UPDATES

ഷാരുഖ് ഖാനെ കുഴപ്പത്തിലാക്കി ‘ഇഡ്‌ലി വട രാം ചരണ്‍’

അംബാനി കുടുംബത്തിലെ കല്യാണ പാര്‍ട്ടിയിലാണ് കളി കാര്യമായത്

                       

മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദിന്റെ വിവാഹാഘോഷങ്ങള്‍ കെങ്കേമമായിരുന്നു. ലോകത്തെ നിയന്ത്രിക്കുന്ന സമ്പന്നന്മാരും രാഷ്ട്രത്തലവന്മാരുമൊക്കെ അതിഥികളായെത്തിയ ഒരു ‘ ഉത്സവം’ തന്നെയായിരുന്നു അംബാനി കുടുംബത്തിലെ കല്യാണം. വിവാഹ പാര്‍ട്ടിക്ക് കൊഴുപ്പ് കൂട്ടാന്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെയും മുകേഷ്-നിത ദമ്പതിമാര്‍ ക്ഷണിച്ചിരുന്നു. ക്ഷണം കിട്ടിയവരാകട്ടെ തങ്ങളെക്കൊണ്ട് കഴിയും വിധം സംഭവം കളര്‍ഫുള്‍ ആക്കുകയും ചെയ്തു. എന്നാല്‍ ആവേശം അതിരുവിട്ട സമയത്തെ സംസാരം കിംഗ് ഖാനെ വിവാദത്തിലാക്കിയിരിക്കുകയാണ്.

ഓസ്‌കര്‍ വരെ സ്വന്തമാക്കി ലോകത്തെല്ലായിടത്തും തരംഗമായ ‘ നാട്ട് നാട്ട്’ പാടി വിവാഹാഘോഷ വേദിയില്‍ ചുവടുവയ്ക്കുകയായിരുന്നു ബോളിവുഡിന്റെ ഖാന്‍ ത്രയങ്ങളായ ആമിര്‍-സല്‍മാന്‍-ഷാരുഖ്മാര്‍. തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ സദസിലുണ്ടായിരുന്ന തെലുഗ് സൂപ്പര്‍ താരം രാം ചരണിനെ ഷാരുഖ് ക്ഷണിച്ച രീതിയാണ് കുഴപ്പമായത്. രാംചരണ്‍ നൃത്തം ചെയ്യാന്‍ കൂടെക്കൂടിയെങ്കിലും, തെലുഗ് താരത്തെ വേദിയിലേക്ക് ക്ഷണിച്ച വാക്കുകളാണ് വിവാദഹേതു.

‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?’ എന്നായിരുന്നു ഷാരൂഖിന്റെ വായില്‍ നിന്നും വന്നത്. ‘ഇഡ്‌ലി വട’ പരാമര്‍ശത്തിലൂടെ രാം ചരണിനോട് ഷാരുഖ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെബ ഹസ്സന്‍ രംഗത്തു വന്നതോടെയാണ് തമാശ കാര്യമായത്. ഷാരുഖിന്റെ ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകള്‍ കേട്ടതോടെ താന്‍ ആ വേദി വിട്ടുപോയെന്നാണ് സെബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നതോടെ ഷാരുഖിനെതിരേ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായി. ഒരുവശത്ത് കുറ്റപ്പെടുത്തലുകള്‍ നടക്കുമ്പോള്‍ മറുവശത്ത് കിംഗ് ഖാന്റെ ആരാധകര്‍ താരത്തെ പ്രതിരോധിക്കാനുമെത്തുന്നുണ്ട്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ദക്ഷിണേന്ത്യയോടുള്ള ബോളിവുഡിന്റെ സ്ഥായിയായ മനോഭാവമാണ് ഷാരുഖിലൂടെ ഒരിക്കല്‍ കൂടി പ്രകടമായതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഷാരുഖ് ഖാന്‍ ഇതിനു മുമ്പും ഇത്തരം വിവേചന സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ലോകമെമ്പാടും ആരാധകവൃന്ദമുള്ള, രാജ്യത്ത് അങ്ങേയറ്റം സ്വാധീനമുള്ള ഇന്ത്യന്‍ ഐക്കണ്‍ ആണ് ഷാരുഖ്. ഒരുപക്ഷേ ദക്ഷിണേന്ത്യയില്‍ ഷാരുഖിനോളം ആരാധകരുള്ള മറ്റൊരു ബോളിവുഡ് താരവുമുണ്ടാകില്ല. ഷാരുഖ് സിനിമകള്‍ക്ക് സൗത്തില്‍ കിട്ടുന്ന സ്വീകാര്യത തന്നെയാണതിന് തെളിവ്.

എന്നാല്‍, തന്നെ സ്‌നേഹിക്കുന്ന തെക്കേയിന്ത്യക്കാരോട് വിവേചന മനസ്ഥിതിയോടെ ഷാരുഖ് പെരുമാറുന്നുണ്ടെന്നാണ് ചില കുറ്റപ്പെടുത്തലുകള്‍. അദ്ദേഹത്തിന്റെ സിനിമകളിലും ഈയൊരു ‘ കളിയാക്കാല്‍’ കാണാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘രാ വണ്‍’ എന്ന സിനിമയില്‍ ശരിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാത്ത തമിഴ്‌നാട്ടുകാരന്റെ കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് ഹിന്ദി ലോകം പുലര്‍ത്തുന്ന മുന്‍വിധി തിരുത്താന്‍ ഷാരുഖിനെ പോലുള്ളവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം. സിനിമയിലാണെങ്കില്‍ പോലും ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളെയാണ് ദക്ഷിണേന്ത്യക്കാരനായി ചിത്രീകരിക്കുന്നത്. രാ വണ്ണിലെ കഥാപാത്രം ഒരു സ്റ്റീരിയോടൈപ്പ് ആണ്. ദക്ഷിണേന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയില്ലെന്ന മുന്‍വിധിയുടെ ബാക്കിപത്രം. നര്‍മത്തിനാണെങ്കില്‍ പോലും യഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെയുള്ള ഇത്തരം മനോഭാവങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

2013 ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ എക്‌സ്പ്രസ്’ എന്ന സിനിമയില്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം തൈര് ഉപയോഗിച്ച് നൂഡില്‍സ് കഴിക്കുന്നുണ്ട്. ഇവിടെ നിലനില്‍ക്കുന്ന അസാധാരണമായ ഭക്ഷണശീലമെന്ന ഒരു ‘സ്റ്റിഗ്മ’ വളര്‍ത്തിയെടുത്തത് ഈ രംഗമാണെന്ന് വിമര്‍ശനം ശക്തമായിരുന്നു. ചിത്രം ഇരുണ്ട ചര്‍മ്മമുള്ളവരായും, ഇംഗ്ലീഷ് സംസാരിക്കാന്‍ പാടുപെടുന്നവരായും, കൂടാതെ പുരുഷന്മാരെ കഠിനഹൃദയരായും ചിത്രീകരിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഈ ബൈനറികള്‍ ‘ലുങ്കി ഡാന്‍സ്’ എന്ന ഗാനരംഗത്തില്‍ പോലും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഷാരൂഖിന്റെ ഉള്ളിലെ ഈ മനോഭാവം തന്നെയാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍ക്കിടയിലും പുറത്തുവന്നതെന്നാണു വിമര്‍ശകര്‍ പറയുന്നത്.

തന്റെ കരിയറില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നിരവധി പ്രതിഭാധനരായ സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം കിട്ടിയിട്ടുണ്ടെന്ന കാര്യം ഷാരൂഖ് ഖാന്‍ സൗകര്യപൂര്‍വ്വം മറന്നിരിക്കാമെന്ന് മറ്റൊരു വിഭാഗം പറയുന്നു. മണിരത്നം, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ സംവിധായകരും കമല്‍ഹാസനെപ്പോലുള്ള അഭിനേതാക്കളും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ നിരവധി പ്രശസ്ത വ്യക്തികളുമായി ഷാരൂഖ് സഹകരിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടുകളില്‍ നിന്നാണ് ‘ദില്‍ സേ’, ‘ഹേ റാം’ തുടങ്ങിയ വിജയചിത്രങ്ങള്‍ പിറന്നത്. കൂടാതെ, അറ്റ്ലി സംവിധാനം ചെയ്ത ഷാരുഖിന്റെ സമീപകാല ബ്ലോക്ക്ബസ്റ്റര്‍ ‘ജവാന്‍’ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായിരുന്നു.

ഈ സഹകരണങ്ങളും ബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, ഷാരൂഖ് ഖാന്റെ ചില സിനിമകളില്‍ ദക്ഷിണേന്ത്യന്‍ കഥാപാത്രങ്ങളെ അവഹേളനപരമായി അവതരിപ്പിക്കുന്നതെന്തിനാണെന്നാണ് ചോദ്യം.

ഷാരൂഖിന് ദക്ഷിണേന്ത്യയില്‍ ശക്തമായ ആരാധക വൃന്ദമുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച കളക്ഷനുകളാണ് കൊയ്യാറുള്ളത്. പത്താനും, ജവാനും ഉള്‍പ്പെടയുള്ള സിനിമകള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ 2021-ല്‍ താരം വ്യക്തിപരമായ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ പിന്തുണ വളരെ വലുതായിരുന്നു. എന്നാല്‍ രാം ചരണിനെ അപമാനിച്ചതിലൂടെ ഷാരുഖിനോടുള്ള സ്‌നേഹത്തിന് ഇടിവ് തട്ടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രവചിക്കുന്നത്. ”ഇത് ഷാരൂഖ് ഖാനെ പോലെയുള്ള ഒരാളില്‍ നിന്നുണ്ടായ തികഞ്ഞ അനാദരവാണ്. ഇപ്പോഴും ദക്ഷിണേന്ത്യയിലെ ഭാഷകളെ പരിഹസിക്കുകയും അത് പരസ്യമായി പറയുകയും ചെയ്യുന്നു. ഇല്ല, എസ്ആര്‍കെ ഇത് തമാശയല്ല! നിങ്ങള്‍ എപ്പോഴാണ് വളരുക.” എന്നാണ് എക്‌സില്‍ ഒരാള്‍ ചോദിക്കുന്നത്.

എന്നാല്‍ മറുപുറത്ത് ഷാരുഖിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. ‘വണ്‍ ടു കാ ഫോര്‍’ എന്ന തന്റെ ചിത്രത്തിലെ സംഭാഷണത്തിന് സമാനമായ കാര്യങ്ങളാണ് ഷാരൂഖ് പറഞ്ഞതെന്നും അതെല്ലാം തമാശയായിരുന്നുവെന്നുമാണ് ആരാധകര്‍ വാദിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍