UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയുടെ ആധാറിന് ജപ്പാനില്‍ നിന്നും കൈയടി

ഇന്റര്‍നെറ്റ് സമുറായി എന്നറിയപ്പെടുന്ന ജുന്‍ മുറായി ആണ് ഇന്ത്യയെ അഭിനന്ദിച്ചിരിക്കുന്നത്

                       

ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റങ്ങളെ പുനര്‍നിര്‍വചിച്ച് കൊണ്ടാണ് ആധാര്‍ വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ സംയോജനത്തിന് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കിയത്. ഇപ്പോഴിതാ ഈ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ടെക് ഭീമന്‍ രാജ്യമായ ജപ്പാനെയും കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആധാര്‍ ജാപ്പനീസ് ടെക്‌നോളോജിയെ മറികടന്നുവെന്നാണ് ജപ്പാനില്‍ ഇന്റര്‍നെറ്റിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജാപ്പനീസ് സാങ്കേതിക വിദഗ്ദ്ധന്‍ ജുന്‍ മുറായി പറഞ്ഞത്.

ആധാറും ഇന്ത്യ സ്റ്റാക്കും വന്നതിനു ശേഷം തങ്ങള്‍ വളരെ പിറകിലാണെന്നാണ് മുറായി പറഞ്ഞത്. ഡിജിറ്റല്‍ വിനിമയങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിനായി ആധാറിനെ പ്രയോജനപ്പെടുത്തുന്ന എ പി ഐ-കളുടെ(അപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകള്‍) സംയോജനമാണ് ഇന്ത്യ സ്റ്റാക്ക്. ഇന്ത്യയില്‍ ഇവ രണ്ടും നടപ്പിലാക്കിയത് ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ജുന്‍ പറയുന്നു. ജപ്പാനില്‍ ജനങ്ങളുടെ മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന ആധാര്‍ പോലുള്ള ഒരു ഡാറ്റ ബേസ് ഇല്ലെന്നും ജുന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റ് സമുറായി എന്നാണ് ജുന്‍ ജപ്പാനില്‍ അറിയപ്പെടുന്നത്. ഇന്ത്യ സ്റ്റാക്കിനെയും അതോടൊപ്പം മറ്റു രാജ്യങ്ങള്‍ കൈവരിച്ചിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെയും ജപ്പാന്‍ വളരെ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, തങ്ങളുടെ ഐ ടി തന്ത്രങ്ങള്‍ പുനര്‍ക്രമീകരിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ നീക്കങ്ങള്‍ക്ക് ജപ്പാന്‍ ‘ഗാര്‍ഡണ്‍ സിറ്റി പ്രൊജക്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ടോക്കിയോ, ഒസാക്ക തുടങ്ങിയ വന്‍ നഗരങ്ങളോടൊപ്പം ജപ്പാനിലെ മുഴുവന്‍ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഗാര്‍ഡണ്‍ സിറ്റി പ്രൊജക്റ്റ് എന്നും ജുന്‍ പറഞ്ഞു.

ലോകമെമ്പാടും ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്നതില്‍ കൊവിഡ്- 19 ചെലുത്തിയ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായാണ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സംവിധാനങ്ങള്‍ ലോകം കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങളായുള്ള ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന്റെ ശ്രദ്ധേയമായ വേഗതയെക്കുറിച്ചും. ജുന്‍ പരാമര്‍ശിച്ചു. 2000-ല്‍ ലോകജനസംഖ്യയുടെ 6% പേര്‍ക്ക് മാത്രമേ ഇന്റര്‍നെറ്റിന്റെ സൗകര്യങ്ങള്‍ ലഭ്യമായിരുന്നുള്ളു. പക്ഷെ ഇന്നത്തെ സ്ഥിതിയതല്ല, ഇന്ന് ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിലധികം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റിന്റെ സേവങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ജുന്‍ ചൂണ്ടിക്കാട്ടുന്നു. ജുനിന്റെ ഈ നിരീക്ഷണങ്ങള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായുള്ള ഇന്റര്‍നെറ്റിന്റെ അതിവേഗ വളര്‍ച്ചക്ക് അടിവരയിടുന്നതാണ്.

മുന്‍കാലങ്ങളില്‍ ഊര്‍ജം ആയിരുന്നു ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രധാന ഘടകമെങ്കില്‍, ഇന്ന് ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതികവിദ്യയും അതിനോട് തുല്യമാണ്. മുന്നോട്ട് പോകുന്തോറും മനുഷ്യന്‍ കൂടുതലായും സാങ്കേതിക വിദ്യയേയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുകളെയും ആശ്രയിക്കേണ്ടതായി വരും. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് സാങ്കേതികവിദ്യ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി യുഗത്തിന്റെ രൂപീകരണ വര്‍ഷങ്ങളില്‍ ഇന്ത്യയുമായുണ്ടായിരുന്ന തന്റെ ബന്ധം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ’80 കളിലാണ് ഞാന്‍ ആദ്യമായി ബോംബെ (ഇപ്പോള്‍ മുംബൈ) സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഞാന്‍ ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അതിനുശേഷം ഞാന്‍ ജപ്പാനില്‍ ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടര്‍ ശൃംഖലയുടെയും അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രൊഫസര്‍മാരുമാരുടെയും ഗവേഷകരുടെയുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച് വരികയാണ്”; കീയോ സര്‍വകലാശാലയില്‍ അധ്യാപകനും, ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ വിദഗ്ധനുമായ പ്രൊഫസര്‍ ജുന്‍ പറഞ്ഞു.

ഭാരത സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡുകള്‍. എല്ലാ ഇന്ത്യന്‍ പൗരന്മാരും ആധാര്‍ കാര്‍ഡ് സ്വന്തമാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ജിയോമെട്രിക് വിവരങ്ങള്‍ അടക്കം ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വളരെ പ്രധാനപ്പെട്ട ഒരു രേഖയായാണ് ആധാര്‍ കാര്‍ഡുകളെ കണക്കാക്കുന്നത്. 2009-ലാണ് ഇന്ത്യ ആദ്യമായി ആധാര്‍ പ്രാവര്‍ത്തികമാക്കുന്നത്. സര്‍ക്കാരിന്റെ ഈ സ്‌കീം ഇന്ത്യയിലെ ഓരോ താമസക്കാരനും 12 തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. വിരലടയാളവും ഐറിസ് സ്‌കാനുമുള്‍പ്പടെയുള്ള ബയോ മെട്രിക് വിവരങ്ങള്‍ ജനസംഖ്യാ വിവരങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളോടൊപ്പം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) നേതൃത്വം നല്‍കുന്ന ആധാര്‍ പൊതുസേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയുള്ളതാണ്.

Share on

മറ്റുവാര്‍ത്തകള്‍