UPDATES

ട്രെന്‍ഡിങ്ങ്

ദി ഡിക്റ്റര്‍ഷിപ്പ് വീഡിയോ കണ്ടത് 2 കോടി പേര്‍; ആരാണ് ധ്രുവ് റാഠി, എന്താണ് ലക്ഷ്യം? 

ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളും വാദങ്ങളും തെളിവുകളും വാദങ്ങളും നിരത്തിയാണ് ധ്രുവ് പൊളിച്ചടുക്കുന്നത്.

                       

എനിക്ക് വീഡിയോ നിര്‍മ്മിക്കുന്നത് ഇഷ്ടമാണ്. വിവിധ പ്രശ്‌നങ്ങളുടെ വസ്തുനിഷ്ഠവും സംക്ഷിപ്തവും ലളിതവുമായ വിശദീകരണങ്ങള്‍ നല്‍കുക. ജനത്തെ ബോധവല്‍ക്കരിക്കുക, ഇതാണ് എന്റെ ലക്ഷ്യം– ഇന്ത്യയാകെ തരംഗമായ ധ്രുവ് റാഠിയെന്ന യൂട്യൂബ് വ്‌ലോഗറുടെ ബയോയില്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണിത്.

മോദി വിമര്‍ശകനെന്ന് അറിയപ്പെടുന്ന ധ്രുവിന് ഇന്നുള്ളത് ലക്ഷകണക്കിന് ആരാധകരാണ്. നോട്ട് നിരോധനം മുതല്‍ ഇലക്ട്രല്‍ ബോണ്ട് വരെ നീളുന്ന വിഷയങ്ങള്‍ ധ്രുവിന്റെ വീഡിയോകളില്‍ വന്നിട്ടുണ്ട്. ഓരോ വീഡിയോയും കണ്ടിരിക്കുന്നത് കോടികണക്കിന് ആളുകളാണ്. വിരലില്‍ എണ്ണാവുന്ന വീഡിയോ മാത്രമാണ് ധ്രുവ് ഒരുമാസം പുറത്ത് വിടുന്നത്. ദിവസവും തല്‍സമയ വാര്‍ത്തകള്‍ പുറത്ത് വിടുന്ന രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെക്കാള്‍ കൂടുതലാണ് ഈ പയ്യന്‍ വ്‌ലോഗറുടെ കാഴ്ചക്കാര്‍. വിവാദമായ കേരള സ്റ്റോറിയെ വസ്തുനിഷ്ഠമായി പരിശോധിച്ച വീഡിയോയിലൂടെയാണ് ഈ പയ്യനെ മലയാളക്കര അറിയുന്നത്. രണ്ട് കോടി കാഴ്ചക്കാരാണ് ആ വീഡിയോയ്ക്കുള്ളത്.
ഒരിക്കല്‍ ഫേസ് ബുക്ക് ധ്രുവിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഫെയ്‌സ്ബുക്കിനെ കൊണ്ട് തന്നെ മാപ്പ് പറയിപ്പിച്ച് പൂട്ട് പൊളിപ്പിച്ചതും ജനങ്ങള്‍ തന്നെയാണ്. ധ്രുവിന്റെ നവമാധ്യമങ്ങളിലെ സ്വാധീനം അത്രത്തോളമുണ്ടെന്ന് ചുരുക്കം. ഏറ്റവും ഒടുവിലായി ധ്രുവില്‍ നിന്ന് വന്നിരിക്കുന്ന വാര്‍ത്ത ഹിന്ദി ഹൃദയഭൂമി കടന്ന് ഇന്ത്യയാകെ തന്റെ വീഡിയോ എത്തിക്കാന്‍ പ്രാദേശീക ഭാഷകളില്‍ വീഡിയോ ഇറക്കാന്‍ പോവുന്നു എന്നതാണ്. ധ്രുവ് ചെയ്യുന്ന വീഡിയോകളധികവും ബിജെപി വിമര്‍ശിക്കുന്നവയാണ്. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഹാക്കിങ്ങ്, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, യോഗി ആദിത്യനാഥ്, ഉറി ആക്രമണം, കെജ്രിവാളിന്റെ അറസ്റ്റ് തുടങ്ങിയവയെല്ലാം വീഡിയോ കണ്ടന്റിന്റെ ഭാഗമാണ്. ബിജെപി എതിര്‍പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരായി ഉന്നയിക്കുന്ന ആരോപണങ്ങളും വാദങ്ങളും തെളിവുകളും വാദങ്ങളും നിരത്തിയാണ് ധ്രുവ് പൊളിച്ചടുക്കുന്നത്. മോദിക്കെതിരായ ദി ഡിക്റ്റര്‍ഷിപ്പ് എന്ന വീഡിയോ കണ്ടത് രണ്ട് കോടി ജനതയാണ്. 2024 ഏപ്രില്‍ മാസമാദ്യം ദി ഡിക്‌റ്റേറ്റര്‍ഷിപ്പ് വീഡിയോയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെയാണ് രാജ്യമാകെ ധ്രുവ് ചര്‍ച്ചയായത്. അതില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. മോദിയെ പല വീഡിയോയിലും അദ്ദേഹം ഉപമിക്കുന്നത് വ്‌ലാദിമിര്‍ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ്.പുല്‍വാമ ആക്രമണവും മണിപ്പൂര്‍ വിഷയവും ഗുസ്തി വിഷയവുമെല്ലാം ധ്രുവിന്റെ വീഡിയോയിലുണ്ട്. ദി ഡിക്‌റ്റേറ്റര്‍ഷിപ്പ് പാര്‍ട്ട് 2 ഇറങ്ങിയതോടെ തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തിലാണ് അദ്ദേഹത്തിന്റെ വീഡിയോകളുടെ സ്ഥാനം.

മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതെല്ലാം പുറത്ത് കൊണ്ടുവരുന്നു

ബി.ജെ.പി എക്സ്പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ് എന്ന തലക്കെട്ടിലുളള മ്യൂസിക് വിഡിയോയും ധ്രുവ് പുറത്തിറക്കിയിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവയെ മറവിയിലേക്ക് തള്ളിയിട്ടതിനെയും അതില്‍ വിമര്‍ശിക്കുന്നു. മോദി സര്‍ക്കാര്‍ സാമൂഹിക സംഘര്‍ഷം, ഇലക്ട്രല്‍ ബോണ്ട്,തൊഴിലില്ലായ്മ എന്നിവയെല്ലാം മൂടി വയ്ക്കാന്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് ധ്രുവ് വീഡിയോ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. അധികാരത്തോട് സത്യം പറയുകയും ജനാധിപത്യം, സ്വാതന്ത്ര്യം, യുക്തിവാദം, വിമര്‍ശനാത്മക ചിന്ത എന്നിവയുടെ പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയുമാണ് ഞാന്‍ ഇതിലൂടെ ചെയ്യുന്നതെന്നാണ് ധ്രുവ് ഇതിനെ കുറിച്ച് പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരി 22-ന് പുറത്ത് വിട്ട ഇന്ത്യ ഏകാധിപത്യത്തിലേക്കോ?’ എന്ന വീഡിയോ മാത്രം കണ്ടത് കോടികണക്കിന് ആളുകളാണ്. മുന്‍ പൊതുതിരഞ്ഞെടുപ്പിന് ശേഷം കാണാതായ ഇവിഎം മെഷീനുകളും അസമിലെ ബിജെപി നേതാവിന്റെ വസതയില്‍ നിന്ന് കണ്ടെത്തിയ മെഷിനുകളും തമ്മിലുള്ള സാമ്യത കണക്ക് നിരത്തിയാണ് അദ്ദേഹം വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയ്ക്ക് നേരെ ഉയര്‍ന്ന ചൂണ്ടുവിരലായി അത് മാറി.

എന്‍ജിനിയറില്‍ നിന്ന് വ്‌ലോഗിങിലേക്ക്

മെക്കാനിക്കല്‍, റിന്യൂവബിള്‍ എനര്‍ജി എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് ധ്രുവ്. എങ്കില്‍ സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ് എ്ന്നിവയാണ് താല്‍പര്യമുള്ള മേഖലകള്‍. യാത്ര ഇഷ്ടപ്പെടുന്ന ധ്രുവ് ട്രാവല്‍ വ്‌ലോഗ് ആയിരുന്നു ആദ്യം ചെയ്തിരുന്നത്. പതിയെ എക്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും എത്തി. ഹിന്ദിയിലാണ് ഇപ്പോള്‍ വിഡിയോ ചെയ്യുന്നത്. വരും ദിനങ്ങളില്‍ പ്രാദേശിക ഭാഷകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ധ്രുവ് ഇപ്പോള്‍.

English Summary:  who is indian youtuber dhruv rathee ?

 

Share on

മറ്റുവാര്‍ത്തകള്‍