UPDATES

ഇന്ത്യ നാസി ജർമനിയിലേക്കുള്ള യാത്രയിലാണോ?

കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ല

                       

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 11 നാണ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വലിയ രീതിയിലുള്ള എതിർപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ നിയമം നടപ്പിലാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ എന്തുകൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി.

കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വർഗീയ ധ്രുവീകരണവും, വലിയൊരു വിഭാഗം ജനങ്ങളിൽ അരക്ഷിതാവസ്ഥക്ക് വഴി വക്കുകയും ചെയുന്ന തീരുമാനമാണ്. കൂടാതെ മതനിരപേക്ഷതയെന്ന അടിസ്ഥാന ശിലയിൽ കെട്ടിപ്പടുത്ത ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ഈ നീക്കം. അവിടെ മതപരമായ വേർതിരിവ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുന്നോട്ടുവക്കുന്നത് തുല്യതയെന്ന അവകാശമാണ്. എല്ലാ വിഭാഗങ്ങളോടും തുല്യ സമീപനവും, പരിഗണനയും, സുരക്ഷയും ഉറപ്പാക്കാൻ സാധിക്കേണ്ടിയിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളോടും, അതിന്റെ അന്തസത്തയോടും തലത്തിരിഞ്ഞ്‌ നിൽക്കുന്ന നിയമം കൂടിയാണിത്.

ഏത് മാനദണ്ഡത്തിൽ നടപ്പിലാക്കിയതെങ്കിലും, സുപ്രിം കോടതിയുടെ സൂക്ഷ്മപരിശോധനയിൽ ഇത്  നിലനിൽക്കില്ല. കേന്ദ്രം പരാമർശിക്കുന്ന അയൽ രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് രാജ്യങ്ങൾ മാത്രമല്ല ഉൾപ്പെടുക. കരയും കടലും പരിഗണിക്കുകയാണെങ്കിൽ  ഇന്ത്യയ്ക്ക് ഒൻപതു അയൽരാജ്യങ്ങളുണ്ട്. രണ്ടാമതായി കേന്ദ്രം മുന്നോട്ട് വക്കുന്ന പ്രീണനം കേവലം മതപരമായി മാത്രമുള്ളതാണ്. വംശീയം, സാമൂഹികം,ആചാരങ്ങൾ , രാഷ്ട്രീയം എന്നിങ്ങനെ വിവിധ തരത്തിലുള്ള പ്രോസിക്യൂഷൻ ഇവിടെ നടക്കുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇതിൽ നിന്ന് ഒരു മതത്തെ മാത്രം ഒഴിവാക്കിയത്. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയതോടെ പട്ടികയിൽ നിന്ന്  പത്തൊൻപത് ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. ഇത്രയും ജനങ്ങളെ എന്ത് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പത്തൊൻപത് ലക്ഷം പേരിൽ പതിനഞ്ചു ലക്ഷത്തോളം ഹിന്ദു വിഭാഗത്തിൽപെട്ടവരാണ്. ബാക്കിവരുന്നവർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരും. ഇവരെ എന്ത് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയാണോ തടങ്കൽ പാളയങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. തടങ്കൽ പാളയങ്ങൾ ഗ്യാസ് ചേംബർ ആവുകയും അറുപതു ലക്ഷം ആളുകളെ അതിൽ കൊന്നൊടുക്കിയതും നാസി ജർമ്മനിയിൽ നമ്മൾ കണ്ടതാണ്. അപ്പോൾ ഇന്ത്യ നാസി ജർമ്മനിയിലേക്കുള്ള യാത്രയിലാണോ? യഥാർത്ഥത്തിൽ നമ്മുടെ രാജ്യം നയിക്കപ്പെടേണ്ടത് അത്തരമൊരു അവസ്ഥയിലേക്കാണോ ?

ലോകത്തിന്റെ പല കോണിൽ ഏതു തരത്തിലുള്ള പീഡനം നടന്നാലും അതിനെ എതിർത്ത് നിൽക്കുന്ന മനോഭാവമാണ് ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം ഇതുവരെ വച്ച് പുലർത്തിയിട്ടുള്ളത്. പീഡിപ്പിക്കപ്പെട്ടവരോട് അനുതാപം കാണിക്കുന്ന പ്രവണത ജാതിയും മതവും സംസ്ക്കാരവും പരിഗണിച്ചായിരുന്നില്ല. ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികൾക്കായി ദേവാലയം തുറന്നു നൽകാൻ ആവശ്യപ്പെട്ടത് മാനവികതയെന്ന തത്വത്തിലൂന്നിയായിരുന്നു. ആ മാനവികതയുടെ തത്വം തന്നെയാണ് ഇന്ത്യയും മുറുകെ പിടിച്ചിരുന്നത്. അതിലേക്ക് വർഗീയ വിഷം പടർത്തുകയാണ്. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളുടേതാണ്. കേരളത്തിൽ നിയമം നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടുതന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍