

1924ലെ പ്രളയത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഈ ചുരം റോഡ് ഒരു നൂറ്റാണ്ടായി അടഞ്ഞുകിടക്കുകയായിരുന്നു. മനുഷ്യവാസമില്ലാതായതോടെ ഈ പ്രദേശം പൂര്‍ണമായും നിബിഡവനമായി മാറുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് സൈ്വര്യമായി വിഹരിക്കാനുള്ള താവളമായും മാറി.

എന്നാല്‍, നിലവിലുള്ള വനസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി, 2025 മാര്‍ച്ച് 15 ന് കോതമംഗലത്തെ ചില സഭാ നേതാക്കളും, ജനപ്രതിനിധികളും ചേര്‍ന്ന്
കുട്ടമ്പുഴ വനമേഖലയില്‍ കയ്യേറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, എം.പി. ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ. ആന്റണി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വനഭൂമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വനനിയമങ്ങള്‍ അവഗണിച്ച് ഈ കാട്ടുപാത ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രകൃതി തനിയെ വീണ്ടെടുത്ത ഈ വനഭൂമിയിലൂടെ വീണ്ടും റോഡ് നിര്‍മ്മിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പഴയ ആലുവ-മൂന്നാര്‍ റോഡിന്റെ ബാക്കിപത്രങ്ങള്‍ കണ്ടെത്തുന്നതിനായി വഞ്ചിക്കല്ല് മുതല്‍ കുഞ്ചിയാര്‍ നദി വരെയുള്ള 10 കിലോമീറ്റര്‍ ദൂരത്തിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. പലയിടങ്ങളിലും പഴയ റോഡിന്റെ അവശിഷ്ടങ്ങളും അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന സര്‍വേ കല്ലുകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഏകദേശം 30 മീറ്റര്‍ വീതിയുള്ള കുഞ്ചിയാര്‍ നദിക്ക് മധ്യത്തിലായി പഴയൊരു പാലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, പ്രദേശത്തെ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പാര്‍ശ്വഭിത്തികളും, കോണ്‍ക്രീറ്റ് ചെയ്ത പാലത്തിന്റെ ഉപരിതലവും പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പൂയംകുട്ടി വനമേഖലയുടെ ജൈവവൈവിധ്യ സമ്പന്നതയും പാരിസ്ഥിതിക പ്രാധാന്യവും എത്രമാത്രം വിലപ്പെട്ടതാണെന്ന് 2005 ല്‍ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വനഭൂമി വന്യജീവികള്‍ക്കും അപൂര്‍വ്വമായ സസ്യലതാദികള്‍ക്കും അത്യന്തം അനുയോജ്യമാണെന്ന് പഠനം അടിവരയിടുന്നു.

പിന്നില്‍ ഭൂമാഫിയയോ?

മാങ്കുളം, കുട്ടമ്പുഴ വനമേഖലകളില്‍ ഇതിനകം തന്നെ പലരും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കൈയേറ്റ ശ്രമങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വനത്തിനുള്ളിലെ പഴയ പാത തുറക്കുന്നതിലൂടെ പ്രദേശത്തെ ഭൂമിയുടെ മൂല്യം കുത്തനെ വര്‍ദ്ധിപ്പിക്കാനാണ് ഭൂമാഫിയ ലക്ഷ്യമിടുന്നത്. ഇതേ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ വനഭൂമി കൈയേറാന്‍ ശ്രമം നടന്നതെന്നും ഉദ്യോഗസ്ഥര്‍ വനം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ മേഖലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ആഡംബര റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുമുള്ള നീക്കങ്ങളാണ് റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്നത്. റോഡ് യാഥാര്‍ത്ഥ്യമായാല്‍ അത് ഈ മേഖലയിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും വന്യജീവികളുടെ നിലനില്‍പ്പിന് വലിയ ഭീഷണിയാകുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Content Summary: Real estate lobby targets historic Aluva-Munnar forest route

Leave a Reply

Your email address will not be published. Required fields are marked *

×