UPDATES

വിദേശം

പട്ടാള ജനറല്‍മാര്‍ക്ക് തിരിച്ചടിയാകുമോ?

പാക് തെരഞ്ഞെടുപ്പ് ഫലം

                       

നാല് ദിവസത്തിനുശേഷം പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വരും. നവാസ് ഷെരിഫോ, ബിലാവല്‍ ഭൂട്ടോ സര്‍ദാരിയോ, അതോ ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലെ ആരെങ്കിലുമോ അധികാരത്തിലേറുമോ എന്നതിനെക്കാള്‍ എല്ലാവരുടെയും കണ്ണുകള്‍ പാകിസ്താന്‍ പട്ടാള ജനറല്‍മാരുടെ മേലാണ്. കാരണം, പാകിസ്താനില്‍ എല്ലാ ചോദ്യങ്ങളുടെയും അവസാന ഉത്തരം പട്ടാളമാണ്.

പക്ഷേ, ഇത്തവണ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. 1947 മുതല്‍ ശക്തമായിരുന്ന പട്ടാളത്തിന്റെ പിടി ഇത്തവണ കുറച്ച് അഴഞ്ഞോ എന്നാണ് സംശയം. പട്ടാളത്തിന് അനഭിമതനായതിനെ തുടര്‍ന്ന് അധികാരവും നഷ്ടപ്പെട്ട് ജയിലിനകത്താകേണ്ടി വന്നെങ്കിലും ഇമ്രാന്റെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്(പിടിഐ) പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന പ്രവചനമാണ് പട്ടാള കരുത്തിനുമേല്‍ ചോദ്യമായിരിക്കുന്നത്. ഇമ്രാനെ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതില്‍ നിന്നും വിലക്കിയായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അധികാരത്തില്‍ എത്താത്തവിധം അടിച്ചമര്‍ത്തിയെന്നായിരുന്നു വിശ്വാസം. പക്ഷേ, മറ്റേത് കക്ഷിയെക്കാള്‍ സീറ്റുകളുമായി പിടിഐ മുന്നിലെത്തുമെന്ന പ്രവചനം മുന്‍ധാരണകളെല്ലാം തെറ്റിക്കുകയാണ്. പിടിഐ അധികാരത്തിലെത്തുമെന്ന് ഇതിനര്‍ത്ഥമില്ല. സര്‍ക്കാര്‍ രൂപീകരിക്കത്തക്ക ഭൂരിപക്ഷം അവര്‍ക്ക് കിട്ടണമെന്നില്ല. മറ്റ് പാര്‍ട്ടികള്‍ ഇവര്‍ക്കൊപ്പം സംഖ്യ ഉണ്ടാക്കാനുള്ള സാധ്യതയും കാണുന്നില്ല. എങ്കില്‍പ്പോലും സൈന്യത്തിന്റെ എതിര്‍പ്പ് മറികടന്ന് അവരെ കൂടുതല്‍ സീറ്റുകളിലേക്ക് ജനം ജയിപ്പിച്ചിട്ടുണ്ടെങ്കില്‍, ഇത്ര കാലവും ആ രാജ്യത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിച്ചിരുന്ന സൈന്യത്തിന് അതുണ്ടാക്കുന്നത് വലിയ അപമാനം തന്നെയാണ്.

വരുന്ന പ്രവചനങ്ങളില്‍ കൂടുതല്‍ സാധ്യത മുന്നു തവണ പ്രധാനമന്ത്രിയായിട്ടുള്ള നവാസ് ഷെരീഫ് ഒരിക്കല്‍ കൂടി പാകിസ്താന്റെ പ്രധാനമന്ത്രിയാകുമെന്നാണ്. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ്(പിഎംഎല്‍എന്‍) പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ മറ്റു പാര്‍ട്ടികള്‍ സന്നദ്ധരാകുമെന്നാണ് നിരീക്ഷികര്‍ അഭിപ്രായപ്പെടുന്നത്.

നവാസോ ബിലാവലോ, അതോ പതിവു പോലെ സൈന്യം തീരുമാനിക്കുമോ പാകിസ്താന്റെ ഭാവി?

സൈന്യത്തിന് കൂടി താത്പര്യമുണ്ടെങ്കില്‍ നവാസ് തന്നെ പ്രധാനമന്ത്രിയാകും. അപ്പോഴും ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജിയികള്‍ ഖാന്റെ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റീസ് എന്നറിയപ്പെടുന്ന പിടിഐ തന്നെയാണെന്ന വ്യാപകമായൊരു ധാരണ പാകിസ്താനിലെ ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കം എഴുതുന്നത്. ഈയൊരു സാഹചര്യം പാകിസ്താന്‍ രാഷ്ട്രീയ നേതാക്കളും പട്ടാളവും തമ്മില്‍ ഇത്രനാളും നിന്നിരുന്ന ഒരു സന്തുലിതാവസ്ഥയെ ആഴത്തില്‍ ബാധിച്ചേക്കുമെന്നാണ് പോസ്റ്റിന്റെ അഫ്ഗാന്‍ ബ്യൂറോ ചീഫ് റിക്ക് നൊവാക് എഴുതുന്നത്.

തടങ്കലില്‍ കിടക്കുന്ന ഖാനെ പിന്തുണച്ചുകൊണ്ടുള്ള ഓരോ വോട്ടും സൈന്യത്തിനെതിരായ സന്ദേശം കൂടിയാണെന്നാണ് വിലയിരുത്തല്‍. ജനാധിപത്യ സംവിധാനത്തില്‍ നേരിട്ടും അല്ലാതെയും ഇടപടുന്ന സൈന്യത്തിന്റെ നടപടികള്‍ക്കെതിരേ വ്യാപകമായ രോഷം ജനങ്ങള്‍ക്കിടയിലുണ്ട്. ഇതുവരെയും ആ പ്രവണതയെ ചോദ്യം ചെയ്യാന്‍ തക്ക ശക്തിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവിടെ ഉണ്ടായിട്ടുണ്ടായിരുന്നില്ല, ഇതാദ്യമായി ആ ദുരവസ്ഥയ്ക്ക് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് പാകിസ്താന്‍ ദേശീയ ദിനപത്രമായ ഡോണ്‍ എഴുതിയ തെരഞ്ഞെടുപ്പാനന്തര എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഇമ്രാന്‍ ഖാന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നത്. ഖാന്‍ ഉള്‍പ്പെടെ പിടിഐയുടെ നിരവധി നേതാക്കളാണ് അറസ്റ്റിലായത്. ഖാനെതിരേ മൂന്നു വിവിധ കേസുകളാണ് ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പിടിഐ ആസ്ഥാനത്ത് റെയ്ഡ് നടന്നു. ഇത്തരത്തിലെല്ലാം അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ആ പാര്‍ട്ടിക്ക് ജനപിന്തുണ കൂടിയിട്ടുണ്ടെങ്കില്‍, അത് പാക് സൈനികനേതൃത്വത്തിന് കിട്ടിയ തിരിച്ചടിയാണ്.

പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ സൈന്യം എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ട്, അതില്‍ നിന്നും അസാധാരണമായ പരാജയം നേരിടേണ്ടി വരികയാണെങ്കില്‍, സൈന്യം ഒന്നുകില്‍ ഖാനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കൂടുതലായി അടിച്ചമര്‍ത്താന്‍ ശ്രമിക്കും, അല്ലെങ്കില്‍ മുന്‍ പ്രധാനമന്ത്രിയുമായി ഒരു അനുരഞ്ജന നീക്കം നടത്തിയേക്കും എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിലെ നിരീക്ഷണത്തില്‍ പറയുന്നത്.

ഇതിപ്പോള്‍ ആദ്യമായിട്ടല്ല, രാഷ്ട്രീയ നേതാക്കളില്‍ നിന്നും പൊതുജനത്തില്‍ നിന്നും സൈന്യത്തിന് തിരിച്ചടിയുണ്ടാകുന്നത്. ഇതിനു മുമ്പായ രാഷ്ട്രീയ കൊടുങ്കാറ്റുകളെ സൈന്യം അതിജീവിക്കുകയും അവര്‍ കൂടുതല്‍ ധൈര്യത്തോടെയും ശക്തിയോടെയും രാഷ്ട്രീയ സംവിധാനത്തില്‍ പിടിമുറുക്കുകയും ചെയ്യുന്നതാണ് മുന്‍കാലങ്ങളില്‍ കണ്ടിട്ടുള്ളത്.

ചില രാഷ്ട്രീയ നേതാക്കള്‍ സൈന്യത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നിന്നുകൊണ്ട് അധികാരം ആസ്വദിക്കാന്‍ തയ്യാറുള്ളവരാണ്. പക്ഷേ, ഈ തെരഞ്ഞെടുപ്പ് സൈന്യത്തിന് ശക്തമായൊരു ആഘാതമായേക്കും. എന്നിരുന്നാലും ആത്യന്തികമായി അവര്‍ മുന്‍കാലങ്ങളിലെപ്പോലെ വിജയം ആവര്‍ത്തിക്കും’ എന്നാണ് പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകനായ ഹസന്‍ അസ്‌കരി റിസ്വി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

ഇമ്രാന്‍ ഖാനെ അകത്താക്കിയ സൈഫര്‍ കേസും, മുന്‍ ഓള്‍ റൗണ്ടറെ ഔട്ട് ആക്കിയതിലെ അമേരിക്കന്‍ പങ്കും?

ഭൂതകാല വിജയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സൈന്യം. ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ യൂറോപ്യന്‍ ശൈലിയിലുള്ള ക്ഷേമരാഷ്ട്രത്തിനായി വാദിക്കുന്ന ഒരു ദേശീയ രാഷ്ട്രീയക്കാരനായാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താനില്‍ അറിയപ്പെടുന്നത്. ഈ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മധ്യവര്‍ഗ ജനതയുടെ അപകര്‍ഷതയും രോഷവും ഇപ്പോള്‍ സൈന്യം അവഗണിക്കുകയാണ് ചെയ്യുന്നത്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും പാലിക്കാന്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് ഖാന് സാധിച്ചിട്ടില്ല. എന്നിരുന്നാല്‍ തന്നെയും, ഇനി വരുന്ന സര്‍ക്കാരില്‍ നിന്നും പിടിഐ ഒഴിവാക്കപ്പെടുകയും അതേസമയം അവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ യാതൊരു ചലനവും ഉണ്ടാക്കാനും സാധിക്കുന്നില്ലെങ്കില്‍ ഖാന്റെ വാഗ്ദാനങ്ങളില്‍ ഒരിക്കല്‍ കൂടി ജനം വിശ്വാസമര്‍പ്പിക്കാനും സാഹചര്യമുണ്ട്. ദുര്‍ബലമായൊരു സഖ്യ സര്‍ക്കാരിന് പാകിസ്താന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്ല വാര്‍ത്തകളൊന്നും കൊടുക്കാന്‍ സാധിക്കില്ല, അത് തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരേണ്ടി വരും എന്നാണ് അമേരിക്കയിലെ മുന്‍ പാക് അംബാസിഡറായിരുന്ന മലീഹ ലോധി പോസ്റ്റിനോട് പ്രതികരിച്ചത്.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നില്ലെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ വലിയ നിരാശയ്ക്കും നിസ്സംഗതയ്ക്കും കാരണമായേക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആരുമുണ്ടാകില്ല എന്നാണ് പൂര്‍ണമായ പേര് വെളിപ്പെടുത്താതിരുന്ന 29 കാരന്‍ ഷക്കീര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. അയാളൊരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സൈന്യത്തിനെതിരായ പ്രതിഷേധം പരസ്യമായി തന്നെ ഉയര്‍ന്നു കേട്ടിരുന്നു. പിടിഐയെ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരെ സൈന്യത്തിന്റെ അനധികൃത ഇടപെടലുകള്‍ നടന്നിരുന്നു. സൈന്യത്തിന്റെ പിന്തുണയുള്ളൊരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തന്നെ ഈ ആരോപണം പരസ്യമായി ഉന്നയിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. പിടിഐക്ക് അര്‍ഹമായൊരു പ്രവിശ്യ അസംബ്ലി സീറ്റ് വിജയം തനിക്ക് അനുകൂലമാക്കി അട്ടിമറിക്കപ്പെട്ടു എന്നായിരുന്നു ആ സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍.

ഖാന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിലൂടെ സൈന്യത്തിനെതിരായ പ്രതിഷേധം കൂടിയാണ് ജനം രേഖപ്പെടുത്തുന്നത്. ഉടനെയെങ്ങും ഖാന്റെ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കില്ലെന്ന് തങ്ങള്‍ക്ക് വ്യക്തമാണെങ്കിലും, ആ പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്തത് സൈന്യത്തെ ബുദ്ധിമുട്ടിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണെന്നാണ് കഷഫ് മുംതാസ് എന്ന 26 കാരനും 23 കാരന്‍ ഷെഹ്‌സാദി നജാഫ് എന്ന മെഡിക്കല്‍ സ്റ്റുഡന്റും പോസ്റ്റിനോട് പറഞ്ഞത്. രാജ്യത്തിന്റെ സൈനിക ആധിപത്യമുള്ള രാഷ്ട്രീയ സംവിധാനം പാകിസ്താനിലെ യുവതലമുറ വോട്ടര്‍മാരെ അവഗണിക്കുകയാണ്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഒരു ബിസിനസുകാരന്‍ മാത്രമായിരുന്ന 74 കാരനായ നവാസ് ഷരീഫിനെ പോലുള്ള രാഷ്ട്രീയക്കാരെ അധികാരത്തിലേക്ക് കൊണ്ടുവരുന്നത് തുടരുകയാണെന്നുമാണ് കഷഫിനെയും ഷെഹ്‌സാദിയെയും പോലുള്ള യുവാക്കളുടെ പരാതി.

പട്ടാളക്കരുത്തില്‍ നിന്നും പാക് ജനാധിപത്യത്തെ മോചിപ്പിക്കാന്‍ ഇത്തവണയോ, അടുത്തകാലത്തോ സാധ്യമാകുമോയെന്ന് രാജ്യത്തെ തലമുറയ്ക്ക് സംശയമുണ്ട്. എങ്കിലും അവര്‍ പോരാടുകയാണ്, ജനാധിപത്യപരമായി.

Share on

മറ്റുവാര്‍ത്തകള്‍