December 09, 2024 |
Share on

‘എല്ലാവരും ഖേദിക്കേണ്ടി വരും’

ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് വീണ്ടും മോദി

ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദ് ചെയ്ത സുപ്രിം കോടതി വിധിയില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാവന കിട്ടുന്ന പണത്തിന്റെ സ്രോതസും, രാഷ്ട്രീയ സംഭാവന നല്‍കുന്നവരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ലഭ്യമാകുന്നൊരു പദ്ധതിയായിരുന്നു ഇലക്ടറല്‍ ബോണ്ട് എന്നാണ് തിങ്കളാഴ്ച്ച നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്.

‘ഇലക്ടറല്‍ ബോണ്ട് വഴി പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരം നിങ്ങള്‍ക്ക് ലഭിക്കുന്നു, ഏത് കമ്പനിയാണ് നല്‍കിയത്? എത്ര പണം നല്‍കി? എവിടെയാണവര്‍ അത് കൊടുത്തത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, അവര്‍(പ്രതിപക്ഷം) അതിനെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുകയാണെങ്കില്‍ എല്ലാവരും തീര്‍ച്ചയായും ഖേദിക്കും’. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയുടെ അവകാശവാദങ്ങളിങ്ങനെയാണ്.

സുപ്രിം കോടതി വിധിയെ തള്ളിക്കൊണ്ട് ഇതാദ്യമായല്ല പ്രധാനമന്ത്രി സംസാരിക്കുന്നത്. തമിഴ് ചാനലായ തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലും മോദി പറഞ്ഞത്, ഇലക്ടറല്‍ ബോണ്ട് സംവിധാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ പിന്നീട് പശ്ചാത്തപിക്കുമെന്നായിരുന്നു. ‘ഇലക്ടറല്‍ ബോണ്ടിനെതിരായി ഇപ്പോള്‍ പ്രതിഷേധിക്കുന്ന ആളുകള്‍ വൈകാതെ അതിന്റെ പേരില്‍ പശ്ചാത്തപിക്കും. 2014 ന് മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും എത്ര തുക സംഭാവനയായി കിട്ടുന്നുവെന്നതില്‍ കണക്കില്ലായിരുന്നു. അവിടെയാണ് ഞാന്‍ ഇലക്ടറല്‍ ബോണ്ട് അവതരിപ്പിക്കുന്നത്. ഇലക്ടറല്‍ ബോണ്ടിന് നന്ദി, ഇപ്പോള്‍ നമുക്ക് സംഭാവനകളുടെ ഉറവിടം കണ്ടെത്താനാകും’ ഇതായിരുന്നു അഭിമുഖത്തില്‍ മോദി അവകാശപ്പെട്ട കാര്യങ്ങള്‍.

ഭരണഘടന വിരുദ്ധം എന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതി റദ്ദാക്കിയ ഒന്നാണ് ഇലക്ടറല്‍ ബോണ്ട്. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും അധികം പണം കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. ഏകദേശം ആറായിരം കോടിക്കു മുകളില്‍. സിപിഎം, സിപി ഐ പാര്‍ട്ടികള്‍ മാത്രമാണ് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കില്ലെന്ന നിലപാട് എടുത്തത്. ബാക്കി പാര്‍ട്ടികള്‍ക്കെല്ലാം കിട്ടിയതില്‍ പകുതിയിലേറെയും ബിജെപിക്കാണ്. സിപിഎം നല്‍കിയ ഹര്‍ജിയിലാണ് ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രിം കോടതി ഉത്തരവിട്ടത്. ബോണ്ട് വിവരങ്ങള്‍- ആരൊക്കെ ആര്‍ക്കൊക്കെ എത്ര കോടികള്‍ നല്‍കി-സമയബന്ധിതമായ കൈമാറാണമെന്ന് സുപ്രിം കോടതി ശാഠ്യം പിടിച്ചതുകൊണ്ടാണ് എസ്ബിഐ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ തന്നെ തയ്യാറായത്. ഈ വിവരങ്ങളൊന്നും ഒരിക്കലും പൊതുമധ്യത്തില്‍ വരില്ലെന്ന ഉറപ്പിലായിരുന്നു ബോണ്ടുകള്‍ വാങ്ങിയിരുന്നത്. പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച്, പലതരം അന്വേഷണങ്ങള്‍ നേരിടുന്നവരും, അനധികൃത ബിസിസിനസ് നടത്തി വന്നവരുമൊക്കെയാണ് ഏറ്റവുമധികം കോടികള്‍ സംഭാവന കൊടുത്തിരിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരെ ശതകോടികള്‍ ഓരോരുത്തരും സംഭാവ കൊടുത്തിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ വിധി പ്രതിപ ക്ഷ കക്ഷികളും പൊതുസമൂഹവും സ്വാഗതം ചെയ്തപ്പോള്‍ ബിജെപി അവരുടെ അനിഷ്ടം പ്രകടമാക്കുകയാണ് ചെയ്തത്. കുചേലന്‍ കൃഷ്ണന് അവില്‍ കിഴി കൊടുത്തതിനോടാണ് പ്രധാനമന്ത്രി ആദ്യം ഇലക്ടറല്‍ ബോണ്ടിനെ ഉപമിച്ചത്. അന്നായിരുന്നുവെങ്കില്‍ അവില്‍ കൊടുത്തതിന് കുചേലന്‍ കുറ്റക്കാരനാകുമെന്നും മോദി പരിഹസിച്ചിരുന്നു. എസ്ബിഐ വിവരങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ജനങ്ങള്‍ ശരിക്കും ഞെട്ടിയത്.

പ്രധാനമന്ത്രി വീണ്ടും വീണ്ടും ഇലക്ടറല്‍ ബോണ്ടുകളെ ന്യായീകരിക്കുന്നത് എന്തിനാണെന്ന സംശയവും ശക്തമായിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് നിരോധിച്ചത് സര്‍ക്കാരിന് ഒരുതരത്തിലും തിരിച്ചടിയായട്ടില്ലെന്ന് പറയുന്നതിനൊപ്പമാണ്, അതിന്റെ പേരില്‍ എതിര്‍പ്പുയര്‍ത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും രാഷ്ട്രീയ സംഭാവനകളുടെ ഉറവിടം അറിയാമെന്നും, താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഏതെങ്കിലും ഏജന്‍സികള്‍ക്ക് ഇത്തരം ഉറവിടങ്ങളെ കുറിച്ച് വിവരമുണ്ടായിരുന്നോ എന്നുമാണ് മോദി ചോദിക്കുന്നത്.

Advertisement
×