തായ്‌ലാന്‍ഡില്‍ രാജവാഴ്ച്ചയെ വിമര്‍ശിച്ച യുവാവിന് 50 വര്‍ഷത്തെ തടവ് ശിക്ഷ. തായ്‌ലാന്‍ഡിലെ ഏറ്റവും കര്‍ശന ശിക്ഷ നിയമമായ ലെസ്-മജസ്റ്റി(Lese-majesty) പ്രകാരം വിധിച്ചിരിക്കുന്ന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷ കാലാവധിയാണിത്. രാജ്യത്തിന്റെ പരാമാധികാരിക്കോ അതിന്റെ പ്രതിനിധികള്‍ക്കോ എതിരെ ചെയ്യുന്ന കുറ്റങ്ങള്‍ തടയാനുള്ള നിയമാണ് ലെസ്-മജസ്റ്റി.
ജനാധിപത്യ അനുകൂല പ്രകടനങ്ങള്‍ക്ക് തായ്‌ലാന്‍ഡില്‍ നിയമം മൂലം നിരോധനമുണ്ട്. രാജവാഴ്ച്ചക്കെതിരായ വിയോജിപ്പുകളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇത്തരം നിയമങ്ങളെന്നാണ് അന്താരാഷ്ട്ര സമൂഹം കുറ്റപ്പെടുത്തുന്നത്.
തന്റെ സ്വകാര്യ ഫെയ്‌സ്ബുക്ക് പേജില്‍ ജനാധിപത്യ അനുകൂല പോസ്റ്റുകള്‍ ചെയ്‌തെന്ന കുറ്റത്തിനാണ് മോങ്കോള്‍ തിരാകോട്ട് എന്ന 30 കാരനെ ചിയാങ് റായ് നഗരത്തിലെ അപ്പീല്‍ കോടതി 50 കൊല്ലത്തെ തടവിന് ശിക്ഷിച്ചത്.
മോങ്കോളിനെ ആദ്യം ഒരു കീഴ്‌ക്കോടതി 28 വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. പിന്നീട് അയാള്‍ക്കു മേല്‍ മറ്റ് 11 കുറ്റങ്ങള്‍ കൂടി കണ്ടെത്തിക്കൊണ്ടാണ് അപ്പീല്‍ കോടതി ശിക്ഷ കാലാവധി 50 വര്‍ഷമാക്കിയത്.
മോങ്കോളിന്റെ 27 ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് ചട്ടം 112 പ്രകാരം അപ്പീല്‍ കോടതി 22 വര്‍ഷേേത്തക്ക് കൂടി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ ഒരു കീഴ്‌ക്കോടതി അദ്ദേഹത്തിന് 28 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. രണ്ടും കൂടി ചേര്‍ത്താണ് മൊത്തം 50 വര്‍ഷത്തെ തടവ്’ എന്നാണ് മനുഷ്യാവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന തായ്‌ലാന്‍ഡിലെ അഭിഭാഷാക സംഘടനയായ (ടിഎല്‍എച്ച്ആര്‍) ഒരു പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. അപ്പീല്‍ കോടതിയുടെ ശിക്ഷാവിധിക്കെതിരേ മോങ്കോള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ടിഎല്‍എച്ച്ആര്‍ അറിയിച്ചിട്ടുള്ളത്.
രാജാവ് മഹാ വജിരലോങ്കോണിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയിരിക്കുന്ന ലെസ്-മജസ്റ്റി നിയമം ചട്ടം 112 എന്ന പേരിലാണ് തായ്‌ലാന്‍ഡില്‍ പ്രചാരമായിരിക്കുന്നത്. 50 വര്‍ഷം എന്നത് രാജവാഴ്ച്ചയെ വിമര്‍ശിച്ചതിന് നല്‍കിയിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷാകാലാവധിയാണെന്നും ഇതിനു മുന്നിലത്തെ റെക്കോര്‍ഡ് 43 വര്‍ഷമായിരുന്നുവെന്നും ടിഎല്‍എച്ച്ആര്‍ പറയുന്നത്. 2021 ല്‍ അന്‍ചാന്‍ എന്ന 60 കാരിയെയായിരുന്നു രാജവാഴ്ച്ചയെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് 43 വര്‍ഷത്തേക്ക് ജയിലിലടച്ചത്.
രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 2021-ല്‍ രാജ്യത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഓണ്‍ലൈന്‍ തുണി വ്യാപാരം നടത്തിവന്ന മോങ്കോളിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ലെസ്-മജസ്റ്റി നിയമം പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി 2020ലും 2021 ലും തായ്‌ലാന്‍ഡിലെ തെരുവുകളില്‍ പതിനായിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി നിരന്നത്. അക്കാലയളവ് തൊട്ട് ഇങ്ങോട്ട് 250-ലേറെ ജനാധിപത്യ വിശ്വാസികള്‍ക്കു മേല്‍ ചട്ടം 112 ചുമത്തിയിട്ടുണ്ടെന്നാണ് അഭിഭാഷക സംഘടന ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനും പ്രതിഷേധ നിരയിലെ മുന്‍നിര നേതാവുമായിരുന്ന അര്‍നോണ്‍ നാമ്പയുടെ ലെസ്-മജസ്റ്റി നിയമമനുസരിച്ചുള്ള നാല് വര്‍ഷത്തെ ശിക്ഷാകാലാവധി നാല് വര്‍ഷത്തേക്ക് കൂടി കൂട്ടിയത്.