UPDATES

ലക്ഷ്യം തെറ്റിയ യാത്രയിലാണോ ‘ഇന്ത്യ’

മമതയും നിതീഷും പുറത്തേക്കോ?

                       

ഇന്ത്യ സഖ്യത്തിനെയും കോൺഗ്രസിനെയും സംബന്ധിച്ച് ഇനി വരാനിരിക്കുന്ന നാളുകൾ അത്ര സുഖകരമായിരിക്കില്ലെന്ന വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ബിഹാർ മുന്നണിയിൽ നിന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങുന്നതിൻ്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ മമതാ ബാനർജി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖാപിച്ചതിനു പിന്നെലെയാണ് നിതീഷിന്റെ മനം മാറ്റം. പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതിൽ ഏറ്റവും വലിയ നെടുംതൂണുകളായിരുന്നു ഈ രണ്ടു നേതാക്കളും. ബംഗാളിൽ ഇന്ത്യാ സീറ്റ് വിഭജന ചർച്ചകളൊന്നും നടക്കുന്നില്ലെന്നും പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നുമായിരുന്നു മമതയുടെ പ്രഖ്യാപനം.

ശരദ് പവാർ, മമത ബാനർജി, സീതാറാം യെച്ചൂരി, ഡി രാജ, എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, എന്നിങ്ങനെ വിവിധ നേതാക്കളെ മുന്നണിയിൽ എത്തിക്കുന്നതിന് നിതീഷ് വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. എല്ലാ മുന്നണികളെയും കൂട്ടിച്ചേർത്തു സഖ്യം യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ് നേതാക്കളുമായി സഹകരിക്കാനും നിതീഷ് മുൻകൈയെടുത്തു. മുന്നണിയുടെ മുഖമായി കോൺഗ്രസ് എത്തില്ലെന്ന നിതീഷിന്റെ വിശ്വാസത്തെ തകി ടമറച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് സ്വാധീനം ലഭിക്കുന്നത്. മുന്നണി കൺവീനർ സ്ഥാനത്തേക്ക് നിതീഷിന്റെ പേര് നിർദേശിച്ചെങ്കിലും അത് ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല. കോൺഗ്രസിന് ബിഹാറിൽ വിരലിലെണ്ണാവുന്ന സീറ്റ് മാത്രം നൽകുമെന്ന് കടുംപിടിത്തം പിടിച്ചു. മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഖമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു. ഈ നിലപാടുകളിലെല്ലാം തന്റെ അതൃപ്തി അദ്ദേഹം അറിയിച്ചു കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യ മാന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറിന് ഭാരത് രത്‌ന നൽകാൻ തീരുമാനമായതോടെ എൻ ഡി എ യിലേക്കുള്ള കൂറ് മാറ്റം പ്രവചിച്ചു തുടങ്ങിയിരുന്നു. ജെഡിയുവിന്റെ കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്രം പച്ച കൊടി കാണിച്ചിരിക്കുന്നത്.

ഇക്കാരണങ്ങളാൽ നിതീഷ് സഖ്യം ഉപേക്ഷിച്ചാൽ മുന്നണി തെരഞ്ഞെടുപ്പിന് മുന്നെ തന്നെ നിലംപതിക്കും. ഇതോടെ ഇന്ത്യ മുന്നണിയെ ബിജെപി വിരുദ്ധ സഖ്യമായി എടുത്തുകാണിക്കാൻ ബിജെപി നേതൃത്വത്തിന് കഴിയും. എട്ട് തവണ മുഖ്യമന്ത്രിയ നിതീഷ് ഹിന്ദി ഹൃദയഭൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ്. നിതീഷിൻ്റെ പുറത്താകൽ മറ്റൊരു നിർണായക സന്ദേശം കൂടിയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് കാറ്റ് ഏത് ദിശയിലാണ് വീശുന്നത് എന്നതിൻ്റെ വ്യക്തമായ സൂചന. കൂടാതെ, പ്രതിപക്ഷം ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിക്കാൻ ശ്രമിക്കുന്ന കാലത്ത്, അത് സാധ്യമാണെന്ന് തെളിയിച്ച ഒരു നേതാവിൻ്റെ നഷ്ടം കനത്തതാണ്. കോൺഗ്രസിൻ്റെ സമീപകാല നിയമസഭാ തോൽവികൾ, ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്നതിലേക്കാണ് വഴി വച്ചത്. ഇന്ത്യൻ ബ്ലോക്കിൻ്റെ പ്രതീക്ഷകൾ പ്രധാനമായും ബിഹാറിലും ഒരു പരിധിവരെ ഉത്തർപ്രദേശിലും നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു ഇത്. ആർജെഡി നേതാവ് തേജസ്വി യാദവിന് നഷ്ടപരിഹാരം നൽകാനും സഹതാപ വോട്ട് ഇളക്കിവിടാനും കഴിയുമെന്ന് കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിതീഷിൻ്റെ പുറത്താകൽ ആ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾക്ക് വഴിയൊരുക്കും.

Share on

മറ്റുവാര്‍ത്തകള്‍