UPDATES

വിദേശം

ഇമ്രാന്‍ ഖാനെ അകത്താക്കിയ സൈഫര്‍ കേസും, മുന്‍ ഓള്‍ റൗണ്ടറെ ഔട്ട് ആക്കിയതിലെ അമേരിക്കന്‍ പങ്കും?

പത്തു വര്‍ഷത്തെ തടവിനാണ് ഇമ്രാന്‍ ഖാനെ ശിക്ഷിച്ചിരിക്കുന്നത്

                       

രാജ്യ രഹസ്യങ്ങള്‍ പുറത്താക്കിയെന്ന കുറ്റത്തിനാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇമ്രാന്റെ രാഷ്ട്രീയഭാവിയെ തകര്‍ക്കുന്ന ഈ ശിക്ഷവിധി ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചടിയാകും. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ പാക് ജയിലിലാണ്. പ്രതീക്ഷിച്ചിരുന്ന വിധിയാണെങ്കിലും ശിക്ഷ ഇത്ര കടുക്കുമെന്ന് ഇമ്രാനോ അദ്ദേഹത്തിന്റെ അനുയായികളോ പ്രതീക്ഷിച്ചിരുന്നില്ല.

ഖാന്റെ കാര്യത്തില്‍ അസാധാരണമായ നിയമനടപടികളാണ് നടന്നതെന്നാണ് അനുയായികള്‍ ആരോപിക്കുന്നത്. സാധാരണപോലെ കോടതി മുറിക്കുള്ളില്‍ അല്ലായിരുന്നു, ഖാനെ പാര്‍പ്പിച്ചിരിക്കുന്ന റാവല്‍പിണ്ടിയിലെ ഒരു അടച്ച മുറിയിയിരുന്നു കോടതിയെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഖാന്റെ അഭിഭാഷകര്‍ പ്രതിഷേധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. തങ്ങളെ ക്രോസ് വിസ്താരം നടത്താന്‍ പോലും അനുവദിച്ചില്ലെന്നും ഖാന്റെ അഭിഭാഷകര്‍ പറയുന്നു.

എന്താണ് ഇമ്രാന്‍ ഖാനെ കുടുക്കിയ കേസും അമേരിക്കയുടെ പങ്കും?

പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാന്‍ ഖാനെ പുറത്താക്കിയതില്‍ അമേരിക്കയ്ക്കു പങ്കുണ്ടെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നത്. തന്റെ അണികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അതയാള്‍ വിളിച്ചു പറഞ്ഞിട്ടുമുണ്ട്. അമേരിക്കയുടെ പിന്നണി നീക്കത്തിന്റെ ‘തെളിവുകളും’ ഇമ്രാന്‍ കാണിച്ചിരുന്നു. ഒരുകാലത്ത് പാകിസ്താന്റെ അഭിമാനമായിരുന്നു ഖാന്‍. പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇമ്രാന്‍ ഖാനെതിരേ വന്നത് നിരവധി കേസുകളായിരുന്നു. അതിലേറ്റവും ഗുരുതരമായൊരു കേസ് ആയിരുന്നു ‘അമേരിക്കയ്ക്കെതിരേയുള്ള തെളിവ്’. രഹസ്യാത്മക സ്വഭാവമുള്ള ഔദ്യോഗിക സന്ദേശം പുറത്താക്കിയെന്ന ഇമ്രാനെതിരേയുള്ള ‘സൈഫര്‍ കേസ്’ ഇതാണ്.

2022-ല്‍ അമേരിക്കയിലെ പാകിസ്താന്‍ സ്ഥാനപതി അയച്ച രഹസ്യ കേബിള്‍ സന്ദേശം ഇമ്രാനും ഷായും പരസ്യമാക്കിയെന്നതാണ് സൈഫര്‍ കേസ്. ഈ സന്ദേശം വരുന്നത് പ്രധാനമന്ത്രിയായിരുന്ന ഇമ്രാനെതിരേ രാഷ്ട്രീയ കലഹം ആരംഭിച്ചതിനുശേഷമായിരുന്നു.

തന്നെ പുറത്താക്കാന്‍ അമേരിക്ക പാക് സൈനിക നേതൃത്വത്തെ പ്രേരിപ്പിച്ചുവെന്നായിരുന്നു ഇമ്രാന്റെ ആക്ഷേപം. അമേരിക്കയില്‍ നിന്നും വന്ന രഹസ്യകേബിള്‍ അതിന്റെ തെളിവായിരുന്നു. എന്നാല്‍ താനല്ല, പാക് സൈന്യം വഴിയാണ് രഹസ്യ കേബിള്‍ പുറത്തുപോയതെന്നായിരുന്നു ഇമ്രാന്റെ വാദം.

സൈഫര്‍ കേസിനെക്കുറിച്ചും അതിനു കാരണമായ രഹസ്യ കേബിളിനെ കുറിച്ചും വിശദമായി പറയാം;

എന്തായിരുന്നു ആ രഹസ്യസന്ദേശം

2022 മാര്‍ച്ച് ഏഴിന് അമേരിക്കയില്‍ ഒരു സുപ്രധാന കൂടിക്കാഴ്ച്ച നടന്നു. ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂ, ആഭ്യന്തര വകുപ്പിലെ മറ്റ് ചില ഉദ്യോഗസ്ഥരും അടങ്ങുന്ന അമേരിക്കന്‍ പ്രതിനിധികളും പാകിസ്താന്റെ യു എസ് അംബാസഡര്‍ ആസാദ് മജീദ് ഖാനും തമ്മിലായിരുന്നു ആ രഹസ്യയോഗം.

ഈ യോഗത്തിന്റെ പൂര്‍ണമായ ലിഖിത രൂപം ഒരു രഹസ്യ കേബിള്‍ സന്ദേശമായി പാക് സ്ഥാനപതി ഇസ്ലാമാബാദിലേക്ക് അയച്ചു. പാകിസ്താന്റെ 1923 ലെ ഒഫീഷ്യല്‍ സീക്രട് ആക്ടിലെ ചട്ടം അഞ്ച് പ്രകാരം രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടതും യാതൊരു കാരണവശാലും പൊതുമധ്യത്തില്‍ വെളിപ്പെടാതെ നോക്കേണ്ടതുമായ ഒന്നായിരുന്നു ആ കേബിള്‍ സന്ദേശം.

എന്നാല്‍, 2023 ഓഗസ്റ്റില്‍ അമേരിക്കന്‍ വാര്‍ത്ത സംഘടനയായ ദ ഇന്റര്‍സെപ്റ്റ് ആ രഹസ്യ സന്ദേശത്തിന്റെ ഒരു ഭാഗം പ്രസിദ്ധിപ്പെടുത്തി. പാക് സൈന്യത്തില്‍ നിന്നാണ് തങ്ങള്‍ക്ക് രേഖകള്‍ കിട്ടിയതെന്നായിരുന്നു ഇന്റര്‍സെപ്റ്റിന്റെ വാദം.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്ന നിഷ്പക്ഷ നിലപാടില്‍ തങ്ങള്‍ക്കുള്ള അസന്തുഷ്ടി പാക് സ്ഥാനപതിയോട് അമേരിക്കന്‍ പ്രതിനിധികള്‍ യോഗത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രെയിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന 2022 ഫെബ്രുവരി 24-ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലുണ്ട്.

പാക് അംബാസഡര്‍ ഖാന് ഡൊണാള്‍ഡ് ലൂ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്, ‘ അവിശ്വാസപ്രമേയം വിജയിച്ചാല്‍, പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനം സ്വകാര്യതാത്പര്യത്തിനു പുറത്താണെന്നു കരുതിക്കൊണ്ട് വാഷിംഗ്ടണ്‍ എല്ലാം ക്ഷമിക്കും, അല്ലാത്ത പക്ഷം, മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടായിരിക്കും.”- ദ ഇന്റര്‍സെപ്റ്റ് പുറത്തുവിട്ട രേഖകളിലുള്ളതാണ്.

യോഗത്തില്‍ സംസാരിച്ചതെല്ലാം സന്ദേശമാക്കി അംബാസഡര്‍ ആസാദ് മജീദ് ഖാന്‍ ഇസ്ലാമാബാദിലേക്ക് അയച്ചു. സന്ദേശത്തില്‍ വ്യക്തമായി തന്നെ ‘ രഹസ്യം’ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2022 മാര്‍ച്ച് എട്ടിന്, യോഗം നടന്നതിന്റെ പിറ്റേദിവസം ഇമ്രാന്റെ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിനെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഒരു മാസത്തിനിപ്പുറം പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇമ്രാന്‍ ഖാന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയില്‍ നിന്നും രാജിവച്ചൊഴിയേണ്ടി വന്നു. അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെയായിരുന്നു രാജി.

അമേരിക്കയുടെ കൈകള്‍ തനിക്കെതിരായ അട്ടിമറിക്കു പിന്നിലുണ്ടെന്ന് ഇമ്രാന്‍ ആരോപിച്ചപ്പോള്‍, പലതവണയായി ഈ ആരോപണത്തെ നിഷേധിക്കുകയാണ് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ചെയ്തിട്ടുള്ളത്.

സൈഫര്‍ കേസ്

പാക് സ്ഥാനപതിയുടെ രഹസ്യ സന്ദേശത്തിലെ വിവരങ്ങള്‍ ആദ്യമായി ഇമ്രാന്‍ പൊതുമധ്യത്തില്‍ പറയുന്നത് 2022 മാര്‍ച്ച് 27 നാണ്. ഇസ്ലാമാബാദില്‍ തടിച്ചു കൂടിയ തന്റെ അണികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മുന്നില്‍ അദ്ദേഹം പോക്കറ്റില്‍ നിന്നും ചില തെളിവുകള്‍ പുറത്തെടുത്തു. തന്നെ പുറത്താക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചനകള്‍ നടന്നുവെന്ന് സ്ഥാപിക്കാനുള്ളതായിരുന്നു ആ തെളിവുകള്‍. പത്തു ദിവസത്തിനുശേഷം വീണ്ടും ആ രഹസ്യ കേബിളിനെക്കുറിച്ച് ഇമ്രാന്‍ ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തി. പാക് ഡെയ്ലിയായ ഡോണ്‍ അതെക്കുറിച്ച് എഴുതിയത്; ആ രഹസ്യ സന്ദേശം, പാക് സ്ഥാനപതി വഴി അമേരിക്ക അയച്ച ഭീഷണിയായിരുന്നു’ എന്നാണ്.

തന്റെ സ്ഥാനഭ്രംശത്തിനു പിന്നാലെ ഇമ്രാന്‍ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, തനിക്കെതിരേ ഉണ്ടായ അവിശ്വാസ വോട്ടെടുപ്പിനു പിന്നില്‍ അമേരിക്ക തന്നെയാണെന്നാണ്.

ഇമ്രാന്റെ ആരോപണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെയാണ്, 2023 ജൂലൈയില്‍ പാകിസ്താന്‍ മുസ്ലിം ലീഗ്(എന്‍)-ന്റെ നേതൃത്വത്തിലുള്ള നിലവിലെ പാക് സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിക്കെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നത്. ഇമ്രാന്‍ ഔദ്യോഗിക രഹസ്യരേഖ പുറത്താക്കി എന്ന ഗുരുതരമായ കുറ്റം അവര്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന റാണ സനൗള്ള മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇമ്രാനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞത്, ഔദ്യോഗിക രഹസ്യരേഖയെ പഴിചാരിക്കൊണ്ടുള്ള ഇമ്രാന്റെ ആരോപണങ്ങള്‍ പാകിസ്താന്റെ വിദേശബന്ധങ്ങളെ മോശമായി ബാധിച്ചൂവെന്നായിരുന്നു.

അടുത്ത മാസം, കൃത്യമായി പറഞ്ഞാല്‍ ദ ഇന്റര്‍സെപ്റ്റ് രഹസ്യരേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം പാകിസ്താന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ് ഐ എ) ഇമ്രാനെതിരേ ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. 1923 ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ സെക്ഷന്‍ അഞ്ച് പ്രകാരമുള്ള ഉള്ളടക്കം പരസ്യമാക്കിയതായിരുന്നു കുറ്റം. സെക്ഷന്‍ അഞ്ച് പ്രകാരമുള്ള നിയമലംഘനം കോടതിയില്‍ തെളിഞ്ഞാല്‍ രണ്ടു മുതല്‍ 14 വര്‍ഷം വരെ ജീവപര്യന്തം തടവാണ് ശിക്ഷ. കുറ്റം കൂടുതല്‍ ഗൗരവമുള്ളതാണെങ്കില്‍ മരണശിക്ഷയും വിധിക്കാം എന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 ഓഗസ്റ്റില്‍ തോഷഖാന ഗ്രാഫ്റ്റ് കേസില്‍ ഇമ്രാന്‍ ഖാനെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ആ ശിക്ഷ പിന്നീട് റദ്ദാക്കിയെങ്കിലും സൈഫര്‍ കേസിലെ വിധി വരും വരെ അഴികള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടി വന്നു. മാത്രമല്ല, 2024 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോള്‍ കാത്തിരുന്ന വിധി നടപ്പാക്കപ്പെടുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍