UPDATES

‘എല്ലാവരെയും ജയിപ്പിച്ചു വിടുന്നത് നിര്‍ത്താം, മിനിമം മാര്‍ക്ക് വയ്ക്കാം’

പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം, വിളിച്ചു പറയുകയല്ല വേണ്ടത്

                       

സ്വന്തം പേരെഴുതാനോ അക്ഷരം കൂട്ടി വായിക്കാനോ അറിയാത്ത കുട്ടികള്‍ക്കു വരെ എസ് എസ് എല്‍ സി പരീക്ഷകളില്‍ എ പ്ലസ് ലഭിക്കുന്നു എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും അധ്യാപകരും ഡയറക്ടറെ തിരുത്തി രംഗത്തെത്തിയിരുന്നു. അതേസമയം തന്നെ, ഒരു വിഭാഗം ഡയറക്ടറുടെ വാദത്തെ പിന്തുണച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ കുറ്റപ്പെടുത്തുന്നുമുണ്ട്. വാദ പ്രതി വാദങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളാണ്. ഈ സാഹചര്യത്തില്‍, നിലവിലെ പൊതുവിദ്യാഭ്യാസ രീതിയെക്കുറിച്ചും സ്ഥിഗതികള്‍ മെച്ചപ്പെടുത്താന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്.

ഒന്നുമുതല്‍ പത്തു വരെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെപ്പറ്റി യാതൊരു വിലയിരുത്തലുകളും നടക്കുന്നില്ല എന്നതാണ് വാസ്തവം. മുന്‍ കാലങ്ങളില്‍ ഒരു വിഷയത്തിന് കുറഞ്ഞത് ഇത്ര ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ അടുത്ത ക്ലസ്സിലേക്ക് പ്രൊമോട്ട് ചെയ്യാറുണ്ടായിരുന്നുള്ളു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ രീതിയല്ല, പകരം എല്ലാ കുട്ടികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടുകയാണ്. പിന്നീട് പൊതുപരീക്ഷ വരുമ്പോള്‍ മാത്രമാണ് അവരുടെ കഴിവുകളും പോരായ്മകളും വിശകലനം ചെയ്യപെടുന്നത്. അവിടെയാണ് പ്രശ്‌നം വരുന്നത്. ഇത്തരത്തില്‍ തോറ്റ കുട്ടികളെ അതെ ക്ലാസില്‍ തന്നെ ഇരുത്തണമെങ്കില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി സംവിധാനം വേണ്ടിവരും. അത്ര വലിയ രീതിയിലുള്ള സംവിധാനം നമുക്കില്ല. നിലവിലുള്ളതിന്റെ ഇരട്ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വേണ്ടി വരും. അധ്യാപകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകേണ്ടി വരും, കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കേണ്ടി വരും, കൂടുതല്‍ ക്ലാസ് മുറികളും വേണ്ടി വരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞതുപോലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയത്തില്‍ വിശദീകരണം ചോദിക്കുകയായിരുന്നു വേണ്ടത്. അതൊന്നും ചെയ്യാതെ കൂടുതല്‍ മാര്‍ക്ക് കൊടുക്കുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ മന്ത്രി ആയിരുന്നപ്പോള്‍ 94-95 ആയിരുന്നു വിജയശതമാനം, ഇപ്പോഴത് 98-99 ആയി മാറി എന്നുമാത്രം.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലുളള ഘടന ഒന്നിച്ച് മാറണം, അതിനു പക്ഷെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ചെലവുകള്‍ സര്‍ക്കാരിന് വരുമെന്ന കാര്യത്തല്‍ യാതൊരു സംശയവുമില്ല. മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ നല്ലത്. പക്ഷെ മാറ്റാന്‍ തയായറാവുന്നില്ല. റവന്യു വരുമാനത്തിന്റെ 70% ശതമാനവും ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള 30% കൊണ്ടാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കിഫ്ബി സഹായം കൊണ്ടാണ് കുറച്ച് കെട്ടിടങ്ങളൊക്കെ പുതിയതായി പണിതിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഒന്നിച്ച് പരിഹരിക്കാന്‍ കഴിയില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കേരളത്തിലുള്ള വ്യക്തി ആണെങ്കില്‍ ഇതിനെ കുറിച്ചൊക്കെ അറിയേണ്ടതാണ്. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രായോഗികമായി എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് പരിശോധിക്കേണ്ടത്. അദ്ദേഹം ആക്ഷേപിച്ച പോലുള്ള കാര്യങ്ങള്‍ വാസ്തവമാണെങ്കില്‍ ചെയ്യേണ്ടിയിരുന്നത്, പൊതുവായ ഒരു പ്രസ്താവന നടത്തുന്നതിന് പകരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിയും എല്ലാവരുമായി ഒന്നിച്ചിരുന്ന്, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമായിരുന്നു. അതുചെയ്യാതെ, ബാക്കിയെല്ലാവരും കള്ളന്മാരാണ്, ഞാന്‍ മാത്രം വലിയ ആളാണ് എന്നു പറഞ്ഞതു കൊണ്ട് കാര്യമില്ല.

സിബിഎസ്‌സി സ്‌കൂള്‍ ആണെങ്കിലും അണ്‍എയ്ഡഡ് സ്‌കൂളുകളാണെങ്കിലും അവരുടെ റിസള്‍ട്ടിന്റെ കാര്യത്തിലവര്‍ക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ട് തന്നെ ആ സ്‌കൂളിന്റെ മാനേജ്‌മെന്റും ടീച്ചേഴ്‌സും കുട്ടികളുടെ രക്ഷിതാക്കളും അതിനനുസരിച്ച് പ്രവര്‍ത്തിക്കും. അതിന്റെയൊക്കെ ഭാഗമായാണ് അവരുടെ റിസള്‍ട്ട് നന്നാകുന്നത്. അല്ലാതെ അവര്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടൊന്നുമല്ല. പക്ഷേ പൊതുവിദ്യഭ്യാസ രംഗത്ത് ഇതേ രീതി നടപ്പാക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. കുറവുകളും പോരായ്മകളും കണ്ടെത്താനും അത് നികത്താനുമുളള പ്രതിവിധികള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കേണ്ടത്തുണ്ട്. അതിനു വേണ്ടി അധ്യാപകരും, പ്രധാനധ്യാപകരും, എ ഇ ഒ വരെയുള്ള ഉദ്യോഗസ്ഥന്മാരുമൊക്കെ ഓരോ വര്‍ഷവും പ്രത്യേക നടപടിക്രമങ്ങള്‍ ചെയ്യേണ്ടതുണ്ട്. എ ഇ ഒ യുടെ സന്ദര്‍ശനം ഉണ്ടെന്നു പറയുന്നതല്ലാതെ അവര്‍ കുട്ടികളിലേക്ക് എത്തുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ലക്ഷക്കണക്കിന് കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയെ പഠനത്തിനായി ആശ്രയിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയെ കാര്യക്ഷമമാക്കേണ്ടത് പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതിന്റെ ആവശ്യകത കൂടിയാണ്. പല സ്‌കൂളുകളിലും കോളേജുകളിലുമുള്ളത് ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. അവര്‍ ഒരുപക്ഷെ കുട്ടികളുടെ ശോഭനമായ ഭാവി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കണമെന്നില്ല. ഒപ്പം കുട്ടികളുടെ അഭിരുചികളെല്ലാം മാറിപോയിട്ടുണ്ട്. അതിനെയൊന്നും വരുതിയില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. എല്ലാവരെയും ജയിപ്പിച്ച് വിടുക എന്ന രീതി മാറ്റി ഒരു മിനിമം മാര്‍ക്ക് വച്ച്, അത് കരസ്ഥമാകുന്ന കുട്ടികളെ ജയിപ്പിക്കാന്‍ നോക്കണം. കാലക്രമേണ അതിന്റെ തോത് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കണം. എല്ലാവരെയും ഒരു പോലെ അറിവും കഴിവും ഉള്ളവരാക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍