UPDATES

‘സ്വാഭാവിക നീതിയുടെ നിഷേധം’; പ്രബീര്‍ പുരകായസ്‌കതയെ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി

ഡല്‍ഹി പോലിസിനും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി

                       

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്ന് വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ഡല്‍ഹി പോലിസിനും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടിയായ വിധി, നാലാം തൂണെന്ന് വിശേഷണമുള്ള മാധ്യമ ശബ്ദത്തിന് കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട ശ്രമങ്ങള്‍ക്കെതിരായ അതിജീവനം കൂടിയായി മാറുകയാണ്.

ഇത് സ്വാഭാവിക നീതിയുടെ നിഷേധം, യുഎപിഎ കേസ് സാധുവല്ല, അറസ്റ്റ് നിയമവിരുദ്ധമാണ്-എന്നു പറഞ്ഞാണ് കോടതി നിര്‍ദേശം വന്നിരിക്കുന്നത്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഡല്‍ഹി പോലിസ് നടത്തിയ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കോടതി വിധി എന്നത് ശ്രദ്ധേയമാണ്. അറസ്റ്റിന് മുന്‍പ് അതിനുള്ള കാരണം പ്രബീര്‍ പുരകായസ്തയോടോ അദ്ദേഹത്തിന്റെ അഭിഭാഷകനോടൊ വ്യക്തമാക്കിയില്ല. റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പും നല്‍കിയില്ല. അതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

2023 ആഗസ്തിലാണ് ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി പ്രബീര്‍ പുരകായസ്‌കത ന്യൂസ് ക്ലിക്കിനായി ചൈനീസ് ഫണ്ട് വിനിയോഗിച്ചുവെന്ന ആരോപണത്തില്‍ ഇദ്ദേഹത്തിനെതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2019ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് പോലീസ് ഫയല്‍ ചെയ്തിരുന്നത്്.

പ്രബീര്‍ പുരകായ്തയുടെ അറസ്റ്റും 8000 പേജ് വരുന്ന കുറ്റപത്രവും

ന്യൂസ്‌ക്ലിക്കിന്റെ എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിക്കൊപ്പം ഒക്ടോബര്‍ 3ന് ചൈനയില്‍ നിന്ന് യുഎസിലൂടെ അനധികൃതമായി ധനസഹായം സ്വീകരിച്ചുവെന്നാരോപിച്ചാണ് പ്രബിര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍ ഭീകരര്‍ക്ക് ധനസഹായം നല്‍കി, ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലും ചാന്ദ് ബാഗിലും അക്രമത്തിന് പ്രേരിപ്പിച്ചത് മുതല്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് പണം വിതരണം ചെയ്തു എന്ന് വരെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 207 സാക്ഷികളുടെ പേരുകളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സുപ്രധാന ഭാഗങ്ങളായ ജമ്മു കശ്മീരും അരുണാചല്‍ പ്രദേശും രാജ്യത്തിന്റേത് അല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അവയ്ക്ക് തര്‍ക്ക ഭൂമി പരിവേഷം ആഭ്യന്തര- അന്തരാഷ്ട്രതലങ്ങളില്‍ വരുത്താന്‍ ഗൂഢാലോചന നടത്തി.
ചൈനീസ് ടെലികോം കമ്പനികള്‍ക്ക് എതിരായ കേസുകളില്‍ നിയമ സഹായം നല്‍കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചു. അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഗത്തില്‍ നിന്നാണ് ന്യൂസ് ക്ലിക്ക് പണം വാങ്ങിയതെന്നും പറയുന്നു.എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

English summary; Prabir Purkayastha’s Arrest By Delhi Police & Remand Illegal : Supreme Court Orders NewsClick Editor’s Release In UAPA Case

Share on

മറ്റുവാര്‍ത്തകള്‍