UPDATES

വിദേശം

ജപ്പാനില്‍ എല്ലാവരും ഇനി ‘സാറ്റോ’ കുടുംബക്കാരാകുമോ?

കൗതുകകരമായൊരു പഠന റിപ്പോര്‍ട്ട്‌

                       

വിവാഹിതരായ ദമ്പതികൾക്ക് വ്യത്യസ്ത പേരുകൾ നൽകിയില്ലെങ്കിൽ അടുത്ത 500 വർഷത്തിനുള്ളിൽ ജപ്പാനിലെ എല്ലാവർക്കും ഒരേ കുടുംബ പേരുണ്ടായേക്കാം എന്ന പഠന റിപോർട്ടുകൾ പുറത്ത്. 1800 കളുടെ അവസാനത്തിൽ ഉണ്ടാക്കിയ ജപ്പാനിലെ വിവാഹ നിയമം മാറ്റാൻ തയ്യാറായില്ലെങ്കിൽ റിപ്പോർട്ടിൽ പറഞ്ഞതു പോലെ സംഭവിക്കുമെന്നാണ് ഹിരോഷി യോഷിദയുടെ കണ്ടെത്തൽ.

തോഹോകു സർവകലാശാലയിലെ സാമ്പത്തിക പ്രൊഫസറാണ് ഹിരോഷി യോഷിദ. മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഹിരോഷി ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. വിവാഹിതരായ ദമ്പതികൾ ഒരേ കുടുംബപ്പേര് തെരഞ്ഞെടുക്കാൻ ഇനിയും ജപ്പാൻ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കിൽ, 2531 ആകുമ്പോഴേക്കും ജപ്പാനിലെ എല്ലാവരുടെയും കുടുംബപ്പേര്‌ ” സാറ്റോ – സാൻ” എന്നായിരിക്കും എന്നാണ് ഹിരോഷി യോഷിദയുടെ കണ്ടെത്തൽ. തൻ്റെ പ്രവചനങ്ങൾ നിരവധി അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് യോഷിദ പറയുന്നത്.

2023 മാർച്ചിൽ നടത്തിയ സർവേ പ്രകാരം ജപ്പാനിലെ മുഴുവൻ ജനസംഖ്യയുടെ 1.5% ശതമാനം വരുന്ന ജാപ്പനീസ് കുടുംബപ്പേരുകളുടെ പട്ടികയിൽ ‘സാറ്റോ’ ഇതിനകം തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനം സുസുക്കിക്കാണ്.

ഈ വിഷയത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ പഠനത്തിലൂടെ ഉദ്ദേശിച്ചതെന്നുംഹിരോഷി യോഷിദ വ്യക്തമാക്കി. എല്ലാവർക്കും ഒരേ പേരുള്ള ഒരു രാഷ്ട്രം പല തരത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുമെന്നും, വ്യക്തിയുടെ അന്തസ്സ് കുറയ്ക്കാൻ ഇടയാക്കുമെന്നും ഹിരോഷി യോഷിദ പ്രസ്താവിച്ചു. കൂടാതെ, ഈ പ്രവണത കുടുംബപരവും പ്രാദേശിക പരവുമായ പൈതൃകവും നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഏപ്രിൽ ഒന്ന് തിങ്കളാഴ്ച പുറത്ത് വിട്ട പഠന റീപോർട്ട് ഏപ്രിൽ ഫൂൾസ് ദിന തമാശയാണെന്നാണ് സോഷ്യൽ മീഡിയയിലെ പലരും തെറ്റിദ്ധരിച്ചത്.

ഹിരോഷി യോഷിദയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച്, 2022-ൽ നിന്ന് 2023-ൽ സാറ്റോ എന്ന പേരുള്ളവരുടെ ജാപ്പനീസ് അനുപാതം 1.0083 മടങ്ങ് വർദ്ധിച്ചുവെന്നാണ്. ഈ വിധത്തിൽ നിരക്ക് ഉയരുന്നത് സ്ഥിരമായി തുടരുകയും കുടുംബപ്പേര് സ്വീകരിക്കുന്ന നിയമത്തിൽ മാറ്റമൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്താൽ, ജപ്പാനീസ് ജനസംഖ്യയുടെ പകുതിയോളം പേർക്കും 2446-ൽ ഇതേ പേര് ആകും. ഇത് 2531 ആകുന്നതോടെ 100% ശതമാനത്തിൽ എത്തും എന്നാണ്.

ജപ്പാനിൽ പങ്കാളികൾ വിവാഹം കഴിക്കുമ്പോൾ ഏത് കുടുംബപ്പേര് പങ്കിടണമെന്ന് തെരഞ്ഞെടുക്കണം, എന്നാൽ 95% വിവാഹങ്ങളിലും പേര് മാറ്റുന്നത് സ്ത്രീയാണ്. എന്നിരുന്നാലും, വിവാഹിതരായ ദമ്പതികൾക്ക് പ്രത്യേക കുടുംബപ്പേരുകൾ ഉപയോഗിക്കാൻ ജപ്പാനിലെ ഗവൺമെൻ്റ് അനുവദിക്കുകയാണെങ്കിൽ ഹിരോഷി യോഷിദയുടെ പഠനം അസ്ഥാനത്താകും.

ജാപ്പനീസ് ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ 2022-ൽ നടത്തിയ ഒരു സർവേയിൽ നിന്ന് വേർതിരിച്ചെടുത്ത കണ്ടെത്തലുകളും യോഷിദയുടെ പഠനത്തിൽ അടങ്ങിയിട്ടുണ്ട്. അതിൽ 20 മുതൽ 59 വരെ പ്രായമുള്ള 1,000 ജീവനക്കാരിൽ 39.3% ശതമാനം പേർക്ക് പ്രത്യേക കുടുംബപേര് ഉപയോഗിക്കാനുള്ള അവസരം ഉണ്ടെങ്കിൽപ്പോലും ഒരേ കുടുംബപ്പേര് പങ്കിടാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, റസിഡൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയിൽ വിവാഹിത പേരുകൾക്കൊപ്പം വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേരുപയോഗിക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും, ദമ്പതികൾ ഒരേ കുടുംബപ്പേര് തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ലോകത്തിലെ ഏക രാജ്യമായി ജപ്പാൻ തുടരുകയാണ്. നിയമം മാറ്റുന്നത് കുടുംബത്തിന്റെ ഐക്യത്തെ തകർക്കുമെന്നും കുട്ടികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ്, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) അംഗങ്ങളുടെ വാദം.

 

Share on

മറ്റുവാര്‍ത്തകള്‍